വയറിങ്ങിൽ കുറക്കാം, അധികച്ചെലവുകൾ
text_fieldsസ്വന്തമായി വീട് വെക്കുകയോ വാങ്ങുകയോ ചെയ്യുന്നവർ ഇലക്ട്രിക്കൽ വർക്കുകളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകണം. ഇത് അധികച്ചെലവുകൾ കുറക്കാൻ സഹായിക്കും.
വയറിങ് ലേ ഔട്ടും എസ്റ്റിമേറ്റും
വീടിന്റെ പ്ലാനിങ് ഘട്ടത്തിൽതന്നെ വയറിങ് ലേ ഔട്ട് തയാറാക്കണം. ഒരു വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ വയറിങ് സർക്യൂട്ടിന്‍റെയും ഉപകരണങ്ങളുടെയും രൂപകൽപനയാണ് വയറിങ് ഡയഗ്രം. ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ്.
ഇതിനുമുമ്പ് ഓരോ ലൈറ്റ് പോയന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം. ഓരോ മുറിയിലും എത്ര പോയന്റുകള്‍ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം ആദ്യംതന്നെ വേണം.
ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ ഹീറ്റർ തുടങ്ങിയ വീട്ടുപകരണങ്ങൾ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടതെന്ന് വ്യക്തമായ ധാരണ വേണം. പരിചയസമ്പന്നനായ ഇലക്ട്രീഷ്യന് ഒപ്പമിരുന്ന് ആവശ്യങ്ങൾ ചർച്ചചെയ്ത് ഓരോന്നും തീരുമാനിക്കണം.
വയറിങ്ങിന് ഉപയോഗിക്കുന്ന സാധനങ്ങളുടെയും ഉപകരണങ്ങളുടെയും എണ്ണവും അളവും ബ്രാൻഡും നിശ്ചയിച്ച് മൂന്നോ നാലോ കടയിൽനിന്ന് ക്വട്ടേഷൻ സ്വീകരിച്ച് കുറഞ്ഞ വിലയ്ക്ക് നൽകുന്നിടത്തുനിന്ന് വാങ്ങിയാൽ ലാഭം നേടാം.
ഇലക്ട്രിക്കൽ വയറിങ് പ്ലാൻ, ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് എന്നിവ തയാറാക്കണം. മെറ്റീരിയൽ എസ്റ്റിമേറ്റ്, ലേബർ എസ്റ്റിമേറ്റ് എന്നിവ കൂടാതെ മെറ്റീരിയൽ ഷെഡ്യൂൾ, ലേബർ ഷെഡ്യൂൾ എന്നിവ ഉണ്ടാക്കിയാൽ വയറിങ്ങിനു വേണ്ടി ഓരോ ഘട്ടത്തിലും എത്ര പണം വേണ്ടിവരും എന്നത് കൃത്യമായി ബോധ്യപ്പെടും.
ഒരു വീടിന്റെ മുഴുവൻ ഇലക്ട്രിക്കൽ പണികൾ ചെയ്യുന്നതിനായി എടുക്കുന്ന ചെലവിന്റെ 30-40 ശതമാനത്തിനിടയിൽ കേബിളിന്റെ ചെലവ് മാത്രം വരും. കേബിളിന്‍റെ നീളം കണക്കാക്കുന്നതിനും വയറിങ്ങിന്‍റെ ഓരോ ഘട്ടവും എന്ന് തുടങ്ങി, എന്നവസാനിക്കും എന്നതൊക്കെ അറിയാനും വയറിങ് പ്ലാൻ നോക്കിയാൽ മനസ്സിലാക്കാൻ കഴിയും. ഇങ്ങനെ ബജറ്റ് പ്ലാനിങ്ങിലൂടെ വൈദ്യുതീകരണത്തിന്റെ അധികച്ചെലവ് നിയന്ത്രിക്കാവുന്നതാണ്.
സിംഗിൾ ഫേസോ ത്രീ ഫേസോ?
