Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightKitchen Gardenchevron_rightവീട് അടിപൊളിയാക്കാന്‍...

വീട് അടിപൊളിയാക്കാന്‍ പരിചയപ്പെടാം ചില ഗാര്‍ഡനിങ് ടിപ്‌സുകൾ

text_fields
bookmark_border
വീട് അടിപൊളിയാക്കാന്‍ പരിചയപ്പെടാം ചില ഗാര്‍ഡനിങ് ടിപ്‌സുകൾ
cancel

ഇൻഡോർ ചെടികളുടെ പരിപാലനം

● ചെടികളുടെ തിരഞ്ഞെടുപ്പ്

കാണാൻ ഭംഗിയുള്ള ചെടികൾ തിരഞ്ഞെടുക്കുക എന്നതിലുപരി വീട്ടിൽ ലഭ്യമായ സ്ഥലം, വെളിച്ചത്തിന്റെ ലഭ്യത തുടങ്ങിയവ പരിഗണിക്കണം. സീ സീ പ്ലാന്റ്, സ്‌നേക് പ്ലാന്റ്, പാത്തോസ്, പാർലർ പാം തുടങ്ങിയ ചെടികൾക്ക് വെളിച്ചം കുറച്ച് മതിയെങ്കിലും സക്കുലന്റുകൾ, മോൺസ്റ്ററ, റബർ പ്ലാന്റ്, കാലത്തിയ തുടങ്ങിയവക്ക് കൂടുതൽ വെളിച്ചം ആവശ്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സ്‌പേസിൽ ലഭ്യമായ വെളിച്ചത്തിന്റെ അളവനുസരിച്ച് അവിടേക്ക് ഏറ്റവും അനുയോജ്യമായ ചെടികൾ തിരഞ്ഞെടുക്കാം.

● മണ്ണുമിശ്രിതം

ചെടികളുടെ ആരോഗ്യകരമായ വളർച്ചക്ക് പ്രധാന ഘടകമാണ് മണ്ണുമിശ്രിതം. പ്രത്യേകിച്ച് വീടിനകത്തെ ചെടികൾക്ക് മണ്ണ് തയാറാക്കുമ്പോൾ വേഗത്തിൽ നീർവാർച്ചയുള്ളതും നന്നായി വായുസഞ്ചാരം ഉള്ളതുമായ മിശ്രിതം തയാറാക്കണം. വെള്ളം കെട്ടിനിന്ന് ചെടികൾ ചീഞ്ഞുപോകാതിരിക്കാൻ മാത്രമല്ല, നല്ല വായുസഞ്ചാരമുള്ള മണ്ണ് വേരുകൾ തഴച്ചുവളരാനും സഹായിക്കും. ഒട്ടുമിക്ക ഇൻഡോർ ചെടികൾക്കും നേരിയ അസിഡിക് മുതൽ ന്യൂട്രൽ ലെവൽ വരെയുള്ള പി.എച്ച് ഏകദേശം 6.0 മുതൽ 7.0 വരെയുള്ള മണ്ണാണ് അനുയോജ്യം.

പി.എച്ച് വളരെ കൂടിയതോ തീരെ കുറഞ്ഞതോ ആയ മണ്ണാണെങ്കിൽ ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു. പി.എച്ച് ലെവൽ തെറ്റാണെങ്കിൽ ചെടിയുടെ വളർച്ചയിലും ആരോഗ്യത്തിലും നിരവധി പ്രതികൂല ഫലങ്ങൾ കാണിക്കും. മഞ്ഞയോ തവിട്ടുനിറത്തിലോ ഉള്ള ഇലകൾ, പെട്ടെന്നുള്ള ഇലകൊഴിച്ചിൽ, വളർച്ച മുരടിപ്പ് തുടങ്ങിയവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ചട്ടികളിൽ വളർത്തുന്ന ചെടികളിൽ സാധാരണ ശ്രദ്ധിക്കാതെ പോകുന്നൊരു കാര്യമാണിത്.

