നിങ്ങളുടെ ജോലിക്കൊപ്പം ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വരുമാനം വർധിപ്പിക്കാം, സാമ്പത്തിക സ്വാതന്ത്ര്യം നേടാം
text_fieldsഒരേ സമയം പല തൊഴിൽ കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ കേരളത്തിൽ നഗര-ഗ്രാമ ഭേദമന്യേ എല്ലായിടത്തും കാണാം. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ തന്നെ സൈഡ് ബിസിനസായി വരുമാനം നേടിത്തരുന്ന മറ്റു തൊഴിലുകളിലും ഏർപ്പെടുന്നവർ.
ഡ്രൈവിങ്, ഡെലിവറി, സെക്യൂരിറ്റി, സെയിൽസ്, കലക്ഷൻ ഏജന്‍റ് തുടങ്ങി ഷെയർ മാർക്കറ്റ് ട്രേഡിങ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറിങ്, വ്ലോഗിങ് വരെ പല മേഖലകളായി നീളും അധിക വരുമാനം വരുന്ന വഴികൾ. ഇങ്ങനെ ചെയ്യുന്നവർ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എളുപ്പത്തിൽ എത്തുമെന്നാണ് പുതുതലമുറ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിൽ ജോലി ചെയ്യുന്നതിലും ശ്രദ്ധിക്കണം ചില കാര്യങ്ങൾ:
1. ചെയ്യുന്ന ജോലിയും കൂലിയും മനസ്സിലാക്കണം
നിങ്ങളുടെ ജോലി/ ബിസിനസിൽനിന്ന് കിട്ടുന്ന വരുമാനം എത്രയാണ് എന്നറിയലാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലെ ഏറ്റവും പ്രധാന കാര്യം. ചിലപ്പോൾ നിങ്ങളുടെ കഴിവിനും പാടവത്തിനും യോഗ്യതക്കും അനുസൃതമായ പ്രതിഫലമാകില്ല ലഭിക്കുന്നത്.
അടുത്ത പത്തോ ഇരുപതോ വർഷം ഇതേ ജോലി/ബിസിനസ് തുടർന്നാലും നിങ്ങൾ ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയുമില്ല.
അത് മനസ്സിലാക്കാൻ ഇപ്പോൾ കിട്ടുന്ന വാർഷിക ശമ്പളത്തിൽനിന്ന് നികുതി കുറച്ച് 10 കൊണ്ട് ഗുണിച്ചാൽ ഒരു പതിറ്റാണ്ട് കഴിഞ്ഞാലും കിട്ടുന്ന വരുമാനം മനസ്സിലാകും. അതുവെച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് തോന്നിയാൽ ചെയ്യുന്ന ജോലിയിൽ ചില മാറ്റംവരുത്തൽ വേണ്ടിവരും.
ഓരോ കമ്പനിയും കൂടുതൽ പണം ചെലവാക്കുന്നത് അവരുടെ ജീവനക്കാരുടെ ശമ്പളയിനത്തിലേക്കാണ്. അതെത്ര കുറക്കുന്നോ അതിന് അനുസരിച്ചാകും കമ്പനിയുടെ ലാഭം. നിങ്ങളുടെ മികവിന് അനുസരിച്ചു കൂടുതൽ ശമ്പളം നൽകാൻ കമ്പനിക്കു കഴിയുന്നില്ലെങ്കിൽ കൂടുതൽ മികച്ച പാക്കേജ് നൽകുന്ന വേറെ കമ്പനിയിലേക്ക് ചേക്കേറാൻ ശ്രമം നടത്തുക.
2. വരുമാനം കൂട്ടാൻ ശ്രമിക്കണം
നിലവിലെ ജോലിയിൽ കൂടുതൽ മികവ് നേടി ഉയർന്ന മറ്റൊരു പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം നേടിയെടുക്കുക. അതുവഴി ഉയർന്ന ശമ്പളം നിങ്ങളെ തേടിയെത്തും. ഉദാഹരണത്തിന് ഡേറ്റ എൻട്രി ഓപറേറ്ററായി ജോലിനോക്കുന്ന ഒരാൾക്ക് അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ പഠിക്കുക വഴി അക്കൗണ്ടന്‍റായി ജോലി നേടിയെടുക്കാം.
നമ്മുടെ മികവിന് അനുസരിച്ച വരുമാനം കിട്ടിത്തുടങ്ങിയാൽ സേവിങ്സ് തുടങ്ങണം. സമ്പാദ്യം വളർത്താൻ നൂറുകണക്കിന് വഴികളുണ്ട്. എന്നാൽ, അതിനെല്ലാം അടിസ്ഥാനപരമായി വേണ്ടത് നിക്ഷേപിക്കാനുള്ള പണമാണ്. എത്രമാത്രം പണം നിക്ഷേപിക്കാൻ കഴിയുന്നുണ്ടോ അതിന്‍റെ തോത് അനുസരിച്ചാണ് സമ്പത്ത് വളരുക.
