കോൺക്രീറ്റ് ഗോവണി മുതൽ ബാംബൂ ഗോവണി വരെ... അറിയാം, വ്യത്യസ്ത തരം സ്റ്റെയർകേസുകൾ
text_fieldsചിത്രം: എൻകാസ ആർക്ക് സ്റ്റുഡിയോ
വീടിന്‍റെ രണ്ടു നിലകളെ ബന്ധിപ്പിക്കുന്ന ഉപാധി മാത്രമാണ് ഗോവണിയെന്ന് തെറ്റിദ്ധരിച്ചെങ്കിൽ തെറ്റി. സുരക്ഷക്കൊപ്പം ഭംഗിക്കും പ്രാധാന്യം നൽകി വ്യത്യസ്ത മെറ്റീരിയലുകളാൽ ഗോവണി നിർമിക്കുന്നതാണ് ട്രെൻഡ്. ഡിസൈനിലും വലിയ പരീക്ഷണങ്ങളാണ് നടത്തുന്നത്.
അളവുകൾ
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഗോവണിയുടെ അളവുകൾ കൃത്യമായി പാലിക്കുക എന്നതാണ്. ഒരു കാരണവശാലും അളവിൽ കോമ്പ്രമൈസ് ചെയ്യാതിരിക്കുക. കൃത്യമായ അളവുകളിൽ സ്റ്റെയർ പണിതാൽ സുഗമമായി കയറാം. റൈസർ, ട്രെഡ്/ റൺ, നോസിങ് എന്നിവയാണ് പടിയുടെ ഘടകങ്ങൾ.
ഒരു പടിയിൽ നിന്ന് അടുത്തതിലേക്ക് കാലെടുത്തു വെക്കാനുള്ള ഉയരമാണ് റൈസർ (riser). ഓരോ പടിയുടെയും റൈസർ 15-17 സെ.മീ ഉയരം വേണം. ചവിട്ടുന്ന ഭാഗം അഥവാ പടിയാണ് ട്രെഡ് (tread). ട്രെഡിന് 10-12 ഇഞ്ച് നീളവും 27-30 സെ.മീ വരെ വീതിയും വേണം. പടിയിൽനിന്ന് പുറത്തേക്ക് അൽപം തള്ളിനിൽക്കുന്ന ഭാഗമാണ് നോസിങ് (nosing).
ലാൻഡിങ്
തുടർച്ചയായി കയറുന്ന ആയാസം ഒഴിവാക്കാനാണ് ലാൻഡിങ് നൽകുന്നത്. പരമാവധി 12 പടികൾ കഴിഞ്ഞാൽ ലാൻഡിങ് നൽകാൻ ശ്രദ്ധിക്കണം. ആദ്യമേ സ്റ്റെയറിന്റെ പ്ലാൻ ഉണ്ടാക്കി അതനുസരിച്ച് ലാൻഡിങ് നൽകുക. മെറ്റൽ കൊണ്ടാണ് ലാൻഡിങ് നൽകുന്നതെങ്കിൽ ആവശ്യാനുസരണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യാം.
കൈവരികൾ
ഏറെ ശ്രദ്ധയോടെ പൂർത്തിയാക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് കൈവരികൾ. തിരഞ്ഞെടുക്കുന്ന ഡിസൈനിൽ ഉറപ്പിനൊപ്പം സുരക്ഷക്കും പ്രാധാന്യം നൽകണം. താഴേക്കു വീഴാതിരിക്കുക, പടികൾ കയറാൻ പ്രയാസമുള്ളപ്പോൾ പിടിച്ചുകയറുക തുടങ്ങി സുരക്ഷയുറപ്പാക്കുകയാണ് കൈവരിയുടെ കർത്തവ്യം.
അഴികൾ തമ്മിലുള്ള അകലം 10 സെ.മീ. കൂടാൻ പാടില്ല. കൈവരികളുടെയോ പടികളുടെയോ അഗ്രങ്ങളും അരികുകളും കൂർത്തിരിക്കുന്നത് ഒഴിവാക്കി മോൾഡ് ചെയ്തെടുക്കാം.
