ഇരുന്നാലുള്ള കേട് നിന്നാൽ മാറില്ല
text_fieldsമണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ കേട് മാറ്റാൻ ‘സ്റ്റാൻഡിങ് ഡെസ്കു’കളിലേക്ക് മാറിയവർ ശ്രദ്ധിക്കുക, ദീർഘനേരം നിന്ന് ജോലി ചെയ്യുന്നതും ഹാനികരം തന്നെ. ആധുനിക ഓഫിസുകൾ, റീട്ടെയിൽ സ്റ്റോറുകൾ സേവന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ സ്റ്റാൻഡിങ് ഡെസ്കുകളിൽ ചാരിനിന്ന് ജോലി ചെയ്യുന്നത് ഇപ്പോൾ സാധാരണമാണ്. എന്തിന്, പല കഫേകളും ഈ സ്റ്റൈൽ പിന്തുടരുന്നു.
രണ്ടു മണിക്കൂറിൽ കൂടുതൽ നിന്നാൽ
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിനു പകരം അതേപോലെത്തന്നെ നിന്ന് ജോലി ചെയ്യുന്നത് കാർഡിയോവാസ്കുലാർ പ്രശ്നങ്ങൾ (ഹൃദയ രോഗങ്ങൾ, സ്ട്രോക്, ഹൃദയസ്തംഭനം) തടയാൻ നല്ലതാണെന്ന വിചാരം ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്. യു.കെയിലെ പ്രായപൂർത്തിയായ 83,013 പേരിൽ 7-8 വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ്, ‘നിൽക്കുന്നതിന്റെ ദോഷം’ കണ്ടെത്തിയത്.
‘‘അനങ്ങാതെയുള്ള ജീവിതരീതിക്ക് പരിഹാരമായി പലരും ശീലിക്കുന്നതാണ്, കമ്പ്യൂട്ടറിൽ അടക്കം നിന്നുകൊണ്ട് ജോലി ചെയ്യൽ. എന്നാലിതിൽ പ്രശ്നമുണ്ട്. രക്തചംക്രമണ ആരോഗ്യത്തിന് ഹാനികരമായ കാര്യങ്ങൾ ഇങ്ങനെ ദീർഘനേരം നിൽക്കുന്നതുകൊണ്ട് സംഭവിക്കുമെന്നാണ് പഠനം പറയുന്നത്’’ -ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പരിഹാരമെന്ത്?
ദീർഘനേരം നിൽക്കുന്നതും ഇരിക്കുന്നതും ദുർബലമായ രക്തയോട്ടം, നടുവേദന, സന്ധികളിലെ സമ്മർദം എന്നിവക്കെല്ലാം കാരണമാകുമെന്നാണ് പഠനം. ഇരിക്കുകയാണെങ്കിലും നിൽക്കുകയാണെങ്കിലും അവയും നമ്മുടെ ചലനവും തമ്മിൽ ഒരു സന്തുലിതത്വം കൊണ്ടുവരുകയാണ് പരിഹാരം.
- ഇരുന്ന് ജോലി ചെയ്യുന്നവർ അര മണിക്കൂറോ ഒരു മണിക്കൂറോ കഴിയുമ്പോൾ എഴുന്നേറ്റ് സ്ട്രെച്ചിങ് വ്യായാമം ചെയ്യണം.
- നിന്ന് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ ഇരിക്കണം.
- നിൽക്കുമ്പോൾ കൂടുതൽ ഭാരം നൽകിയ കാലിൽ നിന്ന് മറ്റേ കാലിലേക്ക് ഭാരം മാറ്റുന്നത് നടുവിനും കാലിനും അമിത സമ്മർദം ഏൽക്കുന്നത് തടയും.
- ഇടക്ക് ഇരിക്കാനും ഇടക്ക് നിൽക്കാനും സാധ്യമാകുന്ന അഡ്ജസ്റ്റബ്ൾ ഡെസ്ക് മികച്ച ബദലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.