ബഷീറും കണ്ണനും; തലമുറകൾ കടന്നെത്തിയ സ്നേഹ സുഗന്ധം
text_fieldsമയ്യഴിപ്പുഴക്ക് മറ്റൊരു കഥ പറയാനുണ്ട്. മുകുന്ദൻ പറഞ്ഞ, ദാസെൻറ സമരവും പ്രണയവും ജീവിതവും ഉൾച്ചേർന്ന കഥയല്ല ഇത്. തലമുറകളായി ഈ പുഴയെ തഴുകുന്ന സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും പര്യായമായ രണ്ടു കുടുംബങ്ങളുടെ വിശേഷങ്ങൾ... രണ്ടു കുടുംബം എന്നു പറയുന്നത് പൂർണാർഥത്തിൽ ശരിയല്ല, അവർ ഒരു കുടുംബമാണ്. കണ്ണേട്ടെൻറയും അനിയൻ ബഷീർ മുഹ്യിദ്ദീെൻറയും കുടുംബം.
ഓണവും പെരുന്നാളുമെല്ലാം ഒരുപോലെ ആഘോഷിക്കാൻ ഭാഗ്യം ലഭിച്ച കുടുംബം. ഓണത്തിന് എല്ലാവരും കുടുംബസമേതം ജ്യേഷ്ഠൻ കണ്ണെൻറ വീട്ടിലെത്തും. പെരുന്നാളിന് എല്ലാവരും അനിയൻ ബഷീർ മുഹ്യിദ്ദീെൻറ വീട്ടിലും. ചോറും സാമ്പാറും അവിയലും കൂട്ടുകറിയും ബിരിയാണിയുമെല്ലാം ഇവരുടെ ആേഘാഷത്തിന് മാറ്റുകൂട്ടും. ഇതു കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത ചിയ്യൂര് ഗ്രാമത്തിൽ തലമുറകൾ പിന്നിട്ട് വഴിഞ്ഞൊഴുകുന്ന അപൂർവമായ സ്നേഹനദിയാണ്. മയ്യഴിപ്പുഴയുടെ ആരംഭമായ വാണിമേല്‍പ്പുഴയുടെ തീരത്താണീ മനംകുളിർക്കുന്ന അനുഭവം.
''ഓണത്തിന് ഇവരെല്ലാം എെൻറ പൊരക്ക് വരും. പെര്ന്നാളിൻറന്ന് ഞാളെല്ലാം ബഷീറിെൻറ പൊരേലും. ഇതും ഞാളെ പൊര തന്നെയാ. ചെലപ്പോ എൻറാട (എെൻറ വീട്ടിൽ) ഭക്ഷണം ആയിറ്റില്ലെങ്കി ഞാൻ ഈട്ന്ന് കയിക്കും. ഇന്നലെ വരെ തിന്നിട്ടാ പോയത്. ഇവരാ ഞാളെ ഏറ്റവും വലിയ ബന്ധുക്കള്‍... '' അറുപത്തഞ്ചുകാരനായ കണ്ണേട്ടന് ബഷീറിനെയും വീട്ടുകാരെയുംകുറിച്ച് പറയാൻ നൂറുനാവ്. കണ്ണേട്ടെൻറ വിശേഷങ്ങൾ പറയുേമ്പാൾ ബഷീറിനും മതിവരുന്നില്ല.
കണ്ണനും ബഷീറും എങ്ങനെ ബന്ധുക്കളായി?
