എന്താണ് ഡ്രൈ, വെറ്റ് ഏരിയകൾ? വാഷ്ബേസിൻ സ്ഥാപിക്കേണ്ടത് എത്ര ഉയരത്തിൽ? അറിയാം, ബാത്റൂം നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
text_fieldsവീട് നവീകരിക്കുമ്പോൾ ചെലവ് വർധിക്കുന്ന പ്രധാന ഏരിയയാണ് ബാത്റൂം. ഉപയോഗത്തിനപ്പുറം ഭംഗിക്കും കൂടി ഊന്നൽ നൽകുന്നു.
അപകടസാധ‍്യത കൂടുതലായതിനാൽ ഫിറ്റിങ്സ് ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ബാത്റൂം നവീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക്...
സോണുകൾ
ഷവർ ഏരിയ, ക്ലോസറ്റ് ഏരിയ, വാഷ്ബേസിൻ ഏരിയ എന്നിങ്ങനെ ബാത്റൂമിനെ മൂന്ന് സോണുകളായി തിരിക്കാം. ഓരോ സോണിനും മൂന്ന് അടി വീതം വീതി നൽകണം. അതിന് സ്ഥലമില്ലെങ്കിൽ വാഷ്ബേസിൻ ഏരിയയിൽനിന്ന് സ്ഥലം കുറക്കാം. ഏറ്റവും അവസാനമേ ക്ലോസറ്റ് ഏരിയയിൽനിന്ന് കുറക്കാവൂ.
സോണുകൾക്കിടയിൽ ചെറിയ നിരപ്പ് വ്യത്യാസം വരുന്നത് വേർതിരിക്കാനും വെള്ളം ഒഴുകിപ്പോകാനും നല്ലതാണ്. വാഷ്ബേസിനും ക്ലോസറ്റും വരുന്ന ഡ്രൈ ഏരിയ കിടപ്പുമുറിയുടെ നിരപ്പിനേക്കാൾ രണ്ടോ മൂന്നോ ഇഞ്ച് താഴ്ന്നിരിക്കണം. ഇതിനേക്കാൾ ഒന്നര ഇഞ്ചോ രണ്ട് ഇഞ്ചോ താഴ്ന്നു വേണം ഷവർ ഏരിയ അഥവാ വെറ്റ് ഏരിയ.
വാതിലിന് വീതി വേണം
ബാത്റൂം ചെറുതാണെങ്കിലും വാതിലിന് അത്യാവശ‍്യം വീതി വേണം. വീൽചെയർ കയറിപ്പോകാനുള്ള വീതി കാണണം. മരത്തിന്‍റെ വാതിൽ ഉപയോഗിക്കാതിരിക്കുക.
സാനിറ്ററി വെയർ
സാനിറ്ററി വെയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം. ആദ്യം ബ്രാൻഡ് തീരുമാനിക്കണം. എല്ലാ ബാത്റൂമിലും ഒരേ മോഡൽ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സർവിസിങ്ങിന് എളുപ്പം ഇതാണ്.
ചെറിയ ബാത്റൂമാണെങ്കിൽ തറയിലെ സ്ഥലം ലാഭിക്കാൻ വാൾ മൗണ്ടഡ് ക്ലോസറ്റാണ് നല്ലത്. തറയിൽനിന്ന് 40-45 സെ.മീ ഉയരത്തിൽ ക്ലോസറ്റിന്‍റെ മുകൾ ഭാഗം വരുന്ന രീതിയിലാണ് സ്ഥാപിക്കേണ്ടത്. ഷേപ്പും ഡിസൈനുമുള്ള ക്ലോസറ്റ് ബോഡി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഇതില്‍ പെട്ടെന്ന് പൊടി പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലാണ്. ഹാഫ് ഫ്ലഷ്, ഫുൾ ഫ്ലഷ് ബട്ടണുകൾ ഉള്ളവ വാങ്ങിയാൽ ജലത്തിന്‍റെ അമിതോപയോഗം നിയന്ത്രിക്കാം.
