Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightവീട്ടിലെ...

വീട്ടിലെ കറണ്ടുതീനികളായ ഈ വൈദ്യുതി ഉപകരണങ്ങളെ സൂക്ഷിക്കുക; അപകടവും ഒഴിവാക്കാം

text_fields
bookmark_border
Dos and donts to avoid electric shocks at home
cancel

വൈദ്യുതി നിത്യജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. ശ്രദ്ധിച്ച് ഉപയോഗിച്ചാൽ അത് അനുസരണയുള്ള ഒരു ഭൃത്യനാണ്. അൽപം അശ്രദ്ധ മതി വലിയ അപകടങ്ങൾ വിളിച്ചുവരുത്താൻ. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതോടുകൂടി വൈദ്യുതി അപകടങ്ങളും വർധിച്ചുവരുകയാണ്.

വയറിങ്ങിലെ പോരായ്മ, നിലവാരമില്ലാത്ത വൈദ്യുതി സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ അപകടങ്ങൾക്കു കാരണമാവാം. അശ്രദ്ധ, അറിവില്ലായ്മ, അലംഭാവം, അലസത, ധിറുതി, തെറ്റായ ശീലങ്ങൾ എന്നിവമൂലം വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അപകടങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീടുകളിൽ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം.


വയറിങ് പരിശോധിക്കാം

വയറിങ്ങിന്റെ കാലപ്പഴക്കംകൊണ്ടോ വീട്ടിനകത്തെ വൈദ്യുതിച്ചോർച്ചകൊണ്ടോ പലവിധ അപകടങ്ങളുമുണ്ടാകാം. വയറിങ് നടത്തി 10 വർഷം കഴിഞ്ഞ വീടുകളിൽ കാലാകാലങ്ങളിൽ പരിചയസമ്പന്നനായ ഒരു അംഗീകൃത വയർമാനെക്കൊണ്ട് വയറിങ്ങിലെ പോരായ്മകൾ പരിശോധിപ്പിക്കണം. മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതിച്ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.

പലപ്പോഴും വയറിങ്ങിന് ഉപയോഗിച്ച വയറുകളുടെ ഇൻസുലേഷൻ നഷ്ടപ്പെട്ടായിരിക്കും വൈദ്യുതി ലീക്ക് ഉണ്ടാകുന്നത്. ഇതുമൂലം അമിത വൈദ്യുതി ബിൽ അടക്കേണ്ടതായിവരും. മാത്രവുമല്ല, ക്രമേണ വൈദ്യുതി ഷോക്കിന്റെ തീവ്രത കൂടാനും വലിയ അപകടങ്ങൾക്കും മരണത്തിനുവരെയും കാരണവുമാകാം.


ഇ.എൽ.സി.ബി/ആർ.സി.സി.ബി ഉറപ്പാക്കാം

വൈദ്യുതിച്ചോർച്ച മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഇ.എൽ.സി.ബി (എർത്ത് ലീക്ക് സർക്യൂട്ട് ബ്രേക്കർ) അല്ലെങ്കിൽ ആർ.സി.സി.ബി (റെസിഡ്യുവൽ കറന്റ് സർക്യൂട്ട് ബ്രേക്കർ) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് ഘടിപ്പിക്കുന്നത്. ഇവക്ക് ഒരേ ഉപയോഗവും സാങ്കേതികമായ ചെറിയ വ്യത്യാസവുമാണുള്ളത്.

കണക്ഷൻ എടുക്കുമ്പോൾ ഇ.എൽ.സി.ബി നിർബന്ധമായും ഘടിപ്പിക്കണമെന്ന് വൈദ്യുതി ബോർഡ് നിഷ്കർഷിച്ചുതുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ പഴയ വയറിങ്ങുകളിൽ ഇ.എൽ.സി.ബി ഘടിപ്പിച്ചിട്ടുണ്ടാവില്ല. ഇ.എൽ.സി.ബി വെക്കാത്ത വീടുകളിൽ നിർബന്ധമായും വെക്കുന്നതിനും കാലപ്പഴക്കംചെന്ന ഇ.എൽ.സി.ബികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നതിനും ശ്രദ്ധിക്കണം.

