മുറ്റത്തിന് ഭംഗിയേകാൻ വിരിക്കുന്ന ഇൻറർലോക് വില്ലനാണോ?; അവക്ക് പകരക്കാരനുണ്ടോ?
text_fieldsകുറെയധികം പണം ചെലവാക്കി മലയാളികള്‍ വീടുപണിയും. പക്ഷേ, മുറ്റം കാര്യപ്പെട്ട ചമയങ്ങളില്ലാതെ അങ്ങനെ നില്ക്കും. കാലം മാറിയപ്പോള്‍ കഥയും മാറിത്തുടങ്ങുന്നുണ്ട്. വീടു മാത്രമല്ല, അനുബന്ധമായി നില്ക്കുന്ന മുറ്റവും മനോഹരമാക്കണമെന്ന ചിന്ത ഇന്ന് വ്യാപകമാണ്. മുറ്റം മിനുക്കാന്‍ പല പണികളും ചെയ്തുനോക്കി. ഇൻറര്ലോക്കുകൊണ്ട് മുറ്റം അലങ്കരിക്കാന്‍ തുടങ്ങി. മണ്ണുമാഞ്ഞ് കോണ്‍ക്രീറ്റ് കട്ടകള്‍ വീട്ടുമുറ്റങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ഇന്ന് ചെറിയ വീടുകളിൽ പോലും കോണ്‍ക്രീറ്റ് കട്ടകള്‍ വിരിച്ച മുറ്റമുണ്ട്.
എന്നാല്‍, ഇൻറര്‍ലോക് കട്ടകള്‍ പലപ്പോഴും വില്ലന്മാരുമാകുന്നുണ്ട്. കാലാവസ്ഥ പലപ്പോഴും ചതിക്കുന്ന നാടായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളം. ചൂടു കൂടുതലും മഴ കൂടുതലുമൊക്കെയായി ആകെ കൈവിട്ട സാഹചര്യമാണിന്ന്. ഈ സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് നിരവധി വിമര്‍ശനങ്ങളും വന്നു. കോണ്‍ക്രീറ്റ് കട്ടകള്‍ മുറ്റത്തു വിരിക്കണോ? അതോ മറ്റു മാർഗങ്ങളുണ്ടോ? ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ അകറ്റാം..
മുറ്റത്തിെൻറ ഭംഗിക്ക് കോണ്‍ക്രീറ്റ് കട്ടകള്തന്നെ വേണമെന്നില്ല. മറ്റു പല വഴികളും തേടാം അതിന്. ഭംഗിക്കു വേണ്ടി മാത്രമല്ല മുറ്റത്ത് കട്ട വിരിക്കുന്നതും. അത് ആളുകള്‍ക്കുള്ള ഉപയോഗത്തിനും കൂടിയാണ്. കോണ്‍ക്രീറ്റ് കട്ടകള്‍ മുറ്റങ്ങളില്‍ വ്യാപകമായി പതിക്കാറുണ്ടെങ്കിലും അതില്‍നിന്നെല്ലാം വ്യത്യസ്തമായ വഴികളിലേക്ക് ഇന്ന് ആളുകള്‍ നീങ്ങി. സാധാരണ ഇൻറര്‍ലോക് കട്ടകള്‍ പതിക്കുന്നത് ആളുകള്‍ ബജറ്റ് നോക്കിയാണ്. ഇൻറര്‍ലോക് കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് താരതമ്യേന ചെലവ് കുറവാണ്. എന്നാല്‍, അതില്‍നിന്ന് മാറി ഇൻറര്‍ലോക് കട്ടകളില്തന്നെ നാച്വറല്‍ സ്റ്റോണുകളുണ്ട്. താന്തൂര് സ്റ്റോണ്‍, കടപ്പ, കരിങ്കല്ല്, വെട്ടുകല്ല് എന്നിവ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ചൂട് കൂടും, ജലം നഷ്ടമാവും