വീടിന്റെ വയറിങ് നടത്തുമ്പോൾ എപ്പോഴും ഉയർന്നുവരാറുള്ള ചോദ്യമാണ് സിംഗിൾ ഫേസ് മതിയോ അതോ ത്രീ ഫേസ് വേണോ എന്നത്. ഇന്ത്യയിൽ ഒരു സിംഗിൾ ഫേസ് കണക്ഷൻ എന്നാൽ ഒരു ഫേസും ഒരു ന്യൂട്രലും അടങ്ങുന്ന രണ്ടു വയർ കണക്ഷനാണ്. ഈ കണക്ഷനിൽ നമുക്ക് 230V സപ്ലൈ ആണ് ലഭിക്കുന്നത്.
എന്നാൽ, ത്രീ ഫേസ് സപ്ലൈയിൽ ഒരു ന്യൂട്രലും മൂന്ന് ഫേസും അടങ്ങുന്ന നാല് വയറുകൾ ഉണ്ടാകും. ഒരു ത്രീ ഫേസിന്റെ വോൾട്ടേജ് 415 വോൾട്ടാണ്. 5000 വാട്ട് വരെ മാത്രമാണ് സിംഗിൾ ഫേസ് ഉപയോഗിക്കാൻ പറ്റൂ. 5000 വാട്ടിനു മുകളിൽ ത്രീ ഫേസ് സപ്ലൈ വേണം. മൂന്ന് ബെഡ്റൂമിന് മുകളിലുള്ള വീടാണെങ്കിൽ ത്രീഫേസ് ആക്കുന്നതാണ് ഉചിതം.
കാരണം മൂന്ന് റൂമുകളിലും എ.സി പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ കണക്ടഡ് ലോഡ് 5000 വാട്ടിന് മുകളിൽവരും. ഒന്നിൽ കൂടുതൽ എ.സികളോ കൂടുതൽ ഉപകരണങ്ങളോ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നതിന് ത്രീഫേസ് ആവശ്യമാണ്. സിംഗിൾ ഫേസിലാണ് ഇവ ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ഓവർ ലോഡാകുകയും സപ്ലൈ വയറുകൾ ചൂടാകുകയും കത്തിപ്പോവുകയും ചെയ്യും.
ചുമർ നോക്കി സ്വിച്ചുകൾ
സ്വിച്ചുകൾ പിടിപ്പിക്കുമ്പോൾ രണ്ട് മുറികൾക്ക് പൊതുവായുള്ള ചുമർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതുമൂലം രണ്ടുഭാഗത്തേക്ക് വയർ വലിക്കുന്നത് ഒഴിവാക്കാം. വയറിന്‍റെ നീളവും കുറക്കാം. വയറിങ് തുടങ്ങുന്നതിനുമുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് നിശ്ചയിക്കുക. അതനുസരിച്ചുള്ള സ്വിച്ച് ബോക്സുകൾ വേണം വാങ്ങേണ്ടത്.
ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്. കൂടുതൽ ഉപയോഗിക്കേണ്ടിവരുന്ന സ്വിച്ചുകൾ മോഡുലാർ ആക്കാം. ഉദാഹരണത്തിന് അടുക്കള, സ്വീകരണമുറി എന്നിവിടങ്ങളിലെ സ്വിച്ചുകൾ മോഡുലാർ ആക്കുകയും മറ്റിടങ്ങളിൽ താരതമ്യേന വിലക്കുറവുള്ള സെമി മോഡുലാർ ആക്കുകയും ചെയ്യുന്നത് ചെലവ് കുറക്കാൻ സഹായിക്കും.
റൂം നോക്കി ലൈറ്റുകൾ
കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് കൂടുതൽ പ്രകാശം തരുന്ന ലൈറ്റുകൾ തിരഞ്ഞെടുക്കണം. ഭംഗിക്കുവേണ്ടി ആവശ്യത്തിൽ കൂടുതൽ ലൈറ്റ് പോയന്റുകളും ഫിറ്റിങ്ങുകളും ഉപയോഗിക്കുന്നത് ഒഴിവാക്കണം. കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം.
സ്വീകരണ മുറിയിൽ ടി.വി പ്രവർത്തിപ്പിക്കുമ്പോഴുള്ള വെളിച്ചത്തിനായി മുറിയുടെ വലുപ്പമനുസരിച്ച് ഒമ്പത് വാട്ടിന്‍റെയോ 12 വാട്ടിന്‍റെയോ എൽ.ഇ.ഡി ബൾബ് മതിയാകും. അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്നിടത്തും പാത്രം കഴുകുന്ന സ്ഥലത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട.