ഇ.എൽ.സി.ബി/ആർ.സി.സി.ബികളിൽ ON/OFF ചെയ്യുന്ന നോബിനെ കൂടാതെ വളരെ പ്രധാനപ്പെട്ട ഒരു ടെസ്റ്റ് ബട്ടൺ കൂടിയുണ്ട്. ഈ ടെസ്റ്റ് ബട്ടൺ മാസത്തിൽ ഒരിക്കലെങ്കിലും അമർത്തി നോക്കി ഇ.എൽ.സി.ബി/ആർ.സി.സി.ബി ട്രിപ് ആവുന്നുണ്ടോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തണം. നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ​േഫ്ലാർ മാറ്റിൽനിന്നോ ഇ.എൽ.സി.ബി/ആർ.സി.സി.ബി പരിശോധിക്കുന്നതാണ് സുരക്ഷിതം.


ഗുണമേന്മയുള്ള ഉപകരണങ്ങൾ വാങ്ങാം

ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രമേവയറിങ്ങിന് ഉപയോഗിക്കാവൂ. ഫ്രിഡ്ജ്, എ.സി, വാഷിങ് മെഷീൻ എന്നിവ പഴയതും കേടുള്ളതുമാണെങ്കിൽ കൂടുതൽ വൈദ്യുതി ചാർജ് ഉണ്ടാകാനിടയുണ്ട്. അതിനാൽ കേടായ ഉപകരണങ്ങൾ നന്നാക്കി ഉപയോഗിക്കുകയോ കാലപ്പഴക്കം ചെന്നവ മാറ്റി പുതിയ ഉപകരണങ്ങൾ വാങ്ങുകയോ വേണം.

പുതിയ ഉപകരണങ്ങൾ വാങ്ങുമ്പോൾ ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാൻഡേഡ് പ്രകാരം ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങൾതന്നെ വാങ്ങുന്നതാണ് നല്ലത്. വാങ്ങുമ്പോൾ ചെലവ് കൂടുതലാണെങ്കിലും ദീർഘകാല വൈദ്യുതി ഉപഭോഗത്തിലെ ലാഭം നോക്കുമ്പോൾ ഇതായിരിക്കും നല്ലത്.


മെയിൻ സ്വിച്ച്

വീട്ടിലെ മെയിൻ സ്വിച്ച് എപ്പോഴും പ്രവർത്തനക്ഷമമാക്കി വെക്കുക. വൈദ്യുതി വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണി ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിന് മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമായിരിക്കണം. മെയിൻ സ്വിച്ച് ഓഫാക്കുന്നതിനോടൊപ്പം തന്നെ അതിലെ ഫ്യൂസുകൾ ഊരി നമ്മൾതന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ആരെങ്കിലും അറിയാതെ മെയിൻ സ്വിച്ച് ഓണാക്കി അപകടങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.

ഒരു കാരണവശാലും ഫ്യൂസ് ചെമ്പുകമ്പി ഉപയോഗിച്ച് കെട്ടരുത്. ഫ്യൂസ് വയറുകൾ എല്ലാ വീടുകളിലും കരുതണം. ഫ്യൂസുകൾക്കു പകരം മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ (എം.സി.ബി) ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ വിവിധ ഉപ സർക്യൂട്ടുകളിലായി ഘടിപ്പിക്കണം. മെയിൻ സ്വിച്ചിലെ ഫ്യൂസിനെക്കാളും ശേഷി കുറഞ്ഞ ഫ്യൂസുകളാണ് ഇത്തരം ഉപ സർക്യൂട്ടുകളിൽ ഉപയോഗിക്കേണ്ടത്.


പ്ലഗുകളും സ്വിച്ചുകളും

ത്രീപിൻ ഉള്ള പ്ലഗുകൾ മാത്രം ഉപയോഗിക്കുക. ഉപകരണങ്ങളുടെ ബോഡി എർത്ത് ചെയ്യുന്നതുകൊണ്ട് ത്രീപിൻ പ്ലഗുകളുടെ ഉപയോഗം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഷട്ടറുള്ള പ്ലഗ് സോക്കറ്റുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. കൊച്ചുകുട്ടികൾ പ്ലഗ് സോക്കറ്റിൽ ലോഹവസ്തുക്കൾ കുത്തി അപകടമുണ്ടാക്കുന്നത് ഇത് ഒഴിവാക്കും. ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാവൂ. ഓരോ പ്ലഗ് സോക്കറ്റിനും പ്രത്യേകം പ്രത്യേകം സ്വിച്ച് ഉണ്ടായിരിക്കണം.

ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കപ്പാസിറ്റിക്കനുസരിച്ചുള്ള പ്ലഗുകളിൽ മാത്രമേ അവ ഘടിപ്പിക്കാവൂ. സോക്കറ്റിൽ പ്ലഗ് കുത്തുമ്പോഴും എടുക്കുമ്പോഴും സ്വിച്ച് ഓഫാണെന്ന് ഉറപ്പുവരുത്തണം. ഇൻസുലേഷൻ കളഞ്ഞ വയർ പ്ലഗിൽ കുത്തി ഉപയോഗിക്കുന്നത് തീർത്തും ഒഴിവാക്കണം. സ്വിച്ച്, പ്ലഗ് മുതലായവയിൽ വസ്ത്രങ്ങൾ തൂക്കുകയുമരുത്. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


മൊബൈൽ ഫോൺ ചാർജിങ്

മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. സുരക്ഷിതമല്ലാത്ത മൊബൈൽ ഫോൺ ചാർജറുകൾ തീപിടിത്തത്തിന് കാരണമാകും. കേടായ ചാർജറുകൾ പ്ലഗ് ഇൻ ചെയ്യുമ്പോഴും അൺപ്ലഗ് ചെയ്യുമ്പോഴും വൈദ്യുതാഘാതമേൽക്കുന്നതിനുള്ള സാധ്യതയുമുണ്ട്. കൂടുതൽ ചെലവേറിയതാണെങ്കിലും ഒരു പ്രത്യേക ഫോണിനായി അതിന്റെതന്നെ ഔദ്യോഗിക ചാർജർ വാങ്ങുന്നതാണ് ഉചിതം.

ബാറ്ററി ചാർജ് നിറഞ്ഞുകഴിഞ്ഞാൽ ചാർജ് ചെയ്യുന്നത് നിർത്താൻ ഫോണിനു കഴിയുമെങ്കിലും ചാർജർ തന്നെ അമിതമായി ചൂടാകുകയാണെങ്കിൽ, പ്രത്യേകിച്ച് കത്തുന്ന പ്രതലത്തിൽ വെച്ചിരിക്കുകയാണെങ്കിൽ തീപിടിത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു മൾട്ടി പ്ലഗ് അഡാപ്റ്റർ ഉപയോഗിച്ച് നിരവധി മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ഒരു സോക്കറ്റിൽതന്നെ പ്ലഗ് ചെയ്ത് ഉപയോഗിക്കുന്നത് അപകടങ്ങൾക്കു വഴിതെളിക്കും.

മിക്സി

മിക്സി വളരെ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ജാറിൽനിന്നു ലീക്കായി വരുന്ന വെള്ളവും അരപ്പും ഓവർ​േഫ്ലാ ചെയ്ത് മിക്സിയുടെ മോട്ടോർ കേടാകാനും ഷോക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ജാറിനു പുറത്തേക്കു വരുന്ന വെള്ളം സ്വിച്ചിനുള്ളിലൂടെ കടന്ന് ഷോക്കേൽക്കാനും വഴിയുണ്ട്.

മിക്സിക്ക് താങ്ങാവുന്നതിലും അധികം സാധനങ്ങളാണ് ജാറിൽ നിറക്കുന്നതെങ്കിൽ ഓവർ ലോഡ് പ്രൊട്ടക്ഷൻ സ്വിച്ച് ഓഫായി മിക്സിയുടെ പ്രവർത്തനം നിലക്കും. ലോഡ് കുറച്ചാലും ഓവർ ലോഡ് സ്വിച്ച് കട്ടായി പോകാറുണ്ട്. ജാറിന്റെ മുറുക്കംകൊണ്ടാവാം ഇതുണ്ടാകുന്നത്. സർവിസ് സെന്ററിൽ കൊടുത്ത് ബുഷ് മാറ്റിയാൽ പ്രശ്നം പരിഹരിക്കാം.

കത്തുന്ന ഗന്ധമോ അസാധാരണമായ ശബ്ദങ്ങളോ ശ്രദ്ധയിൽപെട്ടാൽ, മിക്സി ഉടൻ ഓഫ് ചെയ്യണം. മിക്സിയുടെ വേഗം കുറയുക, അരഞ്ഞുകിട്ടാൻ പ്രയാസം നേരിടുക, മിക്സി നിന്നു നിന്നു പ്രവർത്തിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ സർവിസ് ചെയ്തതിനുശേഷമേ മിക്സി ഉപയോഗിക്കാവൂ.

