Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightവിവാഹത്തിനൊരുങ്ങും...

വിവാഹത്തിനൊരുങ്ങും മുമ്പ് ഇക്കാര്യങ്ങൾ വിലയിരുത്താം

text_fields
bookmark_border
woman request for two marriage
cancel

രണ്ടുപേർക്ക് കേവലമായി തോന്നുന്ന അഭിനിവേശത്തിനോ ആകർഷണത്തിനോ അപ്പുറത്ത് കൃത്യമായ പക്വതയും തയാറെടുപ്പും രണ്ടുപേരുടെ കൂടിച്ചേരലിന് പിന്നിലുണ്ട്.

പലരും ശാസ്ത്രീയമായ തയാറെടുപ്പ് ഇല്ലാതെയാണ് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ദമ്പതികളെ മാത്രമല്ല, ഭാവിയിൽ അവരുടെ കുട്ടികളെയും പ്രശ്നങ്ങളിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നു. ഈ യാത്ര ആരംഭിക്കുംമുമ്പ് ഓരോ വ്യക്തിയും താൻ വിവാഹം കഴിക്കാനായി എത്രത്തോളം പര്യാപ്തനാണ് എന്ന് വിലയിരുത്തേണ്ടതുണ്ട്.

ശാസ്ത്രീയമായ ഒരുക്കം

നിലവിൽ പങ്കാളിയുടെ സൗന്ദര്യം, സമ്പത്ത്, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, പരസ്പര ആകർഷണം എന്നിവ ഒത്തുവന്നാൽ വിവാഹം കഴിക്കാം എന്നതാണ് രീതി.

വിജയകരമായ ദാമ്പത്യം ഉറപ്പാക്കാൻ വ്യക്തികൾ മാനസിക പക്വത (mental maturity), ലൈംഗിക പക്വത (sexual maturity), സാമൂഹിക പക്വത (social maturity), സാമ്പത്തിക പക്വത (financial maturity) എന്നിവ ആർജിക്കേണ്ടതുണ്ട്.


മാനസിക പക്വത

വ്യത്യസ്ത ചുറ്റുപാടിൽ വ്യത്യസ്ത ആശയങ്ങളും ജീവിതരീതിയുമായി വളർന്നുവന്ന രണ്ടുപേർ ഒന്നിക്കു​​​​മ്പോൾ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കുക സ്വാഭാവികമാണല്ലോ. അത്തരം സംഘർഷങ്ങളും വെല്ലുവിളികളും നേരിടുന്നതിന് മാനസിക പക്വത അനിവാര്യമാണ്.

പങ്കാളിയുമായി മികച്ച ആശയവിനിമയം പുലർത്തുന്നതിനൊപ്പം തന്നെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള കഴിവ് വികസി​പ്പിക്കേണ്ടതുണ്ട്. പങ്കാളി പറയുന്നത് കേൾക്കാനുള്ള മനസ്സ്, പരസ്പരം തുറന്നുസംസാരിക്കൽ, കുറ്റപ്പെടുത്തലുകൾ ഒഴിവാക്കൽ എന്നിവ ഇരുവരും തമ്മിലുള്ള അടുപ്പം കൂടുതൽ ഊഷ്മളമാക്കും.

രണ്ടുപേർക്കും തങ്ങളുടേതായ ഇഷ്ടങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉണ്ടെന്ന് തിരിച്ചറിയുകയും അത് പങ്കാളിയുടെ വികാരത്തെ ​മുറിവേൽപിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

ലൈംഗിക പക്വത

ലൈംഗിക പക്വതയിൽ ശാരീരിക സന്നദ്ധത മാത്രമല്ല ഉൾപ്പെടുന്നത്. ലൈംഗിക ബുദ്ധിയും (Erotic Intelligence) സ്വന്തം ലൈംഗിക മുൻഗണനകളെ കുറിച്ചുള്ള ധാരണയും പങ്കാളിയുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവും ശാരീരിക അടുപ്പവും (Physical intimacy) ആവശ്യമാണ്.

നിങ്ങളുടെ പങ്കാളിയുമായി മുൻഗണനകളെക്കുറിച്ചും അതിരുകളെക്കുറിച്ചും തുറന്ന് സംസാരിക്കേണ്ടതുണ്ട്. മാത്രമല്ല, അതിനായി സുരക്ഷിത അന്തരീക്ഷം സൃഷ്ടി​ക്കേണ്ടത് അനിവാര്യവുമാണ്. നിർഭാഗ്യവശാൽ പലരും വിവരങ്ങൾക്കായി നവമാധ്യമങ്ങളെയും പോണോഗ്രഫിയെയും ആശ്രയിക്കുകയാണ്.

ഇത് മിഥ്യാധാരണകളിലേക്കും ​തെറ്റായ പ്രതീക്ഷകളിലേക്കും നയിക്കുകയും അതുവഴി ബന്ധങ്ങളിൽ വിള്ളലിന് കാരണമാവുകയും ചെയ്യുന്നു.


സാമ്പത്തിക പക്വത

സാമ്പത്തിക അച്ചടക്കത്തിന് ദാമ്പത്യത്തിൽ നിർണായക സ്ഥാനമുണ്ടെന്ന് തിരിച്ചറിയുക. പങ്കാളികൾ അവരുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. കൂടാതെ സാമ്പത്തിക ബാധ്യതകൾ പരസ്പരം ഏറ്റെടുത്തുവേണം മുന്നോട്ടു പോകാൻ.

