ഈ യോഗ്യതകൾ മതി, നിങ്ങൾക്കും സ്വന്തമാക്കാം ക്രെഡിറ്റ് കാര്‍ഡ്...
text_fieldsഓണ്‍ലൈന്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമില്‍ സെയില്‍ ഫെസ്റ്റിവലുകളുടെ സമയമാണല്ലോ ഇത്, ഈ സമയത്ത് ഏത് പ്ലാറ്റ് ഫോം എടുത്താലും അവിടെയൊക്കെ ഏതെങ്കിലും ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ആശ്ചര്യപ്പെടുത്തുന്ന ഡിസ്കൗണ്ടാണ്. മൊബൈലും ടി.വിയും തുടങ്ങി പലവ്യഞ്ജനസാധനങ്ങള്‍ വാങ്ങുമ്പോള്‍ വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന പരസ്യം നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ പലരും ഒരു ക്രെഡിറ്റ് കാര്‍ഡ് കിട്ടിയാല്‍ കൊള്ളാം എന്ന ആഗ്രഹമുള്ളവരായി മാറിയിട്ടുണ്ടാകും. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
എന്താണു ക്രെഡിറ്റ് കാര്‍ഡ് ?
ഭൂരിഭാഗം ആളുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാര്‍ഡിനെയാണ് ഡെബിറ്റ് കാര്‍ഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ നമുക്കത് എ.ടി.എം കാര്‍ഡ് അഥവാ ഡെബിറ്റ് കാര്‍ഡ് വഴി ഉപയോഗിക്കാം.
ക്രെഡിറ്റ് കാര്‍ഡ് എന്നാല്‍ ഈടൊന്നും നല്‍കാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും ഉപയോഗിക്കാനായി നല്‍കുന്ന കാര്‍ഡ് ആണെന്നു പറയാം. ഒരു ചെറിയ തുക പലിശ നല്‍കി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാന്‍ വരട്ടെ, വ്യക്തമായ നിബന്ധനകള്‍ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തില്‍ ഒരു ബാങ്ക് നമുക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയാല്‍ നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സര്‍ക്കിള്‍ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താല്‍ സംഗതി എളുപ്പമാണ്.
എന്താണു ബില്ലിങ് സര്‍ക്കിള്‍ ?
ഒരു ക്രെഡിറ്റ് കാര്‍ഡ് നമുക്ക് ബാങ്ക് അനുവദിച്ച് തരുമ്പോള്‍തന്നെ അതിനൊപ്പം ക്രെഡിറ്റ് ലിമിറ്റും ബില്ലിങ് ഡേറ്റും ഡ്യൂ ഡേറ്റും അറിയിച്ചിട്ടുണ്ടാകും. അത് ഫിക്സഡായിരിക്കും. നമുക്ക് അനുവദിച്ച ക്രെഡിറ്റ് ലിമിറ്റില്‍നിന്ന് നാം ഉപയോഗിച്ച ക്രെഡിറ്റ് എത്രയാണെന്ന് ടോട്ടല്‍ ചെയ്ത് നമ്മെ അറിയിക്കുന്ന തീയതിയാണ് ബില്ലിങ് ഡേറ്റ്.
മാസത്തിലെ ആദ്യ ആഴ്ചയോ അല്ലെങ്കില്‍ മൂന്നാമത്തെ ആഴ്ചയോ ആയിരിക്കും എല്ലാ കാര്‍ഡുകള്‍ക്കും സാധാരണയായി ബില്ലിങ് ഡേറ്റായി ബാങ്കുകള്‍ നല്‍കുന്നത്. ബില്ലിങ് ഡേറ്റായി ഒരു നിശ്ചിത ദിവസം സെറ്റ് ചെയ്യാന്‍ കാര്‍ഡുകള്‍ ലഭിക്കുന്ന സമയത്ത് ബാങ്കുകള്‍ നമ്മെ അനുവദിക്കാറുണ്ട്. ബന്ധപ്പെട്ട ബാങ്കിന്റെ ആപ്ലിക്കേഷനിലൂടെ അത് ചെയ്യാനും സാധിക്കും.
