മൾട്ടി ലെവൽ മാർക്കറ്റിങ്: സാമാന്യബോധം മതി ഒരുവിധം സാമ്പത്തിക ചതിക്കുഴികളിൽനിന്ന് നമുക്ക് രക്ഷപ്പെടാം
text_fieldsഎം.ടി.എഫ്.ഇ എന്ന കനേഡിയൻ ട്രേഡിങ് കമ്പനി തകർന്ന് മലയാളികളടക്കം നിരവധിപേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇത് മലയാളിക്കോ ലോകത്തിനോ ആദ്യ അനുഭവമല്ല. നിരന്തരം ആവർത്തിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീണ്ടും വീണ്ടും മനുഷ്യർ ചെന്ന് ചാടുന്നത് എളുപ്പത്തിൽ ലാഭമുണ്ടാക്കാനുള്ള കൊതികൊണ്ടാണ്. പേരു മാറ്റിവരുന്ന മൾട്ടി ലെവൽ മാർക്കറ്റിങ്ങുകാരുടെ വാക്ചാതുരിയിൽ കുരുങ്ങി ലക്ഷങ്ങൾ നിക്ഷേപിച്ച് അവസാനം വൃഥാവിലാവുന്ന മനുഷ്യരുടെ സമകാലീന ഉദാഹരണം മാത്രമാണ് എം.ടി.എഫ്. അവസാനത്തേതാവാൻ തരവുമില്ല. സാമ്പത്തികരംഗത്ത് പോൺസി സ്കീമുകൾ എന്നറിയപ്പെടുന്ന ഇത്തരം മോഹന ലാഭ കമ്പനികളിൽ പണം നിക്ഷേപിക്കുംമുമ്പ് പ്രാഥമികമായി നാം മനസ്സിലാക്കേണ്ടത് ലാഭം നേടാൻ കുറുക്കുവഴികളില്ല എന്നതാണ്. അധ്വാനമോ റിസ്കോ എടുക്കാതെ ചുളുവിൽ ലാഭം നേടാൻ ഇറങ്ങിപ്പുറപ്പെട്ടാൽ അവസാനം കൈപൊള്ളും. നിക്ഷേപത്തിനുമുമ്പ് അനിവാര്യമായി അറിഞ്ഞിരിക്കേണ്ട വസ്തുതകൾ എന്തൊക്കെയാണ്?. വഞ്ചിക്കപ്പെടാൻ സാധ്യതയുള്ള നിക്ഷേപങ്ങൾ ഏതൊക്കെയാണ്?
എന്താണ് പോൺസി സ്കീം
1920ൽ ചാൾസ് പോൺസി എന്നയാൾ അമേരിക്കയിലുള്ള ആളുകളെ വിളിച്ചുകൂട്ടി അവരോട് പറഞ്ഞു. ‘‘എനിക്ക് കിടിലൻ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയ ലാഭം ലഭിക്കുന്ന ആർബി ട്രാക്ടറി വ്യാപാരമാണ്’’. ഇത് എന്താണെന്ന് ആളുകൾക്ക് മനസ്സിലായില്ല. ഒരു വലിയ സംഭവമാണെന്ന് പലരും ധരിക്കുകയുംചെയ്തു. മറ്റ് രാജ്യങ്ങളിൽനിന്നുള്ള സ്റ്റാമ്പുകൾ അമേരിക്കയിൽകൊണ്ടുവരുക, അതിന്‍റെ മുഖവില കൂടുതലായിരിക്കും. ഇതിന്റെ ട്രേഡിങ്ങിലൂടെ വലിയ ലാഭം ലഭിക്കും എന്നെല്ലാമാണ് വിശദീകരണമായി ആ യുവാവ് ആളുകളോട് പറഞ്ഞത്. ‘ആർബിട്രാക്ടറി’ പോലെയുള്ള മറ്റുചില വലിയ പദങ്ങളും അദ്ദേഹം കൂട്ടത്തിൽ പറഞ്ഞു. സ്വാഭാവികമായും ആളുകൾക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എന്നാൽ, 45 ദിവസത്തിനുള്ളിൽ 50 ശതമാനം ലാഭം ലഭിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും മനസ്സിലായി. ആളുകൾകൂട്ടമായി നിക്ഷേപിക്കാൻ തുടങ്ങി. 90 ദിവസം നിക്ഷേപിക്കുന്നവർക്ക് ഇരട്ടിലാഭവും വാഗ്ദാനംചെയ്തു.