വീടിനു ചുറ്റും വെളിച്ചം
വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് എൽ.ഇ.ഡി ടോപ് ലൈറ്റുകളാണ് നല്ലത്. പകൽ സമയത്ത് വെളിച്ചം കുറച്ചും രാത്രിയിൽ വെളിച്ചം കൂട്ടിയും ഇടാവുന്ന ലൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ആളുകള്‍ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ഒക്യുപെന്‍സി സ്വിച്ച് ഉപയോഗിച്ച് ലൈറ്റുകള്‍ തനിയെ തെളിയുന്ന സംവിധാനം ഇന്ന് പുതിയ ട്രെന്‍ഡാണ്.
ആളുകളുടെ സാന്നിധ്യം കണ്ടെത്തി, സൗകര്യവും സുരക്ഷ സഹായവും നൽകി ഈ ഉപകരണം സ്വയമേവ ലൈറ്റുകൾ ഓണാക്കും. ആളുകളുടെ അസാന്നിധ്യത്തിൽ ലൈറ്റുകൾ തനിയെ ഓഫാവുകയും ചെയ്യും. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാം. അതിനായി ഇൻഫ്രാറെഡ് സെൻസർ ഉപയോഗിക്കാം.
എർത്തിങ് നിർബന്ധം
എല്ലാ പ്ലഗ് പോയന്റും നിർബന്ധമായും എർത്ത് ചെയ്യണം. എന്തെങ്കിലും കാരണംകൊണ്ട് എർത്ത് ലീക്കേജ് ഉണ്ടായാൽ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക്കായി വിച്ഛേദിക്കാൻ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കറുകൾ (ഇ.എൽ.സി.ബി) പിടിപ്പിക്കുന്നത് നല്ലതാണ്.
വൈദ്യുതി സുരക്ഷക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല എർത്തിങ്. എർത്ത് ചെയ്യുന്ന കുഴിയിലേക്ക് കൊടുക്കുന്ന എർത്ത് വയർ പി.വി.സി പൈപ്പുകളിലൂടെ വേണം ഘടിപ്പിക്കാൻ. സമയാസമയങ്ങളിൽ എർത്തിങ് പരിശോധിപ്പിക്കുകയും വേണം.
ഏതുതരം വയറിങ് വേണം?
സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കിൽ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറക്കാൻ കഴിയും. അതിനനുസരിച്ച് ചെലവും കുറക്കാം. 15 മി.മീ. മുതൽ 25 മി.മീ. വരെ വ്യാസമുള്ള പി.വി.സി പൈപ്പുകളാണ് വയറിങ്ങിന് ഉപയോഗിക്കേണ്ടത്. തേക്കാത്ത ചുവരുകൾക്കും ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ച് പണിയുന്ന വീടുകൾക്കും ചുവരിന് പുറത്തുകൂടിയാണ് വയറിങ്.
അതിന് അരയിഞ്ച് മുതൽ വലുപ്പത്തിൽ പരന്ന രൂപത്തിലുള്ള പി.വി.സി പൈപ്പുകളാണ് ഭംഗി. 1.5 സ്ക്വയർ മി.മീ. കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകൾ. പവർ പ്ലഗ്ഗാണെങ്കിൽ 2.5 സ്ക്വയർ മി.മീറ്റർ. കൂടുതൽ ലോഡ് വേണ്ടിവരുന്ന എ.സി പോലുള്ള ഉപകരണങ്ങൾക്ക് നാല് സ്ക്വയർ മി.മീ. വയർ വേണം. ഐ.എസ്.ഐ മുദ്രയുള്ള സ്ട്രാൻഡഡ് കോപ്പർ വയർ ഉപയോഗിക്കുന്നതാണ് നല്ലത്.
എം.സി.ബിയും ഇ.എൽ.സി.ബിയും
വയറിങ് ചെയ്യുമ്പോൾ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ (എം.സി.ബി) വെക്കണം. ഇങ്ങനെ ചെയ്താൽ ഷോർട്ട് സർക്യൂട്ട്, ഓവർലോഡ് എന്നിവ വന്നാൽ അതത് സർക്യൂട്ടിലെ എം.സി.ബി താനേ ഓഫ് ആയിക്കൊള്ളും.