മെറ്റൽ ഫ്രെയിം
മെറ്റൽ പൈപ്പിൽ ആംഗിളുകൾ ഘടിപ്പിച്ച് നിർമിക്കുന്ന രീതി. സ്ഥലം കുറവ് മതി എന്നതാണ് പ്രത്യേകത. വാർപ്പിന്‍റെ ആവശ്യമില്ലാത്തതിനാൽ സ്ട്രക്ചർ കഴിഞ്ഞ് ഇന്‍റീരിയർ വർക്കിന്‍റെ സമയത്ത് നിർമിച്ചാൽ മതിയാകും. പടിയായി തടിയോ ടൈലോ ഗ്രാനൈറ്റോ പ്ലൈവുഡോ ഘടിപ്പിക്കാം.
പഴയ തടിപ്പലക ലഭ്യമാണെങ്കിൽ ചെലവ് കുറക്കാം. ഗോവണിയുടെ അടിഭാഗം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ഇതിന്‍റെ പോരായ്മ.
കാന്‍റിലിവർ ഗോവണി
ഭിത്തിയിൽനിന്ന് പടികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഘടന. വീടിന്‍റെ ഇന്‍റീരിയറിന് മനോഹാരിത നൽകുന്നു എന്നതാണ് കാന്‍റിലിവർ ഗോവണിയുടെ പ്രധാന ആകർഷണം. കോൺക്രീറ്റിലും സ്റ്റീലിലും ചെയ്യാറുണ്ട്. ചെലവ് കൂടുതലാണ്.
ചുമരിനകത്തെ ബീമിൽ ഘടിപ്പിച്ചാണ് സ്ഥാപിക്കുന്നത്. ഹാൻഡ്റെയ്‍ലും നൽകുന്നു. പരിശീലനം ലഭിച്ചവരെ മാത്രം ജോലി ഏൽപിക്കാൻ ശ്രദ്ധിക്കണം.
ബാംബൂ ഗോവണി
താരതമ്യേന അത്ര പ്രചാരത്തിലില്ലാത്ത രീതിയാണിത്. എല്ലാ വീടുകൾക്കും അനുയോജ്യമാവണമെന്നില്ല. ട്രഡീഷനൽ, ഇക്കോ ഫ്രണ്ട്ലി വീടുകൾക്ക് മാത്രമാണ് അനുയോജ്യം. നന്നായി ട്രീറ്റ് ചെയ്ത മുളകൊണ്ട് ഫ്രെയിം ഉണ്ടാക്കി മെറ്റൽ ക്ലാമ്പ് ഉപയോഗിച്ച പടികൾ ഘടിപ്പിക്കാം. റൈസും ത്രെഡും മുളകൊണ്ട് തന്നെ ചെയ്തെടുക്കാനാവും.
കോൺക്രീറ്റ് ഗോവണി
ഇത് രണ്ടു വിധത്തിൽ ഉപയോഗപ്പെടുത്താം. സ്പേസിനു യോജിച്ച രീതി നിർമാണത്തിന് അവലംബിക്കാം. ഗോവണിക്ക് താഴെ സ്ഥലം ലഭ്യമാകുന്ന രൂപത്തിലാണെങ്കിൽ വാർപ്പ് പലക ചരിച്ച് കമ്പി കെട്ടി വാർത്തെടുക്കാം. സ്റ്റഡി ഏരിയ, അയേൺ സ്പേസ്, സ്റ്റോറേജ് എന്നിങ്ങനെ ആവശ്യമനുസരിച്ച് ഈ ഭാഗം മാറ്റിയെടുക്കാം. ഇനി ഡിസൈനിന് പ്രധാന്യം നൽകുകയാണെങ്കിൽ സ്റ്റെപ്പിന്‍റെ ആകൃതിയിൽ വാർത്തെടുക്കാം.
റെയ്‍ലിങ്
ഗ്ലാസ്: പ്രധാനമായും രണ്ടുരീതിയിൽ ഉപയോഗിക്കാം. ഫ്രെയിമൊന്നുമില്ലാതെ ഗ്ലാസ് മാത്രമുള്ള ഫ്രെയിംലെസ്. 12 എം.എം ടഫൻഡ് ഗ്ലാസാണ് പൊതുവെ ഉപയോഗിക്കുന്നത്. 10 എം.എമ്മും ഉപയോഗിക്കാറുണ്ട്. പക്ഷേ, ഫ്രെയിംലെസ് ആയി നൽകാനാവില്ല. പൊട്ടിയാലും ചിതറാത്ത, ലാമിനേറ്റ് കോട്ടിങ്ങുള്ള ഗ്ലാസും ഉപയോഗിക്കാറുണ്ട്.
