Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightMoney Matterschevron_right‘അളിയാ ഒരു അഞ്ഞൂറ്...

‘അളിയാ ഒരു അഞ്ഞൂറ് മറിക്കാനുണ്ടോ? അടുത്ത മാസം തരാം’... ഇങ്ങനെ എത്ര കാലം? അറിയാം, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികൾ

text_fields
bookmark_border
‘അളിയാ ഒരു അഞ്ഞൂറ് മറിക്കാനുണ്ടോ? അടുത്ത മാസം തരാം’... ഇങ്ങനെ എത്ര കാലം? അറിയാം, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികൾ
cancel

പതിനായിരം രൂപ കൊണ്ട് ഒരാൾക്ക് ഒരു കോടി രൂപ സമ്പാദിക്കാൻ കഴിയുമോ?. കേൾക്കുമ്പോൾ അടുത്ത മണിചെയിൻ തട്ടിപ്പിനെ പറ്റിയാണ് വിവരിക്കുന്നതെന്ന് തോന്നുമെങ്കിലും ഇത് അങ്ങനെയല്ല. ഫേസ്ബുക്കിൽ ‘ഓഹരി വിപണി’ എന്ന മലയാളി കമ്യൂണിറ്റിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചലഞ്ചാണിത്.

10,000 രൂപക്ക് ഒരു കമ്പനിയുടെ ഷെയർ വാങ്ങി അഞ്ച് ശതമാനം ലാഭം നേടുമ്പോൾ അത് വിൽക്കണം. അതിലൂടെ ലഭിക്കുന്ന ലാഭമായ 500 രൂപയും മുതലായ 10,000 രൂപയും കൊണ്ട് അടുത്ത ഷെയർ കണ്ടെത്തി വാങ്ങി വീണ്ടും അഞ്ച് ശതമാനം ലാഭത്തിൽ വിൽക്കണം. ഇങ്ങനെ 143 ട്രേഡുകൾ ചെയ്താൽ നിങ്ങളുടെ കൈയിലെ 10,000 രൂപ ഒരു കോടിയിൽ എത്തിയിട്ടുണ്ടാകും.


കൂട്ടുലാഭം എന്ന മാജിക്

കേൾക്കുമ്പോൾ ലളിതമായി തോന്നാമെങ്കിലും നിരന്തര പഠനവും വർഷങ്ങളുടെ പ്രയത്‌നവും വേണ്ടിവരുന്ന പ്രക്രിയയാണിത്. ഒപ്പം വിപണിയുടെ സ്ഥിരതയും സ്വാധീന ഘടകമാണ്.

നിക്ഷേപത്തിലൂടെ കിട്ടുന്ന മുതലും ലാഭവും വീണ്ടും വീണ്ടും സുരക്ഷിത മാർഗങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ കൈവരുന്ന കോമ്പൗണ്ടിങ് പ്രോഫിറ്റിന്‍റെ (കൂട്ടുലാഭം) അതിശയകരമായ വളർച്ചയെ സൂചിപ്പിക്കുന്നതാണ് ഈ ചലഞ്ച്.

മണിചെയിൻ തട്ടിപ്പുകളിൽ എളുപ്പം വീഴുന്ന മലയാളികൾക്ക് സാമ്പത്തിക സാക്ഷരത നൽകാനെങ്കിലും ഇത്തരം ചലഞ്ചുകൾ ഉപകാരപ്പെടും. ഒപ്പം സാമ്പത്തിക സ്വാതന്ത്ര്യം എന്ന പുതിയ കാലത്തെ സങ്കൽപത്തിലേക്കുള്ള ചുവടുവെപ്പുമാണ് സുരക്ഷിത നിക്ഷേപമാർഗങ്ങളെ കുറിച്ചുള്ള അവബോധം.


