വീട്ടിലും വേണം ഒരു ധനമന്ത്രി. എല്ലാ വർഷവും ബജറ്റ് അവതരണവും നടക്കട്ടെ
text_fieldsഒഴിവുകാലത്തെ ഒരു വിനോദയാത്ര എത്ര മനോഹരമായിരിക്കും. കാണുന്നതെല്ലാം ആശ്ചര്യപൂർവം ആസ്വദിക്കാനുള്ള മനസ്സോടുകൂടിയാകും ആ യാത്ര. അത് വിജയകരവും കൂടുതൽ സന്തോഷപ്രദവുമാകണമെങ്കിൽ കൃത്യമായ ആസൂത്രണങ്ങൾ നടത്തണം. യാത്ര പോകുന്ന സ്ഥലം, യാത്രാമാർഗങ്ങൾ, താമസം, ഉപയോഗിക്കുന്ന മറ്റു വിനോദസൗകര്യങ്ങൾ, ഭക്ഷണം തുടങ്ങിയവയെല്ലാം നമ്മുടെ ബജറ്റിന് അനുസരിച്ചു വേണം തിരഞ്ഞെടുക്കാൻ.
അവ ക്രമപ്പെടുത്തിയാൽ മാത്രമേ യാത്ര കൂടുതൽ ആസ്വാദ്യകരമാകൂ. നമുക്ക് ചെലവഴിക്കാൻ കഴിയുന്ന തുകക്ക് അപ്പുറമുള്ള വലിയ ഒരു ട്രിപ്പ് സംഘടിപ്പിച്ചാൽ, സന്തോഷത്തേക്കാൾ കൂടുതൽ ബാധ്യതയാണ് വരുത്തിവെക്കുക. അതുമൂലം ഉണ്ടാകുന്ന കടങ്ങൾ, നമ്മുടെ തുടർജീവിതത്തെ പോലും ബാധിച്ചേക്കും.
ഇതുപോലെ കൃത്യമായ സാമ്പത്തിക മുന്നൊരുക്കങ്ങളോടെയുള്ള ജീവിതം നമ്മിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. കിട്ടുന്ന വരുമാനം എത്രയാവട്ടെ, അതനുസരിച്ച് ജീവിതവും ക്രമീകരിച്ചാൽ എല്ലാ ദിനവും വിനോദയാത്രപോലെ ഭംഗിയുള്ളതാകും.
വേണം ബജറ്റ് പ്ലാനിങ്
പുതുവർഷം എത്തിയാൽ ഇനി മുതൽ ജിമ്മിൽ പോകും, മധുരം കഴിക്കുന്നത് കുറക്കും, രാവിലെ എഴുന്നേൽക്കും, പുതിയ സ്കിൽ പഠിക്കും തുടങ്ങിയവയാണ് ഒരു സാധാരണ മലയാളി എടുക്കുന്ന പ്രതിജ്ഞകളിൽ ചിലത്. ഇതിലേക്ക് പലരും ചുവടുവെക്കുമെങ്കിലും കൂടുതൽ കാലം തുടരാറില്ല. അതേസമയം, ആഗ്രഹങ്ങളും അഭിലാഷങ്ങളും എഴുതിവെച്ചവർ, തങ്ങളുടെ തീരുമാനങ്ങൾ തുടരുകയും ലക്ഷ്യത്തിൽ എത്തുകയും ചെയ്യാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
● നമ്മൾ കൃത്യമായ അല്ലെങ്കിൽ ഒരു നിശ്ചിത തുകയിൽ ജീവിക്കുക എന്നതാണ് ബജറ്റിങ്.
● പണത്തിന്‍റെ വരവ്, ചെലവ് എന്നിവ ട്രാക്ക് ചെയ്യണം.
● ഒരു പേപ്പറിൽ എഴുതിവെച്ചോ ഓൺലൈനിൽ ലഭ്യമായ ഏതെങ്കിലും ആപ്പുകൾ ഉപയോഗിച്ചോ ഇത് ചെയ്യാം.
