അനർഘ നിമിഷം; 'തിങ്കളാഴ്ച നിശ്ചയ'ത്തിലെ നായിക വിശേഷങ്ങൾ പങ്കുവെക്കുന്നു
text_fieldsഒച്ചയും ബഹളവുമില്ലാതെ പുറത്തിറങ്ങി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച സിനിമയാണ് 'തിങ്കളാഴ്ച നിശ്ചയം'. വടക്കേ മലബാറിെൻറ ഭാഷ സംസാരിച്ച്, ഏച്ചുകെട്ടലുകളൊന്നുമില്ലാതെ ജീവിതകഥ പറഞ്ഞ കാഞ്ഞങ്ങാടിെൻറ സ്വന്തം സിനിമയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്തരം വീട്ടിലെ പെണ്ണുകാണലും വിവാഹ നിശ്ചയത്തലേന്ന് നടക്കുന്ന നാടകീയ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ സാഹചര്യം. നമ്മുടെയൊക്കെ വീട്ടിലെ ഒരാളെന്നപോലെ ചിത്രത്തിലെ പ്രധാന കഥാപാത്രമായ സുജയെ വേറിട്ട പ്രകടനത്താൽ ഭദ്രമാക്കിയത് പുതുമുഖ നായികയായ അനഘ നാരായണനാണ്. സിനിമക്ക് നല്ലരീതിയിലുള്ള പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങിയതിെൻറ സന്തോഷത്തിലാണ് അനഘ.
ആദ്യ ചിത്രത്തിൽതന്നെ അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പം അഭിനയിച്ചതിെൻറയും സ്വന്തം ഭാഷ സിനിമയിലും സംസാരിക്കാനായതിെൻറയും ത്രില്ല് അനഘ മറച്ചുവെച്ചില്ല. നിശ്ചയിച്ചുറപ്പിച്ചപോലെ നടപ്പിലും ഇരിപ്പിലും സിനിമയെന്ന സ്വപ്നം കൊണ്ടുനടന്ന കാഞ്ഞങ്ങാടിെൻറ സ്വന്തം നായികയുടെ വിശേഷങ്ങൾ...
സീൻ ഒന്ന് -ഓഡിഷൻ
2019ൽ കാഞ്ഞങ്ങാടൊരു തിയറ്ററിൽ സിനിമ കണ്ടിറങ്ങുന്ന കഥാനായിക. കാസർകോട് പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രത്തിലേക്ക് കാഞ്ഞങ്ങാട്ടുകാരായ സുന്ദരികളെയും സുന്ദരന്മാരെയും ആവശ്യമുണ്ടെന്ന പോസ്റ്ററിൽനിന്നാണ് അനഘയെന്ന നായിക ജനിക്കുന്നത്. അച്ഛനും നാടകപ്രവർത്തകനുമായ നാരായണനും അനഘയുടെ സുഹൃത്തുക്കളുമാണ് ഓഡിഷനായി അപേക്ഷ അയച്ചത്. അങ്ങനെ കാഞ്ഞങ്ങാട് ബല്ലാസ് സ്കൂളിൽ ഓഡിഷന് വിളിച്ചു. പിന്നീട് വിവരമൊന്നുമുണ്ടായില്ല. കുറച്ചുദിവസത്തിനു ശേഷമാണ് സിനിമയിലെ സുജയെന്ന കഥാപാത്രം ഞാനാണെന്ന വിവരമെത്തുന്നത്.
അച്ഛനായിരുന്നു ടെൻഷൻ
ആദ്യ ചിത്രത്തിൽതന്നെ അച്ഛനുമൊത്താണ് അഭിനയം. മെംബർ ഔക്കർച്ചയെന്ന കഥാപാത്രമായി മൂപ്പർ നിറഞ്ഞുനിന്നു. നാടകത്തിൽ പത്തുമുപ്പത് വർഷത്തെ അനുഭവപരിചയമുണ്ടെങ്കിലും മകൾക്കൊപ്പം അഭിനയിക്കാൻ അച്ഛന് ബുദ്ധിമുട്ടുണ്ടായെന്നാണ് അനഘയുടെ പക്ഷം. മകൾ നന്നായി അഭിനയിക്കുമോ എന്നാലോചിച്ചായിരുന്നില്ല നാരായണന് ടെൻഷൻ. മകളുടെ മുന്നിൽ അഭിനയിക്കുേമ്പാൾ മകളുടെ അഭിപ്രായമെന്താകുമെന്നായിരുന്നു ചിന്ത. അച്ഛെൻറ നാടകങ്ങളുടെ പ്രധാന വിമർശകയും നിരീക്ഷകയുമൊക്കെ അനഘയാണ്. എന്തൊക്കെയായാലും പരസ്പരം താങ്ങിയും പിന്താങ്ങിയും രണ്ടുപേരും മുന്നോട്ടുപോവുകയാണ്. സ്കൂൾ കാലം മുതലേ അച്ഛൻ നാടകത്തിലുണ്ട്. സംഘാടകനായും നാടകക്കാരനായുമെല്ലാം കാഞ്ഞങ്ങാട്ടെ കലാ സാംസ്കാരിക വേദികളിൽ സജീവമാണ്. കാസർകോട് സ്വദേശിനിയായ അമ്മ സുജ രണ്ടുപേരുടെയും കലാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്. റിലീസായ ദിവസം വീട്ടിൽ വലിയ പ്രൊജക്ടറൊക്കെ ഒരുക്കി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് സിനിമ കണ്ടത്. ഭർത്താവിനെയും മകെളയും ഒന്നിച്ച് സ്ക്രീനിൽ കണ്ടപ്പോൾ അമ്മയുടെ െകെയടി അനഘക്കായിരുന്നു.