കേൾക്കുന്നവരും കാണുന്നവരുമെല്ലാം അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യമാണിത്. എങ്ങനെ ഇവർ ഇത്രക്ക് അടുത്തു? അതും ചില വർഗീയജീവികൾ പേരുദോഷം വരുത്തിവെച്ച നാദാപുരത്തിെൻറ മണ്ണിൽനിന്ന് ഇത്രമേൽ ഹൃദ്യമായ സാഹോദര്യം ഉയിരെടുത്തതെങ്ങനെ? അതിനുള്ള മറുപടി ഈ പേരുകളാണ്: തയ്യുള്ളതില്‍ ഉണിച്ചിര, മക്കളായ കെ. മൊയ്തു മൗലവി, ചിരുതാമ്മ, മന്ദി, ചന്ദമ്മൻ...ചിയ്യൂരിലെ ചാത്തോത്ത് വീട്ടിലെ കാടനും ഭാര്യ തയ്യുള്ളതില്‍ ഉണിച്ചിരയും സമീപത്തെ മുസ്ലിം കുടുംബമായ പത്തായക്കോടന്‍ കോറോത്ത് വീട്ടിലെ കൃഷിപ്പണിക്കാരായിരുന്നു. ഇവർക്ക് മക്കൾ മൂന്നുപേർ: ചന്ദമ്മൻ, മന്ദി, ചിരുത. പൈതങ്ങളായ മൂന്നു മക്കളെയും കൂട്ടിയാണ് ഇവർ പണിക്കുപോവുക.
ഇതിൽ ചിരുതയും കോറോത്തെ വീട്ടിലെ ആയിശ ഹജ്ജുമ്മയുടെ പുത്രൻ മൊയ്തുവും സമപ്രായക്കാർ. മുലകുടി മാറാത്ത കുരുന്നുകൾ. ചിരുത, അമ്മയുടെ അമ്മിഞ്ഞ നുകരുേമ്പാൾ കുഞ്ഞുമൊയ്തുവും കുടിക്കാനെത്തും. ഇരുവരും ഉണിച്ചിരയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു. രക്തബന്ധം പോലെ മഹത്ത്വമുള്ളതാണ് ഇസ്ലാമിൽ മുലകുടിബന്ധവും. മുലയൂട്ടുന്നതോടെ കുട്ടിക്ക് ആ സ്ത്രീ മാതാവും അവരുടെ മക്കൾ സഹോദരങ്ങളുമായിത്തീരുന്നു. ഇസ്ലാമിക നിയമപ്രകാരം രക്തബന്ധുക്കൾക്ക് അനുവദനീയമായതും വിവാഹം പോലെ നിഷിദ്ധമായതുമായ കാര്യങ്ങളിൽ ഭൂരിഭാഗവും മുലകുടിബന്ധത്തിലുള്ളവർക്കും ബാധകമാണ്.
ഇതനുസരിച്ച്, ഉണിച്ചിര മൊയ്തുവിെൻറകൂടി അമ്മയായി. ചന്ദമ്മനും മന്ദിയും ചിരുതയും മൊയ്തുവിെൻറ സഹോദരങ്ങളും. മൊയ്തു വളർന്നു. കെ. മൊയ്തു മൗലവിയായി, അധ്യാപകനായി, ജമാഅത്തെ ഇസ്ലാമിയുടെ മുതിർന്ന നേതാവായി... പ്രസംഗകനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനുമൊക്കെയായി അദ്ദേഹം സംസ്ഥാനമാകെ അറിയപ്പെട്ടു. പക്ഷേ, ഈ വളർച്ചയിലും പ്രശസ്തിയിലും ഉണിച്ചിരമ്മയുടെ മകനാണ് താനെന്ന ബോധ്യം കൈവിട്ടില്ല.
കാലങ്ങൾ കടന്നുപോയപ്പോൾ മൊയ്തു മൗലവി-റുഖിയ ദമ്പതികൾക്ക് ബഷീർ മുഹ്യിദ്ദീൻ അടക്കം ആറുമക്കളായി. മൊയ്തു മൗലവിയുടെ സഹോദരങ്ങളായ മന്ദിക്ക് നാലുമക്കൾ. കണ്ണൻ, കല്യാണി, ചെറുപ്പത്തിൽ മരിച്ച മറ്റു രണ്ടു മക്കൾ. ചന്ദമ്മന്‍ അഞ്ച് മക്കളുമായി. ചിരുത മരണം വരെ അവിവാഹിതയായി തുടർന്നു.
