വീട്ടുജോലിക്കിടയിൽ പാഴാകുന്നത് ലിറ്റർ കണക്കിന് വെള്ളം; വീട്ടിൽ വെള്ളം പാഴാകുന്നത് തടയാനുള്ള എളുപ്പവഴികൾ
text_fieldsനിത്യേനയുള്ള വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് ദിവസവും പാഴായിപ്പോകുന്നത്. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശീലങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഇതിന് പരിഹാരം കണ്ടെത്താനാവും. അതിനുള്ള വഴികളിതാ...
അടുക്കള
● അടുക്കളയിലെ സിങ്കിൽ തുടർച്ചയായി ഒരു മിനിറ്റ് ടാപ്പ് തുറന്നിട്ടാൽ 10-20 ലിറ്ററോളം വെള്ളം നഷ്ടമാകും. മറ്റു ജോലികൾ ചെയ്യുമ്പോഴും പലതവണയായി ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതിനു പകരം ഒരു ബക്കറ്റിൽ ആദ്യമേതന്നെ എടുക്കുക. പാത്രം കഴുകാൻ ഇതിൽനിന്നെടുക്കാം.
● അഴുക്ക്, എണ്ണമയം എന്നിവയുള്ള പാത്രങ്ങൾ ആദ്യം അൽപം വെള്ളത്തിൽ കഴുകിയശേഷം മാത്രം ബാക്കി ടാപ്പിൽ കഴുകുക.
● പഴങ്ങൾ, പച്ചക്കറികൾ എന്നിവ ടാപ്പിൽനിന്ന് നേരിട്ട് കഴുകാതെ പാത്രത്തിലിട്ട് കഴുകുക. ബാക്കിവരുന്ന വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് ചെടി നനക്കാനുപയോഗിക്കാം.
● അടുക്കളയില്‍ വാങ്ങുന്ന ഉപകരണങ്ങളെല്ലാം പരമാവധി വാട്ടര്‍ എഫിഷ്യന്റ് ആണെന്ന് ഉറപ്പുവരുത്തുക. ഡിഷ്വാഷറും മറ്റും വാങ്ങുമ്പോള്‍ ‘ലൈറ്റ് വാഷ്’ ഓപ്ഷനുള്ളത് നോക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.
● സാധനങ്ങള്‍ വേവിക്കാന്‍ ആവശ്യത്തിലധികം വലുപ്പമുള്ള പാത്രം എടുക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം കൂടും. പാകത്തിന് വലുപ്പമുള്ള പാത്രമെടുത്ത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് പാചകം ചെയ്യാന്‍ ശീലിക്കാം.
വാഷ്ബേസിൻ
● വാഷ്ബേസിൻ ടാപ്പ് തുടർച്ചയായി തുറന്നിടുന്നതും വെള്ളം നഷ്ടമാകാൻ ഇടയാക്കും. ഇവിടെയും കപ്പിൽ വെള്ളം എടുത്തുവെച്ച് ഉപയോഗിക്കാം.
● പല്ലു തേക്കുമ്പോഴും കൈകഴുകുമ്പോഴും ഷേവിങ് സമയത്തും അനാവശ്യമായി ടാപ്പ് തുറന്നിടുന്നത് പൂർണമായും ഒഴിവാക്കുക.
● ടാപ്പിൽനിന്ന് വലതു കൈയിൽ വെള്ളം എടുക്കുമ്പോൾ ഇടതുകൈ കൂടി ഉപയോഗിച്ച് ടാപ്പ് ഇടക്കിടെ നിയന്ത്രിക്കുക.
ബാത്റൂം
● അടുക്കള കഴിഞ്ഞാല്‍ വീട്ടില്‍ ഏറ്റവുമധികം വെള്ളം ആവശ്യമായി വരുന്നത് ബാത്റൂമിലാണ്. പരമാവധി കുറച്ച് സമയവും വെള്ളവുമെടുത്ത് കുളിക്കാന്‍ ശ്രദ്ധിക്കുക.
● ഷവറില്‍നിന്ന് വരുന്ന വെള്ളത്തിന്റെ വേഗം കുറച്ചുവെക്കാം.
● ബാത്റൂമുകളിൽ ബാത്ത് ടബ്, ഷവർ എന്നിവ ഉപയോഗിക്കുന്ന ശീലം മാറ്റി ബക്കറ്റ്, കപ്പ് എന്ന പഴയ സമ്പ്രദായത്തിലേക്ക് തിരിച്ചുവരുന്നത് പ്രോത്സാഹിപ്പിക്കണം. ഇതുസംബന്ധിച്ച് വീട്ടിലുള്ളവരെ ബോധവത്കരിക്കാം.
● ലോ ഫ്ലഷ് ടോയ്ലറ്റുകള് ഉപയോഗിക്കുന്നത് വെള്ളത്തിന്റെ ഉപയോഗത്തെ 50 ശതമാനത്തോളമാക്കി കുറക്കും.
● സംസ്കരിച്ച മലിനജലം കക്കൂസുകളിൽ ഉപയോഗിക്കാൻ പറ്റുമെങ്കിൽ അത്തരം ശ്രമങ്ങൾ നടത്തുക.
