ഒഴുക്കിനെതിരെ നീന്തിക്കയറി ഡോ. കുഞ്ഞമ്മ മാത്യൂസ്
text_fieldsവൈക്കം ബീച്ചിൽ ആർപ്പുവിളികളും ചെണ്ടമേളവുമായി നൂറുകണക്കിന് ആളുകൾ കാത്തിരിക്കുകയാണ്. വേമ്പനാട്ടുകായലിനൊപ്പം തന്‍റെ സ്വപ്നവും നീന്തിക്കീഴടക്കി നിറഞ്ഞ ചിരിയോടെ ആ 52കാരി ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നുകയറി. ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽനിന്ന് വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ തൃശൂർ അഞ്ചേരിക്കാരി ഡോ. കുഞ്ഞമ്മ മാത്യൂസ് പിന്നിട്ടത് ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ്.
ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമാണ് റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥയായ അവർ യാഥാർഥ‍്യമാക്കിയത്.
45ാം വയസ്സിലാണ് വ്യായാമത്തിന്‍റെ ഭാഗമായി നീന്തൽ പതിവാക്കിയത്. അക്വാട്ടിക് ക്ലബിലും സ്വിമ്മിങ് പൂളിലും പോയിത്തുടങ്ങി. നീന്തൽ ആവേശവും മാനസികോല്ലാസവും വർധിപ്പിച്ചെങ്കിലും അവർ പൂർണ തൃപ്തയായിരുന്നില്ല. എന്തെങ്കിലും സ്പെഷലായി ചെയ്യണമെന്നായിരുന്നു ആഗ്രഹം.
വർഷങ്ങൾ കടന്നുപോയി. ആയിടക്കാണ് വേമ്പനാട്ടുകായൽ നീന്തിക്കടക്കുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകളും യുട്യൂബ് വിഡിയോകളും ശ്രദ്ധയിൽപെട്ടത്. എന്തുകൊണ്ട് തനിക്കും ആ വെല്ലുവിളി ഏറ്റെടുത്തുകൂടാ എന്ന് ചിന്തിച്ചു. പിന്നീട് അതിനായുള്ള പരിശ്രമം.
വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കുകയെന്ന ലക്ഷ‍്യത്തോടെ ഡോൾഫിൻ അക്വാട്ടിക് ക്ലബിൽ ബിജു തങ്കപ്പന്‍റെ കീഴിൽ നാലുമാസംമുമ്പ് പരിശീലനത്തിന് ചേർന്നു. ഏഴാം വയസ്സിൽ പുഴയിലും കുളങ്ങളിലും നീന്തിയതിന്‍റെ ഓർമയിലും ആത്മവിശ്വാസത്തിലും കോതമംഗലത്ത് മൂവാറ്റുപുഴയാറിൽ ഒഴുക്കുള്ള ഭാഗത്ത് പരിശീലനം ആരംഭിച്ചു.
പ്രായം മറന്ന് സ്കൂൾ കുട്ടികൾക്കൊപ്പം പുഴയിൽ ഒഴുക്കിനെതിരെ നീന്താൻ തുടങ്ങി. ആദ്യമൊക്കെ അരമണിക്കൂർപോലും നീന്താൻ കഴിഞ്ഞിരുന്നില്ല. നിരന്തര പരിശീലനത്തിലൂടെയും നിശ്ചയദാർഢ‍്യം കൈമുതലാക്കിയും മണിക്കൂറുകൾ നീന്താൻ പഠിച്ചു. രാവിലെയും വൈകീട്ടുമായി രണ്ടര മണിക്കൂറോളം ദിവസവും പരിശീലിച്ചു.
കോളജ് വിദ്യാർഥികളുടെ ഹോസ്റ്റലിലായിരുന്നു താമസം. പിന്തുണയുമായി ഭർത്താവ് പി.വി. ആന്‍റണിയും മകൾ ജ്യോത്സ്നയും മരുമകൻ ജോബിറ്റും കൂടെനിന്നതോടെ ഒഴുക്കിനെതിരെ ചരിത്രത്തിലേക്ക് നീന്തിക്കയറാൻ കുഞ്ഞമ്മ മാത്യൂസിന് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.