Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightSpotlightchevron_rightസെറിബ്രൽ പാൾസി...

സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെ

text_fields
bookmark_border
സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെ
cancel
camera_alt

എ.കെ. ശാരിക

ഇരുകൈകളുമില്ലാത്ത ജെസീക കോക്സ് എന്ന യുവതിയുടെ പൈലറ്റാവുക എന്ന സ്വപ്നത്തിന് ചിറകേകാൻ രാജ്യത്തെ നിയമത്തിൽതന്നെ മാറ്റം വരുത്തിയ മനോഹര ഏടുണ്ട് അമേരിക്കൻ ചരിത്രത്തിൽ. ഇങ്ങ് കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരിലെ വീട്ടിൽ ചക്രക്കസേരയിലിരുന്ന് ശാരിക കണ്ട സ്വപ്നം എത്തിപ്പിടിക്കാൻ മാതാപിതാക്കളും അധ‍്യാപകരും സുഹൃത്തുക്കളും കൂടെ നിന്നതോടെ പുതുചരിത്രം രചിക്കപ്പെടുകയായിരുന്നു.

ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക പരിമിതികൾ മറികടന്നാണ് സിവിൽ സർവിസിൽ 922ാം റാങ്ക് എന്ന നേട്ടം കൈവരിച്ചത്. ഇതിന് പിന്നിലെ രഹസ്യങ്ങൾ ശാരിക പങ്കുവെക്കുന്നു...

ആദ്യ സ്വപ്നം

മേപ്പയൂർ ജി.എച്ച്.എസ്.എസിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സോഫ്റ്റ് വെയർ എൻജിനീയറാകാനായിരുന്നു ആഗ്രഹം. അതിനായി പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പെടുത്തു. എന്നാൽ, അസൗകര്യങ്ങൾ കാരണം പ്ലസ് ടുവിനുശേഷം JEE, KEAM പരീക്ഷകൾ എഴുതാനായില്ല. അങ്ങനെ എൻജിനീയറിങ് സ്വപ്നം ഉപേക്ഷിച്ച് കൊയിലാണ്ടി എസ്.എൻ.ഡി.പി കോളജിൽ ബി.എ ഇംഗ്ലീഷിന് ചേർന്നു.


കട്ട സപ്പോർട്ടുമായി അധ‍്യാപകരും സുഹൃത്തുക്കളും

സ്കൂളിലും കോളജിലുമൊക്കെ പ്രോത്സാഹനവും പിന്തുണയുമായി അധ‍്യാപകരും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. അതിൽ ഹൃദയത്തോട് ചേർത്തുവെക്കുന്നത് അബ്ദുറഹ്മാൻ സാറിനെയാണ്. നാട്ടുകാരനായ പൊതുപ്രവർത്തകൻ സജീവൻ മാഷും പിന്തുണയുമായി എപ്പോഴും വിളിപ്പാടകലെയുണ്ട്.

വിശേഷങ്ങൾ പറയാനും തമാശ പറയാനും മാത്രമുള്ളതായിരുന്നില്ല എനിക്ക് സുഹൃത്തുക്കൾ, അവർ നിഴലായി ഒപ്പമുണ്ടായിരുന്നു. സഹതാപ നോട്ടമില്ലാതെ കളിചിരിയിലും തമാശകളിലുമൊക്കെ എന്നെ കൂടെക്കൂട്ടി, അവരിലൊരാളായി.

ശാരികയും ഡോ. ജോബിന്‍ എസ്. കൊട്ടാരവും

സിവിൽ സർവിസ് എന്ന വലിയ സ്വപ്നത്തിലേക്ക്

കോഴിക്കോട് മുൻ കലക്ടർ എൻ. പ്രശാന്തിന്‍റെ ‘കളക്ടർ ബ്രോ’ എന്ന പുസ്തകമാണ് സിവിൽ സർവിസ് എന്ന സ്പാർക്ക് മനസ്സിൽ കോറിയിട്ടത്. സാധാരണ സോഷ‍്യൽ വർക്കറെക്കാൾ കൂടുതൽ കാര്യങ്ങൾ സർക്കാർ സർവിസിൽ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുമെന്ന് ആ വായനയിലൂടെ ബോധ‍്യപ്പെട്ടു. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോഴാണത്. അങ്ങനെയാണ് ഡിഗ്രിക്കുശേഷം സിവിൽ സർവിസ് പരിശീലനം ഗൗരവമായെടുത്തത്.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ സിവില്‍ സര്‍വിസ് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് അബ്‌സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയുടെ സ്ഥാപകനായ എഴുത്തുകാരനും മോട്ടിവേഷനല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആരംഭിച്ച ‘ചിത്രശലഭം’ പരിശീലന പദ്ധതിയുടെ ഭാഗമായി.

അക്കാദമി പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണെങ്കിലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം ഓൺലൈൻ ക്ലാസിനാണ് 2022ൽ ചേർന്നത്. ആ വർഷംതന്നെ സിവിൽ സർവിസ് പരീക്ഷക്ക് അപേക്ഷിച്ചു. പ്രിലിമിനറി പരീക്ഷക്ക് അപ്പുറം പോകാൻ കഴിഞ്ഞില്ലെങ്കിലും നിരാശപ്പെടാതെ വീണ്ടും പഠിച്ചു. രാത്രി വൈകി ഇരുന്നായിരുന്നു പഠനം. ഉറക്കം വരുന്നതുവരെ പഠിക്കും. അതിനായി പ്രത്യേക സമയം ഒന്നും നിശ്ചയിച്ചിരുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ പഠിക്കും.