മിക്സി വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ വെക്കരുത്. ഉപയോഗിക്കാത്തപ്പോൾ സോക്കറ്റിൽ എപ്പോഴും മിക്സി ഓഫ് ചെയ്യുക. ചെരിപ്പ് ധരിച്ചുകൊണ്ടു മിക്സി പ്രവർത്തിപ്പിക്കുന്നതാണ് സുരക്ഷിതം.


ടെലിവിഷൻ

ടെലിവിഷനിലേക്കും ബൂസ്റ്ററിലേക്കുമുള്ള സ​ൈപ്ല ഓഫാക്കിയതിനുശേഷം മാത്രമേ അവിടെ സ്പർശിക്കാൻ പാടുള്ളൂ. കേബ്ൾ ടി.വി അഡാപ്റ്ററിന്റെ ഉൾവശത്ത് സ്പർശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. കുട്ടികൾക്ക് കൈയെത്തും വിധം വൈദ്യുതിസാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.


പാചകവാതക ചോർച്ച

പാചകവാതക സിലിണ്ടർ വീടിനു പുറത്തു വെക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വീട്ടിനകത്ത് പാചകവാതക ചോർച്ച ശ്രദ്ധയിൽപെട്ടാൽ ഒരു കാരണവശാലും ഒരു സ്വിച്ചും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുമ്പോഴുള്ള ഒരു ചെറിയ സ്പാർക്ക് മതി ഒരു വലിയ ദുരന്തം ഉണ്ടാക്കാൻ.


ഇസ്തിരിപ്പെട്ടി

വീടുകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തുന്ന ഒന്നാണ് ഇലക്ട്രിക് ഇസ്തിരിപ്പെട്ടി. അത് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ഇസ്തിരിയുടെ കേബിളുകൾ ചതഞ്ഞും ചുരുണ്ടും ഇൻസുലേഷൻ പൊട്ടി ഷോക്കടിക്കാറുണ്ട്. സ്വിച്ച് ഓണാക്കിതന്നെ നമ്മൾ കൈകാര്യം ചെയ്യുന്ന ഉപകരണമായതിനാൽ ഇലക്ട്രിക് ഇസ്തിരിയുടെ കേബ്ൾ നല്ല ഇൻസുലേഷൻ ഉള്ളതാണെന്ന് ഉറപ്പുവരുത്തുക.

സ്വിച്ച് ഓണാക്കിയ അവസ്ഥയിൽ ഇസ്തിരി ചൂടായോ എന്നറിയാൻ ലോഹപ്രതലത്തിൽ സ്പർശിക്കാതിരിക്കുന്നതാണ് നല്ലത്. ഇസ്തിരി തുണിയിൽ നീക്കിക്കൊണ്ട് ചൂട് പരിശോധിക്കുക. ഇസ്തിരിയിടുന്ന മേശക്കു സമീപം റബർ മാറ്റ് വിരിച്ച് അതിൽ നിന്നുകൊണ്ട് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.



ഫ്രിഡ്ജ്

നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. പീക്ക് ലോഡ് സമയത്ത് (വൈകീട്ട് ആറു മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിഡ്ജ് ഓഫ് ചെയ്തിടാം. ഇത് വൈദ്യുതി ചാർജ് ലാഭിക്കുന്നതിനോടൊപ്പം ഫ്രിഡ്ജിന്റെ ജീവിതകാലവും വർധിപ്പിക്കുന്നു.

ഫ്രിഡ്ജ് തുടർച്ചയായി പ്രവർത്തിക്കുന്നതുമൂലം കുറെക്കാലം കഴിയുമ്പോൾ കംപ്രസറിന്റെ വൈൻഡിങ്ങിലെ ലാമിനേഷൻ ഇളകുകയും അതുമൂലം സ്പാർക്ക് ഉണ്ടായി ഫ്രിഡ്ജിന്റെ പുറത്തുള്ള ഭാഗങ്ങളിൽ ഷോക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. മൂന്നുനാലു മണിക്കൂർ ഫ്രിഡ്ജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കാനും വൈദ്യുതി ഉപഭോഗം കുറക്കാനും കഴിയും.