മുറ്റത്ത് കോണ്‍ക്രീറ്റ് കട്ടകള്‍ പതിക്കുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങളുമുണ്ട്. കട്ടകള്‍ നാച്വറല്‍ അല്ലാത്തതുകൊണ്ട് അവ പതിച്ചാല്‍ വീട്ടില്‍ ചൂട് കൂടും. ഇൻറര്‍ലോക് കട്ടകള്‍ക്കൊപ്പം സിമൻറുകൂടി ഉപയോഗിക്കുന്നതുകൊണ്ടാണ് വീടിനുള്ളില്‍ ചൂടു കൂടുന്നതെന്നാണ് ആര്‍ക്കിടെക്ടുകളുടെ അഭിപ്രായം. കൂടാതെ, ചെറിയ ഗ്യാപ്പിട്ടു മാത്രം ചെയ്യുന്നതുകൊണ്ട് വെള്ളം കുറച്ചുമാത്രമേ മണ്ണിലേക്ക് ഇറങ്ങൂ. ബാക്കിയെല്ലാം പുറത്തേക്കാണ് ഒഴുകിപ്പോകുന്നത്. കട്ടകളില്‍ വഴുക്കല്‍ വരുന്നതും ഒരു പ്രശ്നമാണ്. കട്ട വിരിച്ച് കുറച്ചുകാലം കഴിഞ്ഞാല്‍ കട്ടയുടെ മുകള്ഭാഗം നീങ്ങുകയും വഴുക്കല്‍ വരുകയും ചെയ്യും. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും.
അതുകൊണ്ടുതന്നെ സാധാരണ ഇൻറര്ലോക്കുകളില്നിന്ന് വൈവിധ്യങ്ങള്‍ തേടുമ്പോള്‍ ആര്‍ക്കിടെക്ടുകള്‍ നിർദേശിക്കുന്നതില്‍ പ്രധാനപ്പെട്ടത് നാച്വറല്‍ സ്റ്റോണുകളാണ്. മുറ്റത്ത് വിരിക്കുന്നതിന് ഉത്തമവും നാച്വറല്‍ സ്റ്റോണുകളാണ്. ഇതിന് സ്ക്വയര്‍ ഫീറ്റിന് ഏകദേശം 110 രൂപയൊക്കെ ചെലവ് വരുന്നുണ്ട്. എന്നാൽ ഇൻറര്ലോക്കിന് 60-65 രൂപ മാത്രമേ വരുന്നുള്ളൂ. പക്ഷേ, നാച്വറല്‍ സ്റ്റോണുകളുടെ വലിയ ഗുണം വീടിനുള്ളില്‍ അവ ചൂട് കുറക്കുമെന്നതാണ്.
കടപ്പയും താന്തൂരുമൊക്കെ ആന്ധ്രയില്‍നിന്നും കോട്ട രാജസ്ഥാനില്‍നിന്നും വരുന്നവയാണ്. ഇന്നത്തെ കാലത്ത്, കോവിഡൊക്കെ പിടിമുറുക്കി എല്ലാ മേഖലയിലും നഷ്ടം വിതച്ചിരിക്കുന്നതിനാല് ഇത്തരം സ്റ്റോണുകള്‍ നാട്ടിലെത്തിച്ച് ഉപയോഗിക്കുന്നതിന് ഭീമമായ തുക ആവശ്യമായിവരും. സാധാരണക്കാരനെ സംബന്ധിച്ച് ഇത് അപ്രാപ്യവുമാണ്. കോവിഡിനു മുമ്പുള്ള വിലയും ഇപ്പോഴുള്ള വിലയും തമ്മിൽ ഏറെ അന്തരവുമുണ്ട്.
കോണ്‍ക്രീറ്റ് ചെയ്തിട്ട് മുറ്റത്ത് ടൈലിടുകയും ചെയ്യാം. പക്ഷേ, ഇന്നിത് അധികമാരും ചെയ്യുന്നില്ല. വെള്ളം തീരെ ഇറങ്ങില്ല എന്നത് തന്നെ കാരണം. വളരെ കട്ടികൂടിയ ടൈലുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ടൈലിന് 60 രൂപയാണ് വരുന്നത്, പിന്നെ അഡീഷനലായി കോണ്‍ക്രീറ്റ് ചാർജും ആവശ്യമായി വരുന്നുണ്ട്.
