ഇനി ഇടികൂടിയും ഫിറ്റാകാം. അറിയാം കിക്ക് ബോക്സിങ്ങിന്‍റെ ഗുണങ്ങൾ...
text_fields
ജിമ്മിൽ പോകാൻ ആദ്യമൊക്കെ ഏവർക്കും അതീവ താൽപര്യമുണ്ടാകും. പോയിത്തുടങ്ങി അധികനാൾ കഴിയും മുമ്പേ മടിയും പിടികൂടും. ഒരു മഴ പെയ്താൽ, അന്നത്തെ വർക്കൗട്ട് മുടങ്ങാൻ അതുമതി കാരണം.അല്ലെങ്കിൽ സിനിമ താരങ്ങളെയോ ജിമ്മിലെ ചുമരിൽ പതിച്ച ബോഡി ബിൽഡേഴ്സിനെയോ പോലെ ബൈസപ്സും ചെസ്റ്റും രൂപപ്പെടുന്നില്ലെങ്കിലും പതിയെ പിൻവലിഞ്ഞു തുടങ്ങും. അങ്ങനെയുള്ളവർക്ക് ഒന്നു ശ്രമിക്കാവുന്നതാണ് മാർഷൽ ആർട്സ്. ഫിറ്റ്നസ് നിലനിർത്താനും വേണമെങ്കിൽ ഒരു ഫൈറ്ററാകാനും മാർഷൽ ആർട്സ് കൊണ്ട് കഴിയും.
ഇത്രനാൾ കൊണ്ട് ശരീരഭാരം കുറക്കണം അല്ലെങ്കിൽ കൂട്ടണം എന്നുകരുതിയാണ് കൂടുതൽ പേരും ജിമ്മുകളെ ആശ്രയിക്കുന്നതെന്നും അതുകൊണ്ട് കാര്യമായ ഫലമുണ്ടാകില്ലെന്നും വാകോ ഇന്ത്യ കിക്ക് ബോക്സിങ് ഇന്‍റർനാഷനൽ കോച്ചും സിനിമ സ്റ്റണ്ട് കൊറിയോഗ്രാഫറുമായ വി.എസ്. കിരൺ പറയുന്നു. ‘‘വർക്കൗട്ട് ജീവിതചര്യയുടെ ഭാഗമാക്കുകയാണ് വേണ്ടത്. ഭക്ഷണം കഴിക്കുന്നതുപോലെ അല്ലെങ്കിൽ കുളിക്കുന്ന പോലെ ജീവിതത്തിൽ എന്നും തുടരണം.
ജിമ്മിൽ കുറച്ചുനാൾ പോയി ആഗ്രഹിച്ച പ്രകാരം ശരീരഭാരം കുറഞ്ഞാൽ പിന്നെ സ്വയം തോന്നിയ പ്രോത്സാഹനം ക്രമേണ ഇല്ലാതാകും. ബോഡി ബിൽഡിങ്ങിൽ ശ്രദ്ധിക്കുന്നവരാകും തുടർന്നും കൃത്യമായി ജിമ്മിലെത്തുക. അവിടെയാണ് മാർഷൽ ആർട്സ് പഠനം കൂടുതൽ ആകർഷകമാകുന്നത്’’ -എറണാകുളത്തെ സ്പാറിങ് ലൈഫ് സ്റ്റൈൽ ഉടമ കൂടിയായ അദ്ദേഹം വിവരിക്കുന്നു.
ഏത് പ്രായത്തിൽ തുടങ്ങാം?
അച്ചടക്കമുള്ള കുട്ടിയാണെങ്കിൽ നാലര വയസ്സുമുതൽ കിക്ക് ബോക്സിങ് പരിശീലനം നേടാമെന്ന് കിരൺ പറയുന്നു. കുട്ടികളെ വഴക്കുപറഞ്ഞ് പരിശീലിപ്പിക്കുകയല്ല വേണ്ടത്. അവർ പരിശീലനം ആസ്വദിക്കുന്ന അവസ്ഥ എത്തുമ്പോൾ തുടങ്ങണം. മാർഷൽ ആർട്സ് കുട്ടികളുടെ ശാരീരിക കരുത്ത്, ഫ്ലക്സിബിലിറ്റി, സ്റ്റാമിന എന്നിവ വർധിപ്പിക്കും. വർക്കൗട്ട് ചെയ്യുമ്പോഴുള്ള ഗ്രോത്ത് ഹോർമോണുകളുടെ ഉൽപാദനം വളർച്ചക്ക് ഗുണംചെയ്യും.
വർക്കൗട്ട് ചെയ്യുന്ന കുട്ടികൾക്ക് ഉയരം വെക്കില്ലെന്ന പ്രചാരണം ശരിയല്ല. ശരീരം സ്ട്രെച്ച് ചെയ്യുന്നത് ഉയരം കൂട്ടാൻ സഹായിക്കുന്ന ഘടകമാണ്. ഇതിലൂടെ കുട്ടികൾ പെട്ടെന്ന് വീണു പരിക്കേൽക്കുന്ന അവസ്ഥകളും കുറയും. അവർക്ക് റിഫ്ലക്സ് ആക്ഷൻ വർധിക്കുന്നതാണ് വീഴുന്നതിൽനിന്ന് പെട്ടെന്ന് നിയന്ത്രണം നേടാൻ സഹായിക്കുന്നത്.
