Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വേനൽക്കാലത്തും കറന്റ് ബിൽ കുറക്കാം; വഴികളിതാ...
cancel

വൈദ്യുതി ചാർജ്​ കൂട്ടുന്നു എന്നുകേട്ട് വിഷമിച്ചിരിക്കുന്നവർ ധാരാളമുണ്ട്. കറന്‍റ്​ ബിൽ ഷോക്കടിപ്പിക്കുന്നു എന്ന പരാതിയാണ് കൂടുതൽ പേർക്കും. കടുത്ത വേനലാവുമ്പോഴേക്കും വൈദ്യുതി ഉപഭോഗം കൂടുക സ്വാഭാവികമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാനും അനാവശ്യ പണച്ചെലവ്​ ഒഴിവാക്കാനും കഴിയും.

വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതുമാത്രം തിരഞ്ഞെടുക്കുക. ആവശ്യത്തിനുമാത്രം വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. പീക്​ ലോഡ് സമയത്ത് (വൈകീട്ട്​ ആറു മുതല്‍ 10 വരെ) കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഉപയോഗശേഷം ലൈറ്റും ഫാനും ടി.വിയും അതുപോലുള്ള മറ്റ്​ ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്തോ പുതിയവ വാങ്ങിയോ ഉപയോഗിക്കുക. ഓര്‍ക്കുക, ഒരു യൂനിറ്റ് വൈദ്യുതി ലാഭിക്കുന്നത് രണ്ടു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന്​ തുല്യമാണ്. കാരണം, ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിന്‍റെ പക്കലെത്തിക്കാൻ രണ്ടു യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കേണ്ടിവരുന്നുണ്ട്.

വൈദ്യുതി ഉപഭോഗം അറിയാം

നമ്മുടെ വീടുകളിലെ ഉപഭോഗം രണ്ടു മാസം കൂടുമ്പോൾ എത്ര യൂനിറ്റാണ് എന്നത് ഇലക്ട്രിസിറ്റി ബില്ലിൽ നോക്കി മനസ്സിലാക്കുക. വൈദ്യുതി ഉപഭോഗം 20 ശതമാനമെങ്കിലും കുറക്കാനായാല്‍ കറന്റ് ബില്ലില്‍ ഏകദേശം മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ നമുക്ക് കഴിയും. അതിനായി ബൾബുകളുടെ വാട്ടേജ് ശ്രദ്ധാപൂർവം കുറക്കുക. വീടിന്​ മുൻവശത്തുള്ള ഒരു 60 വാട്ട് ബൾബ് രാത്രി മുഴുവനും കത്തിച്ചിട്ടാൽ രണ്ടു മാസത്തേക്ക്​ 43 യൂനിറ്റ് വൈദ്യുതിയാകും. എന്നാൽ, ആ സ്ഥാനത്ത് 9 വാട്ടിന്‍റെ എൽ.ഇ.ഡി ബൾബ് ഉപയോഗിച്ചാൽ ആറ്​ യൂനിറ്റ് വൈദ്യുതി മാത്രമേ ചെലവാകൂ. ഈ ഒരു ബൾബിന്‍റെ മാറ്റംകൊണ്ടുതന്നെ വൈദ്യുതി ചാർജ്​ ഇനത്തിൽ രണ്ടു മാസത്തേക്ക്, കുറഞ്ഞത് 150 രൂപയോളം ലാഭിക്കാൻ കഴിയും.

ടി.വിയും റഫ്രിജറേറ്ററും ഇല്ലാത്ത വീടുകൾ കുറവാണ്. ടി.വി കാണുമ്പോൾ ഒരു ലൈറ്റും ഫാനും കൂടി പ്രവർത്തിപ്പിക്കാറുണ്ട്. പല വീടുകളിലും ട്യൂബോ 60വാട്ടിന്‍റെ സാധാരണ ബൾബോ ആകാം. ഈ രീതിയിൽ ലൈറ്റും ഫാനും ഉൾപ്പെടെ അഞ്ചു മണിക്കൂർ ടി.വി കാണുന്നതിനുമാത്രം ഒരു യൂനിറ്റ് വേണം. ദിവസവും 10 മണിക്കൂർ ടി.വി കണ്ടാൽ അതുമാത്രം രണ്ടു യൂനിറ്റ് കറന്‍റാവും.