തറനിരപ്പിൽനിന്ന് 85-90 സെ.മീ ഉയരത്തിലാണ് വാഷ്ബേസിൻ നൽകേണ്ടത്. ഫ്ലഷ് ടാങ്കിന്‍റെ സ്വിച്, ഹാൻഡ് ഷവർ എന്നിവ ഒരു മീറ്റർ ഉയരത്തിൽ വേണം സ്ഥാപിക്കാൻ. ഷവർ തറയിൽനിന്ന് 198-220 സെ.മീ ഉയരത്തിലായിരിക്കണം. ക്ലോസറ്റിന്‍റെ മധ്യഭാഗവും ഹെൽത്ത് ഫോസറ്റും തമ്മിൽ 15-18 ഇഞ്ച് അകലം വേണം.
പി.വി.ഡി (ഫിസിക്കൽ വേപ്പർ ഡിപ്പോസിഷൻ) കോട്ടിങ് ഉള്ള ടാപ്, ഷവർ, ഡൈവർട്ടർ എന്നിവയാണ് ജനപ്രിയം. പോറലോ പാടോ വീഴില്ല, നിറം മങ്ങില്ല എന്നതാണ് പ്രത്യേകത. ജലോപയോഗം കുറക്കാൻ സെൻസർ ടാപ്, വെള്ളത്തിന്‍റെ അളവ് കുറക്കുന്ന തരം ഷവർ എന്നിവയാണ് നല്ലത്.
മാറ്റ് ഫിനിഷാണ് താരം
ടാപ്പിൽ ബ്ലാക്ക് മാറ്റ് ഫിനിഷ്, റോസ് ഗോൾഡ്, ഗോൾഡ്, ബ്രോൺസ്, കോപ്പർ ഫിനിഷുകളാണ് ഇപ്പോൾ ജനപ്രിയം. ടൈൽ, ടാപ്, ക്ലോസറ്റ്, വാഷ്ബേസിൻ എന്നിവയിലും മാറ്റ് ഫിനിഷിന് ഇഷ്ടക്കാരേറെയാണ്.
ലൈറ്റിങ്
പ്രൊഫൈൽ എൽ.ഇ.ഡി ലൈറ്റുകൾ ഇപ്പോൾ ബാത്റൂമിലും നൽകി വരുന്നു. പ്രൊഫൈൽ ലൈറ്റിങ് നൽകുമ്പോൾ വാട്ടർ പ്രൂഫിങ്ങിനായി സിലിക്കൺ സീലിങ് ചെയ്യാം. വാഷ്ബേസിനു മുകളിലെ കണ്ണാടിയുടെ ഭാഗത്ത് നല്ല വെളിച്ചം വേണം.
കണ്ണാടിക്കു പിന്നിൽ ലൈറ്റ് നൽകുകയുമാകാം. നനഞ്ഞാലും കുഴപ്പമില്ലാത്ത ലൈറ്റിങ്ങാണ് ബാത്റൂമിൽ നല്ലത്. ക്രോമിയം/പി.വി.ഡി കോട്ടിങ് ഉള്ളവ തിരഞ്ഞെടുക്കാം. ഷവർ, കണ്ണാടി എന്നിവയിൽ സ്പോട്ട് ലൈറ്റിങ് ചെയ്യാം. കണ്ണാടിയുടെ ചുമരിലും കൗണ്ടർടോപ്പിലും സുതാര്യമായ കല്ലുകൾ നൽകി ലൈറ്റിങ് ചെയ്യുന്നത് പുതിയ ട്രെൻഡാണ്.
പ്ലംബിങ്
സെറാമിക് ഉൽപന്നങ്ങളിൽ ചുറ്റിക പോലുള്ള വസ്തുക്കൾകൊണ്ട് തട്ടി ഉറപ്പിക്കുന്ന പ്ലംബർമാരുടെ രീതി നിരുത്സാഹപ്പെടുത്തുക. ദുർഗന്ധം ഒഴിവാക്കാൻ വാഷ്ബേസിന്‍റെ പൈപ്പിനും ബാത്റൂമിലെ മലിനജലം പോകാനുള്ള പൈപ്പിനും വാട്ടർ സീലോടു കൂടിയ ട്രാപ്പ് ഘടിപ്പിക്കാം. ഫ്ലോർസ്ലാബ് ഒരടിയെങ്കിലും താഴ്ത്തി നൽകണം. എങ്കിലേ ശരിയായ രീതിയിൽ പ്ലംബിങ് ചെയ്യാൻ സാധിക്കൂ.