ജിംനോകാത്സ്യം കാക്റ്റസ്, ബാൾ കാക്റ്റസ് എന്നീ ചെടികളുമായി ലേഖകൻ

● വെള്ളം നനക്കുന്ന രീതി

വെള്ളം ഏറ്റവും അത്യാവശ്യ ഘടകമാണെങ്കിൽപോലും വീട്ടിൽ വളർത്തുന്ന ചെടികൾ നശിച്ചുപോകുന്നതിലെ പ്രധാന വില്ലൻ പലപ്പോഴും വെള്ളംതന്നെയായിരിക്കും. ഒരുപാട് സമയം വെള്ളം കെട്ടിനിൽക്കുമ്പോൾ മണ്ണിലെ എയർ പോക്കറ്റുകൾ അടയുകയും വേരുകൾക്ക് സാധാരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയാതിരിക്കുകയും ചെടികൾ ചീഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വെള്ളം നനക്കുന്ന സമയത്ത് നന്നായി നനക്കുകയും വെള്ളം പെട്ടെന്ന് വാർന്നുപോകുന്ന മിശ്രിതം നൽകുകയും ചെയ്യുക. അടുത്ത നനക്കുന്ന ഇടവേള മണ്ണ് മുഴുവനായി ഉണങ്ങിയശേഷം മാത്രമായിരിക്കാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ ബോട്ടം വാട്ടറിങ് പോലുള്ള രീതികൾ ഉപയോഗിക്കാവുന്നതാണ്. ചെടിച്ചട്ടികൾ വെള്ളം നിറച്ച ഒരു ട്രേയിൽവെച്ച് ചട്ടിയുടെ ഡ്രെയ്നേജ് ഹോളിലൂടെ ആവശ്യമായ വെള്ളം ആഗിരണം ചെയ്യാൻ മണ്ണിനെ അനുവദിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ആവശ്യമുള്ളിടത്ത് നേരിട്ട് ഈർപ്പം ലഭിക്കും. ഇതുവഴി മണ്ണിൽ ഒരുപാട് സമയം വെള്ളം കെട്ടിനിൽക്കുമ്പോൾ ചെടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. വേരുചീയൽ, ഫംഗൽ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി അകത്തളങ്ങളിലെ ചെടികൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ് ബോട്ടം വാട്ടറിങ്. മണ്ണിനെ നന്നായി നിരീക്ഷിച്ച് ഈർപ്പം ഇല്ല എന്ന് ഉറപ്പുവരുത്തി ആവശ്യത്തിന് മാത്രം വെള്ളം നൽകുക.

● പ്രൂണിങ്

മണ്ണും ജലവും വെളിച്ചവുംപോലെതന്നെ ചെടിപരിപാലനത്തിലെ പ്രധാന പ്രക്രിയയാണ് പ്രൂണിങ്. കൃത്യമായ ഇടവേളകളിൽ ചെടികൾ നിരീക്ഷിച്ച് പഴുത്തതും കരിഞ്ഞതുമായ ഇലകൾ നീക്കംചെയ്യുക. ഇത്തരം ഇലകൾ നിലനിൽക്കുമ്പോൾ ചെടികൾ ആ ഭാഗങ്ങളിലേക്ക് കൂടുതൽ ഊർജം ഉപയോഗിക്കുന്നതിന് ശ്രദ്ധകേന്ദ്രീകരിക്കും. അത് കാരണം ചെടിക്ക് ക്ഷീണം സംഭവിക്കുന്നു. ഇത്തരം ഇലകൾ നീക്കംചെയ്യുമ്പോൾ ആരോഗ്യമുള്ള ഭാഗങ്ങളിലേക്ക് ഊർജം തിരിച്ചുവിടാൻ ചെടികളെ സഹായകമാക്കുന്നു.

കൂടുതൽ വളർന്ന കമ്പും ചില്ലകളും ഭംഗിയിൽ വെട്ടിയൊതുക്കിക്കൊടുക്കുന്നതുകൊണ്ട് ചെടികളുടെ പുതിയ വളർച്ചയും സൗന്ദര്യാത്മകമായ ആകൃതിയും നിലനിർത്തുന്നു. കൂടാതെ, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കാനും കൃത്യമായ പ്രകാശം ചെടികൾക്ക് ലഭ്യമാക്കാനും സഹായിക്കും.

● ചെടികളും മുറിയിലെ വായുശുദ്ധീകരണവും

വീടിന്റെ അകത്തളങ്ങളിൽ ചെടികൾ വെക്കുന്നത് ഇന്റീരിയർ സ്‌പേസുകൾ മനോഹരമാക്കുന്നതിനൊപ്പം മാനസികവും ആരോഗ്യപരവുമായ പല ഗുണങ്ങളും നൽകുന്നു. അതിൽ പ്രധാനപ്പെട്ടത് ചില ചെടികളുടെ വായുശുദ്ധീകരണത്തിനുള്ള പ്രത്യേക കഴിവുകളാണ്. നിരവധി ഗവേഷണ സ്ഥാപനങ്ങൾ നടത്തിയ പഠനങ്ങളിൽ ചില ചെടികൾക്ക് അന്തരീക്ഷത്തിലെ ഹാനികരമായ ടോക്സിനുകളെ ശുദ്ധീകരിക്കാനുള്ള കഴിവുകളുണ്ട് എന്ന് കണ്ടെത്തിയിരുന്നു.