● വെള്ളത്തിന്റെ ഉപയോഗം വിദഗ്ധമായി നിയന്ത്രിക്കാൻ കഴിയുന്ന ഇടമാണ് ബാത് റൂം. കുളിയും ബാത്റൂം കഴുകലും ഒരേ സമയം ചെയ്യുന്നതുവഴി വെള്ളം ഒരു പരിധിവരെ ലാഭിക്കാം.
● നിലം കഴുകാൻ ബക്കറ്റും തുണിയും ഉപയോഗിക്കുക. വാഹനങ്ങൾ കഴുകാൻ കുറച്ച് മാത്രം വെള്ളം ഉപയോഗിക്കുക.
ജലസ്രോതസ്സ് സംരക്ഷിക്കാം
● കിണർ ശുദ്ധമായി സംരക്ഷിക്കാം. കിണറിന് ആൾമറ, പ്ലാറ്റ്ഫോം എന്നിവ ഉറപ്പാക്കുക.
● കിണറുകളുടെ ശുചീകരണവും മഴവെള്ള റീചാർജിങ്ങും വർഷാവർഷം നടത്തുക.
● രാമച്ചം നല്ലൊരു ജലസംരക്ഷണ ചെടിയാണ്. വീട്ടുപരിസരത്ത് കൂടുതൽ രാമച്ചം നടാം.
● കിണർ വെള്ളം ഇടക്ക് ക്ലോറിനേറ്റ് ചെയ്ത് മാലിന്യമുക്തമാക്കാം.
● ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കുക.
● കിണറിനു ചുറ്റും സസ്യാവരണം ഒരുക്കാം.
● ജൈവവസ്തുക്കൾ, പച്ചിലകൾ എന്നിവയാൽ ഭൂമിക്ക് പുതയിടുക.
● സ്വിമ്മിങ് പൂളുകളിലും മറ്റും ബാഷ്പീകരണം പരമാവധി കുറക്കാൻ പൂള് കവറുകള്‍ ഉപയോഗിക്കാം.
● ഓരോ ദിവസവും ജലലഭ്യതയും ഉപയോഗവും പൊരുത്തപ്പെടുന്ന രീതിയില്‍ വാട്ടര്‍ മാനേജ്മെന്റ് വീട്ടിലും നടപ്പാക്കുക.
പൈപ്പുകൾ പരിശോധിക്കാം
● പൈപ്പുകളിൽ ചോര്‍ച്ച ഉണ്ടെങ്കിൽ പരിഹരിക്കുക.
● വീടുകളില്‍ തുള്ളി തുള്ളിയായോ അല്ലാതെയോ ഇത്തിരി വെള്ളംപോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
● അനാവശ്യമായി ടാപ്പ് തുറന്നിടുന്നത് ഒഴിവാക്കുക.
ചെടി നനക്കൽ
● വാട്ടര്‍ പ്യൂരിഫയറില്നിന്നും മറ്റും ബാക്കിവരുന്ന വെള്ളം പാഴാക്കാതെ ചെടി നനക്കാനും മറ്റും ഉപയോഗിക്കാം.
● വെള്ളം ഗ്ലാസിലോ കപ്പിലോ എടുത്തു കുടിക്കുമ്പോള്‍ ബാക്കിയാകുന്നത് കളയുന്നവരാണ് പലരും. ഇതൊഴിവാക്കാൻ ഒരു കുപ്പിയില്‍ കുടിവെള്ളം എടുത്തുവെച്ചു ശീലിക്കാം. അതിൽനിന്ന് ആവശ്യത്തിന് കുടിക്കാം.
● ചെടികൾക്കും മറ്റു കൃഷികൾക്കും വെള്ളം വേരിൽ ലഭിക്കുന്ന വിധം നനക്കുക. നനക്കുന്നത് പ്രഭാതസമയത്തും സന്ധ്യക്കും ആക്കുക.
● വേനൽക്കാലത്ത് ഹോസ് ഉപയോഗിച്ച് നനക്കരുത്. പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക. വാഹനം കഴുകുന്നതിലും ഈ രീതി പിന്തുടരാം.
● ഒന്നോ രണ്ടോ തവണ ഉപയോഗിച്ചതും രാസവസ്തുക്കൾ കലരാത്തതുമായി അവശേഷിക്കുന്ന വെള്ളം ഉണ്ടെങ്കിൽ അത് ചെടികൾക്കായി വീണ്ടും ഉപയോഗിക്കാം. എങ്കിലും ഉപയോഗിക്കുന്ന വെള്ളം വൃത്തിഹീനമല്ലെന്ന് ഉറപ്പാക്കുക.
● അലക്കുമ്പോൾ പരമാവധി ഫോസ്ഫേറ്റ് രഹിത സോപ്പും സോപ്പുപൊടിയും ഉപയോഗിക്കുക.
● വാഷിങ് മെഷീനില്‍നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കൾ കലരാത്ത ജലം ചെടിനനക്കാൻ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.