കിടപ്പുമുറിയിൽ ഒരു ഫാൻ എട്ടു മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂനിറ്റായി. അങ്ങനെ രണ്ടു കിടപ്പുമുറി ഉപയോഗിക്കുമ്പോൾ ഒരു യൂനിറ്റ് ഫാനിനുമാത്രം ചെലവാകുന്നു എന്നോർക്കുക.

റഫ്രിജറേറ്റർ ഒരു ദിവസം മുക്കാൽ യൂനിറ്റ്​ മുതൽ ഒരു യൂനിറ്റ് വരെ ഉപയോഗിക്കും. കംപ്രസർ കേടാണെങ്കിൽ അത് അതിലും കൂടുതലാകും.

പിന്നെ അത്യാവശ്യം മറ്റുപകരണങ്ങൾ കൂടിയാകുമ്പോൾ ഇടത്തരം വീടുകളിൽ ഒരു ദിവസം നാലു യൂനിറ്റ് ഉപയോഗമായി. 60 ദിവസത്തെ ഉപയോഗം ശരാശരി നാലു യൂനിറ്റ് വെച്ച് കണക്കാക്കിയാൽ 240 യൂനിറ്റ്. രണ്ടുമാസം കൊണ്ട് 240 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. ഉപയോഗം 240 യൂനിറ്റ് കടന്നുപോയാൽ സബ്സിഡിക്ക് പുറത്താവുകയും ബിൽ തുക കൂടുകയും ചെയ്യും.

വൈദ്യുതിച്ചോർച്ച കണ്ടെത്താം

വീട്ടിൽ പെട്ടെന്ന്​ അസാധാരണമായ ഉപഭോഗം ശ്രദ്ധയിൽപെട്ടാൽ അതിനുകാരണം വൈദ്യുതിച്ചോർച്ചയാകാം. കാലപ്പഴക്കംചെന്ന വയറിങ്​ വൈദ്യുതിച്ചോർച്ചയുണ്ടാക്കാം. ഒരു അംഗീകൃത വയർമാനെക്കൊണ്ട് വയറിങ്​ പരിശോധിപ്പിക്കുകയും പഴക്കംചെന്നതും ശേഷികുറഞ്ഞതുമായ വയറുകൾ മാറ്റിസ്ഥാപിക്കുകയും വേണം. ഇതൊക്കെ ചെയ്തിട്ടും വീണ്ടും അമിതമായ ഉപഭോഗമാണ്​ കാണിക്കുന്നതെങ്കിൽ ഇലക്ട്രിസിറ്റി ഓഫിസിൽ അപേക്ഷ കൊടുത്ത്​ മീറ്റർ പരിശോധിപ്പിക്കണം.


വൈദ്യുതി വിളക്കുകൾ പുനഃക്രമീകരിക്കാം

●പ്രകൃതിദത്തമായ വെളിച്ചം പരമാവധി പ്രയോജനപ്പെടുത്താൻ ശീലിക്കണം. പകല്‍ വെളിച്ചം കിട്ടുന്നരീതിയില്‍ മുറികളുടെ ജനാലകൾ തുറന്നിടുക.

●സൂര്യപ്രകാശം കടക്കാന്‍ കണ്ണാടി ഓടുകൾ ‍നിര്‍മാണസമയത്തുതന്നെ മേൽക്കൂരകളിൽ പതിക്കുക.

●രാത്രിമുഴുവന്‍ കത്തുന്നവ കഴിവതും കുറഞ്ഞ വാട്ടേജ് ഉള്ളത് ആക്കുക. രാത്രികാലങ്ങളില്‍ വീടിന്​ പുറത്തുള്ള ലൈറ്റുകള്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. ഗേറ്റ് ലാംപും പുറത്തേക്കുള്ള മറ്റു ബൾബുകളും വാട്ടേജ് കുറഞ്ഞതുമാത്രം ഉപയോഗിക്കുക.

●സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കുപകരം നിലവാരമുള്ള എല്‍.ഇ.ഡി ബള്‍ബുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.

●ബൾബ്​ ഹോൾഡറിനോടുചേർന്ന്​ വെളിച്ചം ശരിയായരീതിയിൽ പ്രതിഫലിച്ച്​ കിട്ടുന്നതിനുവേണ്ട ഷേഡുകൾ ഘടിപ്പിച്ചാൽ 30 ശതമാനം അധികം വെളിച്ചം ലഭിക്കും.

