'മരിക്കുമ്പോള്‍ ഉപ്പയുടെ മുഖത്ത് മേക്കപ് ഉണ്ടായിരുന്നു. മേക്കപ്പ് തുടച്ചുകളഞ്ഞിട്ടാണ് മയ്യിത്ത് കുളിപ്പിച്ചത്. മേക്കപ്പിട്ട് മരിക്കണം എന്നായിരുന്നു ആഗ്രഹം'
text_fieldsമാനേ മാനേ വിളി കേള്‍ക്കൂ, മലര്‍വാക പൂത്ത വഴി നീളെ... എന്ന പാട്ടോര്‍മ, നീറുന്ന ഹൃദയത്തോടെ, നിറഞ്ഞ കണ്ണുകളോടെയാണ് വി.പി. ഖാലിദിന്റെ ആദ്യ ഭാര്യ സഫിയ ഇന്ന് ഓര്‍ത്തെടുക്കുന്നത്. ചുവന്ന തിരശ്ശീലക്കു പിന്നില്‍ അവര്‍ കണ്ട ഭര്‍ത്താവിന്റെ ജീവിതം, ഒന്നല്ല ഒരായിരം സിനിമക്കുള്ള കഥ പറയും. കുടുംബത്തിന്റെ ഓര്‍മകളില്‍ പിന്നിട്ട ജീവിതം തന്നെയായിരുന്നു ആ മാന്ത്രികന്റെ ഡ്രമാറ്റിക് യൂനിവേഴ്‌സിറ്റി.
വലിയകത്ത് പരീദിന്റെ മകൻ വി.പി. ഖാലിദ് എന്ന ചലച്ചിത്രനടന്റെ സിനിമഭ്രാന്തിനും അഭിനയമോഹത്തിനും മുന്നില്‍ കണ്ണും കാതും കോര്‍ത്തുവെച്ച മക്കള്‍ ഇന്ന് വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങള്‍. മലയാള സിനിമയെ മാറ്റിമറിച്ച 'ട്രാഫിക്കി'ലൂടെ ഛായാഗ്രാഹകനായെത്തിയ ഷൈജു ഖാലിദ് ഇന്ത്യൻ സിനിമക്ക് സമ്മാനിച്ചത് എക്കാലത്തെയും മികച്ച ഫ്രെയിമുകൾ.
സാൾട്ട് ആൻഡ് പെപ്പർ, സുഡാനി ഫ്രം നൈജീരിയ, മഹേഷിന്റെ പ്രതികാരം, ഈ.മ.യൗ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി കൈവെച്ചതെല്ലാം മലയാളത്തിന്റെ മൈൽ സ്റ്റോണുകൾ. അടുത്തയാൾ ജിംഷി ഖാലിദ് അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ഛായാഗ്രാഹകനായി അഭ്രപാളിയിൽ വിസ്മയം തീർത്തപ്പോൾ സഹോദരൻ ഖാലിദ് റഹ്മാൻ എഴുത്തിലും സംവിധാനത്തിലും തിളങ്ങി. കൊച്ചിയില്‍ രണ്ടുദശകം മുമ്പ് യൗവനം പിന്നിട്ടവരുടെ ഓര്‍മകളില്‍ ആ നിയോഗം പക്ഷേ, ഒട്ടും യാദൃച്ഛികമല്ല.
ശരീരം മഴവില്ലാക്കിയ കലാകാരൻ
നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അദ്ദേഹം ഒരു മാജിക്കുകാരനായിരുന്നു. വാഴക്കുന്നം നമ്പൂതിരിയിൽനിന്ന് മാജിക് പഠിച്ച കലാകാരൻ. റെക്കോഡ് ഡാന്‍സറായിരുന്നു. മേക്കപ്മാനായിരുന്നു, സംവിധായകനായിരുന്നു, ഒന്നാന്തരം എഴുത്തുകാരനായിരുന്നു.
നാടകത്തിനുവേണ്ടി പണ്ട് കുറെ കഥകള്‍ എഴുതിയിട്ടുണ്ട്. തിരക്കഥകള്‍ പലതും സിനിമയാക്കണമെന്നും ആഗ്രഹിച്ചിരുന്നു. റഹ്മാന്‍ സംവിധായകനായപ്പോള്‍, പുതിയ ജീവിതാന്തരീക്ഷത്തില്‍ എന്റെ കഥക്ക് പ്രസക്തിയില്ലല്ലോ എന്നു പറഞ്ഞു അദ്ദേഹം ചിരിക്കുമായിരുന്നു -സഫിയ പറഞ്ഞുതുടങ്ങി.