കട്ട് പറഞ്ഞിട്ടും തീരാത്ത കെമിസ്ട്രി
നിങ്ങൾ ശരിക്കും ഒരു കുടുംബമാണോ? സിനിമ കണ്ടവരൊക്കെ ചോദിച്ച ചോദ്യമാണിത്. സ്വന്തം വീട്ടിലുള്ളതുപോലെയായിരുന്നു സെറ്റിലും. വീട്ടിൽ പെരുമാറുന്നതുപോലെയാണ് എല്ലാവരും അഭിനയിച്ചത്. ഓർമവെച്ചപ്പോൾ പറയുന്ന ഭാഷയാണ് സംഭാഷണങ്ങളായെത്തിയത്. അനായാസമാണ് സീനുകളെല്ലാം അഭിനയിച്ചത്. മൂന്നാഴ്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തിൽ കട്ട് പറഞ്ഞ ശേഷവും അതേ കെമിസ്ട്രി തുടർന്നു. സ്ക്രീനിൽ കാണുന്ന അതേ സ്നേഹവും അടുപ്പവുമെല്ലാം ഓഫ്സ്ക്രീനിലുമുണ്ടായി. അട്ടയങ്ങാനത്തെ വീട്ടിലും തൊട്ടടുത്തെ കോടോത്തുമായിരുന്നു സിനിമയുടെ ചിത്രീകരണം.
സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരും നേരേത്ത പരിചയമുള്ളവരാണ്. സിനിമയിൽ അച്ഛൻ കഥാപാത്രമായ കുവൈത്ത് വിജയനെ അവതരിപ്പിച്ച മനോജേട്ടനൊപ്പം മുമ്പ് നാടകം ചെയ്തിരുന്നു. കാമുകനായി അഭിനയിച്ച അർജുൻ സ്കൂൾ സഹപാഠിയാണ്. ഉണ്ണിമായയെയും നേരേത്ത അറിയാം. സിനിമയുടെ ഭാഗമായവരെല്ലാം നാട്ടുകാരായിരുന്നു. സിനിമയുടെ ഭാഗമായി നടത്തിയ വർക്ഷോപ്പിലൂടെ കൂടുതലായി എല്ലാവരോടുമടുത്തു.
തിയറ്ററിലെ കൈയടി
ഒ.ടി.ടിയിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഐ.എഫ്.എഫ്.കെയിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. തലശ്ശേരി പതിപ്പിലാണ് സിനിമ കണ്ടത്. കുഞ്ഞുസിനിമക്ക് ജനം എഴുന്നേറ്റുനിന്ന് വലിയ കൈയടി നൽകിയപ്പോൾ ശരിക്കും തരിച്ചിരുന്നുപോയി. പേശികൾ മുറുകി ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു കുറച്ചുനേരം. നല്ല സിനിമക്ക് പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത് ലാലേട്ടെൻറ 'ഉദയനാണ് താരം' സിനിമയിൽ കണ്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ നടക്കുമോയെന്ന് അന്ന് ആലോചിച്ചിരുന്നു.