●ബള്‍ബുകളും ട്യൂബുകളും അവക്ക്​ ഉപയോഗിക്കുന്ന ഷേഡുകളും ഇടക്കിടെ തുടച്ചുവൃത്തിയാക്കുക.

●ഓരോ മുറിയിലും ആവശ്യമുള്ളത് എത്ര വാട്ടിന്‍റെ ബൾബാണെന്ന് മനസ്സിലാക്കണം.

●വീടിനകം പെയിന്റ്​ ചെയ്യാന്‍ ഇളംനിറങ്ങള്‍ മാത്രം ഉപയോഗിക്കണം.

●വായിക്കാനും പഠിക്കാനും ടേബിൾ ലാംപുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.

●കുളിമുറിയിലും കക്കൂസിലും ഒരു വാട്ട് ഉള്ള എൽ.ഇ.ഡിബൾബ് മതി.

●കെട്ടിടത്തിന്​ പുറത്തുള്ള ലൈറ്റുകൾ പകൽസമയം തെളിഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഫാൻ വില്ലനാകുമ്പോൾ

വർഷം മുഴുവനും രാവും പകലും കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് നമ്മുടെ വീട്ടിലെ ഫാനുകൾ. വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരുഭാഗം ഫാനിന്റെ സംഭാവനയാണ്. ഫാൻവാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതി ബില്ലിൽ വലിയ കുറവു വരുത്താൻ കഴിയും.

●ഫാനുകൾ വാങ്ങുമ്പോൾ ഭാരംകുറഞ്ഞവ വാങ്ങുക.

●ഗുണമേന്മയില്ലാത്തതും തീരെ വിലകുറഞ്ഞതുമായ ഫാനുകള്‍ ഒഴിവാക്കുക.

●ഡബ്​ള്‍ 'ബോള്‍ബെയറിങ്​' ഉപയോഗിക്കുന്ന ഫാനുകള്‍വേണം വാങ്ങാന്‍.

●സാധാരണ റെഗുലേറ്ററുകള്‍ക്ക്​ പകരം ഇലക്‌ട്രോണിക് റെഗുലേറ്റര്‍ ഉപയോഗിക്കുക.

●ഫാനുകളുടെ റെഗുലേറ്റർ സ്പീഡ് കുറച്ച് പ്രവർത്തിപ്പിച്ചാൽ ഇലക്ട്രോണിക് റെഗുലേറ്ററുകൾക്ക് 60 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.

●ബെയറിങ്​ തകരാര്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ പരിഹരിക്കണം.

●വളരെ പഴക്കംചെന്ന ഫാനുകള്‍ മാറ്റി പുതിയത്​ പിടിപ്പിച്ചാല്‍ വൈദ്യുതി ഉപയോഗം കുറക്കാം.

●മൂന്നു ലീഫുകളുള്ള ഫാനുകള്‍തന്നെ ഉപയോഗിക്കുന്നതാണ് താരതമ്യേന നല്ലത്.

●ഇലക്ട്രോണിക് റെഗുലേറ്ററോടുകൂടിയ BLDC (Brushless Direct Current) ഫാനുകൾ ഇന്ന് ലഭ്യമാണ്. 24 വാട്സ്​ മുതൽ 30 വാട്സ്​ വരെ വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകൾ ഉണ്ട്. ഒരു 5 സ്റ്റാർ റേറ്റഡ് ഫാൻ ഉപയോഗിക്കാൻ എടുക്കുന്നത് 55 വാട്സ്​ ആണ്. അതായത് BLDC ഫാൻ ഉപയോഗിക്കുമ്പോൾ നമ്മുടെ വൈദ്യുതി ഉപയോഗം പകുതിയായി കുറക്കാന്‍ സാധിക്കുന്നു. റിമോട്ട് ബട്ടൺ‍ ഉപയോഗിച്ച് ഫാനിന്റെ സ്പീഡ് നിയന്ത്രിക്കാമെന്നുള്ളത് ഇതിന്റെ എടുത്തുപറയേണ്ട മേന്മയാണ്.

റഫ്രിജറേറ്റർ

●ആവശ്യത്തിനുമാത്രം വലുപ്പമുള്ള, നമുക്ക് അനുയോജ്യമായ റഫ്രിജറേറ്റർ തിരഞ്ഞെടുക്കുക.

●ഫ്രോസ്റ്റ്ഫ്രീ റഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപഭോഗം താരതമ്യേന കൂടുതലാണ്. അതുകൊണ്ട് ആവശ്യമെങ്കിൽമാത്രം അത്തരത്തിലുള്ളവ ഉപയോഗിക്കുക.