കരിങ്കല്ലുകട്ടകൾ
കരിങ്കല്ലുകട്ടകള് കുറച്ചുകൂടി നാച്വറലാണ്. കരിങ്കല്ല് വിരിച്ചാല്‍ വലിയ വാഹനങ്ങള്‍ക്ക് മുറ്റത്തേക്ക് കടന്നുവരുന്നതിനും പ്രയാസമുണ്ടാവില്ല. അവ പൊട്ടുമെന്ന് പേടിക്കേണ്ട കാര്യമില്ല. പക്ഷേ, വിലക്കൂടുതല്‍ പ്രശ്നമാണ്. 150 രൂപയോളം വരുന്നുണ്ട് സ്ക്വയര്‍ഫീറ്റിന്. സാധാരണ ഇൻറര്ലോക്കിനേക്കാള് മൂന്നിരട്ടി വില വരുന്നതുകൊണ്ടുതന്നെ ആളുകള്‍ക്കിത് എത്രത്തോളം താങ്ങാനാവും എന്നതൊരു വിഷയമാണ്. എങ്കിലും കോണ്‍ക്രീറ്റ് ഇൻറര്‍ലോക്കുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതലും നാച്വറല്‍ സ്റ്റോണുകള്‍ ഉപയോഗിച്ചാല്‍ കൊള്ളാമെന്ന നിലയിലേക്ക് ആളുകള്‍ വന്നിട്ടുണ്ട്. കരിങ്കല്ലിനു പുറമെ ഇന്ന് വെട്ടുകല്ലുകളും മുറ്റത്ത് വിരിക്കുന്നുണ്ട്. വെട്ടുകല്ലുപയോഗിക്കുമ്പോള് ചൂടുണ്ടാവില്ല. ഇതിനൊക്കെ പുറമെ വീടുകളിലെ വേസ്റ്റില്‍നിന്ന് ഇൻറര്‍ലോക് ഉണ്ടാക്കുന്നുണ്ട്. വേസ്റ്റ് വലിച്ചെറിയാതെ അതില്‍നിന്ന് ഉപയോഗിക്കാന്‍ പറ്റുന്ന മറ്റൊരു മെറ്റീരിയല്‍ ഉണ്ടാക്കുന്നത് നല്ലതാണ്. അതിലൊരു നന്മയുണ്ട്. ഇങ്ങനെ വേസ്റ്റ് മെറ്റീരിയലുകള്‍കൊണ്ട് ഉണ്ടാക്കുന്നതാണ് സിന്തറ്റിക് ഇൻറര്‍ലോക്കുകള്‍.
പുല്ല് പിടിപ്പിക്കാം
മുറ്റങ്ങളിൽ പുല്ലുപിടിപ്പിച്ച് മോടിപിടിപ്പിക്കുന്നതും ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. നാച്വറൽ ഗ്രാസുകളായ മെക്സിക്കൻ, ബഫല്ലോ, കൊറിയൻ, ബർമുഡ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. വെയിലുള്ളയിടത്താണ് സാധാരണ ഇത്തരം പുല്ലുകൾ പിടിപ്പിക്കുന്നത്. മണ്ണ് നല്ല ചുവന്ന മണ്ണാവണം. പശിമയും വേണം. ചരൽപ്പൊടിയുള്ള മണ്ണിൽ മാത്രമാണ് പുല്ല് ദീർഘകാലം നിൽക്കുന്നത്. അപ്പോൾ വളം നൽകിയില്ലെങ്കിലും പുല്ല് ദീർഘകാലം നിലനിൽക്കും. ഒരു സ്ക്വയർ ഫീറ്റിന് 40-45 രൂപയാണ് വരുന്നത്. കൂടാതെ, ലേബർ ചാർജും വരും. ബംഗളൂരുവിൽനിന്നാണ് കേരളത്തിലേക്ക് പുല്ലുകൾ കൊണ്ടുവരുന്നത്. ഈ പുല്ലുകൾ മണ്ണിൽ പിടിപ്പിച്ച് ഒരാഴ്ചക്കകം മുറ്റത്ത് പച്ചപ്പ് നിറയുമെന്നതാണ് പ്രത്യേകത. മണ്ണിെൻറ ഗുണത്തിനും പരിചരണത്തിനും അനുസരിച്ചാണ് പുല്ലിെൻറ നിലനിൽപ്.
വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഇടക്കിടെ വെട്ടിയൊതുക്കണം. കൊറിയൻ ഗ്രാസിന് നല്ല വെയിലുവേണം. അല്ലെങ്കിൽ ചിതലുവന്ന് നശിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ കാലാവസ്ഥയിൽ മെക്സിക്കൻ ഗ്രാസാണ് അനുയോജ്യമായിട്ടുള്ളത്. ഗ്രൗണ്ടുകളിലൊക്കെ ബർമുഡ ഗ്രാസാണ് വെച്ചുപിടിപ്പിക്കുന്നത്. കളിക്കുന്ന സ്ഥലങ്ങളിൽ ആർട്ടിഫിഷ്യൽ ഗ്രാസുകളും പിടിപ്പിക്കാറുണ്ട്. സിമൻറിൽ പിടിപ്പിച്ചിട്ടാണ് ഇത് ചെയ്യുന്നത്. താരതമ്യേന വില കൂടുതലാണിതിന്. സ്ക്വയർഫീറ്റിന് 200 രൂപയൊക്കെ വരും. കൂടാതെ, നരച്ചുപോവുകയും അടർന്നുപോവുകയും ചെയ്യും. സ്ഥിരമായി കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ ബർമുഡയും ബഫല്ലോയും ആണ് ഉപയോഗിക്കുന്നത്.
നേരേത്ത സിംഗപ്പൂർ ഗ്രാസാണ് ആളുകൾ ഉപയോഗിച്ചിരുന്നത്. വലിയ ലീഫായിരുന്നു അതിന്. പിന്നെ പതിയപ്പതിയെയാണ് ലീഫ് വീതി കുറഞ്ഞ ഗ്രാസുകൾ വന്നുതുടങ്ങിയത്.
ബേബി മെറ്റൽ
അതേസമയം, ഇപ്പോൾ ഇൻറര്‍ലോക് കട്ടകള്‍ വീടിെൻറ പിറകുവശത്തേക്ക് സ്ഥാനം മാറിത്തുടങ്ങിയിട്ടുണ്ടെന്നാണ് ആര്‍ക്കിടെക്ടുകള്‍ പറയുന്നത്. വീടിെൻറ മുന്‍ഭാഗത്ത് നാച്വറല്‍ സ്റ്റോണും പിന്‍ഭാഗത്ത് ഇൻറര്‍ലോക് കട്ടകളും എന്ന നിലയിലേക്ക് വന്നിട്ടുണ്ട്. നാച്വറല്‍ സ്റ്റോണുകള്‍ക്കിടയില്‍ പുല്ലുകൂടി വളര്‍ത്തുന്നതോടെ വീടിനൊരു ഭംഗികൂടി ലഭിക്കും. പച്ചപ്പിെൻറ മനോഹാരിത ലഭിക്കും. ഇതിനൊക്കെ പുറമെ ബേബിമെറ്റല്‍ മുറ്റത്ത് വിരിക്കുന്നവരുണ്ട്. ഇത് പരിസ്ഥിതിക്ക് പ്രത്യേകിച്ചൊരു പ്രശ്നവും വരുത്തുന്നില്ല. കൂടാതെ, ഏറ്റവും ചെറിയ തുകയില്‍ പ്രാദേശികമായിത്തന്നെ കിട്ടുകയും ചെയ്യും. മുറ്റം വൃത്തിയായിരിക്കുമെന്നതും ഗുണമാണ്.