ധാരാളം യു.എസ് പൗരന്മാർ ചാൾസ് പോൺസി പറഞ്ഞത് വിശ്വസിക്കുകയും വലിയ സംഖ്യകൾ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ സ്ഥാപനം തകർന്നു. അക്കാലത്തെ 20 മില്യൺ ഡോളറാണ് (160 കോടി ഇന്ത്യൻ രൂപ) ആളുകൾക്ക് നഷ്ടമായത്. യഥാർഥത്തിൽ ഇയാൾ ഒരു സ്റ്റാമ്പ് വ്യാപാരവും നടത്തിയിരുന്നില്ല.
ചാൾസ് ചെയ്തത് വളരെ ലളിതമായിരുന്നു. ആദ്യം കമ്പനിയിൽ ഒരു തുകനൽകി ഒരാൾ ചേരുന്നു. രണ്ടാമത് അതുപോലെ ചേരുന്ന ആളുടെ തുകയെടുത്ത്, ആദ്യം ചേർന്ന ആൾക്ക് ഒടുക്കുന്നു. മൂന്നാമത് ചേർന്ന ആളുടെ തുകയെടുത്ത് രണ്ടാമത്തെ ആൾക്കും ഒടുക്കുന്നു. അതായത് ആദ്യം ചേർന്നവർക്ക് പിന്നീടുവരുന്നവരുടെ സംഖ്യ എടുത്ത്, ലാഭം എന്നവ്യാജേനെ കൊടുക്കുക. കൂട്ടത്തിൽ ചാൾസ് പോൺസിയുടെ ആഡംബര ജീവിതത്തിനായി ഈനിക്ഷേപകരുടെ പണവും ഉപയോഗിച്ചു. കുറെ ആളുകൾ ചേരുകയും പലർക്കും പണം ലഭിക്കുകയും ചെയ്തു. പിന്നീട് ചേർന്നവർക്ക് പണം നൽകാനില്ലാത്ത അവസ്ഥ സ്വാഭാവികമായും സംഭവിച്ചു. തുടർന്ന് കമ്പനി തകർന്നു.
ഇങ്ങനെ, യഥാർഥ വ്യാപാരം നടത്താതെതന്നെ, ഒരു കൂട്ടരിൽനിന്ന് പണം വാങ്ങി മറ്റുള്ളവർക്ക് പണം കൊടുത്ത് കബളിപ്പിക്കുന്ന രീതിയെയാണ് അന്നുമുതൽ പോൺസിസ്കീം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ജോസഫിനെ കൊള്ളയടിച്ച് തോമസിന് കുറച്ചുകൊടുക്കുക എന്ന പഴംചൊല്ലിനെ അന്വർഥമാക്കുന്നു ഈ നിക്ഷേപപദ്ധതി.
പോൺസി സ്കീമുകൾ എങ്ങനെ തിരിച്ചറിയാം?
ഉയർന്ന റിട്ടേൺ അഥവ അവിശ്വസനീയമായ ലാഭവാഗ്ദാനം. ഇന്ന് ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന് റിട്ടേൺ കിട്ടുന്നത് ഏഴു ശതമാനമാണ്. മ്യൂച്വൽ ഫണ്ടുകൾക്ക് പോലും ലഭിക്കുന്ന വാർഷികലാഭം ശരാശരി 10 മുതൽ 16 ശതമാനവുമാണ്.
എന്നാൽ, പല പോൺസി സ്കീമുകളും നിക്ഷേപകർക്ക് വലിയ വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. ചിലർ മുടക്കുമുതലിന്റെ ഇരട്ടി ഉറപ്പുനൽകുന്നു. മൂന്നു മുതൽ 30 ശതമാനം വരെ ദിനംപ്രതി അല്ലെങ്കിൽ എല്ലാമാസവും ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്നു. പ്രതിമാസം ഏഴ് ശതമാനം റിട്ടേൺ എന്ന് പറഞ്ഞാൽതന്നെ അത് 84 ശതമാനം വാർഷികവരുമാനമായി. ഇതൊന്നും ഒരു ബിസിനസിനും നൽകാൻ കഴിയാത്ത ലാഭശതമാനമാണ് എന്നതാണ് യാഥാർഥ്യം.