●തണുപ്പിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് കണ്ടൻസർ കോയിലൂടെയാണ്​ പുറത്തേക്കുവിടുന്നത്. അതിനാൽ റഫ്രിജറേറ്ററിന്റെ പിറകിലും വശങ്ങളിലും ആവശ്യത്തിന്​ വായുസമ്പർക്കം കിട്ടുന്നതിനുവേണ്ടി ഭിത്തിയുമായി 15 സെ.മി. എങ്കിലും അകലം കൊടുക്കുകയും കണ്ടൻസർ കോയിലിൽ പറ്റിയിരിക്കുന്ന പൊടി തുടച്ചുവൃത്തിയാക്കുകയും വേണം.

●റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വശങ്ങളിലെ റബർ ബീഡിങ്​ കാലാകാലം പരിശോധിച്ച്, പഴക്കംചെന്നതാണെങ്കിൽ മാറ്റുക.

●റഫ്രിജറേറ്ററിനകത്തുള്ള ആഹാരസാധനങ്ങൾ തണുപ്പിക്കേണ്ടതനുസരിച്ച് തെർമോസാറ്റ് ക്രമീകരിക്കുകയും തെർമോസാറ്റ് ശരിയാംവണ്ണം പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും വേണം.

●മൂടിയുള്ള പാത്രങ്ങളില്‍ വേണം ആഹാരം റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍, ഈര്‍പ്പം റഫ്രിജറേറ്ററിനകത്ത്​ വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.

●ചൂടുള്ള ഭക്ഷണപദാർഥങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ വെക്കരുത്.

●ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഊർജനഷ്ടം വരുത്തും. അതിനാൽ ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം.

●വൈകീട്ട്​ ആറു മുതൽ 10 വരെ റഫ്രിജറേറ്റർ ഓഫ് ചെയ്തിടുന്നതാണ് നല്ലത്. ഓഫ്‌ ചെയ്തിട്ട് വീണ്ടും ഓണ്‍ ചെയ്യുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുമെന്നത് തെറ്റായ ധാരണയാണ്.

●ഫ്രീസറിന്റെ ഡോര്‍ ശരിയാംവണ്ണം അടയുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുക.

●ഉപയോഗത്തിനനുസരിച്ച് 'ഡബ്​ള്‍ ഡോര്‍' റഫ്രിജറേറ്റർ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

●റഫ്രിജറേറ്ററിന്‍റെ ഡോര്‍ തുറന്നിടരുത്. കൂടക്കൂടെ തുറക്കുന്നതും ഒഴിവാക്കണം. റഫ്രിജറേറ്ററിൽനിന്ന് എടുക്കേണ്ട സാധനങ്ങൾ ഒന്നിച്ചെടുക്കുകയും വെക്കേണ്ട സാധനങ്ങൾ ഒന്നിച്ചു വെക്കുകയും വേണം.

●റഫ്രിജറേറ്ററില്‍ ആഹാരസാധനങ്ങള്‍ കുത്തിനിറച്ച്​ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കൂട്ടും. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നത് റഫ്രിജറേറ്ററിന് അകത്തെ സുഗമമായ തണുത്ത വായുസഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാല്‍ ആഹാരസാധനങ്ങള്‍ കേടാകുകയും ചെയ്യും.

●സ്റ്റാര്‍ റേറ്റിങ് കൂടിയ റഫ്രിജറേറ്റർ വാങ്ങുക. ഉയര്‍ന്ന റേറ്റിങ്ങുള്ള റഫ്രിജറേറ്ററുകള്‍ക്ക് വൈദ്യുതി കുറഞ്ഞ അളവില്‍ മതിയാകും.


ഇസ്തിരിപ്പെട്ടി

●ഓട്ടമാറ്റിക് കട്ട് ഓഫ് ഉള്ള ഇസ്തിരിപ്പെട്ടി ഉപയോഗിക്കുക.

●തെര്‍മോസ്റ്റാറ്റിൽ തുണിക്കനുസരിച്ചുള്ള ചൂടുമാത്രം സെറ്റ് ചെയ്യുക.

