‘രോഗത്തോടു മല്ലിട്ട് ചക്രക്കസേരയിലിരുന്നൊരു എം.ബി.ബി.എസ്’
text_fieldsജീവിതത്തിൽ നിങ്ങൾ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും മനക്കരുത്തും കൂടെയുണ്ടെങ്കിൽ നിശ്ചയമായും നിങ്ങൾ അതിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. കഠിനാധ്വാനംകൊണ്ട് അത്തരമൊരു പോരാട്ടത്തിലൂടെ തന്‍റെ സ്വപ്നം കീഴടക്കിയ കഥയാണ് ഡോ. അർച്ചന വിജയനും പറയാനുള്ളത്. എസ്.എം.എ ബാധിതയായ പാലക്കാട് തേങ്കുറിശ്ശി സ്വദേശിയായ ഈ മിടുക്കി പ്രതിസന്ധികളോടും പ്രയാസങ്ങളോടും പടവെട്ടി നേടിയ വിജയകഥ എല്ലാവർക്കും പ്രചോദനമാണ്.
സുഷുമ്നാനാഡിയെ ബാധിക്കുന്ന അപൂർവ ജനിതകരോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. രോഗങ്ങളോടും പ്രതിസന്ധികളോടും പരീക്ഷണങ്ങളോടുമുള്ള പോരാട്ടമായിരുന്നു ബാല്യം മുതൽ അർച്ചനയുടെ ജീവിതം. ഓരോ പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ അതിജീവിച്ചു. പേശികൾ ദുർബലമാകുന്ന പ്രശ്നമാണ് ആദ്യം അർച്ചനയെ തേടിയെത്തിയത്. മകളെ സ്പെഷൽ സ്‌കൂളിലാക്കാൻ റിട്ട. പോസ്റ്റ്മാനായ അച്ഛൻ വിജയനും അമ്മ ദേവിയും തയാറായില്ല. സാധാരണ സ്‌കൂളിൽ ചേർത്തുതന്നെ പഠിപ്പിച്ചു. സ്‌കൂളിലേക്ക് കൊണ്ടുവിടുന്നതും കൊണ്ടുവരുന്നതും അച്ഛൻ തന്നെയായിരുന്നു.
പ്ലസ് ടു പഠനത്തിനുശേഷം എം.ബി.ബി.എസിന് ചേരാൻ ശ്രമിച്ചപ്പോൾ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് കിട്ടിയിരുന്നില്ല. മാതാപിതാക്കൾ ചെന്നൈയിൽ കൊണ്ടുപോയി ഓൾ ഇന്ത്യ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് കോട്ടയം മെഡിക്കൽ കോളജിൽ ചേർന്നത്. രോഗത്തോടു മല്ലിട്ട് ചക്രക്കസേരയിലിരുന്നാണ് എം.ബി.ബി.എസ് പാസായത്. വിഷ്ണുവാണ് സഹോദരൻ. ‘ഹൗസ് സര്‍ജന്‍സിയും, പീഡിയാട്രിക്‌സില്‍ എം.ഡിയും പൂർത്തിയാക്കണം. എസ്.എം.എ ബാധിതർക്കുള്ള ഏറ്റവും മികച്ച ചികിത്സാ സൗകര്യം ഒരുക്കണം. അടുത്ത സ്വപ്നമായ ഡ്രൈവിങ് പഠിച്ചുകൊണ്ടിരിക്കുന്നു’ -അർച്ചനയുടെ മുഖത്ത് ആത്മവിശ്വാസത്താൽ തിളങ്ങുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.