'ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോമുകൾ സിനിമക്ക് വലിയ അനുഗ്രഹം, അതില്ലായിരുന്നെങ്കിൽ ഈ മേഖല സ്തംഭിച്ചുപോയേനെ' -നവ്യ
text_fields'നന്ദന'ത്തിലെ ബാലാമണിയായി മലയാളികളുടെ കൂടെ കൂടിയ നവ്യ നായർ അന്നും ഇന്നും നമുക്ക് സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ്. വിവാഹശേഷം വെള്ളിത്തിരയിൽനിന്ന് നീണ്ട അവധിയെടുത്ത നവ്യ വി.കെ. പ്രകാശിന്റെ 'ഒരുത്തീ'യിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
യഥാർഥ സംഭവത്തെ ആധാരമാക്കിയെടുത്ത ഒരുത്തീയിൽ രാധാമണി എന്ന കഥാപാത്രമായി കരുത്തുറ്റ പ്രകടനമാണ് നവ്യ കാഴ്ചവെച്ചത്. 'ഇഷ്ട'ത്തിൽ തുടങ്ങി ഒരുത്തീയിലെ രാധാമണി വരെ എത്തിനിൽക്കുന്ന അഭിനയജീവിതത്തിലൂടെ മലയാളിയുടെ പ്രിയനായികമാരിലൊരാളായി മാറിയ നവ്യ മനസ്സു തുറക്കുന്നു...
ഒരുത്തീയും ദൃശ്യം 2ഉം...
കഴിഞ്ഞ ലോക്ഡൗണിനു മുമ്പാണ് വി.കെ. പ്രകാശിന്റെ 'ഒരുത്തീ'യിൽ അഭിനയിച്ചത്. രാധാമണി എന്ന ശക്തമായ വേഷം കഥ കേട്ടപ്പോൾ തന്നെ എന്നെ ആകർഷിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം പക്ഷേ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് ദൃശ്യം 2െൻറ കന്നട റീമേക്കിൽ അഭിനയിക്കുന്നത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രമാണ് ഞാൻ കന്നടയിൽ അവതരിപ്പിച്ചത്. 2013ൽ പുറത്തിറങ്ങിയ ദൃശ്യം ഒന്ന് കന്നടയിലും വൻവിജയമായിരുന്നു.
നല്ല സിനിമകളുടെ ഭാഗമാകാൻ എന്നും ഇഷ്ടം
നല്ല സിനിമയുടെ ഭാഗമാവാൻ ഇഷ്ടമാണ്. നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. മുമ്പും അങ്ങനെയായിരുന്നു. വിവാഹത്തിനുശേഷം കുറച്ച് ഇടവേള എടുത്തെങ്കിലും അപ്പോഴും സിനിമ എെൻറ കൂടെത്തന്നെയുണ്ടായിരുന്നു. കുഞ്ഞുന്നാളിലേ കൂടെ കൂടിയതാണ് സിനിമ. അന്ന് എങ്ങനെ സിനിമയിൽ എൻട്രി കിട്ടും എന്നുപോലും അറിയില്ല. അങ്ങനെയുള്ള ഒരാൾ ഇവിടെ വരെ എത്തിയതുതന്നെ വലിയ ഭാഗ്യമായി കരുതുന്നു. ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനും സാധിച്ചു.
ഒ.ടി.ടിയിലൂടെ എല്ലാ ഭാഷാ സിനിമകളും കാണാം
തിയറ്ററിൽ ഇരുന്ന് സിനിമ കാണുന്നതുതന്നെയാണ് എനിക്കിഷ്ടം. എങ്കിലും ഈ മഹാമാരിക്കാലത്ത് ഒ.ടി.ടി പോലുള്ള പ്ലാറ്റ്ഫോമുകൾ ഉള്ളത് സിനിമക്ക് വലിയ അനുഗ്രഹമാണ്. ഇതുംകൂടി ഇല്ലായിരുന്നെങ്കിൽ ഈ മേഖല ആകെ സ്തംഭിച്ചുപോയേനെ. ഒരുപാട് ചെറിയ സിനിമകൾക്ക് മുന്നോട്ടുവരാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്.