●ഇസ്തിരിപ്പെട്ടി ഉപയോഗിക്കുമ്പോൾ അവിടെ ഫാൻ ഉപയോഗിക്കരുത്. ചൂട്​ നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

●ഒന്നോ രണ്ടോ വസ്ത്രങ്ങള്‍ക്കു മാത്രമായി ഇസ്തിരിപ്പെട്ടി ഉപയോഗിക്കാതെ ആഴ്ചയിലൊരിക്കല്‍ ഒരാഴ്ചത്തേക്ക് ആവശ്യമായവസ്ത്രം ഒരുമിച്ച് ഇസ്തിരിയിടുക.

●അലക്കിയ വസ്ത്രങ്ങൾ പിഴിയാതെ ഉണക്കിയെടുത്താൽ ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം കുറക്കാം.

●തുണികളെല്ലാം അടുപ്പിച്ചുവെച്ചശേഷം വേണം ഇസ്തിരിപ്പെട്ടി ഓണ്‍ ചെയ്യാന്‍.

●ഇസ്തിരി ഇടുന്നതിനിടയില്‍ മറ്റു ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക.

●ചൂട് കുറവുവേണ്ടത് ആദ്യവും അവസാനവുമായി ഇസ്തിരിയിടുന്ന രീതിയില്‍ ക്രമീകരിക്കുക.

ടെലിവിഷൻ

●ടി.വിയുടെ വലുപ്പം കൂടുമ്പോള്‍ വൈദ്യുതി ഉപയോഗവും വര്‍ധിക്കുന്നുണ്ടെന്നകാര്യം മറക്കാതിരിക്കുക. മുറിയുടെ വലുപ്പമനുസരിച്ച് ആവശ്യത്തിനുമാത്രം വലുപ്പമുള്ള സ്ക്രീൻ തിരഞ്ഞെടുക്കുക.

●സി.ആര്‍.ടി സ്‌ക്രീനിനുപകരം എല്‍.സി.ഡി സ്‌ക്രീനുള്ള ടി.വി ഉപയോഗിക്കുക. 32 ഇഞ്ച്‌ വലുപ്പമുള്ള ഒരു എല്‍.സി.ഡി ടെലിവിഷന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 0. 035 യൂനിറ്റ് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ അതേ വലുപ്പത്തിലുള്ള സി.ആര്‍.ടി ടെലിവിഷന്‍ പ്രവര്‍ത്തിക്കാന്‍ 0.1 യൂനിറ്റ് വൈദ്യുതി വേണം.

●ടി.വി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ടി.വി റിമോട്ടിൽ മാത്രം ഓഫാക്കാതെ സ്വിച്ച് കൂടി ഓഫ് ചെയ്യുക.

മിക്‌സി

●അരക്കാൻ ആവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കുക.

●നിഷ്കർഷിക്കുന്നതിനെക്കാൾ കൂടുതൽ സാധനങ്ങൾ ജാറിൽ നിറക്കരുത്. ഓവർ ലോഡിൽ പ്രവർത്തിപ്പിച്ചാൽ വൈദ്യുതി ചെലവ് കൂടും.

●മിക്‌സി തുടര്‍ച്ചയായി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കരുത്. കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങുക.

●നിലവാരമുള്ളതും ഐ.എസ്‌.ഐ മാര്‍ക്കോടുകൂടിയതുമായ മിക്‌സികള്‍ മാത്രം ഉപയോഗിക്കുക.

●സമയാസമയങ്ങളില്‍ ബ്ലേഡുകള്‍ക്ക് മൂര്‍ച്ചകൂട്ടുകയോ മാറ്റിയിടുകയോ ചെയ്യുക.


വെറ്റ് ഗ്രൈന്‍ഡര്‍

●അരിയും ഉഴുന്നും കുതിര്‍ത്തശേഷം മാത്രമേ ആട്ടാവൂ. രണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടശേഷം ആട്ടിയാല്‍ 15 ശതമാനം വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

●വെറ്റ് ഗ്രൈന്‍ഡറില്‍ പരിധിയിലധികം അരിയോ ഉഴുന്നോ വെള്ളമോ ചേര്‍ക്കാതിരിക്കുക. ആവശ്യത്തിനുമാത്രം സാധനങ്ങള്‍ ഇട്ട് വെള്ളം പലതവണയായി ചേര്‍ക്കുന്നതാവും ഉത്തമം.

വാഷിങ് മെഷീന്‍

●വെള്ളം ചൂടാക്കി ഉപയോഗിക്കുന്നതരം വാഷിങ് മെഷീന് വൈദ്യുതി ഉപയോഗം കൂടുതലാണ്.