ഇന്നവേറ്റീവ് ഐഡിയ അഥവാ പുതിയ കാലത്തിന് അനുയോജ്യമെന്ന് തോന്നിപ്പിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കുക. ഓരോകാലത്തും ചർച്ചചെയ്യുന്ന പുതിയ ടെക്നോളജികളുടെ അടിസ്ഥാനത്തിൽ പേരുകൾ സ്വീകരിച്ച് ഉപഭോക്താക്കളിൽ ഇവർ കൂടുതൽ സങ്കീർണത സൃഷ്ടിക്കും. ബ്ലോക്ക്ചെയിൻ, ബിറ്റ്കോയിൻ, മെറ്റവേഴ്സ്, ഷെയർട്രേഡിങ് തുടങ്ങിയവയെല്ലാം ഇക്കാലത്ത് ഉപയോഗിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്.
തുടക്കക്കാർക്ക് പണം ലഭിക്കുന്നു. ധാരാളമായി പണം ലഭിച്ചവർ സ്വാഭാവികമായും ഇതിന്റെ വക്താക്കളായി മാറുന്നു. ‘നഷ്ടമില്ലാതെ സ്ഥിരവരുമാനം’ എന്നത് ബിസിനസിൽ നടപ്പാക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ചും പുതുതായി തുടങ്ങുന്ന സംരംഭങ്ങളിൽ. സാധാരണ മാർക്കറ്റ് അല്ലെങ്കിൽ ബാങ്കുകൾ നൽകുന്നതിനേക്കാൾ രണ്ട് ശതമാനം പോലും കൂടുതൽ റിട്ടേൺ - "സ്ഥിരവരുമാനം" (consistent return) നൽകുന്ന കമ്പനികൾ ഉണ്ടെങ്കിൽ അവയെ സൂക്ഷിക്കണം. അവപൊളിഞ്ഞുപോകാനുള്ള സാധ്യതയാണ് കൂടുതൽ. സുതാര്യം (ട്രാൻസ്പരന്റ്) അല്ലാത്ത ഇവ പോൺസി സ്കീമുകൾ തന്നെ എന്നുറപ്പിക്കാം.
ഇവർ എല്ലാകാലത്തും പുതിയ നിക്ഷേപകരെ ചേർത്തുകൊണ്ടിരിക്കും. എത്ര ഷെയർ വിൽക്കുന്നു എന്നതിനെ കുറിച്ച് നടത്തിപ്പുകാർക്കുതന്നെ ധാരണ ഇല്ലാത്ത കമ്പനിയുടെ അസ്ഥിരമായ വളർച്ചാമോഡലിനെയാണ് സൂചിപ്പിക്കുന്നത്. പുതിയതായി ആളുകൾ ഷെയർ ചേരുന്നത് അവസാനിക്കുന്ന സമയത്ത്, പണം ഇല്ലാത്ത കമ്പനി പൂട്ടുന്ന അവസ്ഥ വന്നുചേരും.
വൈകാരികതകൾ, വിശ്വാസം തുടങ്ങിയവയെ ചൂഷണംചെയ്യൽ. വ്യക്തിബന്ധങ്ങൾ, സുഹൃദ് വലയങ്ങൾ, കുടുംബങ്ങൾ, സംഘടനാ ചുറ്റുപാടുകൾ, മതവിശ്വാസം-ആചാരം തുടങ്ങിയവയെ ഇത്തരക്കാർ ബിസിനസ് നടത്താൻ ദുരുപയോഗം ചെയ്യും.
നിക്ഷേപിക്കും മുമ്പ് ഇവ ശ്രദ്ധിക്കുക
പുതിയ സംരംഭം ആണെങ്കിൽ നമ്മുടെ സഹസംരംഭകരെ വ്യക്തിപരമായി മനസ്സിലാക്കണം. നമുക്ക് അറിയാവുന്ന ബിസിനസുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. ഇല്ലെങ്കിൽ ഏതെങ്കിലും ഒരു പാർട്ണർക്കെങ്കിലും പ്രസ്തുത ബിസിനസിനെ കുറിച്ച് നല്ല കാഴ്ചപ്പാടുണ്ടെന്ന് ഉറപ്പുവരുത്തുക.