ഏതാനും വർഷം മുമ്പുവരെ വിദേശഭാഷ സിനിമകൾ കാണണമെങ്കിൽ ഫിലിം ഫെസ്റ്റിവലിനായി കാത്തിരിക്കണമായിരുന്നു. അതിനെല്ലാം മാറ്റംവരുത്താൻ ഒ.ടി.ടിക്ക് സാധിച്ചു. ചാനൽ പ്രോഗ്രാമിെൻറ ഷൂട്ടുമായി ബന്ധപ്പെട്ട തിരക്കുകാരണം കുറെ സിനിമകൾ കാണാൻ ഇനിയും ബാക്കിയുണ്ട്.
ഹൊറർ സിനിമ കാണാൻ പാടാണ്
ഹൊറർ-സൈക്കോ ത്രില്ലർ സിനിമകൾ കാണാൻ എനിക്ക് ഇപ്പോഴും ഇത്തിരി പാടാണ്. ഒ.ടി.ടിയിലൂടെയും അത്തരം സിനിമകൾ കാണാറില്ല. ഞാനും മോൻ സായി കൃഷ്ണയും ഇക്കാര്യത്തിൽ കണക്കാണ്. കുറേക്കാലംകൂടിയാണ് ഒരു ഹൊറർ സിനിമ കണ്ടത്. പ്രീസ്റ്റ് തിയറ്ററിൽ റിലീസായപ്പോൾ ഞാനും മോനുംകൂടിയാണ് പോയത്.അന്ന് പിന്നെ രാവിലെ വരെ രണ്ടുപേരും ഉറങ്ങിയില്ല. രാവിലെതന്നെ ഇക്കാര്യം മഞ്ജു ചേച്ചിയോട് വിളിച്ചുപറയുകയും ചെയ്തു. ഇനിയും വയ്യാത്തതുകൊണ്ട് അഞ്ചാം പാതിര, കോൾഡ് കേസ്, ചതുർമുഖം എന്നിവ കാണാൻ ശ്രമിച്ചില്ല.
കണ്ണടക്കാതെ കണ്ട ഭൂത്
ഭൂത് സിനിമ ഞാൻ കണ്ടത് ഇന്ദ്രേട്ടെൻറയും അനു ചേച്ചിയുടെയും (നടൻ ഇന്ദ്രജിത്തിെൻറയും ഭാര്യ പൂർണിമ മോഹെൻറയും) ഫ്ലാറ്റിൽനിന്നാണ്. ഭൂത് റിലീസായ സമയത്ത് ഷൂട്ട് കഴിഞ്ഞ് ഞാനും അച്ഛനും അവരുടെ ഫ്ലാറ്റിൽ പോയിരുന്നു. അങ്ങനെ അവരുടെ ഹോം തിയറ്ററിലാണ് ഈ സിനിമ കണ്ടത്. സാധാരണ ഇത്തരം സിനിമ കാണുമ്പോൾ ഞാൻ കണ്ണും ചെവിയും അടച്ചുപിടിക്കുമായിരുന്നു. അന്നാണെങ്കിൽ അവർ ഇക്കിളികൂട്ടി കണ്ണടക്കാനും ചെവി പൊത്താനും എന്നെ സമ്മതിച്ചില്ല. അങ്ങനെ ഞാൻ കണ്ണടക്കാതെ കണ്ട ഏക ഹൊറർ സിനിമയായി ഭൂത്.
സാരിയാണെനിക്കിഷ്ടം
സാരി ഉടുക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. വീട്ടിൽ വെറുതെ നിൽക്കുമ്പോഴാണ് ഏറ്റവും കൂടുതൽ ബോഡി ശ്രദ്ധിക്കുന്നത്. ആ സമയത്ത് കൃത്യമായി വർക്കൗട്ട് ചെയ്യും, കൃത്യസമയത്ത് ഭക്ഷണവും കഴിക്കും. ഷൂട്ട് വരുമ്പോൾ ഡയറ്റ് ഒക്കെ തകിടംമറിയും. വെജും നോൺവെജും ഒരുപോലെ കഴിക്കുന്ന ആളാണ് ഞാൻ. എങ്കിലും മത്സ്യത്തോട് കുറച്ച് ഇഷ്ടക്കൂടുതലുണ്ട്. ഡാൻസ് ഇപ്പോഴും പഠിക്കുന്നുണ്ട്. മുമ്പ് യോഗ ചെയ്യുമായിരുന്നു. ഇപ്പോൾ അത് ചെയ്യുന്നില്ല. യോഗ വീണ്ടും തുടങ്ങണം എന്നുണ്ട്. തിരക്കുകൾ കാരണം നീണ്ടുപോകുന്നു.