●ഫ്രണ്ട് ലോഡ് വാഷിങ്​ മെഷീനാണ് കാര്യക്ഷമത കൂടുതല്‍. കുറഞ്ഞ വെള്ളം മതിയെന്നതിനുപുറമേ വൈദ്യുതി ചെലവും കുറയും.

●ദിവസവും ഉപയോഗിക്കാതിരിക്കുക. നിർദേശിച്ചിരിക്കുന്ന പൂർണശേഷിയിൽ പ്രവർത്തിപ്പിക്കുക.

●അലക്കുമ്പോള്‍ മെഷീന്റെ പൂര്‍ണശേഷിതന്നെ പ്രയോജനപ്പെടുത്തുക.

●വെയിലുള്ളപ്പോൾ സ്പിന്നിങ്​ ഒഴിവാക്കി തുണി പുറത്തെടുത്ത് ഉണക്കാനായാല്‍ അത്രയും വൈദ്യുതി ലാഭിക്കാം.

●വാഷിങ് മെഷീന്റെ ബെല്‍റ്റ് അയഞ്ഞിട്ടുണ്ടോയെന്ന്​ ഇടക്ക്​ പരിശോധിക്കുന്നതും വര്‍ഷത്തിലൊരിക്കലെങ്കിലും സര്‍വിസ് ചെയ്യിക്കുന്നതും കാര്യക്ഷമത കൂട്ടും.

എയര്‍ കണ്ടീഷനര്‍

●മുറിയുടെ വലുപ്പം അനുസരിച്ചുള്ള എ.സി തിരഞ്ഞെടുക്കുക.

●എ.സിയുടെ താപനില എത്ര താഴ്ത്തുന്നോ വൈദ്യുതി അത്രയും വർധിക്കും. എ.സിയുടെ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

●എയര്‍ കണ്ടീഷനറിന്റെ ടെമ്പറേച്ചര്‍ സെറ്റിങ്​ 22 ഡിഗ്രി സെല്‍ഷ്യസില്‍നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍, 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.

●പഴക്കംചെന്ന വിന്‍ഡോ ടൈപ്​ എയര്‍കണ്ടീഷനറുകള്‍ക്ക് പകരം പുതിയ സ്​പ്ലിറ്റ് എയര്‍ കണ്ടീഷനറുകള്‍ ഉപയോഗിക്കുക.

●റിമോര്‍ട്ട് ഉപയോഗിച്ചുമാത്രം ഓഫ് ചെയ്യാതെ പവര്‍ സ്വിച്ചുകൂടി ഓഫാക്കുക.

●സ്ലീപ് ടൈമര്‍ ഉള്ള എയര്‍കണ്ടീഷനറുകള്‍ കൂടുതല്‍ നല്ലത്.

●എയര്‍ഫില്‍ട്ടര്‍ ഇടക്കിടെ പുറത്തെടുത്ത് വൃത്തിയാക്കുക.

●എ.സിയുള്ള മുറിയിലെ വെന്റിലേറ്ററുകളും എയര്‍ഹോളുകളും ജനലുകളുമെല്ലാം നന്നായി അടച്ചിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തുക.

●എ.സിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. ഫാൻ എ.സി പുറത്തുവിടുന്ന തണുത്ത വായു എല്ലാസ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ എ.സിയുടെ താപനിലകുറക്കേണ്ടതായി വരില്ല.

●ആദ്യം ഫാൻ ഉപയോഗിച്ച് ചൂടുവായു പുറത്ത് കളഞ്ഞതിന് ശേഷം എ.സി ഓൺ ചെയ്യുക. അപ്പോഴും വൈദ്യുതി ലാഭിക്കാൻ കഴിയും.

●ഉയരം കൂടിയ മുറികളിൽ ഉയരം ക്രമീകരിച്ച്​ ഫോള്‍സ് സീലിങ് നടത്തുന്നത്​ എ.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും വൈദ്യുതി ഉപഭോഗം കുറക്കുകയും ചെയ്യും.

●തറയില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്.

●ഫിലമെന്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍നിന്ന് പരമാവധി ഒഴിവാക്കുക.

●ജനലുകളുടെയും ഗ്ലാസ്ഭിത്തികളുടെയും എണ്ണം എത്രത്തോളം കുറക്കാമോ അത്രയും നല്ലത്.

●ഡോറുകളില്‍ 'ഡോര്‍ ക്ലോസര്‍' ഘടിപ്പിക്കുക.