നിലനിൽക്കുന്ന സംരംഭത്തിലാണ് നിക്ഷേപിക്കുന്നതെങ്കിൽ, പുതിയ ഷെയർ ശേഖരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചറിയണം. ഉദാഹരണത്തിന് സംരംഭത്തിന്റെ കടംവീട്ടൽ, വിപുലീകരണം തുടങ്ങിയവ ഏതെങ്കിലും ഇനത്തിൽ ആയിരിക്കും. നാം പണം നൽകുന്നതിന് മുമ്പ്, ഏതിനത്തിലാണെന്ന് വ്യക്തത വരുത്തുക. പല കച്ചവടക്കാരും കടബാധ്യതയുള്ളത് മറച്ചുവെച്ച്, പുതിയ പങ്കുകാരെ ചേർക്കുന്നത് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.
എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തമായി കരാർ എഴുതുക. ആവശ്യമെങ്കിൽ നമ്മൾ പിരിഞ്ഞുപോകുമ്പോൾ ഉള്ള എക്സിറ്റ്പോളിസി (exit terms) അടക്കം കരാറിൽ ഉൾപ്പെടുത്തുക.
കമ്പനിയുടെ ഫിനാൻസ് രേഖകൾ (ബാലൻസ്ഷീറ്റ്, പ്രോഫിറ്റ് & ലോസ്, കാഷ്ഫ്ലോ) നിർബന്ധമായും ഷെയർ നിക്ഷേപിക്കുന്നതിനുമുന്പായി വാങ്ങി പരിശോധിക്കുക. ഇവ മനസ്സിലാകുന്നില്ലെങ്കിൽ സി.എക്കാരുടെ (Chartered Accountant) ഫിനാൻസ് അഡ്വൈസർമാരുടെ സഹായംതേടാൻ മടിക്കരുത്.
സംരംഭത്തിലെ എല്ലാ ട്രാൻസാക്ഷനുകളിലും സുതാര്യത ഉറപ്പുവരുത്തുക. ഏതെങ്കിലും ERP സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നത് ഇത് എളുപ്പമാക്കും. കഴിയുന്നതും പണമിടപാടുകൾ ബാങ്കുവഴി മാത്രമാക്കുക.
സ്ഥിരവരുമാനം എന്ന് പറയുന്ന ജ്വല്ലറികൾപോലും തകരാനുള്ള സാധ്യതയാണ് കൂടുതലെന്ന് തിരിച്ചറിയുക. പ്രവാസികളിൽനിന്നും മറ്റും പണം ശേഖരിച്ച് നടത്തുന്ന ഭൂരിപക്ഷം ബിസിനസുകളും റൺ ചെയ്യുന്നത് "പോൺസി മോഡലിൽ" എന്നതാണ് യാഥാർഥ്യം. ഇവർക്ക് ഒരിക്കലും ഒരു സുസ്ഥിര (sustainable) വികസനം ഉണ്ടാവുകയില്ല.
ഓൺലൈൻ ശ്രദ്ധിക്കുക: Verified അല്ലാത്ത മൊബൈൽ ആപ്പുകൾ വഴി പണം കൈമാറ്റം ചെയ്യാതിരിക്കുക. അജ്ഞാത കോളുകൾ, ലിങ്കുകൾ തുടങ്ങിയവക്ക് പ്രതികരിക്കാതിരിക്കുക. OTP, KYC എന്നിവ മറ്റുള്ളവരുമായി ഷെയർ ചെയ്യാതിരിക്കുക. “കുറച്ച് പണമയച്ചാൽ കൂടുതൽ പണം തിരിച്ചുകിട്ടു”മെന്ന് പറയുന്ന മെസേജുകൾ, ഫേക്ക് അക്കൗണ്ടുകളിൽനിന്നുള്ള സഹായാഭ്യർഥനകൾ തുടങ്ങിയവ വലിയ ചതിക്കുഴികളാണെന്ന് തിരിച്ചറിയുക.
