180 വർഷം പഴക്കമുള്ള വീട് പഴമ ചോരാതെ പുതുക്കിപ്പണിത് വടക്കാഞ്ചേരിയിലെ ഒരു കുടുംബം
text_fieldsഗൃഹാതുരതയും പൈതൃകവും നൽകുന്ന ആത്മാനുഭൂതിയെ അടർത്താതെ നിർത്തുക എന്ന ചിന്തയാണ് പഴമകളെ പുതുക്കി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. വികാരാതീത നിർമിതികളോ വസ്തുക്കളോ ആണെങ്കിൽ പൊളിച്ചുമാറ്റൽ അത്ര എളുപ്പവുമാവില്ല.
180 വർഷം പഴക്കമുള്ള ഒരു വീടിനെ തങ്ങളുടെ വൈകാരികതയും താൽപര്യാതിശയവും മുൻനിർത്തി പുതുമയോടെ മാറ്റിപ്പണിതിരിക്കുകയാണ് തൃശൂർ വടക്കാഞ്ചേരിക്കാരായ ഒരു കുടുംബം.
തറമുതൽ ചുവരുകൾ വരെ അതുപോലെ നിലനിർത്തി, ആധുനിക വീടുകൾക്കൊപ്പം കിടപിടിക്കുന്ന തരത്തിൽ പഴമയിലധിഷ്ഠിതമായ പുനർനിർമിതി.
തൃശൂർ വടക്കാഞ്ചേരിയിലെ 180 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിതപ്പോൾ
വൈകാരികത പിടിച്ചുനിർത്തിയ ചുവരുകൾ
അമ്മയുടെ അമ്മ രമണി മേനോനും അവരുടെ ചേച്ചി വത്സല മേനോനുമാണ് വടക്കൂട്ട് തറവാട്ടിലെ ഇപ്പോഴത്തെ മുതിർന്നവർ.
കൊച്ചുമകനും ആർക്കിടെക്ടുമായ ഗൗതമിന് തറവാട് വീട് പൊളിച്ചുപണിയാൻ തോന്നാതിരുന്നത് ഈ മുത്തശ്ശിമാർക്കടക്കം വീടിനോടുണ്ടായ വൈകാരിക ബന്ധത്തെത്തുടർന്നാണ്. പൈതൃകങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ ഗൗതം പുതിയ പ്ലാൻ തയാറാക്കുകയായിരുന്നു.
ആറുമാസം കൊണ്ട് പൂർത്തിയാക്കുകയും ചെയ്തു. ജോലിക്കാരുടെ ലഭ്യതക്കുറവും നാട്ടുകാരുടെയും കൂട്ടുകാരുടെയും മറ്റും സമ്മിശ്രാഭിപ്രായങ്ങളും തരണം ചെയ്താണ് ഗൗതം സ്വപ്നസൗധം പൂർത്തിയാക്കിയത്.
മാറ്റിയെങ്കിലും മാറാതെ
ഇടനാഴിയും ലിവിങ് ഏരിയകളും ബെഡ്റൂമുകളും പഴയ പോലെ ഇപ്പോഴുമുണ്ട്. പെയിന്‍റടിച്ചും ഇന്‍റീരിയർ പണിതീർത്തും മനോഹരമാക്കി എന്നതൊഴിച്ചാൽ ആ ഇടനാഴിയും റൂമുകളും ഇന്നും പഴയ തറവാട് തന്നെയാണ്. പുസ്തകങ്ങളടുക്കിവെച്ച് വായനാമുറിയൊരുക്കിയും ഓർമകളെ പടങ്ങളാക്കി ഗാലറിയൊരുക്കിയും ഇത്തരം സ്ഥലങ്ങളെ സമ്പുഷ്ടമാക്കി.
പിറകുവശത്തെ ഉമ്മറത്ത് ആട്ടുകട്ടിൽ സ്ഥാപിച്ചതും വിശാലമായ മുറ്റമൊരുക്കിയതും പഴമയെ തൊട്ടുണർത്തുന്നുണ്ട്. കിഴക്കും പടിഞ്ഞാറുമായി വീടിനകത്തേക്ക് അടുക്കളക്കുപുറമേ രണ്ട് വഴികളാണുണ്ടായിരുന്നത്. ഇപ്പോഴും അതുപോലെ തന്നെ നിലനിർത്തിയത് വീടിന്‍റെ പുറം ദൃശ്യങ്ങൾക്ക് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്.
