പ്രേതങ്ങളെയും പിശാചുക്കളെയും പേടിയില്ല, പക്ഷേ പാമ്പും നായ്ക്കളും... ജഗദീഷിന്‍റെ ഭീതിയനുഭവങ്ങൾ
text_fieldsസ്ഥലം ഡൊറോത്തി മദാമ്മയുടെ ബംഗ്ലാവ്. സമയം രാത്രി ഒമ്പത് മണി.
തോമസ്കുട്ടി: എന്താടാ നിനക്ക് പേടിയുണ്ടോ...?
മഹാദേവൻ: പേടിയോ... ഇമ്മിണി പുളിക്കും.. ദേ ഇവന്മാര് പേടിക്കും.
ഗോവിന്ദൻകുട്ടി: ഞാനോ... അതും ഈ ഇല്ലാത്ത പ്രേതകഥ കേട്ടിട്ട്.
അപ്പുക്കുട്ടൻ: അതല്ലെടാ.....എന്നുവെച്ചാ ദൈവത്തില് വിശ്വാസമുണ്ടെങ്കില് പിശാചിലും വിശ്വസിക്കണം എന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്. ഉള്ളത് പറയാമല്ലോ...എനിക്ക് പേടിയാ.....(ക്ലോസപ്പിൽ ഭയം തുറിച്ച ഉണ്ടക്കണ്ണുകൾ..!)
തോമസ് കുട്ടി: ആർക്കെങ്കിലും ഒരു മുറിയിൽ ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ..?
മഹാദേവൻ: ഏയ്....
ഗോവിന്ദൻകുട്ടി: ഏയ്....
അപ്പുക്കുട്ടൻ: ഏയ്...നമുക്ക് നാലുപേർക്കു കൂടി ഒരുമുറിയിൽ ഒറ്റയ്ക്ക് കിടക്കാം.....
ഈ ഡയലോഗുകൾ കേട്ട് തിയറ്ററിൽ ഇരുന്ന് ആർത്ത് ചിരിച്ച ഒരുമലയാളിയും ഇതിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ മറന്നിട്ടുണ്ടാവില്ല. ജഗദീഷ്, മുകേഷ്, സിദ്ദീഖ്, അശോകൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി, 'തോമസുകുട്ടീ വിട്ടോടാ...' എന്ന പഞ്ച് ഡയലോഗുമായി എത്തിയ 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയുടെ മൂന്നാം ഭാഗമായ 'ഇൻ ഗോസ്റ്റ്ഹൗസ് ഇൻ' എന്ന സിനിമയിലേതാണ് മുകളിലുള്ള രണ്ട് ഡയലോഗ് രംഗങ്ങളും. ഡൊറോത്തി എന്ന മദാമ്മയുടെ ഉടമസ്ഥതയിൽ കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ആൾതാമസമില്ലാത്തതും പ്രേതബാധയുള്ളതുമായ ഒരു ബംഗ്ലാവിലെത്തുന്ന നാലു പേരും ചേർന്ന് പേടിയുടെ പൂരമാണ് അവിടെ സൃഷ്ടിക്കുന്നത്.
ഇതിൽ ഏറ്റവും വലിയ പേടിക്കാരനായ ദന്തഡോക്ടർ അപ്പുക്കുട്ടനായി വേഷമിട്ടത് സിനിമയിൽ 'ക്ലോസപ്പ് ഡയലോഗുകളി'ലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ജഗദീഷാണ്.
തെൻറ അഞ്ച് ഇളയ സഹോദരിമാരെ പ്രണയിക്കാൻ വരുന്ന ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ച് ജീവിക്കുന്ന 'ഹിറ്റ്ലർ മാധവൻകുട്ടി' എന്ന മമ്മുട്ടി കഥാപാത്രവുമായി എത്തിയ 'ഹിറ്റ്ലർ' എന്ന സിനിമയിലെ 'ഹൃദയഭാനു' എന്ന പേടിത്തൊണ്ടനായ കാമുകനെ അവതരിപ്പിച്ചതും ജഗദീഷ് തന്നെ. ഇതുപോലെ തെൻറ പേടികൾ മലയാളികളുടെ ചിരിയാക്കിമാറ്റിയ എത്രയോ കഥാപാത്രങ്ങളെ ജഗദീഷ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
എന്നാൽ, സിനിമക്ക് പുറത്ത് യഥാർഥ ജീവിതത്തിൽ ജഗദീഷിന് പ്രേതങ്ങളെയോ പിശാചുക്കളെയോ ഒട്ടും പേടിയില്ല. സിനിമ ഷൂട്ടിങ്ങിന് വേണ്ടി താമസിക്കുന്ന ചില ഹോട്ടലുകളിൽ ഇത്തരം 'പ്രേതബാധ'യുടെ പരിവേഷമുള്ള മുറികളാണ് ലഭിക്കുന്നതെങ്കിൽ, മുന്നറിയിപ്പുകൾ വകവെക്കാതെ അതറിഞ്ഞുകൊണ്ടുതന്നെ സുഖമായി കിടന്നുറങ്ങാറുള്ള ഇദ്ദേഹത്തിന് പക്ഷേ, നിത്യജീവിതത്തിലെ യാഥാർഥ്യങ്ങളായ പാമ്പിനെയും തെരുവ് നായ്ക്കളെയും ചെറിയ പേടിയാണ്.