വാഷിങ് മെഷീൻ

വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ വേഗം കേടാവാൻ സാധ്യതയുള്ള ഉപകരണമാണ് വാഷിങ് മെഷീൻ. മിക്ക വീടുകളിലും കുളിമുറിയിലോ ചായ്പുകളിലോ പാരപ്പെറ്റിന്റെ താഴെയോ ഒക്കെയാണ് വാഷിങ് മെഷീൻ വെക്കാറുള്ളത്. ഇവിടങ്ങളിൽ ഈർപ്പത്തിന്റെ സാന്നിധ്യം കൂടുതലായതുകൊണ്ട് മെഷീന്റെ പി.സി ബോർഡുകൾ പെട്ടെന്നു നശിക്കാൻ സാധ്യതയുണ്ട്.

നോബുകളിലൂടെ വെള്ളമിറങ്ങി ഷോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ബസറിലും മോട്ടോറിലും വെള്ളമിറങ്ങിയും ഷോക്ക് ഉണ്ടാകാം. വാഷിങ് മെഷീന്റെ ശക്തി പ്രധാന എൻജിൻ, ഹീറ്റർ, പമ്പ്, കൺട്രോൾ സെൻസറുകൾ എന്നിവയുടെ ആകത്തുകയാണ്. വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് മെഷീൻ, 180 W മുതൽ 2500 W വരെ പവർ ഉള്ളതാണ്.

ഫ്രണ്ട്‌ ലോഡിങ് വാഷിങ്‌ മെഷീനുകൾക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകൾക്ക് വൈദ്യുതി ഉപഭോഗം കൂടും. വാഷിങ്‌ മെഷീൻ ലോഡ്‌ ചെയ്തതിനുശേഷം മാത്രം ഓൺ ചെയ്യുക.

മെഷീൻ ഓവർ ലോഡ് ചെയ്യുന്നത് ഡ്രമ്മും മെക്കാനിക്കൽ അസംബ്ലിയുമെല്ലാം തകരാറിലാക്കും. ഒരു തവണ അലക്കിക്കഴിഞ്ഞാൽ ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ വീണ്ടും പ്രവർത്തിപ്പിക്കാവൂ. വാഷിങ് മെഷീൻ തുടർച്ചയായി പ്രവർത്തിപ്പിക്കുമ്പോൾ മോട്ടോർ കൂടുതൽ ചൂടായി കേടുവരാനും അപകടം ഉണ്ടാകാനും ഇടയാക്കും. ഉപയോഗം കഴിഞ്ഞാൽ വാഷിങ് മെഷീന്റെ സ്വിച്ച് ബോർഡിലെ സ്വിച്ചും ഓഫ് ചെയ്യണം. ഉണങ്ങിയ തുണികൊണ്ട് ഈർപ്പം ഒപ്പിയെടുത്ത് ഉണക്കിവെക്കുകയും വേണം.


വാട്ടർ ഹീറ്റർ

ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ഉണ്ടാക്കുന്നതും അപകടസാധ്യതയുള്ളതുമായ മറ്റൊരു ഉപകരണമാണ് ഇലക്ട്രിക് വാട്ടർ ഹീറ്റർ. ഒരു ശരാശരി വീടിന്റെ ഉപഭോഗത്തിന്റെ ഏകദേശം 12 ശതമാനം വെള്ളം ചൂടാക്കാൻ ചെലവഴിക്കുന്നു. നിങ്ങളുടെ സ്വന്തം വാട്ടർ ഹീറ്റർ എത്രമാത്രം ഊർജം ഉപയോഗിക്കുന്നു എന്നത് നിങ്ങൾ എത്രമാത്രം ചൂടുവെള്ളം ഉപയോഗിക്കുന്നു എന്നതിനെ മാത്രമല്ല, നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വാട്ടർ ഹീറ്ററിനെയും ആശ്രയിച്ചിരിക്കുന്നു.