അറിയണം സാമ്പത്തിക സ്വാതന്ത്ര്യം

പരമ്പരാഗത ജോലി-ജീവിത കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്ന പ്രായോഗിക പദ്ധതിയാണ് സാമ്പത്തിക സ്വാതന്ത്ര്യം (Financial Freedom). സുഖകരമായ ജീവിതത്തിനും ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനും മറ്റൊരാളെ ആശ്രയിക്കാതെ വരുമാനവും നീക്കിയിരിപ്പും നിക്ഷേപങ്ങളും കൈവരിക്കുന്ന അവസ്ഥ. എല്ലാ സാമ്പത്തിക ആസൂത്രണത്തിന്‍റെയും അന്തിമ ലക്ഷ്യവും ഈ സാമ്പത്തിക സ്വാതന്ത്ര്യമാണ്.

ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളുമായി ജീവിതത്തിൽ മുഴുകാൻ കുറഞ്ഞ കാലംകൊണ്ട് കൂടുതൽ പണം പടിപടിയായി സമ്പാദിക്കുന്ന വഴി കൂടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം. പതിറ്റാണ്ടുകളോളം രാവിലെ മുതൽ രാത്രി വരെ അല്ലെങ്കിൽ വൈകുന്നേരം മുതൽ പുലർച്ച വരെ ജോലി ചെയ്ത് അരിഷ്ടിച്ച് ജീവിച്ച് 60 വയസ്സാകുമ്പോൾ വിരമിച്ച് വിശ്രമ ജീവിതം നയിക്കുക എന്ന കാഴ്ചപ്പാടുതന്നെ ഇതിലൂടെ പൊളിച്ചെഴുതുന്നു.

1. ജീവിതലക്ഷ്യങ്ങൾ ഉറപ്പിക്കുക

സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്ന് ആഗ്രഹിക്കാത്തവർ നമുക്കിടയിലുണ്ടാകില്ല. അതിനായി ആദ്യം വേണ്ടത് എന്താണ് നിങ്ങളെ സംബന്ധിച്ച് സാമ്പത്തിക സ്വാതന്ത്ര്യമെന്ന് ചിന്തിക്കുകയാണ്. ജീവിതത്തിൽ നമ്മൾ കാണുന്ന ഓരോ ലക്ഷ്യവും എഴുതി വെക്കുക.

ഓരോ ലക്ഷ്യത്തിലേക്കും ഇനി എത്ര കാലം ബാക്കിയുണ്ടെന്നും കണ്ടെത്തുക. അതും കൃത്യമായി കുറിച്ചിടുക. എത്രമാത്രം കൃത്യത ഇതിലുണ്ടോ അത്രത്തോളം നാം അതിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

2. വേണം മാസ ബജറ്റ്

ഒരു മാസത്തെ ബജറ്റ് ഉണ്ടാക്കി അത് കൃത്യമായി പിന്തുടർന്നാൽ വരുമാനത്തിൽനിന്ന് നിശ്ചിത തുക മിച്ചം പിടിക്കാനാകും. വെള്ളം, വൈദ്യുതി, ഫോൺ, വൈഫൈ, പത്രം, സ്കൂൾ ഫീസ് എന്നീ ചെലവുകൾ ഓരോ മാസവും അടക്കാതെ പോകരുത്. ഇവ കുടിശ്ശികയാകുന്നത് മാസ ബജറ്റിനെ താളം തെറ്റിക്കും. നിങ്ങളുടെ ജീവിത ലക്ഷ്യം നേടാൻ അത് തടസ്സവുമാകും.


3. അടവുകൾ മറക്കരുത്

ക്രെഡിറ്റ് കാർഡുകളും മറ്റ് ഉയർന്ന പലിശയുള്ള ഉപഭോക്തൃ ലോണുകളും സമ്പത്ത് വളരുന്നതിന് തടസ്സമാണ്. അതിനാൽ ക്രെഡിറ്റ് കാർഡുകളുടെ ഫുൾ ബാലൻസ് ഓരോ മാസവും ക്ലോസ് ചെയ്യണം. വിദ്യാഭ‍്യാസ വായ്പ, ഹൗസിങ് ലോണുകൾ എന്നിവക്ക് താരതമ്യേന പലിശ കുറവാണ്. അതിനാൽ അവ അടിയന്തരമായി അടച്ചുതീർക്കേണ്ടതില്ല.