വീട് രണ്ടുതവണ നേരത്തേ പുതുക്കിപ്പണിതിട്ടുണ്ട്. അവസാന മാറ്റത്തിനുതന്നെ 100 വർഷത്തെ പഴക്കമുണ്ടെന്നാണ് ഗൗതം പറയുന്നത്. 2020ലാണ് ഇപ്പോഴുള്ള അവസ്ഥയിലേക്ക് മാറ്റിയത്. 1912 സ്ക്വയർഫീറ്റായിരുന്നു പഴയ വീടിന്‍റെ വിസ്തൃതി. പുതുക്കിയെടുത്തപ്പോൾ അത് 2450 സ്ക്വയർഫീറ്റായി.
പിൻവശത്തും ചുറ്റുപാടുമായി ചില സ്വകാര്യ സ്ഥലങ്ങളൊരുക്കിയാണ് ഗൗതം വീടിന് മറ്റൊരുതലം നൽകിയത്. വൈകുന്നേരങ്ങളും മറ്റും ചെലവഴിക്കാൻ ഇത്തരം സ്ഥലങ്ങൾ വീട്ടുകാർ ഉപയോഗപ്പെടുത്തുന്നു. അകത്ത് പൂളും ഒരുക്കിയിട്ടുണ്ട്. തറവാട്ടിലെ അഞ്ചാം തലമുറയിലെ അംഗമാണ് കൊച്ചുമകനായ ഗൗതം.
ഗൗതം വടക്കൂട്ട്, അനന്തപത്മനാഭൻ, രമണി മേനോൻ, വത്സല മേനോൻ, ഡോ. വി. ബിന്ദു എന്നിവർ
പ്രാഥമിക ഘട്ടം മുതൽ ചെലവ് വരെ
വീടിന്‍റെ ബലം പരീക്ഷിക്കലായിരുന്നു പുനർനിർമാണത്തിലെ ആദ്യ കടമ്പ. അതിനായി പരിചയത്തിലുള്ള എൻജിനീയറെ ചുമതലപ്പെടുത്തി. ചുവരുകളും മറ്റും നിരീക്ഷിച്ച് മുകളിലേക്ക് പണിയാൻ മാത്രം ബലം പ്രവചിക്കാൻ കഴിയാതിരുന്നപ്പോഴാണ് സ്ക്വയർഫീറ്റ് വർധിപ്പിച്ച് വീടിന്‍റെ പ്രഥമ ഭാഗം വികസിപ്പിച്ചത്.
മരത്തടിയിലുള്ള പല തൂണുകളും തട്ടുകളും പഴക്കം കൂടി ബലക്ഷയം സംഭവിച്ചു തുടങ്ങിയ ഫർണിച്ചറുകളും പരിണാമം സംഭവിച്ച് കട്ടിലായും ഇരിപ്പിടങ്ങളായും തട്ടുകളായും അകത്തളങ്ങളിലിപ്പോഴുമുണ്ട്.
50 മുതൽ 60 ലക്ഷം രൂപ വരെയാണ് ആകെ ചെലവായ തുകയായി കണക്കാക്കുന്നത്. പുതിയൊരു വീട് നിർമിക്കാനുള്ള പണം ചെലവായെങ്കിൽപോലും ഓർമകളെയും പൈതൃകത്തെയും അതുപോലെ നിലനിർത്താൻ ഗൗതമും കുടുംബവും പൂർണ മനസ്സോടെ ഒരുങ്ങുകയായിരുന്നു.
വത്സല മേനോൻ, ഡോ. വി. ബിന്ദു, രമണി മേനോൻ, ഗായത്രി പത്മനാഭൻ, ക്ഷത്ര, ത്രിലോക് എന്നിവർ
യാത്രകളെ ഇഷ്ടപ്പെടുന്ന രണ്ടു മുത്തശ്ശിമാർ, ‘രക്തരക്ഷസ്സ്’, ‘കടമറ്റത്തു കത്തനാർ’ തുടങ്ങി പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്ത കലാനിലയം തിയറ്റർ ഉടമയായ അച്ഛൻ അനന്തപത്മനാഭൻ, മികച്ച അധ്യാപികക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ അമ്മ ഡോ. വി. ബിന്ദു, അഭിനേത്രിയും നർത്തകിയുമായ മകൾ ഗായത്രി പത്മനാഭൻ, ആർക്കിടെക്ടായ മകൻ ഗൗതം വടക്കൂട്ട്, വിജയവാഡ കെ.എൽ സർവകലാശാല പ്രഫസറായ മരുമകൻ ഡോ. ഗോവിന്ദ് തുടങ്ങി വീടിനൊപ്പം വീട്ടുകാരും സ്പെഷലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.