●എ.സിയുടെ കാര്യക്ഷമതയില്‍ കുറവുതോന്നിയാല്‍ വൈകാതെ ടെക്‌നീഷ്യന്റെ സഹായംതേടുക.

●ഉയര്‍ന്ന സ്റ്റാര്‍ റേറ്റിങ് ഉള്ള എയര്‍ കണ്ടീഷനറുകള്‍ മാത്രം വാങ്ങുക.

മൈക്രോ വേവ് ഓവന്‍

●മൈക്രോ വേവ് ഓവന്‍ സാധാരണ ഇലക്ട്രിക് സ്റ്റൗവിനെക്കാളും 50 ശതമാനം കുറച്ച് ഊർജമേ ഉപയോഗിക്കുന്നുള്ളൂ.

●വലിയ അളവിലുള്ള ഭക്ഷണസാധനങ്ങള്‍ പാചകം ചെയ്യാന്‍ മൈക്രോ വേവ് ഓവന്‍ ഉപയോഗിക്കാതിരിക്കുക.

●ഓവന്‍ ഇടക്കിടക്ക് തുറക്കുന്നതും അടക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25 ഡിഗ്രി ചൂടാണ് നഷ്ടപ്പെടുന്നത്.

●ആഹാരപദാർഥങ്ങള്‍ നന്നായി പാകമാകുന്നതിന്​ കുറച്ചു മുമ്പുതന്നെ ഓവന്‍ ഓഫാന്നതരത്തില്‍ ടൈമര്‍ ക്രമീകരിക്കുക.

●ബ്രെഡ്‌, പേസ്ട്രി മുതലായ ചുരുക്കംചില ആഹാരപദാര്‍ഥങ്ങള്‍ക്ക് മാത്രമേ പ്രീ ഹീറ്റിങ്​ ആവശ്യമുള്ളൂ.

●ഒരുമിച്ച്​ ഭക്ഷണം കഴിക്കുക. എല്ലാവര്‍ക്കുമുള്ള ആഹാരപദാര്‍ഥങ്ങള്‍ ഒരേസമയം മൈക്രോ​േവവ്​ ഓവനില്‍ വെച്ച് ചൂടാക്കിയെടുക്കുക.

വാട്ടര്‍ പമ്പ്

●എത്ര ആഴത്തില്‍നിന്ന് എത്ര ഉയരത്തിലേക്കാണ് വെള്ളം ഉയര്‍ത്തേണ്ടത്, എത്ര വെള്ളമാണ് ആവശ്യമായിവരുന്നത് എന്നീ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ പമ്പ് സെറ്റുകള്‍ തിരഞ്ഞെടുക്കുക.

●പമ്പിന്റെ ശേഷി ആവശ്യമനുസരിച്ചുവേണം. കൂടിയാലും കുറഞ്ഞാലും വൈദ്യുതി പാഴാകും. പമ്പ് സെറ്റില്‍ പറഞ്ഞിരിക്കുന്ന അളവില്‍ വ്യാസമുള്ള പൈപ്പുകള്‍ മാത്രം ഉപയോഗിക്കുക.

●വെള്ളം കൊണ്ടുപോകുന്ന പൈപ്പുകൾക്ക് കഴിവതും വളവും തിരിവും ഒഴിവാക്കണം. ഫുട്ട് വാൽവ് വലുപ്പമുള്ളതും ധാരാളം സുഷിരങ്ങൾ ഉള്ളതുമാവണം.

●വോള്‍ട്ടേജ് കുറഞ്ഞസമയങ്ങളില്‍ പമ്പ്​ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ബെയറിങ് തകരാറുകള്‍ യഥാസമയം പരിഹരിക്കണം.

●പമ്പിന്‍റെ മോട്ടോർ സുരക്ഷിതമായി എർത്ത് ചെയ്തിരിക്കണം.


കമ്പ്യൂട്ടറുകള്‍

●24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഒരു സി.ആര്‍.ടി മോണിറ്ററുള്ള കമ്പ്യൂട്ടര്‍ ഊർജക്ഷമത കൂടിയ ഒരു റഫ്രിജറേറ്ററിനെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കും.

●എല്‍.ഇ.ഡി മോണിറ്ററുകള്‍ ഉപയോഗിക്കുകവഴി വൈദ്യുതി ഉപയോഗം കാര്യമായി കുറക്കാന്‍ സാധിക്കും.