എങ്കിലും ഇവയുടെ മാസ അടവുകൾ കൃത്യമായി അടക്കേണ്ടത് പ്രധാനമാണ്. കൃത്യസമയത്ത് പേമെന്‍റ് നടത്തുന്നത് നമ്മുടെ ക്രെഡിറ്റ് റേറ്റിങ് സ്കോർ മികച്ചതായി തുടരാനും സഹായകമാകും.

4. ഓട്ടോമാറ്റിക് സേവിങ്സ് സജ്ജീകരിക്കണം

നിങ്ങളുടെ തൊഴിൽ ദാതാവ്‌ നൽകുന്ന വിരമിക്കൽ ആനുകൂല്യങ്ങളിൽ തൊഴിലിന്‍റെ തുടക്കകാലത്തു തന്നെ ചേരുക. കാരണം അത് പിൽക്കാലത്ത് കണക്കിലെടുക്കുമ്പോൾ സൗജന്യമായി ലഭിക്കുന്ന പണമായി അനുഭവപ്പെടും.

ഇതിനൊപ്പം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മാറ്റിവെക്കുന്ന ഫണ്ടിലേക്ക് ശമ്പളത്തിൽനിന്ന് തന്നെ ഒരു തുക ഓട്ടോമാറ്റിക്കായി എത്തുന്ന തരത്തിൽ ബാങ്ക് മാൻഡേറ്റ് നൽകുക. ശമ്പളം കൈയിൽ കിട്ടിയിട്ട് അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ട് മാറ്റിവെക്കാമെന്ന് തീരുമാനിച്ചാൽ നടക്കണമെന്നില്ല.

5. ഇന്നുമുതൽ നിക്ഷേപം തുടങ്ങാം

ഓഹരി വിപണിയിലെ നിക്ഷേപമാണ് സമ്പത്ത് മികച്ച നിലയിൽ വളരാനുള്ള ഒരു പരമ്പരാഗത മാർഗം. ഇന്ത്യയിൽ 17 ശതമാനം കുടുംബങ്ങൾ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് നൽകുന്ന പുതിയ കണക്കുകൾ. 2023 നവംബർ വരെയുള്ള കണക്കനുസരിച്ച് 21.06 ലക്ഷം മലയാളികൾ ഓഹരി വിപണികളിൽ നിക്ഷേപിക്കുന്നു.

എങ്കിലും ഒരു കാര്യം മറക്കരുത്. മികച്ച വളർച്ച സാധ്യതയുള്ള കമ്പനികൾ തിരഞ്ഞെടുത്തു നിക്ഷേപം നടത്താൻ ഒട്ടേറെ സാങ്കേതികവും അടിസ്ഥാനപരവുമായ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യമില്ലെങ്കിൽ മികച്ച മ്യൂച്വൽ ഫണ്ടുകൾ മനസ്സിലാക്കി നിക്ഷേപം നടത്തുന്നതാണ് ഉചിതം.

6. വിലപേശി വാങ്ങാൻ മടിക്കേണ്ട

കടകളിൽ ചെന്ന് വിലപേശി സാധനങ്ങൾ വാങ്ങുന്നത് ഒരു മോശം കാര്യമായി നിങ്ങൾ കരുതുന്നുണ്ടോ. അങ്ങനെ ചെയ്യുന്നവർ ഓരോ വർഷവും ആയിരക്കണക്കിന് രൂപ മുതൽക്കൂട്ടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് വൻകിട മാളുകളിൽ അല്ലാതെ ചെറുകിട കച്ചവടക്കാരെ സമീപിക്കുക. നിങ്ങൾക്ക് വിലപേശാം. അവർ അത് അംഗീകരിക്കുകയും ചെയ്യും.

സാധനങ്ങൾ ഒരുമിച്ചു വാങ്ങുമ്പോഴും ഒരേ കടയിൽനിന്ന് നിരന്തരം വാങ്ങുമ്പോഴും മികച്ച ഡിസ്‌കൗണ്ടുകൾ ലഭിക്കും. ചില റീട്ടെയിൽ ചെയിൻ സ്ഥാപനങ്ങൾ കൺസ്യൂമർ കാർഡുകൾ വഴി ന്യായമായ വിലയിളവുകളും നൽകും.