നിക്ഷേപം എങ്ങനെ, എവിടെ?
ദീർഘകാലംകൊണ്ട് വളരുന്നതിനെയാണ് നിക്ഷേപങ്ങളുടെ (investment) ഗണത്തിൽ ഉൾപ്പെടുത്തുക. വർഷങ്ങൾ എടുത്ത് വളർന്ന് അത് നമുക്ക് ലാഭം തരും. ഒരു ദിനരാത്രംകൊണ്ട് സമ്പന്നനാവാൻ സാധിക്കില്ല. അതേസമയം, പണം ബുദ്ധിപൂർവം ഉപയോഗിക്കാതെ, അബദ്ധങ്ങളിൽ ചാടിയാൽ ഒറ്റദിവസംകൊണ്ടുതന്നെ പാപ്പരാവാൻ സാധ്യതയുണ്ട്.
നല്ല കമ്പനികളുടെ ഓഹരികൾ, വ്യത്യസ്ത മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ വർഷങ്ങൾ കഴിയുമ്പോൾ ഉയർന്നലാഭം നൽകുന്നു. ഇങ്ങനെ ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾക്ക് റിസ്ക് കൂടുതലാണ്. അതേസമയം നമ്മൾ, ഓഹരിവിപണിയിലെ ഇൻട്ര ഡേ ട്രേഡിങ്, ഓപ്ഷൻ ട്രേഡിങ് (Intraday options trading) തുടങ്ങിയവ നടത്തിയാൽ ഒറ്റദിവസം കൊണ്ടുതന്നെ പാപ്പരാവാൻ സാധ്യതയുണ്ട്. റിസ്ക് കൂതലാണ് എന്നർഥം. ശ്രദ്ധിച്ചില്ലെങ്കിൽ പാപ്പരായി ജീവിതം തന്നെ തകിടംമറിയും.
ഷെയർ മാർക്കറ്റ് അനലൈസ് ചെയ്യാനും നല്ലത് കണ്ടുപിടിച്ച് കൃത്യമായി വാങ്ങാൻ സമയമില്ലാത്തവർക്കും അതേക്കുറിച്ച് കൂടുതൽ പഠിക്കാത്തവർക്കും ഏറ്റവും നല്ലത് ഏതെങ്കിലും മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കലാണ്. ഇവിടെ ഫണ്ട് മാനേജർമാർ നമുക്കുവേണ്ടി ഷെയർചെയ്യും.
ഓഹരിവിപണിയും മ്യൂച്വൽ ഫണ്ടുകളും ഗവൺമെൻറിന്റെ വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽതന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപാവസരങ്ങളാണിവ. ബാങ്കുകളേക്കാൾ ഉയർന്ന റിട്ടേൺ, മറ്റു പ്രൈവറ്റ് നിക്ഷേപങ്ങളെക്കാൾ കൂടുതൽ സുരക്ഷിതത്വം തുടങ്ങിയവയാണ് ഇവയുടെ ഗുണങ്ങൾ.
മാന്ദ്യം, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടായാൽപോലും സാമ്പത്തികരംഗം മുന്നോട്ടുതന്നെ വളർന്നുകൊണ്ടേയിരിക്കും. അതിനാൽ ഓഹരിവിപണിയും മുന്നോട്ട് നീങ്ങും. പത്തോ ഇരുപതോ വർഷം ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നവർക്ക് പൊതുവിൽ ലാഭം ലഭിച്ച ചരിത്രമാണ് ഇന്ത്യക്കും ലോകത്തിനുമുള്ളത്. എന്നാൽ, ചില സമയങ്ങളിൽ ഓഹരിവിപണി തകരുകയും കൂപ്പുകുത്തുകയും ചെയ്യാറുണ്ട്. ആ സമയത്ത് നാം നമ്മുടെ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ നഷ്ടമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. അത് കരകയറുന്നതുവരെ കാത്തിരുന്നാൽ മാത്രമേ പിന്നീട് നമുക്ക് ലാഭം ലഭിക്കൂ. അതിനാൽതന്നെ വളരെ അടിയന്തരവും അത്യാവശ്യവുമായ പണം ഒരിക്കലും ഓഹരിവിപണിയിൽ നിക്ഷേപിക്കരുത്.