കുടുംബ ബജറ്റ്: ഗുണങ്ങൾ
● സാമ്പത്തിക അച്ചടക്കം
● പണവിനിയോഗത്തെക്കുറിച്ചുള്ള കൂടുതൽ അറിവ്
● കുടുംബാംഗങ്ങളുടെ പരസ്പര ചർച്ച, അഭിപ്രായ സമന്വയം
● സാമ്പത്തിക ശാക്തീകരണം
● സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുകൾ
ആവശ്യം നോക്കണം
ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള പ്രഥമവും പ്രധാനവുമായ വഴി അത് എന്താണെന്ന് തിരിച്ചറിയലാണ്. അതിനാൽ നമ്മുടെ വരവുചെലവുകളെ തരംതിരിച്ച് ആദ്യം പരിശോധിക്കണം. എങ്കിൽ അനാവശ്യമായവ തിരിച്ചറിയാം. ഉള്ളതിൽനിന്ന് എങ്ങനെ മാറ്റിവെക്കാമെന്ന് മനസ്സിലാക്കുന്നതിലൂടെ സമ്പാദ്യശീലത്തിന് തുടക്കമിടാം. ഭാവിയിൽ എന്താണ് ആവശ്യമെന്ന് മനസ്സിലാക്കിയാൽ അതനുസരിച്ച് പ്ലാൻ ചെയ്യാൻ സാധിക്കും.
● നമ്മൾ ചെലവഴിക്കുന്ന ഓരോന്നും അത്യാവശ്യം (need) ആണോ ആവശ്യം (want) ആണോ എന്ന് പ്രത്യേകം മനസ്സിലാക്കുക.
● ആവശ്യങ്ങളുടെ എണ്ണം കുറച്ച് നിശ്ചിത ബജറ്റിൽ ഒതുങ്ങി ജീവിക്കാൻ പരിശീലിക്കുക.
എഴുതിത്തന്നെ മനസ്സിലാക്കണം
പതിവ് ചെലവുകൾ എഴുതിത്തയാറാക്കി എത്രയാണെന്ന് മനസ്സിലാക്കുക. ഇതിൽനിന്ന് എത്ര തുക മിച്ചംവെക്കാൻ സാധിക്കും എന്നറിയാം. സ്ഥിരം ചെലവുകൾ അല്ലാത്ത ആശുപത്രി, ആഘോഷം, വിനോദം തുടങ്ങിയവക്കു വേണ്ട തുകയും ഏകദേശം ഒരു വർഷം എത്ര വരും എന്ന് കണക്കുകൂട്ടുക.
ഇങ്ങനെ ഓരോ വർഷത്തെയും കുടുംബ ബജറ്റ് പ്ലാൻ ചെയ്യാം. എന്നാൽ, തോന്നുന്ന ആവശ്യങ്ങൾക്കെല്ലാം പണം ചെലവാക്കിയാൽ ഈ ബജറ്റിൽ ഒതുങ്ങില്ല. നമ്മുടെ പ്ലാനും നാം ശരിക്ക് ചെലവഴിച്ചതും തമ്മിൽ താരതമ്യപ്പെടുത്തിയാൽ എവിടെയാണ് കൂടുതൽ പണം നഷ്ടമാകുന്നതെന്ന് കണ്ടെത്താൻ സാധിക്കും.
അനാവശ്യമായതാണെങ്കിൽ അവ കുറച്ചുകൊണ്ടുവരണം. ഉദാഹരണത്തിന്, എല്ലാ ദിവസവും ഭക്ഷണം പാർസൽ കൊണ്ടുവരുന്ന സ്വഭാവം ഉണ്ടെങ്കിൽ, ദിവസവും അത് ചെറിയ ഒരു തുകയായി മാത്രമേ അനുഭവപ്പെടൂ. എന്നാൽ, ഒരു മാസത്തേക്ക് കണക്കുകൂട്ടിയാൽ വലിയ ഒരു തുകയാണെന്ന തിരിച്ചറിവ് ലഭിക്കും. നമ്മുടെ ആരോഗ്യം, സമ്പത്ത് തുടങ്ങിയവ പരിഗണിച്ച് പാർസലുകൾ ഒഴിവാക്കുകയോ എണ്ണം കുറക്കുകയോ ആണ് നല്ലത്.
