വനമേഖലയിൽ താമസിച്ച് ചോലനായ്ക്ക ഊരിന്‍റെ വാമൊഴി തേടി
text_fieldsകോളജിൽ ക്ലാസ് തുടങ്ങുന്നത് രാവിലെ 10 മണിക്കാണെങ്കിലും സൂര്യപ്രകാശം മുറ്റത്തെത്തുംമുമ്പേ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് ആ കൗമാരക്കാരി വീട്ടിൽനിന്ന് ഇറങ്ങും. വൈകീട്ട് അവളെത്തുംമുമ്പേ സൂര്യപ്രകാശം വീടിനോട് യാത്ര പറഞ്ഞിറങ്ങിയിട്ടുണ്ടാകും.
കോളജിൽ ക്ലാസ് തുടങ്ങുന്നതിനുമുമ്പും ശേഷവും കുട്ടികൾക്ക് ട്യൂഷനെടുത്ത് വരുമാനം കണ്ടെത്തുമ്പോഴും ലിജിഷ ഒരു കാര്യം മനസ്സിലുറപ്പിച്ചിരുന്നു, അച്ഛനും അമ്മക്കും നാല് അനിയത്തിമാർക്കും വെളിച്ചം പകരുന്ന പ്രകാശമായി താൻ തിളങ്ങുമെന്ന്. അന്ന് തിരഞ്ഞെടുത്ത പാതയിൽ ഏറെ ദൂരം ഓടിയെത്തിയതിന്‍റെ കിതപ്പും ചാരിതാർഥ‍്യവും ഇന്ന് ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ഗവേഷണം തുടരുമ്പോൾ ഡോ. എ.ടി. ലിജിഷയുടെ മുഖത്തുണ്ട്.
മലപ്പുറം കാവനൂർ മാടാർകുണ്ട് ഏകാംബരൻ-ലീല ദമ്പതികളുടെ അഞ്ച് പെൺമക്കളിൽ മൂത്തയാളാണ് ലിജിഷ. തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മയും ചെറിയ വരുമാനത്തിൽ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചത്. ചെറുപ്രായത്തിൽതന്നെ പഠനത്തിൽ മിടുക്കിയായിരുന്ന ലിജിഷക്ക് അധ‍്യാപകരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.
കേരളത്തിലെ പ്രാചീന ഗോത്രഭാഷയായ ചോലനായ്ക്ക ഭാഷയിലായിരുന്നു പിഎച്ച്.ഡി ഗവേഷണം. ഇപ്പോൾ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിൽ ഗവേഷണം നടത്തുന്നതും ഇതേ വിഷയത്തിൽതന്നെ. നിലമ്പൂർ വനമേഖലയിൽ താമസിച്ചാണ് ലിജിഷ പിഎച്ച്.ഡി ഗവേഷണം പൂർത്തിയാക്കിയത്.
കരുളായി, വഴിക്കടവ് വനത്തിലെ ചോലനായ്ക്ക ഊരുകൾ സന്ദർശിച്ച് അവരുടെ ഭാഷയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി. 2020ലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഈ വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയും ഇന്ത‍്യയിൽ രണ്ടാമത്തെയാളുമാണ്. ഇതേ വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് നേടുന്ന ആദ്യയാളുമാണ്.
സ്കൂൾ കാലം മുതൽതന്നെ സാഹിത്യാഭിരുചിയുണ്ടായിരുന്ന ലിജിഷ ‘വാഴ്വാധാരം’, ‘പാവാട’ എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അങ്കണം കലാലയ കഥാ പുരസ്കാരം, പി.എം. തിരുമുൽപ്പാട് സാഹിത്യപുരസ്കാരം, ശാന്തകുമാരൻ തമ്പി യുവ കഥ പുരസ്കാരം, കമല സുറയ്യ സ്പെഷൽ ജൂറി ചെറുകഥ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ 32കാരിയെ തേടിയെത്തിയിട്ടുണ്ട്. കാവനൂർ സ്വദേശി എ. പ്രജീഷാണ് (തിരുവനന്തപുരം എനർജി മാനേജ്മെന്‍റ് സെന്‍റർ) ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.