7. സാമ്പത്തിക കാര്യങ്ങളിൽ അവബോധം നേടുക

നികുതി നിയമങ്ങളിൽ കാലാനുസൃത അവബോധം നേടിയാൽ ഓരോ വർഷവും നികുതി അടവുകളിൽ നേടാൻ കഴിയുന്ന ഇളവുകൾ മനസ്സിലാക്കാം. ഓഹരി വിപണിയിൽ നേരിട്ടുള്ള നിക്ഷേപം ഉണ്ടെങ്കിൽ സാമ്പത്തിക വാർത്തകൾ ശ്രദ്ധിക്കണം. നിങ്ങളുടെ പോർട്ട്ഫോളിയോയെ ബാധിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

8. അറ്റകുറ്റപ്പണി വിട്ടുകളയരുത്

ഇട്ടിരിക്കുന്ന വസ്ത്രത്തിലെ തയ്യൽ പണി മുതൽ വാഹനങ്ങളുടെ കേടുപാടും വീടിന്‍റെ അറ്റകുറ്റപ്പണിയും യഥാസമയത്തു തന്നെ തീർക്കുക. അറ്റകുറ്റപ്പണിക്ക് ചെലവാകുന്ന തുക പുതിയതൊന്ന് വാങ്ങുന്നതിന്‍റെ ഒരു ശതമാനം മാത്രമേ വരൂ. അതിനാൽ അറ്റകുറ്റപ്പണി എന്നത് ഒരു നിക്ഷേപം കൂടിയാണ്.

9. ആവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിക്കുക

വരവ് അനുസരിച്ച് ചെലവഴിക്കുക എന്നത് ഒരു വിജയമന്ത്രമാണ്. മിതവ്യയ ശീലം പിന്തുടർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും. കിട്ടുന്നതിൽ കുറവ് മാത്രം ചെലവഴിച്ച് ജീവിച്ചതിന്‍റെ ഉദാഹരണമാണ് ഇന്ന് കാണുന്ന ധനികർ. എന്നുകരുതി അരിഷ്ടിച്ച് ജീവിക്കുക എന്നതല്ല അതിനർഥം.

ലളിതമായി പറഞ്ഞാൽ ആവശ്യങ്ങളും ആഗ്രഹങ്ങളും വേർതിരിച്ച് മനസ്സിലാക്കുക എന്നതാണ് കാര്യം. അതനുസരിച്ച് ജീവിതത്തിൽ നടത്തുന്ന ചെറിയ നീക്കുപോക്കുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മികച്ചതാക്കും.

10. ആരോഗ്യവും സമ്പത്താണ്

ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെയും പുഷ്ടിപ്പെടുത്തും. രോഗങ്ങൾ ചികിത്സിക്കാതെ പോകുന്നത് നല്ല ശീലമല്ല. അടിസ്ഥാന ജീവിതശൈലിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയാൽ ഒരുപാട് അസുഖങ്ങളെ മാറ്റിനിർത്താം.

വ്യായാമവും ഭക്ഷണക്രമവും നിലനിർത്തുന്നതിലൂടെ സാമ്പത്തിക ഭദ്രത കൂടിയാണ് കൈവരുത്തുന്നത്. നിരന്തരം സിക്ക് ലീവെടുക്കുന്നത് ശമ്പളമില്ലാത്ത ദിവസങ്ങളുടെ എണ്ണം കൂട്ടും. അമിത വണ്ണവും അസുഖങ്ങളും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കും.

11. വീട്ടു ബജറ്റിൽ വേണം 50/30/20 നിയമം

നികുതി കഴിച്ചുള്ള ഒരാളുടെ വരുമാനത്തെ 50/30/20 എന്നിങ്ങനെ മൂന്നായി വിഭജിച്ച് ചെലവഴിക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പാണ്. ഇതിൽ 50 ശതമാനം ആവശ്യങ്ങൾ നിറവേറ്റാനുള്ള തുകയാണ്. 30 ശതമാനം ആഗ്രഹങ്ങൾ നേടാനും. ബാക്കി 20 ശതമാനം നിക്ഷേപത്തിനും വായ്പകൾ തിരിച്ചടക്കാനും വേണ്ടി ഉപയോഗിക്കണം.