കുട്ടികളുടെ പരിപാലനം, ജോലി, സാമ്പത്തിക ഭദ്രത തുടങ്ങിയ ഉത്തരവാദിത്തങ്ങൾ മുൻകൂട്ടി പങ്കാളിയുമായി ചർച്ചചെയ്ത് കൃത്യമായ ജീവിതപ്ലാൻ ഉണ്ടാക്കിയെടുക്കണം. മുകളിൽ പറഞ്ഞ വസ്തുതകളുമായി യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്കും വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കാം.

സാമൂഹിക പക്വത

ചുറ്റുപാടിൽനിന്നും കുടുംബങ്ങളിൽനിന്നും പലവിധ സമ്മർദങ്ങളും പ്രതീക്ഷകളും ദമ്പതികളിൽ ഉണ്ടാകുമെന്ന് തിരിച്ചറിയുകയും അതിനെ ഫലപ്രദമായി നേരിടുകയും വേണം. സുഹൃത്തുക്കളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും മറ്റുമുള്ള ഇടപെടലുകൾക്ക് അതിരുകൾ വെക്കേണ്ടതുണ്ട്.

മറ്റുള്ളവരുമായി ഫലപ്രദമായി ആശയവിനിമയം നടത്തുന്നതോടൊപ്പം തന്നെ തങ്ങളുടെ ബന്ധത്തിന് അത് കോട്ടം തട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

പങ്കാളിയെ തിരഞ്ഞെടുക്കാം

ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ വ്യക്തിത്വ പൊരുത്തം (Interpersonal skills), മൂല്യങ്ങൾ (Values), അറ്റാച്ച്മെന്‍റ് ശൈലികൾ (attachment styles) എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

വ്യക്തിത്വ പൊരുത്തം

അനുയോജ്യ വ്യക്തിത്വമുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നതോടെ ദാമ്പത്യജീവിതത്തിന്‍റെ അടിത്തറ ഏറക്കുറെ ശക്തമായി എന്നുപറയാം. ശക്തമായ ആശയവിനിമയ വൈദഗ്ധ്യം, ഫലപ്രദമായ തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നപരിഹാരത്തിനും (problem solving) സംഘർഷ പരിഹാരത്തിനുമുള്ള (conflict resolution) കഴിവ് എന്നിവയിൽ മികച്ചുനിൽക്കുന്ന ഒരാളാണ് പങ്കാളിയെന്ന് ഉറപ്പാക്കുക.

ഏത് പ്രശ്നത്തെയും വൈകാരിക നിയന്ത്രണത്തോടെ ഏറ്റെടുക്കുക, പരിഹരിക്കുക. സ്വയം വൈകാരിക നിയന്ത്രണത്തോടൊപ്പംതന്നെ പങ്കാളിയുടെ വികാരങ്ങൾ മനസ്സിലാക്കുകയും പങ്കിടുകയും ചെയ്യുന്നത് രണ്ടുപേരും തമ്മിലുള്ള അടുപ്പം കൂടുതൽ ദൃഢമാക്കും.

മൂല്യ സംവിധാനങ്ങൾ

എത്ര ചെറുതോ വലുതോ ആകട്ടെ പങ്കാളിയുടെ മൂല്യങ്ങളും കഴിവുകളും മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം വർധിപ്പിക്കും. ഓരോരുത്തരും വിവിധ കുടുംബ-സാമൂഹിക ചുറ്റുപാടിൽനിന്ന് വരുന്നവരായതിനാൽ അവരുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും.

അതുകൊണ്ടുതന്നെ പങ്കാളികൾ പരസ്പരം പൊരുത്തപ്പെടുന്ന കാഴ്ചപ്പാടുകൾ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. വിവാഹം സംബന്ധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ മനഃശാസ്ത്രജ്ഞന്റെ സഹായം സ്വീകരിക്കുന്നതിൽ മടികാണിക്കേണ്ടതില്ല.

പോകാം, വിവാഹപൂർവ കൗൺസലിങ്ങിന്

ദാമ്പത്യജീവിതം തുടങ്ങുംമുമ്പ് മുന്നൊരുക്കം വളരെയധികം ആവശ്യമാണ്. അവിടെയാണ് വിവാഹപൂർവ കൗൺസലിങ്ങിന്‍റെ (premarital counselling) പ്രാധാന്യം. സ്ത്രീപുരുഷ മനഃശാസ്ത്രം, ആശയവിനിമയത്തിന്‍റെ പ്രാധാന്യം, സാമ്പത്തിക കാര്യം, ​ലൈംഗിക ജീവിതം, കുട്ടികൾ, പ്രശ്നപരിഹാരത്തിനുള്ള കഴിവ് തുടങ്ങിയവ ആർജിക്കാൻ ഇത്തരം കൗൺസലിങ്ങിലൂടെ സാധിക്കും.

നിലവിൽ സർക്കാർ തലത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ ഇത്തരം കൗൺസലിങ് നൽകിവരുന്നുണ്ട്. കൂടാതെ നിരവധി സന്നദ്ധ സംഘടനകൾ (NGOs), ക്രിസ്ത്യൻ സഭകൾ, മുസ്‍ലിം സംഘടനകൾ എന്നിവക്ക് കീഴിലും മറ്റും വിവാഹപൂർവ കൗൺസലിങ് നൽകിവരുന്നുണ്ട്.

തയാറാക്കിയത്:

രഞ്ജിത്ത് മലയിൽ





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PremaritalLifestyle
News Summary - Consider these things before getting married
Next Story