ഭാവിയിൽ ഏത് കായികയിനം പരിശീലിക്കാനും സഹായകമാകുന്നതാണ് ഫിസിക്കൽ ഫിറ്റ്നസ്. ടി.വി കണ്ടും മൊബൈൽ ഫോൺ ഉപയോഗിച്ചുമൊക്കെ സമയം കഴിച്ചുകൂട്ടുന്ന കുട്ടികൾക്ക് എപ്പോഴും ശാരീരിക ക്ഷീണം കൂടും. ഇത് അവരുടെ ഏകാഗ്രതയെയും ശ്രദ്ധയെയും ദോഷകരമായി ബാധിക്കും. മാർഷൽ ആർട്സ് വഴി പഠനത്തിൽ ഏകാഗ്രതയും കായികയിനങ്ങളിൽ മികവും നേടാനാകും. സ്റ്റണ്ട് കൊറിയോഗ്രഫി ഇത്തരം മാർഷൽ ആർട്സിലെ തൊഴിൽ സാധ്യതയാണ്.
പരിശീലിക്കാം ഏതു പ്രായംവരെയും
ജിമ്മിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെക്കാൾ കുറവാണ് മാർഷൽ ആർട്സിൽനിന്ന്. ഗുരുതര സന്ധിവേദന, പുറംവേദന, കാൽമുട്ട് വേദന തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് ഒഴികെ കിക്ക് ബോക്സിങ് പരിശീലിക്കുന്നതിൽ പ്രായപരിധിയില്ല. ഫിറ്റ്നസിനുവേണ്ടി ഏത് പ്രായത്തിലും ഇത് പരിശീലിക്കാം.
ശരീരത്തിലെ എല്ലാ ഭാഗത്തിനും വ്യായാമം നൽകുന്നതാണ് കിക്ക് ബോക്സിങ്. സാധാരണ ബോക്സിങ്ങിൽ അപ്പർ ബോഡിക്കാണ് കൂടുതൽ ശ്രദ്ധ നൽകുക. കൈകളും കാലുകളും നിരന്തരം ചലിപ്പിക്കേണ്ടി വരുന്നതിനാൽ ഫുൾബോഡി വർക്കൗട്ടായി കിക്ക് ബോക്സിങ് പ്രയോജനം ചെയ്യും.
സെൽഫ് ഡിഫൻസ് എന്നരീതിയിൽ പെൺകുട്ടികൾ കൂടുതലായി കിക്ക് േബാക്സിങ് പരിശീലിക്കുന്നുണ്ട്. യെല്ലോ, ഗ്രീൻ, ബ്ലൂ, ബ്രൗൺ, ബ്ലാക്ക് എന്നിങ്ങനെ ഗ്രേഡിങ് ടെസ്റ്റുകൾ കിക്ക് ബോക്സിങ് ഉൾപ്പെടെയുള്ള മാർഷൽ ആർട്സിൽ നടത്തുന്നു. അടുത്തിടെ 57 വയസ്സുള്ളയാൾ വരെ ബ്ലാക്ക് ഗ്രേഡിങ്ങിൽ പങ്കെടുത്തു. ഗ്രൂപ്, പെയർ ട്രെയിനിങ് വേണ്ടതിനാൽ ഒറ്റക്കുള്ള ജിം വർക്കൗട്ടുകളെക്കാൾ ആകർഷകമാണ് മാർഷൽ ആർട്സ്. ഇതിലൂടെ ആശയ വിനിമയശേഷി, അച്ചടക്കം, പരസ്പര ബഹുമാനം എന്നിവയും പരിശീലിക്കുന്നവരിൽ വളരും.
ഫൈറ്റ് ചെയ്യാം രോഗങ്ങളെ
മികച്ച ഒരു പരിശീലകന്‍റെ കീഴിലാണ് പ്രാക്ടിസ് ചെയ്യുന്നതെങ്കിൽ പഠിതാവിന്‍റെ സ്റ്റാമിന നിരന്തരം അദ്ദേഹം നിരീക്ഷിക്കുമെന്ന് കിരൺ വിവരിച്ചു. മദ്യപാനം, പുകവലി എന്നിവയുണ്ടോയെന്ന് ചോദിച്ച് മനസ്സിലാക്കും. അത് തുടരുന്നതിലെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കും.
ഡയറ്റ് പ്ലാൻ നൽകും. പരിശീലനത്തിന്‍റെ ഭാഗമായുള്ള ഫൈറ്റിൽ (സ്പാറിങ്) സ്റ്റാമിന കുറയുമ്പോൾ ഉറക്കക്കുറവ്, ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി കഴിക്കേണ്ടതിന്‍റെ ആവശ്യകത എല്ലാം സ്വയം ഓരോരുത്തർക്കും ബോധ്യപ്പെടുമെന്നും കിരൺ പറയുന്നു.
പഞ്ചും കിക്കും ചേർന്ന് കിക്ക് ബോക്സിങ്
സാധാരണ നാം കാണുന്ന ബോക്സിങ്ങിൽ കിക്കുകളും കൂടി ഉൾപ്പെടുത്തിയതാണ് കിക്ക് ബോക്സിങ്. ബോക്സിങ് ടെക്നിക്സ്, മൊയ് തായ് (Muay Thai), കരാട്ടേ എന്നിവയുടെയെല്ലാം സ്വാധീനം കിക്ക് ബോക്സിങ്ങിൽ കാണാം. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ്ങിന്‍റെ കീഴിൽ ഒളിമ്പിക്സ് അംഗീകാരം നേടിയ കായിക ഇനമാണിത്.
വേൾഡ് മിക്സഡ് മാർഷൽ ആർട്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ സ്ട്രൈക്കിങ് കരുത്ത് കൂട്ടാനായി കിക്ക് ബോക്സിങ്ങിൽ പ്രാവീണ്യം നേടുന്നു. ഫിറ്റ്നസിനുവേണ്ടി കൂടുതൽ പേർ പ്രാക്ടിസ് ചെയ്യുന്ന മാർഷൽ ആർട്സുകളിൽ ഒന്നുകൂടിയാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.