പവിഴപ്പുറ്റുകൾ തേടി കടലിലിറങ്ങി ബി.ബി.സിയുടെ ‘എർത്ത് ചാമ്പ‍്യൻ ഓഫ് ദി മന്ത്’ പുരസ്കാരം വരെ ലഭിച്ച വീട്ടമ്മ
text_fieldsവെറ്റ്‌സ്യൂട്ട്, ഫ്ലിപ്പറുകൾ, ഡൈവിങ് മാസ്‌ക്, 20 കിലോയോളം ഭാരമുള്ള മറ്റു സാമഗ്രികൾ എന്നിവ ധരിച്ച് അവർ മാലദ്വീപിലെ ആഴക്കടലിലേക്ക് ചാടാൻ നിൽക്കുന്നു. ജീവിതത്തിലെ ആദ്യ അനുഭവമാണിത്.
ആഴക്കടലിലേക്ക് നോക്കിയപ്പോൾ ഭയം കൂടിവന്നു. എങ്കിലും ഇത് ആദ്യത്തെയും അവസാനത്തെയും അവസരമാണെന്ന് ചിന്തിച്ച് എടുത്തുചാടി. ചിത്രങ്ങളിലും വിഡിയോയിലും മാത്രം കണ്ട പവിഴപ്പുറ്റുകൾ നേരിൽക്കണ്ടു.
ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സോണി ബി.ബി.സിയുടെ ‘എർത്ത് ചാമ്പ‍്യൻ ഓഫ് ദി മന്ത്’ പുരസ്കാര നേട്ടം വരെ എത്തിയ ഉമാ മണി എന്ന 49കാരിയുടെ വിജയകഥയാണിത്.
കുട്ടിക്കാലം മുതൽ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും പ്രഫഷനലായി കല അഭ‍്യസിക്കാൻ ഉമക്ക് അവസരമുണ്ടായിരുന്നില്ല. 2004ൽ വിവാഹിതയായി മാലദ്വീപിലേക്ക് താമസം മാറി. ഭർത്താവ് അവിടെ ഡോക്ടറാണ്. സാധാരണ വീട്ടമ്മയായി ജീവിതം മുന്നോട്ടുപോകുന്നതിനിടെ 45ാം വയസ്സിലാണ് ചിത്രകലയോട് വീണ്ടും താൽപര്യമുണ്ടായത്.
ആയിടക്കാണ് പവിഴപ്പുറ്റുകളെക്കുറിച്ചുള്ള ഡോക്യുമെന്‍ററി കാണുകയും അവയെക്കുറിച്ച് കൂടുതൽ വായിക്കാൻ തുടങ്ങുകയും ചെയ്തത്. പവിഴപ്പുറ്റുകളെ കാൻവാസിലേക്ക് പകർത്തുകയും പ്രദർശനങ്ങൾ നടത്തുകയും ചെയ്തു.
കടലിലേക്ക് മാലിന്യം തള്ളുന്നതുമൂലം പവിഴപ്പുറ്റുകൾ നശിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബന്ധുവായ സുഹൃത്ത് പരിഹാസത്തോടെ ഇങ്ങനെ ചോദിച്ചു, ‘നീ അതിന് പവിഴപ്പുറ്റുകൾ നേരിൽ കണ്ടിട്ടുണ്ടോ? കടലിന്‍റെ ആഴങ്ങളിൽ എന്താണെന്ന് നിനക്കറിയുമോ?’ ഈ ചോദ്യമാണ് ഉമയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
സുഹൃത്തിന്‍റെ ചോദ്യത്തെ വെല്ലുവിളിയായി എടുത്ത് സ്കൂബാ ഡൈവിങ് പരിശീലിക്കാൻ തീരുമാനിച്ചു. കട്ട സപ്പോർട്ടുമായി ഭർത്താവും മക്കളും കൂടെനിന്നു. അങ്ങനെ പരിശീലനം തുടങ്ങി.
ആഴങ്ങളിലേക്ക് ഊളിയിട്ടപ്പോൾ കടലിനടിയിലെ സൗന്ദര്യം ഉമയെ വിസ്മയിപ്പിച്ചു. ചവറ്റുകുട്ടയായി മാറുന്ന ആഴക്കടലിന്‍റെ ദൃശ‍്യം കണ്ടതോടെ വിസ്മയം ആശങ്കക്ക് വഴിമാറി. പക്ഷേ വെറുതെ ആശങ്കപ്പെട്ടിരിക്കാൻ അവർക്കായില്ല. പവിഴപ്പുറ്റുകളെക്കുറിച്ച് ‘കോറൽ വുമൺ’ എന്ന ഡോക്യുമെന്‍ററി നിർമിച്ചു.
ഇന്ത‍്യയിലുടനീളം നിരവധി ചിത്രപ്രദർശനങ്ങൾ നടത്തി. തന്‍റെ ആദ്യ സ്കൂബാ ഡൈവിങ് കഴിഞ്ഞ് വർഷങ്ങളായെങ്കിലും സ്‌കൂളുകളിലും കോളജുകളിലും മറ്റു സ്ഥാപനങ്ങളിലും കടൽ മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുന്നത് ഉമ ഇന്നും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.