ഫ്ലോറിങ്, വീടിന്‍റെ അഴക് വർധിപ്പിക്കുന്നതിൽ പ്രധാനം. അറിയാം, ഫ്ലോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രെൻഡുകളും
text_fieldsഫ്ലോറിങ്ങാണ് വീടിന്‍റെ അഴക് വർധിപ്പിക്കുന്ന പ്രധാന ഘടകം. ഭിത്തിയിലും ഫർണിച്ചറിലും സീലിങ്ങിലുമെല്ലാം വിട്ടുവീഴ്ച ചെയ്താലും ഫ്ലോറിങ്ങിൽ അത് സാധ‍്യമല്ല. വീട് നവീകരിക്കുമ്പോൾ പഴയ ഫ്ലോറിങ് ഏത് മെറ്റീരിയലാണെങ്കിലും കുത്തിപ്പൊളിക്കാതെ പുതിയത് ചെയ്യാം.
അറിയാം, ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ട്രെൻഡുകളും...
കുത്തിപ്പൊളിക്കേണ്ട
മൊസൈക്ക്, സ്റ്റോൺ, മാർബിൾ, ടൈൽ തുടങ്ങി ഏത് ഫ്ലോറിങ്ങാണെങ്കിലും കുത്തിപ്പൊളിക്കാതെ പുതിയത് ചെയ്യാം. പഴയ ഫ്ലോറിങ്ങിന് മുകളിൽ പശകൊണ്ട് ഒട്ടിക്കാവുന്ന ടൈൽ ഉൾപ്പെടെ മെറ്റീരിയലുകൾ ഇന്നു ലഭ‍്യമാണ്. അതുവഴി കുത്തിപ്പൊളിക്കുന്ന ചെലവും പൊടിശല്യവും ഒഴിവാക്കാം, സമയവും ലാഭിക്കാം.
വിനൈൽ
വാതിൽ കട്ടിളക്ക് ഉയരമില്ലെങ്കിൽ വിനൈൽ ഫ്ലോറിങ് മെറ്റീരിയലാണ് അനുയോജ്യം. വുഡ് ഉൾപ്പെടെ വൈവിധ‍്യമാർന്ന ടെക്സ്ചറുകളിൽ ലഭ‍്യമാണ്. പശ ഉപയോഗിച്ചാണ് ഒട്ടിക്കുന്നത്. വാതിൽ അഴിക്കുന്നതു പോലുള്ള ജോലികൾ ഒഴിവാക്കാം. സ്ക്വയർഫീറ്റിന് 100 രൂപയിൽ താഴെയാണ് വിലവരുന്നത്.
കനം കുറഞ്ഞ ടൈൽ
പഴയ ഫ്ലോറിങ്ങിന് മുകളിൽ കനം കുറഞ്ഞ വിട്രിഫൈഡ് ടൈൽ ഒട്ടിക്കാം. വാതിൽ കട്ടിളക്ക് അത്യാവശ‍്യം ഉയരമുണ്ടെങ്കിലേ ഇത് ഒട്ടിക്കാവൂ. സാധാരണ ടൈലിന് എട്ടു മുതൽ 15 എം.എം വരെ കനമുള്ളപ്പോൾ ഇതിന് രണ്ട് എം.എമ്മാണ് കനം. പശ ഉപയോഗിച്ചാണ് ഒട്ടിക്കുന്നത്.
ഏതു ഡിസൈനും നിറവും ഡിജിറ്റലായി പ്രിന്റ് ചെയ്യാവുന്ന ഗാല്‍വനൈസ്ഡ് വിട്രിഫൈഡ് ടൈലുകളും വിപണിയിലുണ്ട്. നമ്മുടെ ഇഷ്ടമനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയുമാകാം.
മൊറോക്കൻ ടൈൽ
കളർഫുളായ മൊറോക്കൻ ടൈൽ ശ്രദ്ധ കിട്ടേണ്ട ഇടങ്ങളിലാണ് വിരിക്കുന്നത്. തറയിൽ മാത്രമല്ല ചുമരിനും ഇവ അനുയോജ്യമാണ്. കാർപെറ്റ് വിരിച്ചതുപോലെ തോന്നിക്കുന്ന ഡിസൈനിൽ വിരിക്കുന്നതാണ് ട്രെൻഡ്.
മൊസൈക്കല്ലിത്, ടൈൽ തന്നെ
പഴയ കാലത്തെ മൊസൈക്കിനെ അനുസ്മരിപ്പിക്കുന്ന ടെറാസോ ടൈൽ പുതിയ ട്രെൻഡാണ്. വെറൈറ്റി ഡിസൈനുകളിൽ ലഭ‍്യമാണ്.