എമർജൻസി ഫണ്ട്
ബജറ്റി തുകയുടെ ആറു മടങ്ങ് എമർജൻസി ഫണ്ടായി സൂക്ഷിക്കണം. അടിയന്തര ഘട്ടങ്ങളിൽ ഇത് ഉപയോഗിക്കാം. പ്രശ്നങ്ങൾ ഉണ്ടാകുക, പെട്ടെന്നു ജോലി പോവുക തുടങ്ങിയവ സംഭവിച്ചാലും ബുദ്ധിമുട്ടുകൾ ഇല്ലാതെ നിലനിൽക്കാൻ എമർജൻസി ഫണ്ട് ഉപകാരപ്പെടും.
പ്രതിമാസം ഏതാണ്ട് 25,000 രൂപ ചെലവ് ഉണ്ടെങ്കിൽ ഒന്നരലക്ഷം രൂപ (6X 25,000 = 1,50,000) നമുക്ക് ലഭിക്കുന്ന വരുമാനത്തിൽനിന്ന് നീക്കിവെക്കണം. ഒറ്റയടിക്ക് കഴിയുന്നില്ലെങ്കിൽ എല്ലാ മാസവും നിശ്ചിത സംഖ്യകളായി ഇവ സ്വരൂപിക്കണം. ഇവ ഒരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത്.
അധിക വരുമാനം
ഒരാൾ മാത്രമാണ് ഇക്കാലത്ത് ഒരു മധ്യവർഗ കുടുംബത്തിൽ ജോലിക്കു പോകുന്നതെങ്കിൽ ആ പണം പലപ്പോഴും നിത്യവൃത്തിക്ക് തികയില്ല. നമ്മുടെ ചെലവുകൾക്ക് അനുസരിച്ച വരവ് ഇല്ലെങ്കിൽ, അധികമായി എന്തെങ്കിലും വരുമാനം കണ്ടെത്തണം. അതിനുള്ള മാർഗങ്ങളിൽ ചിലത്:
● ഓൺലൈൻ ട്യൂഷൻ:
സ്വന്തമായോ ട്യൂഷൻ നൽകുന്ന വ്യത്യസ്ത പോർട്ടലുകളുമായി സഹകരിച്ചോ ജോലികൾ ചെയ്യാനാകും.
● ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡിസൈനിങ്, എസ്.ഇ.ഒ, കണ്ടന്‍റ് റൈറ്റിങ്, ഡിജിറ്റൽ മാർക്കറ്റിങ്):
എ.ഐ ഉപയോഗപ്പെടുത്തി ഇപ്പോൾ പോസ്റ്ററുകൾ (ബാനർ, നോട്ടീസുകൾ), ഇമേജ്, കണ്ടന്‍റുകൾ തുടങ്ങിയവ ലളിതമായി ഏതൊരാൾക്കും ഉണ്ടാക്കാം. ഇതിനുള്ള വ്യത്യസ്ത ടൂളുകൾ ഓൺലൈനിൽ സൗജന്യമായും ചെറിയ നിരക്കിലും ലഭ്യമാണ്. ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നവർ, മറ്റു ചെറുസംരംഭകർ തുടങ്ങിയവർക്ക് ഇത്തരം സർവിസുകൾ ആവശ്യമുണ്ടാകും. അവർക്ക് ഫ്രീലാൻസായി ചെയ്തുകൊടുക്കുന്നതിലൂടെ വരുമാനം കണ്ടെത്താം.