മാരാരിക്കുളത്തുവെച്ച് 1972ലാണ് സൈക്കിള്‍ യജ്ഞ പരിപാടിക്കിടെ ഞങ്ങള്‍ ആദ്യമായി കാണുന്നത്, ഞാനും കൂട്ടുകാരിയും കൂടി സൈക്കിള്‍ യജ്ഞ ക്യാമ്പിലൂടെ നടന്നുപോകുമ്പോള്‍. 'ഇന്ദ്രവല്ലരി പൂ ചൂടിവരും...' എന്ന പാട്ട് ആരോ പാടുന്നു, റെക്കോഡ് വെച്ചപോലെ. സത്യത്തില്‍ യേശുദാസല്ല പാടുന്നതെന്ന് ആരും പറയില്ല. അടുത്ത് ചെന്നപ്പോള്‍ ബോര്‍ഡില്‍ താളംപിടിച്ചു നില്‍ക്കുന്നത് ഒരു ചെറുപ്പക്കാരന്‍.
തൊട്ടടുത്ത വര്‍ഷം 'പൊന്നാപുരം കോട്ട' സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ അയാളെ വീണ്ടും കണ്ടു. ആ പരിചയം പിന്നെ അടുപ്പമായി. എനിക്കും കലാരംഗത്തു പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ളതുകൊണ്ട് കുറച്ചുനാള്‍ കഴിഞ്ഞ് ഞാനും സൈക്കിള്‍ യജ്ഞ പരിപാടിയില്‍ ചേര്‍ന്നു. ആ കാലത്തൊക്കെ ഒരുപാട് എതിര്‍പ്പുകള്‍ ഇരുവീട്ടുകാരുടെയും ഭാഗത്തുനിന്ന് നേരിട്ടു.
പിറ്റേ വര്‍ഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ മുന്‍കൈയെടുത്ത് ചെമ്പിട്ട പള്ളിയില്‍വെച്ച് നിക്കാഹ് നടത്തി. ആ സമയം അദ്ദേഹത്തിന് ജെമിനി സര്‍ക്കസില്‍ റെക്കോഡ് ഡാന്‍സ് കളിക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി 'ഷാജി കലാവേദി' എന്നപേരില്‍ സര്‍ക്കസ് കമ്പനി തുടങ്ങി. കൊച്ചിന്‍ നാഗേഷ് എന്ന പേരിലാണ് അവിടന്നങ്ങോട്ട് അദ്ദേഹം അറിയപ്പെട്ടത്.
തുടക്കത്തില്‍ വരുമാനം വളരെ കുറവായിരുന്നു. മൃഗങ്ങളൊന്നുമില്ലാതെ ട്രപ്പീസ് മാത്രമാണ് നടത്തിയിരുന്നത്. പതിയെ നില മെച്ചപ്പെടാന്‍ തുടങ്ങി. വൈകീട്ട് ആറോടെ 'കോളാമ്പി'യിലൂടെ അനൗൺസ്‌മെന്റ് തുടങ്ങും. ഒരിക്കലെങ്കിലും സൈക്കിള്‍ യജ്ഞം കണ്ടിട്ടുള്ളവര്‍ക്ക് പോണികെട്ടി ശബ്ദത്തോടെ സൈക്കിള്‍ വരുന്നതും റെക്കോഡ് ഡാന്‍സും ലേലം വിളിയും കുഴിച്ചുമൂടലും ഒന്നും മറക്കാനാകില്ല.
ആളുകളെ ചിരിപ്പിക്കാനുള്ള നാടകമാണ് ഒടുവിലത്തെ നമ്പര്‍. അദ്ദേഹമാണ് കഥയെഴുതുക. ആറുവര്‍ഷം അദ്ദേഹം സര്‍ക്കസ് കമ്പനി നടത്തി. രണ്ടു മക്കളാകുന്നതു വരെയും അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നിഴൽപോലെ കൂടെ നിന്നു.
