വീട്ടിലും ഓഫീസിലും വിജയികാനുള്ള വഴികൾ
text_fieldsആള് ഭയങ്കര ഇമോഷനലാ എന്ന് ചിലരെക്കുറിച്ച് പറയാറുണ്ട്. മറ്റുള്ളവരുടെ മുന്നിൽ മറയില്ലാതെ ഏത് ഇമോഷനും വലിച്ചിടുന്നവരാണ് അവർ. ചില ഇമോഷനുകളെ നിയന്ത്രിച്ചു നിർത്തുകയോ മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കുകയോ വേണം. എപ്പോഴും ഒരു തുറന്ന പുസ്തകം പോലെ പെരുമാറേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, തീരെ ഇമോഷനലായ ആളുകളോട് കാര്യങ്ങൾ തുറന്നുപറയാനും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാനും പലരും മടികാണിക്കും.
പാൻഡമിക്കിനു ശേഷം പൊതുവെ ആളുകളുടെ ഇമോഷനൽ സ്ഥിരതയിൽ വ്യത്യാസം വന്നിട്ടുണ്ട്. ലോക്ഡൗണും കോവിഡിനെത്തുടർന്നുള്ള അനിശ്ചിതത്വവുമെല്ലാം ആളുകളെ കൂടുതൽ അസ്വസ്ഥമാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം, സാമ്പത്തികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള പേടി എല്ലാവരിലുമുണ്ട്. അത് അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും തൊഴിൽജീവിതത്തിലും സാരമായി ബാധിച്ചിട്ടുണ്ട്.
തുറന്നുപറയാം, വേദനിപ്പിക്കാതെ
ഇമോഷനുകൾ പ്രകടിപ്പിക്കാനുള്ളതാണ്. അത് മറച്ചുവെക്കരുത്. എന്നാൽ, എല്ലാ ഇമോഷനുകളെയും അതേപടി മറ്റുള്ളവർക്കു മുന്നിൽ പ്രകടിപ്പിക്കുകയുമരുത്. തൊഴിൽസ്ഥലത്ത് സഹപ്രവർത്തകരോടോ മേലുദ്യോഗസ്ഥരോടോ ഒക്കെ ദേഷ്യം തോന്നുന്നത് തികച്ചും സ്വാഭാവികം. എന്നാൽ അത് അങ്ങനെത്തന്നെ പ്രകടിപ്പിക്കരുത്. അത് നിങ്ങളുടെ ദൈനംദിന ജോലികളെയും എന്തിന്, തൊഴിൽസുരക്ഷയെപോലും മോശമായി ബാധിക്കാം. അഭിപ്രായ വ്യത്യാസങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ മേലുദ്യോഗസ്ഥരോടായാലും കീഴ്ജീവനക്കാരോടായാലും തുറന്നുപറയാൻ മടി കാണിക്കരുത്. വികാരവിക്ഷോഭങ്ങൾ ഒന്നിനും പ്രതിവിധിയല്ല. കാര്യങ്ങൾ തുറന്നുപറയുക എന്നതാണ് ഉചിതമായ വഴി. അത് മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയാനുള്ള കഴിവ് വളർത്തിയെടുക്കുകയാണ് വേണ്ടത്.
വികാരപ്രകടനങ്ങളുടെ പ്ലേഗ്രൗണ്ട്
കുടുംബജീവിതം വികാരപ്രകടനങ്ങളുടെ പ്ലേഗ്രൗണ്ടാണ്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികൾ ഒരു കുടക്കീഴിൽ കഴിയുന്നതിന്റെ പൊരുത്തക്കേടുകൾ തീർച്ചയായും ഉണ്ടാകാം. ഓരോരുത്തരും മാറിമാറി ഇമോഷനലാവുകയും വഴക്കുണ്ടാകുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ, ഈ വികാരപ്രകടനങ്ങൾ അമിതമാകുന്നത് ബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. ആരോഗ്യകരമായ കുടുംബബന്ധം സാധ്യമല്ലാത്ത ഒരു ഘട്ടത്തിലേക്ക് ഇത് കൊണ്ടെത്തിക്കാം. അതിനാൽ ഏറ്റവും ശ്രദ്ധാപൂർവം വേണം കുടുംബബന്ധങ്ങളിലും ഇമോഷനുകളെ കൈകാര്യം ചെയ്യാൻ.