മറ്റ് കച്ചവടങ്ങൾ, സംരംഭങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിക്കുമ്പോൾ പ്രസ്തുത സംരംഭത്തിന്റെ ബ്രാൻഡ് വാല്യൂ, നടത്തിപ്പുകാരുടെ ട്രാക് റെക്കോഡ്, വിശ്വസ്ഥത തുടങ്ങിയവ പരിശോധിക്കണം. നാം മുടക്കുന്ന തുകക്കനുസരിച്ച വില ആ ഷെയറിനുണ്ടോ എന്ന് വിദഗ്ധരെ കൊണ്ട് മൂല്യനിർണയം നടത്തണം. പിന്നീട് നാം ആ സംരംഭത്തിൽ പ്രവേശിച്ചുകഴിയുമ്പോഴാണ് ഇതിന് ഇത്രവില ഇല്ല എന്നകാര്യം പലരും തിരിച്ചറിയുക. ഹോട്ടൽ, ബേക്കറി, വസ്ത്രം തുടങ്ങിയ വ്യാപാരങ്ങളിൽ ധാരാളം ആളുകൾ ഇങ്ങനെ പറ്റിക്കപ്പെടുന്നത് സർവസാധാരണമാണിന്ന് കേരളത്തിൽ.
നമ്മുടെ പണത്തിന് കൂടുതൽ വളർച്ച പ്രതീക്ഷിക്കാതെ, സുരക്ഷിതമായ ഒരു സേവിങ് മാത്രമാണ് ആവശ്യമെങ്കിൽ, റിക്കറിങ് ഡെപ്പോസിറ്റുകൾ, ഫിക്സഡ് ഡെപ്പോസിറ്റ്, ഗവൺമെൻറ് ചിട്ടികൾ, പോസ്റ്റ് ഓഫിസ് കുറികൾ തുടങ്ങിയവ ഉപയോഗപ്പെടുത്താം.
നമുക്ക് വേണ്ടി മറ്റ് കമ്പനികളൊക്കെ സൾട്ടൻസികളോ സ്റ്റോക്ക് എക്സ്ചേഞ്ച്ലിസ്റ്റ് ഓഹരികൾ വാങ്ങുകയോ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയോ ആണെങ്കിൽ നമ്മുടെ പേരിൽ നമ്മുടെ എക്കൗണ്ടിൽ അത് പ്രതിഫലിക്കുന്നു എന്നും ഉറപ്പുവരുത്തുക. നടത്തിപ്പുകാരുടെ സ്വന്തം പേരിൽ ഉള്ളവ (നമ്മുടെ പണം ഉപയോഗിച്ച് വാങ്ങിയവ) ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ഇൗയടുത്ത് സംഭവിച്ച പല തട്ടിപ്പുകളിലും അരങ്ങേറിയത്.
സാമാന്യബോധം ഉണ്ടായാൽതന്നെ ഒരുവിധം സാമ്പത്തിക ചതിക്കുഴികളിൽനിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കും. താഴെ പറയുന്ന മൂന്നു കാര്യങ്ങളിലും വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക:
അവിശ്വസനീയം എന്ന് തോന്നുന്ന മോഹനവാഗ്ദാനം (30%, 60%, 300%, ഇരട്ടി പണം...etc).
മാർക്കറ്റിന് നൽകാൻ സാധിക്കുന്നതിൽ കൂടുതൽ വരുമാനം വാഗ്ദാനം ചെയ്യുക (അത് 15% മുതൽ മുകളിലാണെ ങ്കിൽ ശ്രദ്ധവേണം).
നഷ്ടങ്ങൾ ഇല്ലാത്ത ‘സുസ്ഥിര വരുമാന’ വാഗ്ദാനം (ഇത് വെറും ഒരു കിണാശ്ശേരി മാത്രമാണ്. സാധാരണ നാം നിക്ഷേപിക്കുന്ന വെറും കുറച്ച് ലക്ഷം രൂപകൾ കൊണ്ട് ഇങ്ങനെ പ്രതിമാസം ആർക്കും വലിയ റിട്ടേൺ ഉറപ്പുനൽകാൻ സാധിക്കില്ല).
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.