സ്‌നേക് പ്ലാന്റുകൾ (Sansevieria trifasciata), സ്പൈഡർ പ്ലാന്റുകൾ (Chlorophytum comosum), പീസ് ലില്ലി (Spathiphyllum spp), അലോവേര (Aloe barbadensis miller), റബർ പ്ലാന്റ് (Ficus elastica), ഫിലോഡെൻഡ്രോൺ (Philodendron) തുടങ്ങിയ ചെടികൾ വീടിനുള്ളിൽ വളർത്തുമ്പോൾ ഫൈറ്റോറെമീഡിയേഷൻ (phytoremediation) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ അവയുടെ ഇലകളിലൂടെയും വേരുകളിലൂടെയും ഫോർമൽഡിഹൈഡ്, ബെൻസീൻ (benzene), ക്സൈലീൻ (xylene) തുടങ്ങിയ വായുവിലെ മാലിന്യങ്ങളെ ആഗിരണംചെയ്ത് അവ തകർക്കുകയോ ദോഷകരമല്ലാത്ത പദാർഥങ്ങളായി മാറ്റുകയോ ചെയ്ത് ശുദ്ധീകരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, ചെടികളുടെ പച്ചപ്പ് കാണുന്നതിലൂടെ മാനസിക സമ്മർദങ്ങൾ കുറയുകയും വീടിനകത്ത് പോസിറ്റിവ് അന്തരീക്ഷം രൂപപ്പെടുകയും ചെയ്യുന്നു.

ലാവൻഡർ, ജാസ്മിൻ, അലോവേര, ആഫ്രിക്കൻ വയലറ്റ്, ഇംഗ്ലീഷ് ഐവി, ഗോൾഡൻ പാത്തോസ് തുടങ്ങിയവ ഇത്തരത്തിൽ മാനസികോന്മേഷം തരുന്നതിനും വിശ്രമം പ്രേരിപ്പിക്കുന്നതിനും അതുവഴി മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കാനുള്ള കഴിവിനും പേരുകേട്ട ചെടികളാണ്.

അലോവേര, സ്നേക്ക് പ്ലാന്റുകൾ, സ്പൈഡർ പ്ലാന്റുകൾ തുടങ്ങിയ ചെടികളുടെ മറ്റൊരു പ്രത്യേകത ക്രാസ്സുലേസിയൻ ആസിഡ് മെറ്റബോളിസം (CAM) എന്ന പ്രക്രിയയിലൂടെ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു എന്നതാണ്. ഇത്തരം ചെടികൾ കിടപ്പുമുറികളിൽ വെക്കുന്നത് മുറിക്ക് അകത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉറങ്ങാൻ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ ചെടികളുടെ സ്വാധീനം ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ചെടികൾ അത്തരത്തിലുള്ളൊരു അന്തരീക്ഷം സൃഷ്ടിക്കാൻ തീർച്ചയായും സഹായിക്കുന്നുണ്ട്.

പ്ലാന്‍റ് കലക്ടർമാരും കലക്ടിവ് പ്ലാന്‍റുകളും

തിരക്കുപിടിച്ച ജോലി അന്തരീക്ഷത്തിനും സ്ഥലപരിമിതികൾക്കുമെല്ലാം ഇടയിലും ഇന്നും ആളുകൾ ചെടിപരിപാലനത്തിന് സ്ഥലവും ഇടവും കണ്ടെത്തുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ രീതിയാണ് പ്ലാന്റ് ശേഖരണവും പ്ലാന്റ് കലക്ടർമാരും.

പുറംരാജ്യങ്ങളിലെല്ലാം പ്ലാന്റ് കലക്ടർമാരും അവരുടെ ശേഖരണങ്ങളുടെ പ്രദർശനവുമെല്ലാം വളരെ മുമ്പുതന്നെ പ്രചാരത്തിലുണ്ടെങ്കിലും കുറച്ച് കാലമായി നമ്മുടെ നാട്ടിലെ ഗാർഡനിങ് ട്രെൻഡിൽ വന്ന പുത്തൻ രീതിയാണ് കലക്ടിവ് പ്ലാന്റുകൾ.

നാട്ടിൽ സാധാരണ കാണപ്പെടാത്ത അപൂർവ സസ്യങ്ങൾ തേടിപ്പിടിച്ച് തങ്ങളുടെ ശേഖരത്തിൽ ഉൾപ്പെടുത്തുക, അതിലെ പര്യവേക്ഷണം, വൈവിധ്യങ്ങളോടുള്ള താൽപര്യം തുടങ്ങിയവയൊക്കെയാണ് ഒരു പ്ലാന്റ് കലക്ടറുടെ ആവേശം. അതോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട ചെടികൾ വീടിന്റെ പല ഭാഗങ്ങളിലും അലങ്കരിച്ചുവെക്കാം എന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardening TipsSucculentplant
News Summary - How to Care for Succulent
Next Story