വീട്ടുപകരണങ്ങൾ ഒരു നല്ല എർത്തിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അതിലൂടെ റിട്ടേൺ കറന്റ് ഒഴുകാൻ സാധ്യതയുണ്ട്. കൂടാതെ, മെറ്റൽ വാട്ടർ പൈപ്പ് ലൈൻ ഇത്തരത്തിലുള്ള ഉപകരണങ്ങളുമായി സമ്പർക്കം പുലർത്തുകയും ടാപ് വാട്ടർ ലൈനിലൂടെ ചെറിയ വൈദ്യുതിപ്രവാഹം ഉണ്ടാകാനും ഇടയുണ്ട്. ഹീറ്ററിലെ ഇൻസുലേഷൻ തുരുമ്പെടുത്തും വയറിങ്ങിന്റെ ഇൻസുലേറ്റ് ചെയ്യാത്ത ഭാഗം ലോഹവുമായി സമ്പർക്കം പുലർത്തുന്നതുമൂലവും വൈദ്യുതി വെള്ളത്തിലൂടെ പ്രവഹിക്കാനിടയുണ്ട്. ഇതും ഷോക്കിനു കാരണമാകാം.

വിവിധ വാട്ടർ ഹീറ്ററുകളുടെ കാര്യക്ഷമത താരതമ്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗം അതത് ഊർജഘടകങ്ങൾ (Energy Factors) നോക്കുക എന്നതാണ്. ചൂടുവെള്ളം ഉൽപാദിപ്പിക്കുന്നതിൽ വാട്ടർ ഹീറ്റർ എത്രത്തോളം ഫലപ്രദമാണെന്ന് ഈ നമ്പർ വിലയിരുത്തുന്നു. നിങ്ങളുടെ വെള്ളം ചൂടാക്കാൻ എത്രമാത്രം ഇന്ധനമോ വൈദ്യുതിയോ ആവശ്യമാണെന്ന് കണക്കാക്കുന്നു.


സുരക്ഷക്ക് ശരിയായ എർത്തിങ്

വൈദ്യുതിസുരക്ഷക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല എർത്തിങ്. എർത്ത് ചെയ്യുന്ന കുഴിയിലേക്ക് കൊടുക്കുന്ന എർത്ത് വയർ പി.വി.സി പൈപ്പുകളിലൂടെ വേണം ഘടിപ്പിക്കാൻ. സമയാസമയങ്ങളിൽ എർത്തിങ് പരിശോധിപ്പിക്കുകയും വേണം. കുട്ടികളെ എർത്ത് പിറ്റിന് അടുത്ത് കളിക്കാൻ അനുവദിക്കരുത്.

ഇതിനടുത്ത് കന്നുകാലികളെ കെട്ടുകയോ മേയാൻ അനുവദിക്കുകയോ ചെയ്യരുത്. ഇലക്ട്രിക് പോസ്റ്റിലോ സ്റ്റേ വയറിലോ ചാരിനിൽക്കരുത്. അതിൽ കന്നുകാലികളെ കെട്ടുകയുമരുത്. ചെടികൾ പടരാനും അനുവദിക്കരുത്. വൈദ്യുതി ശൃംഖലകളിൽ തട്ടാൻ സാധ്യതയുള്ളപ്രകാരം കമ്പി അയ കെട്ടരുത്. വൈദ്യുതി ലൈനുകൾക്ക് താഴെ കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുവാദം വാങ്ങണം.


ഇൻവർട്ടർ

ഇൻവർട്ടർ ഉള്ള വീടുകളിൽ ഇത് ഓഫ് ചെയ്ത് വെക്കുന്നതിനോടൊപ്പം മെയിൻ സ്വിച്ചും ഓഫ് ചെയ്തുവെക്കണം. അല്ലാത്തപക്ഷം ഇൻവർട്ടറിൽനിന്നു വൈദ്യുതി വന്ന് അപകടം ഉണ്ടാകാം. ഇൻവർട്ടർ ബാറ്ററി കുട്ടികൾക്ക് ചെന്നെത്താൻ പറ്റാത്തവിധം ഒരു കാബിനറ്റിൽ അടച്ചുവെക്കുക. ബാറ്ററി ടെർമിനൽ ഇൻസുലേറ്റ് ചെയ്തുവെക്കുന്നതാണ് സുരക്ഷിതം. ബാറ്ററിയുടെ ടെർമിനലുകളിൽ കുട്ടികൾ ലോഹനിർമിത വസ്തുക്കൾകൊണ്ട് ഷോർട്ട് ചെയ്താൽ അപകടങ്ങൾ ഉണ്ടാവാം.