ഒരു വെബ്സൈറ്റിനെ ഗൂഗ്ൾ സെർച്ചിൽ മുകളിൽ എത്തിക്കുന്ന ടെക്നിക്കാണ് എസ്.ഇ.ഒ (Search Engine Optimization). ഇതിനുള്ള കണ്ടന്റ് ഇപ്പോൾ ചാറ്റ് ജി.പി.ടി (ChatGPT) വഴി ഏതൊരാൾക്കും ഉണ്ടാക്കാം. അതുപോലെതന്നെ ബ്ലോഗുകൾക്ക് കണ്ടന്റ് എഴുതാനും ചാറ്റ് ജി.പി.ടി നല്ല ഒരു ടൂളാണ്. ഇവ ഉപയോഗപ്പെടുത്തി പാർട്ട്ടൈം ജോലികൾ ചെയ്യാം.
● ഓൺലൈൻ വ്യാപാരം:
ഓൺലൈൻ സെയിൽസിൽ മീശോ (meesho) പോലെയുള്ളവ വഴി ധാരാളം വീട്ടമ്മമാർ ഇന്ന് വസ്ത്രവിൽപന നടത്തുന്നുണ്ട്. നമ്മുടെ റഫറൻസ് വഴി നടക്കുന്ന വിൽപനകൾക്ക് കമീഷനും ലഭിക്കും. വിപണിയിൽ മുൻനിരയിൽ നിൽക്കുന്ന ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവപോലെയുള്ള ഒരുവിധം എല്ലാ പ്രമുഖ ഇ-കോമേഴ്സ് പോർട്ടലുകളിലും ഇത്തരം റഫറൽ, അഫിലിയേറ്റ് മാർക്കറ്റിങ് സ്റ്റീമുകൾ ഉണ്ട്.
സമ്പാദ്യം ഇപ്പോൾ തുടങ്ങാം
പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ആദ്യ ശമ്പളം 20,000 രൂപ ആണെന്ന് കരുതുക. ആ സമയത്ത് ചിലർക്കെങ്കിലും വിദ്യാഭ്യാസ വായ്പകളും മറ്റു ബാധ്യതകളും ഉണ്ടായിരിക്കും. ഇവ ഇല്ലാത്തവരാണെങ്കിൽ മൊബൈൽ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങാൻ തങ്ങളുടെ ശമ്പളം മുഴുവൻ ചെലവഴിക്കും.
സാധാരണ ഗതിയിൽ, കിട്ടുന്നത് അപ്പോൾതന്നെ ചെലവായിപ്പോകും. ജീവിതം മുന്നോട്ടുപോകുമ്പോൾ വിവാഹം, കുട്ടികൾ, വീട് തുടങ്ങിയ ആവശ്യങ്ങൾ വരും. ചുരുക്കത്തിൽ, തോന്നുന്ന ആവശ്യങ്ങൾക്കെല്ലാം പണം ചെലവഴിച്ചാൽ നീക്കിയിരിപ്പ് ഒന്നും ഉണ്ടാകില്ല.
അതിനാൽ ശമ്പളം കിട്ടുമ്പോൾ തന്നെ അതിൽനിന്ന് ഒരു ഭാഗം നീക്കിവെച്ച്, ബാക്കി മാത്രമാണ് നമ്മുടെ ശമ്പളം എന്നു കരുതി ജീവിച്ചുതുടങ്ങുക.
ഉദാഹരണത്തിന്, 25,000 രൂപ ശമ്പളം ഉണ്ടെങ്കിൽ 5000 രൂപ മ്യൂച്വൽ ഫണ്ടിലോ മറ്റ് ഇൻവെസ്റ്റ്മെന്‍റുകളിലോ നിക്ഷേപിക്കുക. ബാക്കി 20,000 ആണ് നമ്മുടെ ശമ്പളം എന്നു കരുതി അതിൽനിന്ന് മാത്രം ചെലവഴിക്കുക. ഇങ്ങനെ തുടങ്ങിയാൽ മാത്രമേ നിക്ഷേപങ്ങൾ ആരംഭിക്കാൻ സാധിക്കൂ.