പ്ലാസ്റ്ററിങ്ങിനു ശേഷമേ പ്ലംബിങ് തുടങ്ങാവൂ. അല്ലെങ്കിൽ അളവിൽ വ്യത്യാസം വരാം. ഡ്രൈ ഏരിയക്കും വെറ്റ് ഏരിയക്കും വെവ്വേറെ ഫ്ലോർ ട്രാപ്പുകൾ നൽകാം. ഇങ്ങനെ ചെയ്താൽ ഷവർ ഏരിയക്ക് ആവശ‍്യമെങ്കിൽ ഗ്ലാസ് പാർട്ടീഷൻ നൽകാൻ സഹായകമാകും.
ഫ്ലോറിൽ സ്ക്രൂ ചെയ്യാൻ കഴിയാത്ത ക്ലോസറ്റുകൾ ഒട്ടിക്കാൻ നല്ല സിലിക്കോൺ മാത്രം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ കാലക്രമേണ കറുത്ത എച്ചിൽവന്ന് വൃത്തികേടാവാനിടയുണ്ട്.
ഏതൊക്കെ ചുമരിൽ കൂടി പൈപ്പ് ലൈൻ പോകുന്നുണ്ടെന്ന് വ്യക്തമായി വരച്ചുവെക്കണം. ടവൽ റോഡ്, സോപ്പ് ഡിഷ് തുടങ്ങിയവ വെക്കാൻ ഡ്രിൽ ചെയ്യുമ്പോൾ പൈപ്പ് പൊട്ടിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ട്രെൻഡാണ് ഒരേ ടൈൽ
നിലത്തും ഭിത്തിയിലുമെല്ലാം ഒരേ ടൈൽ ഉപയോഗിക്കുന്നതാണ് ട്രെൻഡ്. ഇതു ചെറിയ ബാത്റൂമിന് കൂടുതൽ വലുപ്പം തോന്നിപ്പിക്കും. ഫ്ലോറിൽ മാറ്റ് ഫിനിഷ് ടൈലാണ് സുരക്ഷിതം. ഭിത്തിയിൽ മുകളിൽ വരെ ടൈൽ ഒട്ടിക്കുന്നതാണ് നല്ലത്. വലിയ ടൈൽ ഭംഗി കൂട്ടുകയും ബാത്റൂമിന് വലുപ്പം തോന്നിപ്പിക്കുകയും ചെയ്യും. വൃത്തിയാക്കാനും എളുപ്പമാണ്.
2x2, 2x1 അടി വലുപ്പമുള്ള ടൈലുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഡിസൈനർ ടൈലുകൾ ഡ്രൈ ഏരിയയിലാണ് അനുയോജ്യം. ടൈലുകൾ തമ്മിലുള്ള ഗ്യാപ് ഫിൽ ചെയ്യാൽ ടൈൽ പൗഡർ ബാത്റൂമിൽ ഉപയോഗിക്കരുത്. ഗ്രേഡോടു കൂടിയ ഇപോക്സി ഉപയോഗിക്കണം. ടൈൽ പതിപ്പിക്കുന്നത് പശ ഉയോഗിച്ചാവണം.
വാട്ടർ പ്രൂഫിങ്
ബാത്റൂമിന്‍റെ തറ മുഴുവനായും ഭിത്തി കുറഞ്ഞത് മൂന്നടി ഉയരത്തിലെങ്കിലും വാട്ടർ പ്രൂഫിങ് ചെയ്യുന്നതാണ് സുരക്ഷിതം. വെറ്റ് ഏരിയയിലെ ഭിത്തി മുഴുവനായി വാട്ടർ പ്രൂഫിങ് ചെയ്യാം.
എക്സ്ഹോസ്റ്റ് ഫാൻ
ടോയ്‍ലറ്റിന്‍റെ സീലിങ്ങിൽ മധ്യഭാഗത്തായി എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കാം. എല്ലാ മൂലകളിൽനിന്നും വായു വലിച്ചെടുക്കാൻ ഇതു സഹായിക്കും. ഇതിലൂടെ ബാത്റൂമിനെ ദുർഗന്ധരഹിതമാക്കാം. എക്സ്ഹോസ്റ്റ് ഫാൻ സീലിങ്ങിൽ സ്ഥാപിക്കാൻ കഴിയില്ലെങ്കിൽ ഭിത്തിയിൽ ക്ലോസറ്റിനു മുകളിലായി വെക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
സാബിത്ത് സി.വി
Senior Architect
Aqiq Architecture
Omassery, Calicut

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.