നമ്മൾ ഉപദ്രവിച്ചാൽ മാത്രമേ പാമ്പുകൾ തിരിച്ച് ഉപദ്രവിക്കുകയുള്ളു എന്ന ശാസ്ത്രമൊക്കെ നന്നായി അറിയാവുന്ന ഈ മുൻ കോളജ് അധ്യാപകന് പക്ഷേ, പാമ്പുകടിമൂലം കുഞ്ഞുങ്ങൾപോലും മരിച്ചുപോകുന്ന വാർത്തകൾ മനസ്സിൽ സൃഷ്ടിച്ച സങ്കടങ്ങളിൽനിന്നാണ് 'പാമ്പ് പേടി' ഉണ്ടാവുന്നത്. കൂടാതെ സിനിമയിൽ എത്തുന്നതിന് എത്രയോ മുമ്പ് വായിച്ച ഒരു വാർത്തയും 'പാമ്പ് പേടി'യുടെ കാരണമായി തോന്നാറുണ്ട്. അക്കാലത്ത് പത്രങ്ങളിൽ വന്ന ഒരു വാർത്തയാണ് അതിന് കാരണം. വിവാഹദിവസം അണിഞ്ഞൊരുങ്ങി പള്ളിയിലെത്തിയ വധുവിെൻറ മുടിയിൽ കെട്ടിവെച്ച തിരുപ്പനിൽ ഉണ്ടായിരുന്ന പാമ്പ് കടിച്ച സംഭവം. ബോധരഹിതയായ യുവതിയെ ആശുപത്രിലെത്തിച്ച് ചികിത്സനൽകേണ്ടിവന്നു. തൽക്കാലം വിവാഹവും മുടങ്ങി.
''നായ്പ്പേടി'യുടെ കാരണം വളരെ ആഹ്ലാദകരമായ ഒരു കാര്യം ട്രാജഡിയിൽ കലാശിച്ച ഓർമയാണ്. അധ്യാപകനായിരുന്ന കാലത്ത് ആറ്റുനോറ്റ് മോഹിച്ച് ഒരു സ്കൂട്ടർ വാങ്ങി. റോഡുകളിൽ ഇരുചക്രവാഹനങ്ങൾ അപൂർവമായിരുന്ന കാലം. സ്കൂട്ടർ വാങ്ങിയ ഉടനെ നടത്തിയ യാത്രകളിലൊന്ന് ഡോക്ടറായ ഭാര്യ രമയെ അവർ ജോലിചെയ്തിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവിടാൻ വേണ്ടിയായിരുന്നു. ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയ അഭിമാനത്തോടെ ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് തിരികെ വരുേമ്പാഴാണ് ട്രാജഡി തെരുവ് നായുടെ രൂപത്തിൽ സ്കൂട്ടറിന് മുന്നിലെത്തിയത്. രണ്ട് തെരുവുനായ്ക്കൾ മത്സരിച്ചോടുന്നതിനിടയിൽ ഞാൻ സഞ്ചരിച്ച സ്കൂട്ടറിനെ മറികടന്ന് അതിലൊരെണ്ണം വാഹനത്തിന് മുന്നിൽപ്പെടുന്നു. തെരുവ് നായിലിടിച്ച് മറിഞ്ഞ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ എനിക്ക് സാമാന്യം നല്ല പരിക്കേൽക്കുകയും ചെയ്യുന്നു. അപകടം നടന്നത് മെഡിക്കൽ കോളജ് കാമ്പസിനുള്ളിലായതിനാലും ചെറിയ റോഡിൽ വാഹനത്തിരക്ക് ഇല്ലാത്തതിനാലും അപകടം കൂടുതൽ ദുരന്തത്തിലേക്ക് പോയില്ല. എങ്കിലും സംഭവത്തിെൻറ ആഘാതം മനസ്സിലുള്ളതുകൊണ്ടാവാം ഷൂട്ടിംഗുകൾക്കും മറ്റും കാറിൽ യാത്രചെയ്യുേമ്പാൾ പോലും റോഡിൽ തെരുവ് നായ്ക്കൾ ഓടുന്നതുകാണുേമ്പാൾ അറിയാതെ ഒരു ആശങ്കയും ഭയവും മനസ്സിൽ കയറിവരുന്നത്'.
എന്നാൽ, നായ്ക്കളടക്കം എല്ലാ ജീവജാലങ്ങളോടും സ്നേഹമാണെന്നും പക്ഷേ, 'വയലൻറായ' തെരുവ്നായ്ക്കളുടെ കാര്യത്തിൽ സമൂഹം മാറിചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.