കാര്‍ഡ് കിട്ടി 3, അല്ലെങ്കില്‍ 16ാം തീയതിയാണ് ബില്ലിങ് ഡേറ്റ് ആയി ലഭിച്ചത് എങ്കില്‍ എല്ലാ മാസവും അന്നേ ദിവസം നമ്മള്‍ കഴിഞ്ഞ ഇതേ തീയതിക്കുശേഷം ഉപയോഗിച്ച തുക എത്രയാണെന്ന് ബാങ്ക് നമ്മെ അറിയിക്കും. അങ്ങനെ അറിയിപ്പ് ലഭിക്കുന്നതിനൊപ്പം ഏകദേശം 15 ദിവസം കൂടി കഴിഞ്ഞ് ബില്ലില്‍ പറഞ്ഞിരിക്കുന്ന തുക അടക്കേണ്ട തീയതിയും (ഡ്യൂ ഡേറ്റ്) സൂചിപ്പിച്ചിട്ടുണ്ടാകും. ഡ്യൂ ഡേറ്റ് ബില്‍ ഡേറ്റ് പോലെ ഫിക്സഡ് ഡേറ്റായിരിക്കും.
മേല്‍പറഞ്ഞ ബില്‍ ഡേറ്റും ഡ്യൂ ഡേറ്റും മനസ്സിലാക്കി ക്കഴിഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടുതൽ മികച്ചതാക്കാം. അതായത് ബില്‍ ഡേറ്റ് 16ഉം അടക്കേണ്ട തീയതി അതിനടുത്ത മാസം മൂന്നും ആണെന്നിരിക്കട്ടെ, ബിൽ തുക എസ്.എം.എസ് / ഇ-മെയില്‍ വന്ന ശേഷം തൊട്ടടുത്ത ദിവസം മുതൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഏകദേശം 45 മുതല്‍ 50 ദിവസം കഴിഞ്ഞായിരിക്കും ആ തുക നിങ്ങള്‍ തിരിച്ചടക്കേണ്ടത്. അതുവരെ പലിശയോ മറ്റ് ഫീയോ ഉണ്ടാവില്ല. അതായത് 45 ദിവസം പലിശരഹിത വായ്പയാണ് ലഭിച്ചതെന്ന് ചുരുക്കം.
അതേസമയം നിങ്ങളുടെ ബില്‍ ഡേറ്റ് 16 ആണെന്നിരിക്കെ തലേദിവസം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തിയാല്‍ ആ തുക അടുത്ത മാസം 3ന് അടക്കേണ്ടി വരും. അപ്പോള്‍ നമുക്ക് ആ തുക ക്രെഡിറ്റായി ലഭിക്കുക 17 ദിവസം മാത്രമാകും. അതുകൊണ്ട് ബില്ലിങ് ഡേറ്റ് മനസ്സിലാക്കി കഴിവതും ഡേറ്റിന്‍റെ പിറ്റേന്നുതന്നെ ഷോപ്പിങ്ങോ മറ്റോ നടത്തുന്നതാണ് ലാഭകരം.
ക്രെഡിറ്റ് കാര്‍ഡ് കിട്ടാന്‍ വേണ്ട യോഗ്യതകള്‍
● 21 വയസ്സ് മുതല്‍ 62 വയസ്സ് വരെയുള്ളവര്‍ക്കാണ് സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത്
● സ്ഥിരവരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും എല്ലാം ബാങ്കുകള്‍ വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. മിനിമം ശമ്പളം 20,000 രൂപയെങ്കിലും ഉള്ളവർക്കും സ്വയംതൊഴില്‍ വഴി 35,000 രൂപയെങ്കിലും വരുമാനമുള്ളവർക്കുമാണ് പൊതുവേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.
● നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ (സിബില്‍) മിനിമം 700 എങ്കിലും ഉണ്ടെങ്കിലാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുക. നിങ്ങള്‍ ജീവിതത്തില്‍ ഇതുവരെ ലോണുമെടുത്തിട്ടില്ല എന്നതും സ്വയംതൊഴിലിലൂടെ നല്ല വരുമാനം ഉണ്ടെന്നും കരുതി ക്രെഡിറ്റ് കാര്‍ഡ് കിട്ടണമെന്നില്ല. അതേസമയം നിങ്ങള്‍ മുമ്പൊരു ലോണെടുത്ത് കൃത്യമായി തിരികെ അടച്ച് ക്ലോസ് ചെയ്ത് നിശ്ചിത വരുമാനമോ സ്വയംതൊഴിലോ ഇല്ലാത്ത ആളാണെങ്കില്‍കൂടി സിബില്‍ സ്കോര്‍ കൂടുതലായതിനാലും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ലോണെടുത്ത് തിരിച്ചടക്കാത്തവര്‍ക്ക് സിബില്‍ സ്കോര്‍ നെഗറ്റിവാകുമെന്നതിനാല്‍ അപേക്ഷ നിരസിക്കപ്പെടും
● നിങ്ങള്‍ക്കൊരു ക്രെഡിറ്റ് കാര്‍ഡ് കൂടിയേ തീരൂ, പക്ഷേ, പറയാന്‍ മാസവരുമാനം ഇല്ല, സ്ഥിരവരുമാനം ഇല്ല, വയസ്സ് പ്രശ്നമാണ്... ഇത്തരം പ്രതിസന്ധിയുള്ളവർക്ക് ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റായി ഇടുന്ന തുകയുടെ 38 ശതമാനം ക്രെഡിറ്റ് അനുവദിച്ചുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകള്‍ നല്‍കുന്നുണ്ട്. അത്തരത്തിലുള്ള ഫിക്സഡ് ഡെപ്പോസിറ്റിന് ബാങ്ക് നിരക്കില്‍ പലിശ ലഭിക്കുമെങ്കിലും ഫിക്സഡ് ഡെപ്പോസിറ്റ് നമുക്ക് പിന്‍വലിക്കണമെന്നുണ്ടെങ്കില്‍ കാര്‍ഡിന്മേല്‍ ലീന്‍ ആയി നല്‍കിയിരിക്കുന്നതിനാല്‍ കാര്‍ഡ് നമ്മള്‍ കാന്‍സല്‍ ചെയ്യേണ്ടിവരും.
നമ്മള്‍ ഉയര്‍ന്ന തുകയൊക്കെ കാലങ്ങളായി ബാങ്കില്‍ ഫിക്സഡ് ഇട്ടിരിക്കുന്നവരാണെങ്കില്‍ ചില ബാങ്കുകള്‍ അവിടെ നിബന്ധനകള്‍ ഒന്നുംനോക്കാതെ ഏത് പ്രായക്കാര്‍ക്കും ഡോക്യുമെന്റൊന്നും നല്‍കാതെ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നുമുണ്ട്.
● ക്രെഡിറ്റ് കാര്‍ഡ് ആദ്യം അനുവദിക്കുമ്പോൾ ലഭിക്കുന്ന ക്രെഡിറ്റ് തുക കുറവായാലും നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ ഉയര്‍ന്ന ട്രാന്‍സാക്ഷന്‍ നടത്തുകയും കൃത്യമായ ദിവസം തിരിച്ചടക്കുകയും ചെയ്താല്‍ ബാങ്കുകള്‍ ഉയര്‍ന്ന ക്രെഡിറ്റ് തുക നിങ്ങള്‍ക്ക് അനുവദിച്ച് നല്‍കും.
അപേക്ഷിക്കാന്‍ ആവശ്യമായ ഡോക്യുമെന്റുകള്‍
● ആധാര്‍ കാര്‍ഡ്
● പാന്‍ കാര്‍ഡ്
● ബാങ്ക് സ്റ്റേറ്റ്മെന്റ്/ പേ സ്ലിപ്/ വര്‍ഷം ആറുലക്ഷം വരുമാനം കാണിക്കുന്ന ഇന്‍കം ടാക്സ് റിട്ടേണ്‍ സബ്മിറ്റ് ചെയ്ത വിവരം
മേല്‍പറഞ്ഞ രേഖകളാണ് പൊതുവേ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാൻ ആവശ്യമായവ. ഇതൊക്കെയുണ്ട്, നിങ്ങള്‍ ബാങ്കിനാവശ്യമായ യോഗ്യതകളും ഉള്ളയാളാണെങ്കിൽ വിവിധ ബാങ്കുകളില്‍നിന്ന് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കുകയും ചെയ്യും.
ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍
ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ കാര്‍ഡ് വിവരം കിട്ടുന്ന ആരെങ്കിലും അത് ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ മിക്ക കാര്‍ഡുകളും ഇൻഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അതിനാല്‍ കാര്‍ഡ് നഷ്ടപ്പെടുകയോ ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ 24 മണിക്കൂറിനകം ബന്ധപ്പെട്ട ബാങ്കിന്റെ കസ്റ്റമര്‍കെയറില്‍ വിളിച്ച് അറിയിക്കുകയും കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും വേണം.
ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുള്ള ദോഷങ്ങള്‍
● ഡ്യൂ ഡേറ്റിനു മുമ്പ് തിരികെ അടക്കാനുള്ള തുക അടക്കാതെയിരുന്നാല്‍ മാസം 3.6 ശതമാനം എന്ന തോതില്‍ വരെ പലിശ നല്‍കേണ്ടിവരും, അതായത് ഒരുവര്‍ഷം അത് 36 ശതമാനം മുതല്‍ 53 ശതമാനം വരെയാകും, ബില്‍ തുക അടക്കാന്‍ കഴിയാത്തവര്‍ക്ക് മിനിമം തുക അടക്കാമെന്നൊരു സന്ദേശംകൂടി നമുക്ക് ലഭിക്കുമെങ്കിലും അത്തരത്തില്‍ മിനിമം തുക അടച്ചാലും ഫിനാന്‍സ് ചാര്‍ജ് എന്ന പേരില്‍ (മിനിമം അഞ്ചുശതമാനം) ഒരു ഫീയും കൂടാതെ പലിശയും അടക്കേണ്ടിവരും
● പണം പിൻവലിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പിന്‍ വലിക്കുന്ന തുകയുടെ 2.5 ശതമാനം അല്ലെങ്കില്‍ 500 രൂപ; ഇതിലേതാണോ കൂടുതലായിവരുന്നത് അത് എന്ന നിരക്കില്‍ വിത്ഡ്രോവല്‍ ഫീയും നിശ്ചിത ദിവസത്തിനുശേഷം വര്‍ഷം മിനിമം 36 ശതമാനം പലിശ നിരക്കില്‍ പലിശയും ബാങ്ക് ഈടാക്കും.
● ബില്‍ തുക അടക്കാതെ മുടക്കംവരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ (സിബില്‍) ബാധിക്കുകയും അതു മൂലം ഭാവിയില്‍ ലോണ്‍ അല്ലെങ്കില്‍ മറ്റു ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കാതിരിക്കാനും കാരണമായേക്കും
● ജോയ്നിങ് ഫീ, ആനുവല്‍ ഫീ എന്നിങ്ങനെ രണ്ടുവിധ ഫീകള്‍ ചില ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ച് കിട്ടിയാലുടന്‍ അടക്കേണ്ട ഒരൊറ്റ തവണ ഫീ ആണ് ജോയിനിങ് ഫീ. ഓരോ വര്‍ഷവും നല്‍കേണ്ട തുകയാണ് ആനുവല്‍ ഫീ. ചില ബാങ്കുകള്‍ ഇതിലേതെങ്കിലും ഒന്നുമാത്രമോ അല്ലെങ്കില്‍ രണ്ടും കൂടിയോ നമ്മിൽനിന്ന് ഈടാക്കാറുണ്ട്.