ഗള്‍ഫ് ഒരു തടവറയായി
അപ്പോഴും ഞങ്ങള്‍ക്ക് സ്വന്തമായി വീടോ സമ്പാദ്യമോ ഉണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കിയ സഹോദരന്‍ അദ്ദേഹത്തിന് ഗള്‍ഫിലേക്ക് വിസ ശരിയാക്കി. അന്ന് പോകാന്‍ പതിനായിരം രൂപ വേണ്ടിവന്നു. സര്‍ക്കസ് ക്യാമ്പില്‍നിന്ന് കിട്ടിയിരുന്ന പത്തുപൈസ കൂട്ടിവെച്ചതെല്ലാം പലചരക്കു കടയില്‍ കൊണ്ടുപോയി ഞാന്‍ പത്തിന്റെ നോട്ടാക്കി സൂക്ഷിച്ചുവെച്ചിരുന്നു.
അത് എണ്ണിനോക്കിയപ്പോള്‍ പതിനായിരം രൂപ! ആ പൈസകൊണ്ട് അദ്ദേഹം കൊച്ചിയില്‍നിന്നുള്ള ആദ്യ ബോയിങ്ങില്‍ ഗള്‍ഫിലേക്ക് പോയി. ആറുകൊല്ലം കടിച്ചുപിടിച്ചു നിന്നു. പിന്നെ കലാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റുന്നില്ലെന്ന ഒറ്റക്കാരണം കൊണ്ട് നാട്ടില്‍ തിരിച്ചെത്തി.
തിരിച്ചുവന്ന ഉടൻ നാടകക്കാരുടെ കൂടെ പോയിത്തുടങ്ങി. കൊച്ചിന്‍ സനാതനയിലേക്ക് ദിവസവും നേരം വെളുക്കുമ്പോള്‍തന്നെ പോകും. തിന്നാനും കുടിക്കാനുമൊന്നും വേണ്ട. രണ്ടു ജോടി ഡ്രസും കൈയിൽപിടിച്ച് ഉദയ സ്റ്റുഡിയോയുടെ വാതില്‍ക്കല്‍ ദിവസങ്ങളോളം അദ്ദേഹം കാത്തുനിന്നിട്ടുണ്ട്.
അങ്ങനെ കുറെ വേഷങ്ങള്‍ ചെയ്തു. പറഞ്ഞുറപ്പിച്ച വേഷങ്ങള്‍ പലതും നഷ്ടമായ സംഭവങ്ങൾ വേദനയോടെ പറഞ്ഞിട്ടുണ്ട്. കഥയെഴുതി ടെലിഫിലിം ഒക്കെ എടുത്തിട്ടുണ്ട്. അക്കാലത്താണ് കൊടകരയില്‍ താമസിച്ചിരുന്ന രണ്ടാം ഭാര്യ സൈനബയെയും മക്കളെയും കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. പിന്നെ ഞങ്ങളെല്ലാവരും കൊച്ചിയില്‍തന്നെ രണ്ടു കുടുംബമായി സന്തോഷമായി താമസിച്ചു.
മേക്കപ്പിട്ട് മരിക്കണം
മുസ്‍ലിമായതുകൊണ്ട് ചുറ്റുപാടുനിന്നും നിരവധി എതിര്‍പ്പുകള്‍ അദ്ദേഹം നേരിട്ടിട്ടുണ്ട്. എന്നിട്ടും അഭിനയം കൈവിട്ടു കളഞ്ഞില്ല. മേക്കപ്പിട്ട് മരിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ഇളയ മകന്‍ ജിംഷി പറഞ്ഞത്, ഉപ്പ മരിക്കുമ്പോള്‍ മുഖത്ത് മേക്കപ് ഉണ്ടായിരുന്നെന്നാണ്. മേക്കപ് തുടച്ചുകളഞ്ഞിട്ടാണ് മയ്യിത്ത് കുളിപ്പിച്ചതെന്ന്. മരണംവരെ കലാകാരനായി ജീവിക്കാന്‍ അദ്ദേഹം തീരുമാനിച്ചതുകൊണ്ടാണ് ഇന്ന് മക്കള്‍ ഈ നിലയില്‍ വളര്‍ന്നത്.