എന്റെ ഗുരു, മോന്റെയും
ഞാനും മോനും ഡാൻസ് പഠിക്കുന്നത് ഒരേ ഗുരുവിെൻറ കീഴിലാണ്. ഞാൻ ചെറുപ്പംമുതലേ മനു മാഷിെൻറ കീഴിലാണ് ഡാൻസ് പഠിച്ചത്. ഡാൻസ് കൂടാതെ വീണയും മോൻ പഠിക്കുന്നുണ്ട്. അവൻ അഞ്ചാം ക്ലാസിലാണ്. ഞാൻ എവിടെ പോയാലും അവൻ എെൻറ കൂടെ കാണും.
മാഷിെൻറ ഫാൻ
മണിച്ചിത്രത്താഴ്, തനിയാവർത്തനം പോലുള്ള ഒരുപാട് സിനിമകൾ മോൻ ഈയിടെ കണ്ടിരുന്നു. അതിലെ റീറെക്കോഡിങ് ചെയ്തത് ജോൺസൺ മാഷ് ആണെന്ന് പറഞ്ഞതിനുശേഷം അവൻ മാഷിെൻറ വലിയ ഫാനാണ്. സിനിമയുടെ മൈന്യൂട്ട് കാര്യങ്ങൾപോലും അവൻ ശ്രദ്ധിച്ച്, ഓരോന്ന് ചോദിക്കും. ഒരുത്തീ എന്ന സിനിമയിൽ എെൻറ മകനായി അഭിനയിച്ച കുട്ടിക്കുവേണ്ടി അവൻ ഡബ് ചെയ്തിട്ടുണ്ട്.
എെൻറ ഏതു സിനിമയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് മോൻ പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. എങ്കിലും കല്യാണരാമൻ, പാണ്ടിപ്പട, ഇഷ്ടം, നന്ദനം എന്നിവയെല്ലാം അവന് വലിയ ഇഷ്ടമാണ്.
ചങ്ങനാശ്ശേരിയിലാണ് ഭർത്താവ് സന്തോഷേട്ടെൻറ വീട്. ഞങ്ങൾ ഫാമിലിയായി ഇപ്പോൾ മുംബൈയിൽ സെറ്റിൽഡാണ്. ചേട്ടൻ മിക്കവാറും ബിസിനസുമായി ബന്ധപ്പെട്ട യാത്രകളിലായിരിക്കും.
ഫോട്ടോ എടുക്കാനും സൂക്ഷിക്കാനും മടി
സോഷ്യൽ മീഡിയ ആക്ടിവ് ആകുന്ന കാര്യത്തിൽ ഞാൻ പിറകോട്ടാണ്. എനിക്ക് ഫോട്ടോ എടുക്കാനും സൂക്ഷിച്ചുെവക്കാനും വലിയ മടിയാണ്. അതുകൊണ്ടുതന്നെ പഴയ ഫോട്ടോകൾ കുറവാണ്. മോൻ തീരെ കുഞ്ഞാകുമ്പോൾ അവനെയും മടിയിൽെവച്ച് പരിപാടി ജഡ്ജ് ചെയ്തിട്ടുണ്ട്. അതിെൻറയൊന്നും ഒരു ഫോട്ടോപോലും എടുത്തുസൂക്ഷിച്ചിട്ടില്ല. ഈയിടെ ഒരു ചാനൽ പരിപാടിയിൽ െഗസ്റ്റായി പങ്കെടുത്തിരുന്നു. അതുകണ്ട് ഒത്തിരി പേർ സോഷ്യൽ മീഡിയയിലൂടെ മെസേജ് ചെയ്തിരുന്നു. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.