ചിലപ്പോള്‍ ഓഫറിന്റെ ഭാഗമായി ഇതെല്ലാം ഒഴിവാക്കി ലൈഫ് ടൈം സൗജന്യ കാര്‍ഡുകളും നല്‍കാറുണ്ട്. മിനിമം 500 രൂപ മുതല്‍ 5000 രൂപവരെ ഇത്തരത്തില്‍ ഫീയായി വാങ്ങുന്ന കാര്‍ഡുകളുമുണ്ട്. കാർഡ് എടുക്കുംമുമ്പ് അതെല്ലാം അന്വേഷിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ നഷ്ടമായിരിക്കും നമുക്കുണ്ടാവുക. എങ്കിലും മിക്ക ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡിന്റെ ഒരു സാമ്പത്തിക വര്‍ഷത്തെ ട്രാന്‍സാക്ഷന്‍ ഒന്നര ലക്ഷത്തിനു മുകളില്‍ ഉണ്ടെങ്കില്‍ ആനുവല്‍ ഫീ ഒഴിവാക്കി നല്‍കാറുണ്ട്. പ്രീമിയം കാര്‍ഡുകളില്‍ ആ ലിമിറ്റ് കൂടുതലായിരിക്കും. അതുപോലെതന്നെ കാര്‍ഡ് കിട്ടി നിശ്ചിത ദിവസത്തിനുള്ളില്‍ നിശ്ചിത തുകക്ക് ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ ജോയ്നിങ് ഫീയും ചില ബാങ്കുകള്‍ ഒഴിവാക്കാറുണ്ട്
കാഷ് ലിമിറ്റ്
നമുക്ക് ക്രെഡിറ്റ് കാര്‍ഡില്‍ അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റിന്റെ ഏകദേശം 30 ശതമാനം കാഷ് വിത്ഡ്രോവല്‍ ലിമിറ്റായി കാര്‍ഡില്‍ സെറ്റ് ചെയ്തിരിക്കും. അതായത്, അത്രയും തുക നമുക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എ.ടി.എമ്മില്‍ പോയി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
● നിശ്ചയമായും വലിയ പര്‍ച്ചേസുകള്‍ ബില്‍ ഡേറ്റിനു തൊട്ടടുത്ത ദിവസംതന്നെ നടത്തുക
● ഡ്യൂ ഡേറ്റിന് തുക അടക്കുമ്പോള്‍ ബില്‍ തുക തൊട്ടടുത്ത അക്കത്തിലേക്ക് റൗണ്ട് ചെയ്ത് അടക്കുക. ഉദാഹരണം ബില്‍ തുക 100 രൂപ 12 പൈസ എന്നാണെങ്കില്‍ 101 രൂപയാക്കി റൗണ്ട് ചെയ്ത് അടക്കുക
● ക്രെഡിറ്റ് കാര്‍ഡുകളുടെ ആപ്ലിക്കേഷനില്‍ കാര്‍ഡുകള്‍ മാനേജ് ചെയ്യാനുള്ള ഒാപ്ഷനില്‍ നിങ്ങള്‍ മറ്റൊരു രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നില്ല എങ്കില്‍ ഇന്റര്‍നാഷനൽ ട്രാന്‍സാക്ഷന്‍ ഡിസേബിള്‍ ചെയ്തിടുക. കാരണം, ഇന്ത്യയിലെ കാര്‍ഡുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുമ്പോൾ പേമെന്റ് പൂർത്തീകരിക്കാൻ ഒ.ടി.പി ലഭിക്കുമെങ്കിലും ഒരു ഇന്റര്‍നാഷനല്‍ പേമെന്റ് ഗേറ്റ് വേ ഉള്ള സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ഒ.ടി.പി വരില്ല എന്നതിനാല്‍ നമ്മുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭിക്കുന്ന ആരെങ്കിലും അത് ദുരുപയോഗം ചെയ്യാതെയിരിക്കാന്‍ മുൻകരുതലെടുക്കാം. ഇതുകൂടാതെ ഓഫ് ലൈന്‍ സ്റ്റോറുകളില്‍, എ.ടി.എമ്മുകളില്‍ എല്ലാം എത്ര സ്പെന്റ് ചെയ്യാം എന്നതും സെറ്റിങ്സിൽ മുൻകൂട്ടി ചെയ്ത് ഉപയോഗിക്കുക.
ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണങ്ങള്‍
● കൃത്യമായ ബില്ലിങ് ഡേറ്റും ഡ്യൂ ഡേറ്റും ഫോളോ ചെയ്യുന്നവര്‍ക്ക് പലിശരഹിതമായി ഉപയോഗിക്കാനായി 50 ദിവസത്തോളം പണം ലഭിക്കുന്നു
● നാം ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവഴിക്കുന്ന ഓരോ 100 രൂപക്കും നിശ്ചിത റിവാര്‍ഡ് പോയന്റുകള്‍ ലഭിക്കുന്നു. ആ റിവാര്‍ഡ് പോയന്റുകള്‍ നമുക്ക് പണമായും ഗിഫ്റ്റ് വൗച്ചര്‍, പ്രോഡക്ടുകൾ എന്നിവയായി മാറ്റാനും സാധിക്കും. റിവാര്‍ഡ് പോയന്റുകള്‍ കാലാവധി കഴിയുന്നതും കഴിയാത്തതുമായ നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. കാലാവധി കഴിയുന്നതാണെങ്കിൽ കൃത്യമായ തീയതിക്കുമുമ്പ് അവ റിഡീം ചെയ്തെടുക്കാനും ശ്രദ്ധിക്കണം.
ഇതുകൂടാതെ ചില സർവിസുകള്‍ക്ക് കാഷ് ബാക്ക് ആയിരിക്കും ഓഫര്‍. അങ്ങനെയെങ്കില്‍ നമ്മുടെ ആ ട്രാന്‍സാക്ഷനുശേഷം പിന്നീട് വരുന്ന ബില്ലില്‍ ആ നിശ്ചിത തുക കുറവ് വെച്ചിട്ടുണ്ടാകും.
എന്നാല്‍, ആമസോണ്‍ പോലെ ചില ഇ-കോമേഴ്സ് പ്ലാറ്റ് ഫോമുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡില്‍ കാഷ് ബാക്ക് തുക ആമസോണിന്റെ വാലറ്റിലേക്കാണ് ക്രെഡിറ്റ് ചെയ്യപ്പെടുക. അതവിടെനിന്ന് സാധനങ്ങള്‍ വാങ്ങാനും ഫോണ്‍ റീ ചാര്‍ജ് ചെയ്യാനും എല്ലാം ഉപയോഗിക്കാം.
● എയര്‍പോര്‍ട്ടില്‍ പ്രീമിയം സൗകര്യങ്ങളോടെ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യം ലഭിക്കുന്ന ലോഞ്ച് ആക്സസ് ഓരോ വര്‍ഷവും നിശ്ചിത എണ്ണം സൗജന്യമായി ലഭിക്കുന്നു. ഇത് എല്ലാ കാര്‍ഡുകള്‍ക്കും കിട്ടണമെന്നില്ല. കാര്‍ഡുകളുടെ കാറ്റഗറി അനുസരിച്ച് ഡൊമസ്റ്റിക് എയര്‍ പോര്‍ട്ടിലാണോ ഇന്റര്‍നാഷനൽ എയര്‍പോര്‍ട്ടിലാണോ സൗകര്യം ലഭിക്കുക എന്നതില്‍ വ്യത്യാസം ഉണ്ടാകും
● ബാങ്കുകളുമായി ടൈഅപ്പുള്ള ഇ-കോമേഴ്സ് പ്ലാറ്റ് ഫോമുകള്‍, ഫുഡ് ഡെലിവറി ആപ്പുകള്‍, ഹോട്ടലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ ബില്ലില്‍ കിഴിവ് ലഭിക്കുന്നു
● എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും പലവിധത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്കുകള്‍ നല്‍കുന്നു
● നിങ്ങള്‍ ചെലവഴിക്കുന്ന തുക ഇന്‍സ്റ്റാള്‍മെന്റ് ആയി അടക്കാനുള്ള സൗകര്യം; ഇത് പലിശരഹിതമായും പലിശയോടെയും ആകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.