തിയറ്ററിൽതന്നെ ഈ സിനിമ എല്ലാവരും കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഒ.ടി.ടിയിലാണ് റിലീസെന്നറിഞ്ഞപ്പോൾ ആദ്യം വിഷമം തോന്നിയെങ്കിലും ലോകം മുഴുവനുള്ള മലയാളി പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റിയപ്പോൾ സന്തോഷം തോന്നി. കോവിഡ് കാലമായതിനാൽ തിയറ്ററിലൂടെ എല്ലാവരിലേക്കും ചിലപ്പോൾ സിനിമയെത്തില്ലായിരുന്നു. ഓൺലൈൻ റിലീസിൽ കുടുംബപ്രേക്ഷകർക്കടക്കം ചിത്രം ആസ്വദിക്കാനായി. മഹാമാരിക്കാലത്തിനുശേഷം തിയറ്ററുകൾ ഉണരണമെന്നുതന്നെയാണ് ആഗ്രഹം.
പിന്തുണച്ചവരും പിന്തിരിപ്പിച്ചവരും
സ്കൂളിലും കോളജിലുമൊക്കെ ഭാവിയിൽ ആരാവണമെന്നും അഭിലാഷം എന്താണെന്നുമുള്ള സ്ഥിരം ചോദ്യങ്ങളിൽ സിനിമ താരമാകണമെന്ന് പറഞ്ഞപ്പോൾ പിന്തുണച്ചവരും പിന്തിരിപ്പിച്ചവരും നിരവധിയായിരുന്നു. സിനിമ താരമെന്നത് ജോലിയെല്ലന്നും മാറ്റിയെഴുതണമെന്നും അഭിലാഷം വേറെയെന്തെങ്കിലും പറയണമെന്നും കുറെ പേർ ആവശ്യപ്പെട്ടു. ഡോക്ടറെന്നും എൻജിനീയറെന്നുമൊക്കെ എഴുതിനോക്കിയെങ്കിലും ഒന്നും തൃപ്തി നൽകിയില്ല. അങ്ങനെയാണ് വെട്ടിയൊതുക്കി വടിവാർന്ന അക്ഷരത്തിൽ സിനിമതാരമെന്ന് ഉറപ്പിച്ചെഴുതിയത്. അന്ന് പിന്തിരിപ്പിച്ചവരൊക്കെ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു. നിലവിൽ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ മൂന്നാം വർഷ സ്റ്റാറ്റിസ്റ്റിക്സ് ബിരുദവിദ്യാർഥിയാണ്. ബിരുദാനന്തര ബിരുദമെടുക്കുന്നുണ്ടെങ്കിൽ സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിലാവണമെന്നാണ് ആഗ്രഹം. സിനിമയിൽ തുടരാൻ തന്നെയാണ് തീരുമാനം. കൂടുതൽ നല്ല വേഷങ്ങൾ ചെയ്യണം. കാമറക്കു മുന്നിൽനിന്ന് ആദ്യമായി ഡയലോഗ് പറഞ്ഞ സിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട്. സ്കൂൾ പഠനകാലം മുതൽ നാടകവും മോണോആക്ടുമൊക്കെയായി സജീവമാണ്. നേരേത്ത ഓട്ടർഷ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്.
നോ കോംപ്രമൈസ്
സിനിമയിലെ ശക്തവും നിശ്ചയദാർഢ്യവുമുള്ള സ്ത്രീകഥാപാത്രങ്ങളെ പോലെയാണ് അനഘയും. സ്വന്തമായി നിലപാടുകളുണ്ട്. തേൻറതായ ഇഷ്ടങ്ങളും താൽപര്യങ്ങളുമുണ്ട്. എന്നാലും, സിനിമയിൽ പറയുംപോലെ ശബരിമലയിലേക്ക് പോകാനൊന്നും തൽക്കാലം പ്ലാനില്ല. സിനിമയിലെ വിജയെനന്ന അച്ഛൻകഥാപാത്രത്തിെൻറ നേരെ വിപരീതമാണ് സ്വന്തം അച്ഛൻ. സിനിമയിൽ മെംബർ ഔക്കർച്ചയായി ജനാധിപത്യം പറയുന്ന അച്ഛൻ ജീവിതത്തിലും അങ്ങനെയൊക്കെതന്നെയാണ്. മക്കളുടെ ഇഷ്ടങ്ങൾക്കെതിരുനിൽക്കുന്ന ഒരാളല്ല. അഭിനയത്തിനായാലും നിലപാടുകൾക്കായാലും വീട്ടിൽനിന്ന് നല്ല പിന്തുണയുണ്ട്. സിനിമയിലെപ്പോലെ സാമ്പത്തികവും സ്റ്റാറ്റസും മാത്രം നോക്കി പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനോട് താൽപര്യമില്ല. പെൺതാൽപര്യങ്ങളെ ഒതുക്കിനിർത്തുന്ന പങ്കാളിയോട് 'നോ' പറയാൻ തന്നെയാണ് സുജയുടെയും അനഘയുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.