●ഉപയോഗം കഴിഞ്ഞാല്‍ കമ്പ്യൂട്ടറുകള്‍ ഷട്ട് ഡൗണ്‍ ചെയ്യുക.

●ഷട്ട് ഡൗണ്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ (സീറ്റിൽനിന്ന്​ എഴുന്നേറ്റുപോകുമ്പോഴും മറ്റും) മോണിറ്റര്‍ ഓഫ്‌ ചെയ്യുക. അതുവഴി 50 ശതമാനത്തോളം വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

●കമ്പ്യൂട്ടര്‍ സ്ലീപ്‌ മോഡ് ആക്ടിവേറ്റ് ചെയ്യുകവഴി 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാം.

ഇൻഡക്​ഷൻ കുക്കർ

●കുക്കറിന്റെ പ്രതലത്തില്‍ കാണിച്ചിരിക്കുന്ന വൃത്തത്തിനെക്കാള്‍ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

●പാചകത്തിന് ആവശ്യമുള്ള അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക.

●വെള്ളം തിളച്ചതിനുശേഷം ഇന്‍ഡക്​ഷന്‍ കുക്കറിന്റെ പവര്‍ കുറക്കാവുന്നതാണ്.

●ഇന്‍ഡക്​ഷന്‍ കുക്കര്‍ ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള വൈദ്യുതി ഉപയോഗം കൂടുന്നതിനാല്‍ ഉയര്‍ന്നനിരക്കിലുള്ള വൈദ്യുതി ചാര്‍ജ് നല്‍കേണ്ടിവരും. അതിനാല്‍, പാചകവാതകം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചെലവ് കൂടുകയാണ് ചെയ്യുന്നത്. അതിനാല്‍, വിറകോ എല്‍.പി.ജിയോ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രം ഇന്‍ഡക്​ഷന്‍ കുക്കര്‍ ഉപയോഗിക്കുക.

●കൂടുതൽനേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്​ഷന്‍ കുക്കര്‍ ഒട്ടും യോജിച്ചതല്ല.

ഗീസര്‍ (വാട്ടർ ഹീറ്റർ)

●ഗീസര്‍ അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുക.

●സ്റ്റാര്‍ റേറ്റിങ് ഉള്ള ഗീസര്‍ വാങ്ങിക്കാന്‍ ശ്രദ്ധിക്കുക.

●ഗീസറിന്റെ തെര്‍മല്‍ കട്ട് ഓഫ് ശരിയാംവണ്ണം പ്രവര്‍ത്തിച്ചില്ലെങ്കില്‍ വൈദ്യുതി ഉപയോഗം കൂടും.

●കൂടിയ അളവില്‍ ചൂടുവെള്ളം വേണമെന്നുണ്ടെങ്കില്‍ ഇലക്ട്രിക് ഗീസര്‍ ഒഴിവാക്കി സോളാര്‍, ഗ്യാസ് മോഡലുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഇൻവെര്‍ട്ടര്‍

വൈദ്യുതിയുള്ള അവസരങ്ങളില്‍ നമുക്ക് ലഭിക്കുന്ന വൈദ്യുതിയെ എ.സിയില്‍നിന്ന്​ ഡി.സി ആക്കി മാറ്റി ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്ത് വൈദ്യുതി ഇല്ലാത്ത അവസരങ്ങളില്‍ ബാറ്ററിയില്‍നിന്ന്​ ഡി.സിയെ തിരികെ എ.സിയാക്കി മാറ്റി നമുക്ക് അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യം ഒരുക്കുന്ന ഉപകരണമാണ് ഇൻവെര്‍ട്ടര്‍.

●ബാറ്ററി തിരഞ്ഞെടുക്കുമ്പോള്‍ ഗുണമേന്മ നിര്‍ബന്ധമായും ഉറപ്പുവരുത്തുക.

●പകല്‍ മാനുവല്‍ മോഡിലും രാത്രി ഓട്ടോ മോഡിലും ഉപയോഗിക്കുക.

●അസ്വാഭാവികമായി വൈദ്യുതിബില്‍ വര്‍ധിച്ചാല്‍ ഇൻവെർട്ടർ ബാറ്ററി ചാര്‍ജിങ് ടെക്‌നീഷ്യനെ വിളിച്ച് പരിശോധിപ്പിക്കുക.


പാലോട് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamelectricity bill
News Summary - How to control electricity consumption
Next Story