2023ൽ വീണ്ടും പരീക്ഷക്ക് അപേക്ഷിച്ചു. പ്രിലിമിനറി പരീക്ഷ കോഴിക്കോട് നടക്കാവിലെ സെന്‍ററിലായിരുന്നതിനാൽ യാത്ര വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ, മെയിൻ പരീക്ഷ തിരുവനന്തപുരത്തായിരുന്നതിനാൽ ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ എ.കെ. ശശി നാട്ടിൽവന്നു.

വലതുകൈയിലെ വിരലുകൾക്ക് പ്രശ്നമുള്ളതിനാൽ ഡിഗ്രിവരെയുള്ള പരീക്ഷകളും മറ്റും ഇടതുകൈയിലെ മൂന്ന് വിരലുകൾകൊണ്ടാണ് എഴുതിയിരുന്നത്. എന്നാൽ, വേഗത്തിൽ എഴുതാൻ സിവിൽ സർവിസ് പരീക്ഷക്ക് സഹായിയെ വെച്ചു. മെയിൻ പരീക്ഷക്കുശേഷം ഇന്‍റർവ്യൂ പരിശീലനത്തിനായി ഒരു മാസത്തോളം തിരുവനന്തപുരത്ത് തങ്ങി.

പിന്നീട് ഇന്‍റർവ്യൂവിന് ഡൽഹിക്ക് പോകാൻ അച്ഛൻ വീണ്ടും നാട്ടിൽ വന്നു. ഇന്‍റർവ്യൂ ബോർഡിലെ അംഗങ്ങൾ സ്നേഹത്തോടെയാണ് പെരുമാറിയത്. നാടിനെക്കുറിച്ചും പഠനകാലത്തെക്കുറിച്ചുമൊക്കെയായിരുന്നു ചോദ്യങ്ങൾ.

നാട് ഏറ്റെടുത്ത വിജയം

പാസാകുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെങ്കിലും ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷക്കപ്പുറമുള്ള വിജയമാണ് തേടിയെത്തിയത്. 922ാം റാങ്ക്. വാർത്ത നാട് ഒരു ആഘോഷമായിത്തന്നെ ഏറ്റെടുത്തു. അഭിനന്ദനങ്ങളും ആശംസകളുമായി വീട്ടിലേക്ക് ആളുകളൊഴുകി.

മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ഡോ. ആർ. ബിന്ദു, മുൻമന്ത്രിയും എം.എൽ.എയുമായ ടി.പി. രാമകൃഷ്ണൻ, മുൻ ഡി.ജി.പി ഋഷിരാജ് സിങ് തുടങ്ങിയ പ്രമുഖർ നേരിട്ടും ഫോണിലൂടെയുമായി അഭിനന്ദനങ്ങൾ അറിയിച്ചു.

കുടുംബത്തോടൊപ്പം

കുടുംബം എന്ന കംഫർട്ട് സോൺ

കുടുംബം തന്നെയാണ് ഏറ്റവും വലിയ ശക്തി. അർധരാത്രിവരെ നീളുന്ന എന്‍റെ പഠനത്തിന് കൂട്ടിരിക്കാൻ ഉറക്കമൊഴിക്കുന്ന അമ്മയും മെയിൻ പരീക്ഷക്കും ഇന്‍റർവ്യൂവിനും എനിക്കൊപ്പം വരാൻ വിദേശത്തുനിന്ന് ലീവെടുത്ത് വന്ന അച്ഛനുമാണ് വിജയം എളുപ്പമാക്കിയത്. പ്ലസ് ടു വിദ്യാർഥിയായ അനുജത്തി ദേവിക നൽകുന്ന സപ്പോർട്ടും എടുത്തുപറയേണ്ടതാണ്.

ഭിന്നശേഷിക്കാർക്കായി

നിയമനം ആയിട്ടില്ലെങ്കിലും അഡ്മിനിസ്ട്രേഷൻ തലത്തിൽതന്നെ കിട്ടുമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. ഭിന്നശേഷിക്കാരെ മുഖ‍്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നിരവധി കാര്യങ്ങൾ ചെയ്യണമെന്നുണ്ട്.

നമ്മുടെ പരിമിതികൾ നമ്മളാണ് തീരുമാനിക്കുന്നത്, സമൂഹമല്ല. നിശ്ചയദാർഢ‍്യത്തോടെ പ്രയത്നിച്ചാൽ ഏത് ലക്ഷ‍്യവും എത്തിപ്പിടിക്കാനാവുമെന്നതിന്‍റെ ഉദാഹരണമാണ് എന്‍റെ വിജയം. സ്വപ്നങ്ങൾക്ക് പരിമിതിയോ പരിധികളോ ഇല്ലെന്നാണ് ഭിന്നശേഷിക്കാരായ പുതുതലമുറയോട് പറയാനുള്ളത് –സ്വതസിദ്ധമായ പുഞ്ചിരിയോടെ ശാരിക പറഞ്ഞുനിർത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SarikaLifestyle
News Summary - Sharika's success story
Next Story