3. ആദ്യ പരിഗണന നിക്ഷേപത്തിന്
കിട്ടുന്ന ശമ്പളത്തിൽനിന്ന് 20 ശതമാനം തുക ഇൻവെസ്റ്റ്മെന്‍റ് അക്കൗണ്ടിലേക്കു നേരിട്ട് മാറ്റണം. അത് ഒരു ഡീമാറ്റ് അക്കൗണ്ട് വഴി മ്യൂച്വൽ ഫണ്ട് ആയാൽ ഏറ്റവും നല്ലത്. സാമ്പത്തിക ആനുകാലികങ്ങൾ പരിശോധിച്ചാൽ മികച്ച മ്യൂച്വൽ ഫണ്ടുകളെ പറ്റി മനസ്സിലാക്കാനാകും.
സാലറി അക്കൗണ്ടിൽനിന്നോ അല്ലെങ്കിൽ വരുമാനം വരുന്ന അക്കൗണ്ടിൽനിന്നോ ഓട്ടോമാറ്റിക്കായി പണം ഇൻവെസ്റ്റ്മെന്‍റായി പോകുമ്പോൾ പിന്നീടുള്ള തുക മാത്രമാണ് ചെലവഴിക്കാൻ ഉണ്ടാകുക. അതുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ നാം പഠിക്കും.
4. ഇതര വരുമാനം പൂർണമായി സേവിങ്സ്
സ്ഥിരമായി ചെയ്യുന്ന ജോലിക്കുപുറമെ സൈഡ് ബിസിനസ് വഴി കിട്ടുന്ന വരുമാനം മുഴുവനായും ഇൻവെസ്റ്റ്മെന്‍റ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിലൂടെ സമ്പാദ്യം ഇരട്ടിക്കുന്ന അവസ്ഥ കൈവരും.
ഓൺലൈനിൽ ലഭിക്കുന്ന ഫ്യൂച്വർ വാല്യൂ കാൽക്കുലേറ്റർ ഉപയോഗിച്ചാൽ, ഇപ്പോൾ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന ഓരോ ചെറിയ തുകയും ഇൻവെസ്റ്റ് ചെയ്താൽ അതിന്‍റെ ഭാവിയിലെ റിട്ടേൺ എത്രമാത്രം കൂടുതലാണെന്നു മനസ്സിലാകും.
5. ആസ്തി നിരീക്ഷിക്കുക
നിക്ഷേപങ്ങൾ നടത്തുന്നവർ മാസത്തിൽ ഒരിക്കൽ നിക്ഷേപങ്ങളുടെ ആകെ മൂല്യം നിരീക്ഷിക്കണം. ഒരാളുടെ സാമ്പത്തിക ജീവിതത്തിൽ ഏറ്റവും പ്രധാന അക്കമാണ് അറ്റ ആസ്തി മൂല്യം (Net Asset Value). നിങ്ങളുടെ മൊത്തം ആസ്തിയിൽനിന്ന് ബാധ്യതകൾ കുറക്കുന്ന ലളിതമായ കണക്കെടുപ്പാണ് അറ്റ ആസ്തി മൂല്യം.
ഓരോ മാസവും അറ്റ ആസ്തി വർധിക്കുന്നുണ്ടെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ പ്രയാണത്തിന്‍റെ അകലം കുറയുന്നുണ്ടെന്ന് മനസ്സിലാക്കാം. ആസ്തി മൂല്യം കുറഞ്ഞാൽ നിക്ഷേപ രീതിയിൽ മാറ്റം വരുത്തണം.
6. അറിവുള്ളതിൽ മാത്രം നിക്ഷേപിക്കുക
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് താരതമ്യേന സുരക്ഷിതമെങ്കിലും അറിവുള്ളവർക്ക് മികച്ച കമ്പനികളുടെ ഷെയറുകൾ മനസ്സിലാക്കിയും നിക്ഷേപം നടത്താം. 2023 ആഗസ്റ്റ് ഒന്നിന് 316 രൂപയായിരുന്ന കൊച്ചിൻ ഷിപ് യാർഡിന്‍റെ ഒരു ഓഹരിക്ക് 2024 ജൂലൈ നാലിന് വില 2600 രൂപയാണ്. ഒരു വർഷം കൊണ്ട് 700 ശതമാനമാണ് വില കൂടിയത്.
വരുമാനത്തിൽനിന്ന് ആകെ നിക്ഷേപിക്കുന്ന തുകയുടെ 20 ശതമാനം ഇത്തരം സ്റ്റോക്കുകളിൽ നേരിട്ട് നിക്ഷേപിക്കാം. ദൈനംദിന ജീവിതത്തിൽ നമ്മൾ മികച്ചതെന്ന് മനസ്സിലാക്കുന്ന ഉൽപന്നങ്ങളുടെ കമ്പനികളുടെ ഷെയറുകൾ വാങ്ങുമ്പോൾ റിസ്ക് കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.