നിങ്ങളുടെ മുറ്റത്ത് എന്ത് വേണം
അയൽപക്കത്തുള്ളവരും മറ്റുള്ളവരും ചെയ്യുന്നത് കണ്ട് അനുകരിക്കുകയും അങ്ങിനെ ഉപഭോഗസംസ്കാരത്തിെൻറ ഭാഗമാവുകയും ചെയ്യാതെ എന്താണ് അവനവന് വേണ്ടതെന്ന് ചിന്തിക്കണമെന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. മുറ്റത്ത് ഇൻറര്‍ലോക് വേണോ, ടൈല്‍ വേണോ? പകരം പുല്ല് വെച്ച് പിടിപ്പിച്ചാൽ മതിയോ, വെള്ളം ഒഴുക്കി പാഴാക്കിക്കളയണോ എന്നൊക്കെയുള്ള ചിന്തകള്‍ എല്ലാവരുടെ മനസ്സിലും ഉയര്‍ന്നുവരണം. ഒരു ഭാഗത്ത് ആധുനികതയുടെ ഭാഗമായി പലതിനെയും വരവേല്ക്കുമ്പോള് മറുഭാഗത്ത് അതിെൻറ ദോഷവശങ്ങളും അറിഞ്ഞിരിക്കണം. മുറ്റത്ത് മണ്ണോ മണലോ ആയാലെന്താണ് കുഴപ്പമെന്നും ചിന്തിക്കേണ്ട കാലമായിരിക്കുന്നുവെന്നാണ് ആര്‍ക്കിടെക്ടുകൾ പറയുന്നത്. പണ്ടൊക്കെ ചാണകവും മണ്ണുമൊക്കെയായിരുന്നല്ലോ മുറ്റങ്ങളില്‍ മെഴുകിയിരുന്നത്. പഴയകാലത്തെ മുറ്റങ്ങളോട് ആളുകള്‍ക്ക് എതിര്പ്പുവരാന് എന്താണ് കാരണം? ആധുനിക സങ്കൽപങ്ങളുടെ കടന്നുവരവിനുശേഷമാണിത്. മഴ വന്നാല്‍ ചളിയാകുമെന്നല്ലാതെ മറ്റെന്തായിരുന്നു പ്രശ്നം? അതും കുറച്ചുകാലത്തേക്ക് മാത്രമല്ലേ. ആവശ്യമുള്ളയിടത്തുമാത്രം ഇൻറര്‍ലോക്കുകള്‍ വിരിച്ചാല്‍ പോരേ എന്ന് ചിന്തിക്കേണ്ടതായുണ്ട്. മുറ്റം ഭംഗിയാക്കാന്‍ പ്രാദേശികമായി നമുക്ക് ലഭിക്കുന്ന മെറ്റീരിയല്‍സ് മതിയോ എന്ന് നമ്മള് ചിന്തിക്കണം. കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്ന് കൊണ്ടുവരുന്നത് വീട്ടുമുറ്റത്ത് വിരിക്കണോ എന്ന ചോദ്യവും ഇതിനോടൊപ്പം പ്രസക്തമാണ്.
മണ്ണുമായുള്ള മനുഷ്യരുടെ ഇടപഴകൽ കുറക്കരുത്. അത് നമ്മുടെ ഇമ്യൂണിറ്റി പവര്‍ നഷ്ടപ്പെടുത്തും. കൂടാതെ, കട്ടയൊക്കെ വിരിച്ചുള്ള മുറ്റങ്ങള്‍ വരുംതലമുറയെ മണ്ണ് കാണുന്നതിനുപോലും കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ട്. കാലില്‍ മണ്ണു പറ്റുകയെന്നത് മോശം കാര്യമാണെന്ന് ചിന്തിക്കും. ഇൻറർലോക്കിനു പകരം കരിങ്കല്ലും വെട്ടുകല്ലും ബേബിമെറ്റലും വിരിക്കാമെന്ന് പറയുമ്പോള്‍ ഇത് ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് നാം തിരിച്ചറിയണം. ഇതെല്ലാം ഖനനം ചെയ്തെടുക്കുന്നതാണ്. പ്രകൃതിക്ക് ദോഷമായി ഭവിക്കുന്നതാണ് ഇത്. കേരളത്തിെൻറ സാഹചര്യത്തില്‍ ഇതെല്ലാം വെല്ലുവിളികള്‍ നിറഞ്ഞതാണ്. വരുംകാലത്ത് പ്രകൃതിയെങ്ങനെ പ്രതികരിക്കുമെന്നുപോലും പറയാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ആർക്കിടെക്ടുകൾ പറയുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
ആർക്കിടെക്ട് മിഥുൻ,
ആർക്കിടെക്ട് പ്രശാന്ത്
പ്രശാന്ത് അസോസിയേറ്റ്
ആർക്കിടെക്ട്സ്
പാലാഴി, കോഴിക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.