കൈയിൽ പണം അവശേഷിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുക എന്നത് ഒരിക്കലും നടക്കാൻ പോകുന്നില്ല. അതിനാൽ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പേ തന്നെ നിക്ഷേപം മാറ്റിവെക്കണം. ഇതാണ് സമ്പാദ്യത്തിനുള്ള പ്രാഥമിക പടി.
നേരത്തേ പ്ലാൻ ചെയ്യാം
ജീവിതത്തിലെ പല ആവശ്യങ്ങളും നമുക്ക് നേരത്തേതന്നെ അറിയാൻ കഴിയും. ഉദാഹരണത്തിന്, ഒരു കുട്ടി വളർന്നുവരുമ്പോൾ അവന്/അവൾക്ക് വിദ്യാഭ്യാസം നൽകണം. സ്കൂൾ ക്ലാസുകൾ കഴിയുമ്പോൾ കൂടിയ ഫീസ് കൊടുത്ത് തുടർപഠനങ്ങൾ (ഇക്കാലത്താണെങ്കിൽ വിദേശ വിദ്യാഭ്യാസം) ആവശ്യമായി വരും.
അതിനാൽ മക്കൾക്ക് അഞ്ചു വയസ്സ് ആകുമ്പോൾതന്നെ നമ്മുടെ കഴിവനുസരിച്ച് ഒരു നിശ്ചിത തുക (ആയിരമോ അയ്യായിരമോ) നിക്ഷേപിക്കുക. എങ്കിൽ ആ കുട്ടിയുടെ യൂനിവേഴ്സിറ്റി പഠനകാലത്ത് നമ്മുടെ കൈയിൽ വലിയ ഒരു തുക ഉണ്ടാകും.
ഇതേ രീതിയിൽ പെൺമക്കളുടെ കല്യാണ ആവശ്യത്തിന് ചെറുപ്പത്തിൽതന്നെ ചെറിയ സംഖ്യ പതിവായി നീക്കിവെച്ചാൽ നമുക്കത് ഭാരമായി തീരില്ല. ഇതുപോലെതന്നെ വീട്, കാർ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം മുൻകൂട്ടി പ്ലാനുകൾ തയാറാക്കിയാൽ, ലോൺ വാങ്ങാതെ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കും.
ഹോം ലോണും മറ്റും എടുത്താൽ പലപ്പോഴും എടുത്ത സംഖ്യയുടെ അത്രതന്നെ തുക ചില സമയങ്ങളിൽ പലിശ ഇനത്തിൽ മാത്രം അടച്ചുതീർക്കേണ്ടിവരും. ഇത് അനാവശ്യമായ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയുമാണ് കുടുംബജീവിതത്തിൽ ഉണ്ടാക്കുക.
കടങ്ങൾ ആദ്യം വീട്ടാം
കടങ്ങൾ ഉണ്ടെങ്കിൽ അത് വീട്ടി തീർക്കാൻ പ്രഥമ പരിഗണന നൽകണം. ചെറിയ സംഖ്യയുടെ കടങ്ങൾ ആദ്യം ക്ലോസ് ചെയ്യുക. ഹോം ലോൺ പോലെയുള്ള ഒരേയൊരു ബാങ്ക് കടം മാത്രമാണ് ഉള്ളതെങ്കിൽ, നാം സ്ഥിരം അടക്കുന്ന ഇ.എം.ഐയുടെ തുക കഴിയുന്ന സമയങ്ങളിലെല്ലാം കൂട്ടി അടക്കുക (5000 ആണെങ്കിൽ 6000, അല്ലെങ്കിൽ അധികമായി ഒരു ഇ.എം.ഐ). എങ്കിൽ നേരത്തേ ലോൺ ക്ലോസ് ചെയ്യാനും പലിശ ഇനത്തിൽ നഷ്ടമാകുന്ന തുകയുടെ അളവ് കുറക്കാനും സാധിക്കും.