ഉചിതമായ കറന്റ് റേറ്റിങ് ഉള്ള ഒരു സർക്യൂട്ട് ബ്രേക്കർ അല്ലെങ്കിൽ ഫ്യൂസ് എപ്പോഴും ഉപയോഗിക്കുക. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ഓവർ കറന്റ് ഉണ്ടാകുമ്പോൾ ലൈവ് വയർ യാന്ത്രികമായി വിച്ഛേദിക്കുന്ന സംരക്ഷണ ഉപകരണങ്ങളാണ് സർക്യൂട്ട് ബ്രേക്കറുകളും ഫ്യൂസുകളും. അനുയോജ്യമായ ഫ്യൂസ് അല്ലെങ്കിൽ സർക്യൂട്ട് ബ്രേക്കർ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
ഷോർട്ട് സർക്യൂട്ടുകളിൽ നിന്നുള്ള സംരക്ഷണത്തിനായി സാധാരണ സർക്യൂട്ട് കറന്റിന്റെ 150 ശതമാനം റേറ്റ് ചെയ്ത ഒരു ഫ്യൂസ് തിരഞ്ഞെടുക്കണം. 10 ആമ്പിയർ കറന്റുള്ള ഒരു സർക്യൂട്ടിന്റെ കാര്യത്തിൽ, 15 ആമ്പിയർ ഫ്യൂസ് നേരിട്ടുള്ള ഷോർട്ട് സർക്യൂട്ടുകളിൽനിന്ന് സംരക്ഷിക്കും. അതേസമയം 9.5 ആമ്പിയർ ഫ്യൂസ് പൊട്ടിത്തെറിക്കും.
പണി കഴിഞ്ഞ വീട് വാങ്ങുന്നവർ ശ്രദ്ധിക്കണം
വീടിന്‍റെ ഡിസ്ട്രിബ്യൂഷൻ ബോക്സ് നിർബന്ധമായും പരിശോധിക്കണം. 500 വാട്ടിനു മുകളിലുള്ള ഓരോ ഉപകരണങ്ങൾക്കും റൂം സർക്യൂട്ടിനും പ്രത്യേകം എം.സി.ബികൾ ഉണ്ടായിരിക്കണം. 1000 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് സിംഗിൾ ഫേസ് സപ്ലൈ മതിയാകും.
അതിനു ഒരു ചെറിയ ഡി.ബി മാത്രമാണ് ആവശ്യം. ആദ്യം ഡിസ്ട്രിബ്യൂഷൻ ബോക്സ് തുറന്ന് എല്ലാ സ്വിച്ചും ഓൺ ചെയ്യുക. ശേഷം ഓഫ് ചെയ്യുമ്പോൾ ഓരോ റൂമുകളായി ഓഫ് ആകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത് ഡി.ബിയിൽനിന്ന് ആ റൂമിലേക്ക് കൃത്യമായി വയർ എത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായിക്കും.
ഒരു സ്വിച്ച് ഓഫ് ചെയ്യുമ്പോൾ രണ്ട് റൂമുകളിൽ പവർ പോകുന്നുണ്ടെങ്കിൽ അവിടെ ലൂപിങ് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. ഇതുകൂടാതെ ഇ.എൽ.സി.ബി ഘടിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. ടെസ്റ്റ് ബട്ടൺ അമർത്തി ഇ.എൽ.സി.ബി ട്രിപ് ആവുന്നുണ്ടോ എന്നുനോക്കി അതിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. ഇങ്ങനെയൊക്കെയാണെങ്കിൽ ഏറക്കുറെ നല്ല രീതിയിലാണ് വയറിങ് നടത്തിയിട്ടുള്ളതെന്ന് അനുമാനിക്കാം. ഇ.എൽ.സി.ബി ഘടിപ്പിക്കാത്ത വീടുകളിൽ കൃത്യമായും അത് വാങ്ങി വെക്കാനുള്ള നടപടികളെടുക്കണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.