രണ്ടാമത്തേത് മുകളിൽ തടിയോ മെറ്റലോ കൊടുത്ത് താഴേക്ക് ഗ്ലാസ് നൽകുന്ന കോമ്പിനേഷൻ. മുകളിൽ തടി നൽകുമ്പോൾ സ്ക്വയർ ആയോ റൗണ്ട് ആയോ സ്റ്റഡ് ഉപയോഗിച്ചോ നൽകാം.
ജി.ഐ: തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിനു മേൽ സിങ്കിന്റെ കോട്ടിങ് നൽകുന്ന റൗണ്ട്, സ്ക്വയർ ജി.െഎ പൈപ്പുകളുണ്ട്. പല അളവിൽ ലഭ്യമാണ്. ജി.െഎ കൈവരിയിൽ വുഡൻ ഫിനിഷ് നൽകിയും ചെയ്യാറുണ്ട്.
മൈൽഡ് സ്റ്റീൽ: മൈൽഡ് സ്റ്റീലിൽ (എം.എസ്) ഒട്ടേറെ പരീക്ഷണങ്ങളാണ് നടക്കുന്നത്. ചെലവു കുറവാണ് പ്രധാന ആകർഷണം. പെർഫറേറ്റഡ് ഷീറ്റ്, എം.എസ് റോഡ്, സി.എൻ.സി കട്ടിങ്, സ്ട്രിങ്സ് എന്നിവ അവയിൽ ചിലതാണ്. വൃത്തം, ചതുരം തുടങ്ങി ഏത് ആകൃതിയിലും ചെയ്തെടുക്കാം. തടി ഹാൻഡ്റെയ‌്ലിൽനിന്ന് മാറി കൈവരിക്ക് ലംബമായി മെറ്റൽ സ്ട്രിങ്ങുകൾ കൊടുക്കുന്നതാണ് ഇന്നത്തെ ട്രെൻഡ്. ഹാൻഡ്റെയിലിന് ഇടയിൽ നെടുകെയും കുറുകെയും എം.എസ് സ്ട്രിങ് കൊടുക്കുന്നതും ഭംഗിയാണ്. സ്ട്രിങ് ഉണ്ടെന്നു തന്നെ ഒറ്റനോട്ടത്തിൽ തോന്നില്ല.
കയർ: ഇക്കോഫ്രണ്ട്‌ലി, എത‌്നിക്, ട്രഡീഷനൽ, കണ്ടംപററി ശൈലിയിലുള്ള ഇന്റീരിയറിനെല്ലാം കയർ കൊണ്ടുള്ള കൈവരി യോജിക്കും. സുരക്ഷയെക്കാള്‍ ഭംഗിക്ക് പ്രധാന്യം നൽകുന്ന ഡിസൈനാണ്. മെറ്റൽ ഫ്രെയിമിലേക്ക് ബലമുള്ള വടം പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ചെലവും കുറവാണ്. ബലമുള്ള കയറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
തടി: കൊത്തുപണികളാൽ ആർഭാടമായിരുന്ന സ്റ്റൈലൊക്കെ മാറി. കണ്ടമ്പററി സ്റ്റൈലിൽ ഇന്ന് തടിയിൽ സിമ്പിളായി ചെയ്തുവരുന്നുണ്ട്. തടിക്കനുസരിച്ച് വില കൂടുമെന്ന് മാത്രം. എന്നാൽ, വില കുറഞ്ഞ തടികളും റെയിലിങിന് ഉപയോഗിക്കുന്നവരുണ്ട്.
തടിയുടെ ഫിനിഷ് ഇഷ്ടപ്പെടുകയും എന്നാൽ, ചെലവ് ഭയപ്പെടുകയും ചെയ്യുന്നവർ മെറ്റലിൽ റെയ‌്ലിങ് നിർമിച്ച് വുഡൻ ഫിനിഷ് നൽകാറുണ്ട്. തടി മാത്രമായി ഉപയോഗിക്കുന്നതിനെക്കാൾ ഗ്ലാസ്, മെറ്റൽ എന്നിവയുമായുള്ള കോമ്പിനേഷനാണ് ട്രെൻഡ്.
വിവരങ്ങൾക്ക് കടപ്പാട്:
ജാസിം സൈഫു
Architect
vaktra Architects, Calicut

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.