തലമുറ കൈമാറി സാഹോദര്യബന്ധം
ഉണിച്ചിരാമ്മയും മൊയ്തു മൗലവി അടക്കമുള്ള അവരുടെ നാലു മക്കളും കാലയവനികക്കുള്ളിൽ മറഞ്ഞു. പക്ഷേ, ഇവർ കൊളുത്തിയ സാഹോദര്യത്തിെൻറ വിളക്കുമരം ഇപ്പോഴും അണയാതെ കത്തുന്നു. അതിെൻറ തെളിച്ചം നിലനിർത്തുന്നതിൽ മൗലവിയുടെ മക്കളായ പരേതനായ അബ്ദുൽ മജീദ്, ആത്തിക്ക, സുബൈദ, സുബൈർ, ബഷീർ, ആയിഷ എന്നിവരും മന്ദിയുടെ മക്കളായ കണ്ണനും കല്യാണിയും നിഷ്കർഷ പുലർത്തിയിരുന്നവരാണ്.
താൻ ജനിച്ചത് ഒരു ബലിപെരുന്നാളിനായിരുന്നുവെന്ന് അമ്മ പറഞ്ഞത് കണ്ണേട്ടൻ ഓർക്കുന്നു. ആ സന്തോഷത്തിൽ വീട്ടിൽ പായസം വെച്ചിരുന്നുവത്രെ.കുഞ്ഞുനാളിൽ തയ്യുള്ളതിൽ വീട്ടിൽ പാർക്കുമ്പോൾ കണ്ണേട്ടൻ ഞങ്ങൾക്ക് ഓലപന്തും ഓലപീപ്പിയും ഉണ്ടാക്കി തരുമായിരുന്നുവെന്ന് ബഷീർ മുഹ്യിദ്ദീൻ. ഇന്നും ഒളിമങ്ങാത്ത ബാല്യകാല സ്മരണകളിൽ ഇത്തരം വളപ്പൊട്ടുകൾ ഏറെയാണ്. ഞങ്ങൾക്ക് പുര കെട്ടിമേയുമ്പോൾ ബാക്കി വരുന്ന കരിയോലകൾകൊണ്ട് കളിപ്പന്തൽ ഉണ്ടാക്കിതന്നതും കണ്ണേട്ടൻ തന്നെ.
ഉപ്പക്ക് പിന്നാലെ കുടുംബത്തിൽനിന്ന് വിട പറഞ്ഞ മജീദ്ക്കായുടെ കളിക്കൂട്ടായിരുന്നു കണ്ണേട്ടൻ. മീൻ പിടിക്കാനായി കോറോത്തെ കുളത്തിലും നരിപ്പറ്റ തോട്ടിലും കോറോത്ത് താഴെ വയലിലും ചൂണ്ടയിട്ടതും വലയെറിഞ്ഞതും മജീദ്ക്ക എത്ര കൗതുകത്തോടെയാണ് ഓർത്തിരുന്നത്. കൂട്ടിന് അവർക്കൊപ്പം സലാംക്കയും ഹമീദ്ക്കയും കുട്ട്യാലിക്കായും എന്നുമുണ്ടാകും. തൃശൂരിലെ മാളയിൽ നിന്ന് ഉപ്പയുടെ അനിയൻ അബ്ദുസലാം മൗലവിയുടെ മക്കൾ മുഹമ്മദലിയും ഷൗക്കത്തലിയും വീട്ടിൽ വന്നാൽ പിന്നെ കണ്ണേട്ടനും ആഘോഷമാണ്. കിളച്ചുമറിച്ച തൊടിയിലൂടെ സൈക്കിളോട്ടത്തിെൻറ സർക്കസായിരുന്നു എന്നും. സൈക്കിൾ അഭ്യാസിയായ കണ്ണേട്ടനും കൂട്ടിനുണ്ടാവും.
അടിയന്തരാവസ്ഥ കാലത്ത് നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അംഗമായിരുന്ന ഉപ്പയെ തേടി പാതിരാവിൽ വീട്ടിൽ പൊലീസ് വരുമായിരുന്നു. ഉപ്പ അന്ന് വിദേശത്ത് സന്ദർശന പരിപാടിയിലായിരുന്നു. പ്രസ്ഥാന മാർഗത്തിൽ അറസ്റ്റ് വരിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള സങ്കടം ഉപ്പ പങ്കുവെക്കുമായിരുന്നു. ആ നാളുകളിൽ ഉമ്മാക്കും ഞങ്ങൾ മക്കൾക്കും രാത്രി കാലം കാവലായി കണ്ണേട്ടനും ചാത്തോത്തെ കിട്ടേട്ടനും നാണുവേട്ടനുമാണ് ഉണ്ടാവുക.