അദ്ദേഹത്തിനു വേണ്ടിയാണ് ഫോർട്ടുകൊച്ചി കുന്നുംപുറം പ്രദേശത്ത് വീടെടുത്തത്. അദ്ദേഹം ജനിച്ചുവളര്‍ന്ന സ്ഥലമാണിത്. മോശം അവസ്ഥയിൽ സഹോദരങ്ങളാണ് താങ്ങായിനിന്നത്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയതോടെ പാട്ടുപാടാന്‍ പോകുമായിരുന്നു. വൈകുന്നേരങ്ങളില്‍ മെഹബൂബ് ഓര്‍ക്കസ്ട്രയില്‍ പാട്ടുപാടാന്‍ പോകും.
മരണംവരെ സജീവമായി കലാരംഗത്തുണ്ടാകണമെന്ന ആഗ്രഹമാണ് 'മറിമായം' എന്ന സീരിയലിലൂടെ സാക്ഷാത്കരിച്ചത്. സ്‌കൂളുകളില്‍ പ്രച്ഛന്നവേഷത്തിന് കുട്ടികളെ ഒരുക്കിവിടുമായിരുന്നു. ഷുഗര്‍ വന്നതോടെയാണ് ഹാര്‍ട്ട് തകരാറിലായത്. അപ്പോഴും നാടക രചനക്കും ഗാനമേളക്കുമൊന്നും കുറവുണ്ടായില്ല.
തളര്‍ത്തിയത് മൂത്തമകന്റെ വിയോഗം
ആണ്‍മക്കളിലേക്കുള്ള വാപ്പയുടെ നാവും കഥകളുടെ കേള്‍വിക്കാരിയും താനായിരുന്നെങ്കില്‍ ഉപ്പയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി കൂടെനിന്നത് മൂത്ത സഹോദരന്‍ ഷാജിയായിരുന്നെന്ന് മകള്‍ ജാസ്മി ഖാലിദ് പറയുന്നു. ഇക്ക വഴിയാണ് മറ്റു മൂന്നുപേരും സിനിമയിലെത്തിയത്. ഷാജിക്കയുമായി ചേര്‍ന്ന് കാര്‍ണിവലില്‍ ഉപ്പ ടാബ്ലോ ചെയ്തിരുന്നു. അത് ഭയങ്കര ആവേശമായിരുന്നു.
ഒരുതവണ ആന പാപ്പാനെ ചവിട്ടിക്കൊല്ലുന്നത് ആസ്പദമാക്കിയാണ് ടാബ്ലോ ഇറക്കിയത്. അന്നതൊരു സെന്‍സേഷനല്‍ വിഷയമായിരുന്നു. കുറെ സ്ഥലങ്ങളില്‍ അലഞ്ഞിട്ടാണ് ഉപ്പക്ക് ബോധിച്ച തരത്തില്‍ നിര്‍മിച്ച ആനയെ കിട്ടിയത്. അതിന് സമ്മാനവും കിട്ടി. ഷാജിക്കയുടെ മരണം അദ്ദേഹത്തെ ഏറെ തളര്‍ത്തി. അതിനുശേഷമാണ് കാര്‍ണിവലിനോട് താല്‍പര്യം കുറഞ്ഞത്. പഴയകാല കഥകളുടെ കെട്ടഴിക്കുമ്പോള്‍ ചെറുപ്പത്തില്‍ താന്‍ ചെയ്യാത്ത ജോലികളില്ലെന്ന് പറയുമായിരുന്നു.
മുകളിലത്തെ നിലയില്‍ പെട്ടി നിറയെ ഉപ്പയെഴുതിയ കഥകളുണ്ട്. മുറി നിറയെ പഴയകാല കാസറ്റുകളുണ്ട്. വീടു മാറുമ്പോഴൊക്കെ ഉപ്പ ആദ്യം എടുത്തുവെക്കുന്നത് അതൊക്കെയാണ്. മക്കളെല്ലാം സിനിമ ഫീൽഡില്‍ പേരെടുത്തപ്പോള്‍ അഭിമാനത്തോടെ പറഞ്ഞു നടക്കുമായിരുന്നു.