പ്ലാനിങ്ങാണ് പ്രധാനം

a. ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ (കാർ, വീട്, മക്കളുടെ പഠനം തുടങ്ങിയവ)

b. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ എത്രമാത്രം തുക സമാഹരിക്കണം

c. ഈ തുക സമാഹരിക്കേണ്ട അന്തിമ സമയം (deadline) എപ്പോഴാണ്

ഇനി, ലക്ഷ്യമിട്ട കാര്യങ്ങൾ നേടേണ്ട കാലത്തെ നിങ്ങളുടെ പ്രായത്തിൽനിന്ന് ഇപ്പോഴത്തെ പ്രായം കുറച്ച് ഇനി ഓരോ ലക്ഷ്യത്തിലേക്കും ബാക്കിയുള്ള വർഷങ്ങൾ മനസ്സിലാക്കുക. നേടേണ്ട ലക്ഷ്യവും അതിനു വേണ്ടിവരുന്ന തുകയും ഓരോ ലക്ഷ്യങ്ങൾക്കും ഇടയിലെ ഇടവേളയും സൂക്ഷ്മമായി എഴുതി ഇടക്കിടെ കാണത്തക്ക രീതിയിൽ വീട്ടിൽ സൂക്ഷിക്കുക.

കടം കയറി വേണ്ട ജീവിതം

ആവശ്യത്തിന് നിക്ഷേപം, തനിക്കും കുടുംബത്തിനും മികച്ച ജീവിത സൗകര്യങ്ങൾ നിലനിർത്താനുള്ള പണം എന്നിവയെല്ലാം ഓരോരുത്തരുടെയും ജീവിത ലക്ഷ്യമാണ്.

ജോലിയിൽനിന്ന് വിരമിച്ച ശേഷം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ കഴിയണമെന്നതാണ് എല്ലാ തൊഴിലാളികളുടെയും സ്വപ്നം. തങ്ങളുടെ ഹോബികളിൽ മുഴുകി ജീവിക്കാൻ ആവശ്യമായ പണം വേണമെന്നതാകും മറ്റു ചിലർക്ക് ലക്ഷ്യം.

എന്നാൽ, നമ്മുടെ ചുറ്റുപാടും കാണുന്ന ഭൂരിപക്ഷം പേരും ഈ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിൽനിന്ന് ഏറെ ദൂരം പിന്നിലാണ്. ചികിത്സ ചെലവ്, പ്രകൃതി ക്ഷോഭം എന്നിവ കൊണ്ട് സംഭവിക്കുന്ന സാമ്പത്തിക ബാധ്യത കൊണ്ടല്ലാതെ തന്നെ പലരും എടുത്താൽ പൊങ്ങാത്ത കടബാധ്യതയിൽപെട്ട് ഉഴലുന്നു. വരവിൽ കവിഞ്ഞ ചെലവും നിരന്തര ധൂർത്തും മൂലം കടം പെരുകി ജീവിക്കുന്ന ഇവർക്ക് സാമ്പത്തിക സ്വാതന്ത്ര്യമെന്നത് എത്തിപ്പിടിക്കാനാകാത്ത സ്വപ്നമായി മാറുന്നു.

പ്രതീക്ഷിക്കാനാകാത്ത പ്രശ്നങ്ങൾ ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കാം. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളും സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ പാതയിലേക്കെത്തും. ദൈനംദിന ജീവിതത്തിൽ ചില സാമ്പത്തിക ടിപ്‌സ് ഓർത്തുവെച്ചാൽ നമ്മൾക്കും നേടാം അധികം കഷ്ടപ്പെടാതെ സാമ്പത്തിക സ്വാതന്ത്ര്യം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financefinancial planning
News Summary - Know the ways to reach financial freedom
Next Story