ഓണനാളിൽ കണ്ണേട്ടെൻറ അമ്മ മന്ദിയമ്മയും ചിരുതാമ്മയും ഒരുക്കുന്ന ഓണസദ്യയുണ്ണാൻ ഞങ്ങൾ കുളിച്ചൊരുങ്ങി പുറപ്പെടുമായിരുന്നു. കണ്ണേട്ടൻ ഞങ്ങൾക്ക് ഓണത്തിെൻറ ശർക്കരയുണ്ടയും പായസവും കൊണ്ടുവരും. ഓണത്തലേന്ന് തന്നെ ഉപ്പ അവർക്ക് ഓണപ്പുടവയും അരിയും കൊടുത്തയക്കും. ഇന്നും ആ ശീലങ്ങൾ തലമുറകളുടെ സുകൃതമായി തുടരുന്നു. ഉപ്പയാത്രയായിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ചിരുതാമ്മ മൺമറയുന്നത്. രോഗശയ്യയിൽപോലും മുലകുടി പിരിശത്തിെൻറ മധുരമാർന്ന ഓർമകളായിരുന്നു ആ മനസ്സ് നിറയെ.
ബഷീറും സുബൈറും കണ്ണനുമാണ് ഇപ്പോൾ ചിയ്യൂരിൽ താമസിക്കുന്നത്. കല്യാണി തൊട്ടിൽപാലത്തും മജീദിെൻറ കുടുംബം ഫറോക്ക് പേട്ടയിലും ആത്തിക്ക ബാലുശ്ശേരിയിലും താമസമാക്കി. സുബൈദ പൊന്നാനിയിലും ആയിഷ കുറ്റ്യാടിയിലും വീടെടുത്ത് കഴിയുന്നു. കണ്ണനും പരേതനായ മജീദുമായിരുന്നു ഉറ്റ ചങ്ങാതിമാർ. സ്കൂളിലും കളിക്കളങ്ങളിലും ഒരുമിച്ച് വളർന്നവർ. ''ഓന് എന്നേക്കാളും വയസ്സ് കുറവേനും. ഓന പടച്ചോൻ പെട്ടെന്ന് വിളിച്ച്...'' മജീദിനെക്കുറിച്ച് പറയുേമ്പാൾ കണ്ണേട്ടെൻറ കണ്ഠമിടറി. അതുപോലെ ബെസ്റ്റ് ഫ്രൻഡ്സായിരുന്നു കല്യാണിയും സുബൈദയും. വിവാഹിതരായതോടെ രണ്ടുപേരും രണ്ടു സ്ഥലത്തായി. എങ്കിലും വിശേഷദിവസങ്ങളിലും മറ്റും കോറോത്ത് തറവാട്ടിലെത്തുന്ന മക്കളെല്ലാവരും ചാത്തോത്ത് വീട്ടിൽ പോയി കിസ്സ പറഞ്ഞിരിക്കും. കല്യാണിയും ചാത്തോത്തെത്തിയാൽ കോറോത്ത് കയറാതെ തിരിച്ചുപോകില്ല.
മൊയ്തു മൗലവി മരിക്കുന്നതുവരെ സ്വന്തം പെങ്ങളെപ്പോലെയാണ് ചിരുതയെ പരിചരിച്ചിരുന്നത്. ചിരുതാമ്മ തങ്ങളുടെ സ്വന്തം എളാമ്മയായിരുന്നുവെന്ന് ബഷീർ പറയുന്നു. ഉണിച്ചിരാമ്മയുടെ മക്കളോടും കുടുംബത്തോടുമെല്ലാം നല്ലനിലയില്‍ വര്‍ത്തിക്കണമെന്നത് ഉപ്പയുടെ വസ്വിയ്യത്ത് (അന്തിമോപദേശം) ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉപ്പയും ചിരുതാമ്മയും കൂട്ടിനില്ലാതെ തനിച്ചായിപ്പോയ ഞങ്ങൾക്കും കണ്ണേട്ടനും ആ നാളുകളിലെ അനുഭവങ്ങളാണ് ഇഴയടുപ്പത്തിെൻറ കണ്ണിയായി മാറുന്നതെന്ന് ബഷീർ.