സോളാർ പ്ലാൻറുകൾ

കെ.എസ്.ഇ.ബിയിൽനിന്ന് അനുമതി വാങ്ങാതെ സോളാർ പ്ലാൻറുകൾ വീടുകളിൽ സ്ഥാപിക്കാൻ പാടില്ല. എം.എൻ.ആർ.ഇയുടെ (മിനിസ്ട്രി ഓഫ് ന്യൂ റിന്യൂവബ്ൾ എനർജി) അംഗീകാരമുള്ള സോളാർ പ്ലാൻറുകൾ മാത്രം സ്ഥാപിക്കുക. അതിരാവിലെയും സൂര്യാസ്തമയത്തിനുശേഷമുള്ള സമയത്തും മാത്രമേ സോളാർ പാനലുകൾ വൃത്തിയാക്കാൻ പാടുള്ളൂ. സോളാർ ഇൻവർട്ടർ കഴിവതും റൂഫ് ടോപ്പിൽ തന്നെ സ്ഥാപിക്കുന്നതാണ് നല്ലത്.

ഇൻവർട്ടർ താഴെ സ്ഥാപിക്കുന്നപക്ഷം സോളാർ പാനൽ മുതൽ ഇൻവർട്ടർ വരെയുള്ള കേബ്ൾ കെട്ടിടത്തിനു പുറത്തുകൂടി മാത്രമേ എടുക്കാവൂ. സോളാർ ഗ്രിഡിൽ ഘടിപ്പിച്ചതാണെങ്കിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിലക്കുന്നപക്ഷം സോളാർ ഇൻവർട്ടറിൽനിന്നുള്ള സ​ൈപ്ല ഓഫാണെന്ന് ഉറപ്പുവരുത്തണം. സോളാർ പാനലുകളുടെ സപ്പോർട്ടിങ് സ്ട്രക്ചറുകൾ, ഇൻവർട്ടർ എന്നിവ നല്ലരീതിയിൽ എർത്ത് ചെയ്യണം.

ഷോക്ക് മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുശേഷം മാത്രമേ നേരിട്ട് സ്പർശിക്കാവൂ. വൈദ്യുതാഘാതമേറ്റ വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുതിവാഹിയല്ലാത്തതും ഈർപ്പരഹിതവുമായ വസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതിബന്ധത്തിൽനിന്നു വേർപെടുത്താൻ ശ്രമിക്കണം.കമ്പികൾ പൊട്ടിവീണുകിടക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫിസിൽ വിവരമറിയിക്കുക. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 1912ലോ 9496010101 എന്ന നമ്പറിലോ അറിയിക്കുക.


ചെയ്യാൻ പാടില്ലാത്തത്

താൽക്കാലികവും അനധികൃതവുമായ മാറ്റങ്ങൾ വയറിങ്ങിൽ വരുത്താതിരിക്കുക.
● ടേബ്ൾ ഫാൻ ഉപയോഗിച്ച് തലമുടി ഉണക്കരുത്.
● അയഞ്ഞ വസ്ത്രം ധരിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന യന്ത്രത്തിന്റെ അടുത്ത് ചെല്ലരുത്.
● ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാൽ സ്വിച്ച് ഓഫാക്കാൻ ശ്രദ്ധിക്കുക.
● വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്.
● വൈദ്യുതിക്കമ്പികൾക്കു സമീപം പട്ടം പറത്തരുത്.
● വൈദ്യുതി ലൈനുകൾക്കു സമീപം ലോഹക്കുഴലുകളോ ഇരുമ്പുതോട്ടികളോ അശ്രദ്ധയോടെ ഉപയോഗിക്കരുത്.
● വൈദ്യുതി ലൈനുകൾക്കു താഴെ മരങ്ങൾ നട്ടുപിടിപ്പിക്കരുത്.
● വീടിന്റെ പരിസരത്ത് വളർത്തുന്ന വൃക്ഷങ്ങളുടെ ശാഖകൾ തൊട്ടടുത്തുകൂടി കടന്നുപോകുന്ന വൈദ്യുതിക്കമ്പികളുമായി ബന്ധപ്പെടാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടി എടുക്കുക. കാലാകാലങ്ങളിൽ വൈദ്യുതി ലൈനുകൾക്കു സമീപത്തുള്ള മരങ്ങൾ വെട്ടിമാറ്റുന്ന വൈദ്യുതി അധികൃതരുടെ പ്രവൃത്തിയുമായി സഹകരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricelectric shockshome
News Summary - Dos and don'ts to avoid electric shocks at home
Next Story