കസ്റ്റമൈസ്ഡ് ടൈൽ
നമുക്ക് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും ഫിനിഷിലും ചെയ്യിക്കാം എന്നതാണ് ബി.എഫ്.ടിയുടെ (ഭാരത് ഫ്ലോറിങ് ടൈൽസ്) പ്രത്യേകത.
കോൺക്രീറ്റ് ഫ്ലോറിങ്
ചുവപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ് നിറങ്ങളിൽ സിമന്‍റ് ഫിനിഷിലാണ് കോൺക്രീറ്റ് ഫ്ലോറിങ് വരുന്നത്. വീടുപണിക്കൊപ്പം വീട്ടിൽതന്നെയാണ് ഇതിന്‍റെ സ്ലാബുകൾ നിർമിക്കുന്നത്. ഗ്ലോസി, മാറ്റ് ഫിനിഷുകളിൽ ചെയ്യാറുണ്ട്.
സ്റ്റോൺ ഫ്ലോറിങ്
ഈടും ബലവും കൂടുതലും കേടുപാടുകൾക്കുള്ള സാധ്യത കുറവുമാണ്. ക്ലാസിക് ലുക്ക് നൽകുന്നു. ചൂടു ക്രമീകരിക്കാനും സഹായിക്കും. എന്നാൽ, മറ്റു ഫ്ലോറിങ് രീതികളുമായി നോക്കുമ്പോൾ ചെലവ് കൂടുതലാണ്.
കരിങ്കല്ലല്ല, ടൈൽ
കരിങ്കല്ല് കഷണങ്ങൾ പോലുള്ള കറുത്ത ടൈലാണിത്. കാഴ്ചയിൽ കരിങ്കല്ല് തന്നെ. പുതുമ തേടുന്നവർക്ക് പരീക്ഷിക്കാം.
മാർബിളിൽ ഇറ്റാലിയൻ
ടൈലിന് ഇഷ്ടക്കാരേറെയാണെങ്കിലും ഇപ്പോഴും മാർബിൾതന്നെ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്തമാണ് എന്നതുതന്നെയാണ് പ്രധാന കാരണം. ഇറ്റാലിയൻ മാർബിളാണ് ഇപ്പോഴും വിപണിയിലെ താരം.
മിക്സ് ആൻഡ് മാച്ച് ഫ്ലോറിങ്
വിവിധ മെറ്റീരിയലുകൾ കൂട്ടിക്കലർത്തി ഉപയോഗിക്കുന്ന മിക്സ് ആൻഡ് മാച്ച് ഫ്ലോറിങ്ങാണ് പുതിയ ട്രെൻഡ്. ടൈൽ+വുഡ്, ടൈൽ+സ്റ്റോൺ തുടങ്ങിയ രീതികളിൽ മെറ്റീരിയലുകൾ മിക്സ് ചെയ്ത് ഫ്ലോറിങ് ചെയ്തുവരുന്നു.
വുഡന്‍ ഫ്ലോറിങ്
വെള്ളം വീണാൽ പ്രശ്നമില്ലാത്ത വുഡൻ ഫ്ലോറിങ് ചെയ്യാം. വാട്ടര്‍ റെസിസ്റ്റന്‍റ് വുഡന്‍ പാനലുകൾ വിപണിയിലുണ്ട്. അടുക്കളയിലുൾപ്പെടെ വുഡന്‍ ഫ്ലോറിങ് ചെയ്യാം. ബാത്റൂമിൽ കഴിയില്ല.
തറയുടെ തിളക്കം
മിക്കവരും വെൺമയുള്ള, മിനുസമേറിയ ടൈലുകളാണ് തറയിൽ പാകുന്നത്. കുറഞ്ഞ ചെലവും പെട്ടെന്ന് പണി തീരുമെന്നതുമാണ് കാരണം. ടൈലുകൾ പാകിയ തറയിലൂടെ നടക്കുമ്പോൾ വീണ് അപകടം പറ്റാനുള്ള സാധ്യത കൂടുതലാണ്. വാതരോഗമുള്ളവർക്ക് അത്ര നല്ലതുമല്ല.
ബാത്റൂമിൽ നിർബന്ധമായും പരുപരുത്ത പ്രതലത്തോടുകൂടിയ ടൈലുകള്‍ ഇടാൻ ശ്രദ്ധിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.