വികാരനിയന്ത്രണ വഴികൾ
●വികാരങ്ങൾ മാറ്റിവെച്ച് നമുക്ക് പ്രവർത്തിക്കാനാവില്ല. എന്നാൽ, അവയെ നിയന്ത്രിക്കാൻ കഴിയും. നമ്മുടെ ചിന്തകൾക്കനുസരിച്ചാണ് വികാരങ്ങൾ രൂപപ്പെടുന്നത്. നല്ല ചിന്തകൾ തിരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി മനുഷ്യനു മാത്രമുള്ളതാണ്. അതുകൊണ്ട് മനസ്സിൽ പരമാവധി നല്ല ചിന്തകൾക്ക് മാത്രം ഇടംനൽകാൻ ശ്രമിക്കുക.
ഇമോഷനലി ഫിറ്റാണോ?
●നമ്മൾ ഇമോഷനലി ഫിറ്റാണോ അല്ലെങ്കിൽ എത്രമാത്രം ഇമോഷനലാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. അതിനനുസരിച്ച് മറ്റുള്ളവരോടുള്ള ഇടപെടലിൽ ശ്രദ്ധപുലർത്താൻ കഴിയും.
ഇമോഷനൽ ഹോളിഡേ
●ദേഷ്യമോ സങ്കടമോ ഉത്കണ്ഠയോ പോലുള്ള വികാരങ്ങൾ അമിതമായി ഉണ്ടാകുന്ന സമയങ്ങളിൽ ഒരു ഇമോഷനൽ ഹോളിഡേ എടുക്കുന്നത് നല്ലതാണ്. മറ്റെല്ലാം മറന്ന് പൂർണ അവധിയെടുക്കുന്ന ഒരു ദിവസം. അന്ന് നന്നായി ഉറങ്ങിയും ഭക്ഷണം കഴിച്ചും പുസ്തകം വായിച്ചും സിനിമ കണ്ടുമൊക്കെ ആസ്വദിക്കാം. പൂർണമായും നിങ്ങൾക്കായി മാറ്റിവെച്ചൊരു ദിവസം.
ഇമോഷനൽ അവയർനസ്
ഇമോഷനൽ അവയർനസ് ഉണ്ടാക്കുക എന്നതാണ് മറ്റൊരു പരിഹാരം. നമ്മുടെ ഇമോഷനെ മനസ്സിലാക്കുക, ഇപ്പോൾ എന്ത് ഇമോഷനിലൂടെയാണ് കടന്നുപോകുന്നത് എന്ന് തിരിച്ചറിയുക എന്നിവ പ്രധാനമാണ്. എങ്കിൽ മാത്രമേ അവയെ നിയന്ത്രിക്കാനാവൂ.
ഹാപ്പിനസ് ജാർ
നമ്മളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ നല്ല കാര്യങ്ങളും നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളും ചെറിയ പേപ്പർ കഷണങ്ങളിൽ എഴുതി ഒരു ജാറിൽ സൂക്ഷിക്കുക. മൂഡ് മോശമാകുന്ന സമയങ്ങളിൽ അതെടുത്ത് വായിച്ചുനോക്കുന്നത് നിങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും തരും.
പ്രാർഥന
പ്രാർഥന, യോഗ, വ്യായാമം, നല്ല ഭക്ഷണം എന്നിവ ശീലമാക്കുന്നത് ഇമോഷനൽ സ്ഥിരത കൈവരിക്കാൻ സഹായിക്കും.
മാറിനിന്ന് നോക്കാം
അനാവശ്യമായി സംസാരിക്കുന്നതുകൊണ്ടാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്. പ്രശ്നമുണ്ടാക്കിയ വിഷയത്തെക്കുറിച്ച് അമിതമായി സംസാരിക്കുന്നതിനു പകരം മാറിനിന്ന് പ്രശ്നങ്ങളെ കാണാനും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽനിന്ന് നോക്കാനും ശ്രമിച്ചാൽ പല പ്രശ്നങ്ങളും മുളയിലേ നുള്ളാൻ കഴിയും.
കേൾവിക്കാരാവാം
അനാവശ്യമായി ഇമോഷനലാകുന്നത് തടയാൻ നല്ല കേൾവിക്കാരാകുന്നതും സഹായിക്കും. നമ്മൾ മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ വിഷയത്തിന് ഒരന്ത്യവും ഉണ്ടാകില്ല. മറ്റുള്ളവർക്കു പറയാനുള്ളതുകൂടി കേൾക്കാൻ തയാറായാൽ ചിന്തകൾക്ക് വ്യക്തത വരും. എന്തിന്, എപ്പോൾ, എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ ചോയ്സാണ്. ആവശ്യമുള്ളതിനു മാത്രം, ആലോചിച്ച്, അനുയോജ്യമായി പ്രതികരിക്കുക.