പക്ഷേ, അവര്‍ വിളിക്കാതെ ഒരിക്കല്‍പോലും സെറ്റില്‍ പോകുകയോ ചാന്‍സ് ചോദിക്കുകയോ ഉണ്ടായിട്ടില്ല. അവര്‍ അവരുടേതായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും, ഉപ്പ ഉപ്പയുടെ വഴിക്കും. കുടുംബത്തിലും പുറത്തും എല്ലാവരെയും ചിരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.
അവനവന്റെ ഇടങ്ങളില്‍ സ്വതന്ത്രരായിരിക്കുക
വലിയൊരു സൗഹൃദവലയംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. ഉപ്പയോടൊപ്പം ഷൈജുവോ റഹ്മാനോ ഉണ്ടെങ്കിലും എല്ലാവരും തിരിച്ചറിയുന്നത് ഉപ്പാനെയാണ്. കലാകാരന്‍ എന്നുള്ള പേരാണ് ഉപ്പയുടെ സമ്പാദ്യം. മറ്റുള്ളവരെ ആശ്രയിക്കരുതെന്നും സ്വന്തം കാലില്‍ നില്‍ക്കാനുമാണ് ഉപദേശിച്ചത്.
അവിടെ പോകരുത്, ഇവിടെ പോകരുത്, ഇന്ന ജോലിയേ ചെയ്യൂ എന്നൊന്നും വാശിപിടിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മക്കളുടെമേല്‍ നിയന്ത്രണങ്ങള്‍ ഒന്നും ഉപ്പ വെച്ചിട്ടില്ല. മക്കളാണെന്നു കരുതി അവരെ പ്രത്യേക കരുതലോടെ കൊണ്ടുനടക്കുകയും ചെയ്തിട്ടില്ല. അവരവരുടെ ഇടങ്ങളില്‍ എല്ലാവരും സ്വതന്ത്രരായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.
അപ്പോഴാണ് ആ 'മറിമായം' സംഭവിച്ചത് -ഷൈജു ഖാലിദ്
നാടകങ്ങളിലും മറ്റും വാപ്പ പല വേഷങ്ങളും ചെയ്‌തിട്ടുണ്ട്. പക്ഷേ, ജീവിതത്തിൽ കെട്ടിയ ഒരു വേഷമാണ് അദ്ദേഹത്തെ ഓർക്കുമ്പോൾ ഇന്നും മനസ്സിൽ തെളിയുന്നത്. അന്നെനിക്ക് പത്തു വയസ്സിൽ താഴെയേ പ്രായമുള്ളൂ. ആറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു പുള്ളി നാട്ടിലേക്ക് വരുന്നു.
വാപ്പ വന്നെന്ന് ഉമ്മ വിളിച്ചുപറയുന്നത് കേട്ട് ഓടിച്ചെന്നു. നോക്കിയപ്പോൾ മുന്നിൽ താടിയും മുടിയും വളർത്തിയ ഒരു രൂപം! ഇതല്ല എന്ന് പറഞ്ഞു ഞാൻ അന്ന് വലിയ വായിൽ നിലവിളിച്ചു. വാപ്പ താടിയും മുടിയും ഒക്കെ വെട്ടിവന്നപ്പോഴേക്കും വീട്ടുകാരൊക്കെ കൂടി എന്നെ സമാധാനിപ്പിക്കുകയായിരുന്നു. പിന്നെയങ്ങോട്ട് ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായ നിരവധി വേഷങ്ങൾ കണ്ടു.
പള്ളുരുത്തി വെളിയിലും മട്ടാഞ്ചേരി ടൗണ്‍ഹാളിലുമൊക്കെയാണ് അന്ന് ഞങ്ങൾ നാടകം കാണാന്‍ പോയിരുന്നത്. ചാര്‍ളി ചാപ്ലിന്റെ വേഷമൊക്കെയിട്ട് കൊമേഡിയനായി വാപ്പ അഭിനയിച്ച ആലപ്പി തിയേറ്റഴ്സിന്റെ 'ഡ്രാക്കുള' കുടുംബം ഒന്നിച്ചാണ് പോയി കണ്ടത്. അതുപോലെ കലാനിലയത്തിന്റെ രക്തരക്ഷസ്. അതെല്ലാം ഇപ്പോഴും രസമുള്ള ഓർമകളാണ്.