എറണാകുളം മദീന, ദഅ്വ മസ്ജിദുകളിൽ ഖത്വീബ് (പ്രഭാഷകൻ) ആയിരുന്ന ബഷീർ മുഹ്യിദ്ദീൻ കഴിഞ്ഞ ലോക്ഡൗൺ മുതൽ കുറ്റ്യാടി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പുറക്കാട് സ്വദേശിനി ജലീലയാണ് ഭാര്യ. നാലു മക്കളിൽ മൂത്തവൾ ഹുസ്ന മുംതാസ് വിവാഹിതയാണ്. ഇപ്പോൾ മലേഷ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ പി.ജിക്ക് പഠിക്കുന്നു. രണ്ടാമത്തെയാൾ തൂബ റുഖിയ ശാന്തപുരം അൽജാമിഅയിൽ അവസാന വർഷ വിദ്യാർഥിയാണ്. മറ്റൊരു മകൾ റുഹ്മ ഫാത്വിമ പ്ലസ്ടു കഴിഞ്ഞു. ഇളയമകൻ മുജ്തബ ആറാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണേട്ടനും ഭാര്യ കമലക്കും രണ്ടു മക്കൾ. മൂത്തയാൾ സുകേഷ് ടൈൽസ് ജോലിക്കാരനാണ്. മകൾ സുഖിന ഭർത്താവിെൻറ നാടായ കക്കട്ടിലിൽ താമസിക്കുന്നു.
പ്രായത്തിെൻറ അവശതകൾക്കിടയിലും കണ്ണേട്ടൻ കോറോത്തെ മണ്ണിെൻറയും തെങ്ങുകളുടെയും കാര്യത്തിലുള്ള ശ്രദ്ധ കൈവിടാൻ ഒരുക്കമല്ല. പ്രായം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാൻ വരുന്നവരോട്, ഇത് പണിയും കൂലിയും എന്ന കളത്തിൽ എഴുതിച്ചേർക്കാവുന്ന ഒന്നല്ലെന്നും ഉണിച്ചിരാമ്മയുടെ മക്കളുടെ കുടുംബകാര്യമാണെന്നും പറഞ്ഞ് അദ്ദേഹവും ബഷീറും പുഞ്ചിരി തൂകും. ഈ സ്നേഹത്തിെൻറയും കരുതലിെൻറയും കാഴ്ചകൾ ഓർത്തോർത്തുകൊണ്ടായിരിക്കാം മയ്യഴിപ്പുഴ ഇന്നും മനോഹരിയായി ഇങ്ങനെ ഒഴുകുന്നത്.
സങ്കടങ്ങളുടെ വേലിയേറ്റങ്ങളിൽ മുങ്ങിത്താഴുമ്പോൾ കോറോത്ത് വീട്ടിലാണ് ഇപ്പോഴും കണ്ണേട്ടൻ ആശ്വാസം കണ്ടെത്തുന്നത്. ഒന്നും ആഗ്രഹിച്ചിട്ടല്ല, പരസ്പരം ചേർന്നുനിൽക്കുമ്പോൾ ലഭിക്കുന്ന ഒരു കരുത്തുണ്ടല്ലോ അതു മാത്രം മതി കണ്ണേട്ടന്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം ആത്മബന്ധങ്ങൾ പോരേ ഒരു ജീവിതം ധന്യമാകാൻ...എല്ലാ മതിൽക്കെട്ടുകൾക്കുമപ്പുറം ഇത്തരം വാതിലുകൾ മനസ്സിൽനിന്ന് മനസ്സിലേക്ക് ഇനിയും മലർക്കെ തുറക്കപ്പെടട്ടെ...
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.