ജഡ്ജ്മെൻറൽ ആവാതിരിക്കാം
ജീവിതപങ്കാളി എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്നപോലൊരാളായിരിക്കില്ല. അവർ മറ്റൊരു വ്യക്തിയാണ്. അവരുടെ കുറ്റങ്ങളെ മാത്രം ശ്രദ്ധിക്കാതെ അവരുടെ നല്ല വശങ്ങളെക്കുറിച്ച് ആലോചിക്കുക. അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ജഡ്ജ്മെന്റൽ ആവാതിരിക്കുകയും ചെയ്യുക. ഇമോഷനുകളെയും മാനസികസമ്മർദങ്ങളെയും വെന്റിലേറ്റ് ചെയ്യാനുള്ള വഴി കണ്ടെത്തുക. അത് മറ്റുള്ളവരുടെ മേൽ അല്ല തീർക്കേണ്ടത്.
ശക്തരാണ് ക്ഷമിക്കുക
ദുർബലർക്ക് ക്ഷമിക്കാൻ കഴിയില്ല, ശക്തരാണ് ക്ഷമിക്കുന്നത് എന്ന് തിരിച്ചറിയുക. ദുർബലരായവർ വീണ്ടും വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും പരാതികൾ പറയുന്നത് തുടരുകയും ചെയ്യും. അതിനാൽ ദുർബലരോട് ക്ഷമിച്ചും ആവശ്യമെങ്കിൽ അവഗണിച്ചും സ്വയം ശക്തരാകാൻ ശ്രമിക്കുക. നെഗറ്റിവായ ആളുകളിൽനിന്ന് മാറിനിൽക്കുന്നതും ഇമോഷനുകൾ അതിരുകടക്കാതിരിക്കാൻ നല്ലതാണ്.
സന്തോഷം വിശദീകരിക്കാം
മോശം അനുഭവങ്ങളെ കാര്യമായി വിശദീകരിക്കാതിരിക്കുക. അവയെ ചെറിയ വാചകങ്ങളിൽ പറഞ്ഞ് അവസാനിപ്പിക്കുക. പകരം സന്തോഷം തരുന്ന, നല്ല കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുക. മറ്റുള്ളവർക്ക് നമ്മുടെ അടുപ്പം പ്രയോജനപ്രദവും സന്തോഷം നൽകുന്നതുമാക്കുക.
ന്യായീകരിക്കേണ്ട
ഇമോഷനൽ വിഷയങ്ങളിൽ സെൻസിബിളും സെൻസിറ്റിവും ആയിരിക്കുക. സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുന്നത് ഒഴിവാക്കുക. നമ്മുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക. പങ്കാളികളെയോ സഹപ്രവർത്തകരെയോ വിമർശിക്കുന്നത് ഒഴിവാക്കുക. അവരുടെ തെറ്റുകളെക്കുറിച്ച് അനുയോജ്യമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കാം. എന്നാൽ, വിമർശനം ശത്രുത സൃഷ്ടിക്കുകയേ ഉള്ളൂ.
തൊഴിലിടത്തിലെ പ്രശ്നങ്ങൾ അവിടെത്തന്നെ കൈകാര്യം ചെയ്യുക. വീട്ടിലേക്ക് എടുക്കാതിരിക്കുക. അതിനായി കൂടെയുള്ളവരുടെ സഹായം തേടുക. സാമൂഹികബന്ധങ്ങൾ കൂട്ടുന്നത് വികാര നിയന്ത്രണത്തെ സഹായിക്കും.
സ്വയം മാറാം
മറ്റുള്ളവരെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ നിങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നോക്കുന്നതാണ് ഉചിതം. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന്റെ സമ്മേളനമാണ് ആരോഗ്യമുള്ള വ്യക്തി. ശാരീരികാരോഗ്യത്തിലും മാനസികാരോഗ്യത്തിലും ശ്രദ്ധിക്കുന്നതുപോലെ സാമൂഹികാരോഗ്യത്തിനു വേണ്ടിയും ശ്രമിക്കുക. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ആരോഗ്യകരമായി സൂക്ഷിച്ചാൽ മികച്ച സാമൂഹികബന്ധങ്ങൾ താനേ രൂപപ്പെടും. അനുയോജ്യമായ രീതിയിൽ ഇവ മൂന്നും സൂക്ഷിച്ചാൽ സന്തോഷം ഗാരൻറി.
എറണാകുളം കാക്കനാടുള്ള ലൈഫ് കോച്ചിലെ സൈക്കോളജിസ്റ്റാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.