സിനിമയിൽ അഭിനയിക്കാൻ വാപ്പ കുറെ അലഞ്ഞിട്ടുണ്ട്. അന്നും പ്രാരബ്ധങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ കയറുക എന്നൊന്നും ഇന്നത്തെ പോലെ ചിന്തിക്കാനേ പറ്റില്ല. പിന്നെ കൊച്ചിക്കാരനായതിനാൽ സപ്പോര്‍ട്ട് ചെയ്യാനാളില്ലാത്ത സ്ഥിതിയായിരുന്നു. എന്നിട്ടും കുറെ ശ്രമിച്ചു. ഇടക്കാലത്ത് കുറച്ചു പടങ്ങള്‍ ചെയ്തു. അതൊന്നും വലിയ വേഷങ്ങളാകാതിരുന്നതു കൊണ്ട് അതൊക്കെ അങ്ങനെ പോയി.
ഞാൻ സിനിമ താല്‍പര്യം കാണിച്ചപ്പോള്‍ പുള്ളി നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. ''നമ്മളൊക്കെ രക്ഷപ്പെടാന്‍ പാടായിരിക്കും. അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ വേണം സപ്പോര്‍ട്ട് ചെയ്യാന്‍. നിങ്ങളെ ആര് സപ്പോര്‍ട്ട് ചെയ്യാനാണ്. നിങ്ങള്‍ക്ക് ആരെ അറിയാം''.
എന്തെങ്കിലുമൊക്കെ പഠിച്ചൊരു നിലയിലാകണമെന്ന് എല്ലാ മാതാപിതാക്കളെയുംപോലെ വാപ്പയും പറഞ്ഞു. പിന്നീട് എനിക്ക് കാമറ വര്‍ക്കുകള്‍ വരാന്‍ തുടങ്ങി. സിനിമകൾ ചെയ്തു. പക്ഷേ, അപ്പോഴും അദ്ദേഹം ഒരു ചാന്‍സ് ചോദിച്ചിട്ടേയില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല.
ഞങ്ങളും വിചാരിച്ചിരുന്നത് പുള്ളിക്ക് അങ്ങനൊരു ചാന്‍സ് ഇനിയില്ല, അഭിനയ ജീവിതം ഇനിയുണ്ടാകില്ല എന്നൊക്കെയാണ്. പേക്ഷ, അപ്പോഴാണ് ജീവിതത്തിൽ 'മറിമായം' സംഭവിച്ചത്. മറിമായം ഹിറ്റായപ്പോൾ പുള്ളി സെലിബ്രിറ്റിയായി. എല്ലാ വിഭാഗം ആളുകളിലേക്കും ആ കഥാപാത്രം ഇറങ്ങിച്ചെന്നു.
പ്രവാസികളും വടക്കൻ ജില്ലകളിൽ നിന്നുള്ളവരുമൊക്കെ വീടന്വേഷിച്ചു വരുമായിരുന്നു. മരിക്കുമ്പോള്‍ ആളൊരു അറിയപ്പെടുന്ന നടനായി. മറിമായം തുടങ്ങിയിട്ട് അഞ്ചുവര്‍ഷമേ ആകുന്നുള്ളൂ. അതിലേക്കെത്താൻ ആൾ ഒരു അമ്പത് വർഷത്തിലധികം ജീവിതത്തിൽ പോരാടിയിട്ടുണ്ട്. ആഗ്രഹിച്ചപോലെ ആളുകൾ ഇഷ്ടപ്പെടുന്ന കലാകാരനായി അറിയപ്പെട്ടിട്ട് മൺമറഞ്ഞു എന്നതാണ് വേർപാടിലും സന്തോഷം തരുന്ന കാര്യം.
സിനിമക്കുവേണ്ടി ലൊക്കേഷൻ കാണാൻ ചെല്ലുന്നയിടങ്ങളിൽ സംസാരത്തിനിടക്ക് വി.പി. ഖാലിദിന്റെ മകനാണെന്ന് പറയുമ്പോൾ ആളുകൾ 'മറിമായം സുമേഷി'നെ ഓർത്തെടുക്കും. പിന്നീടങ്ങോട് സുമേഷിന്റെ മകനോടെന്ന പോലെയാണ് സ്നേഹം പങ്കിടുക. വൈകിയാണെങ്കിലും അത് സംഭവിച്ചു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.