ഇൻഷുറൻസ്
പലരും പരമ്പരാഗതമായി എൽ.ഐ.സി ഇൻഷുറൻസ് പോളിസി എടുക്കുന്നവരാണ്. അത് പലപ്പോഴും ഏജന്റി സമ്മർദഫലമോ അവരുമായുള്ള ബന്ധത്തി പേരിലോ ആയിരിക്കും തുടങ്ങുന്നത്. ഇതിൽ ഭൂരിപക്ഷവും, നമുക്ക് ആക്സിഡന്റോ മരണങ്ങളോ സംഭവിച്ചാൽ ആശ്രിതർക്ക് ആനുകൂല്യം ലഭിക്കുന്ന ലോങ് ടേം ഇൻഷുറൻസ് ആയിരിക്കും.
എന്നാൽ, ഇക്കാലത്ത് ഇതിനേക്കാൾ പ്രാധാന്യമുള്ളതാണ് ഹെൽത്ത് ഇൻഷുറൻസ്. വലിയ അസുഖങ്ങൾ വന്നാൽ സാധാരണക്കാരെക്കൊണ്ട് ചികിത്സച്ചെലവ് താങ്ങാൻ കഴിയില്ല. അതിനാൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു പ്രഥമ പരിഗണന നൽകണം.
എസ്.ഐ.പി
എല്ലാ മാസവും നിശ്ചിത തുക സമ്പാദ്യത്തിനായി മാറ്റിവെക്കുന്നതാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാനിങ്. ഇങ്ങനെ തുടങ്ങിയാൽ മാത്രമേ ഒരു മനുഷ്യന് സമ്പാദിക്കാൻ സാധിക്കൂ. അതിനുവേണ്ടി മ്യൂച്വൽ ഫണ്ടുകളോ മറ്റ് ഇൻവെസ്റ്റ്മെന്‍റ് സ്കീമുകളോ സ്വീകരിക്കാം. ഇത് ദീർഘകാലത്തേക്കുള്ള നിക്ഷേപപദ്ധതിയാണ്. വളരെ പെട്ടെന്ന് ആവശ്യമുള്ള പണം ഇങ്ങനെ നിക്ഷേപിക്കരുത്. വർഷങ്ങൾ കാത്തിരിക്കുമ്പോൾ എസ്.ഐ.പിയിൽനിന്ന് വലിയ റിട്ടേൺ നമുക്ക് ലഭിക്കും.
സ്മാർട്ട് പർച്ചേസിങ് & ഫുഡ്
● സൂപ്പർ മാർക്കറ്റുകളിൽ പോകുംമുമ്പേ ഷോപ്പിങ് ലിസ്റ്റ് തയാറാക്കുക. അതുവഴി അനാവശ്യ വാങ്ങലുകൾ ഒഴിവാക്കാം.
● കൈയിലില്ലാത്ത പണത്തിന്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്ന സ്വഭാവം ഒഴിവാക്കുക.
● ഡിസ്കൗണ്ട് കൂപ്പൺ, റിഡക്ഷൻ, ഉത്സവകാല വിൽപന മേളകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുക. ഡിസ്കൗണ്ട് ഉണ്ട് എന്നു കരുതി ആവശ്യമില്ലാത്തവ വാങ്ങരുത്.
മാർക്കറ്റിനേക്കാൾ കുറഞ്ഞ, ‘അവിശ്വസനീയ’ വിലയിൽ എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ, അത് വാങ്ങുന്നതിനുമുമ്പ് രണ്ടു വട്ടം അന്വേഷിക്കണം. കാരണം ഗുണമേന്മയിൽ പ്രശ്നം വരാനുള്ള സാധ്യത കൂടുതലാണ്.
● ഓൺലൈനിൽ വാങ്ങുമ്പോൾ എപ്പോഴും അത് ഉപയോഗിച്ചവരുടെ റിവ്യൂ വിലയിരുത്തുക.
● സീസണൽ പഴങ്ങളും പച്ചക്കറികളും വാങ്ങുക. ഉദാഹരണത്തിന്, ഏറ്റവും കൂടുതൽ മാങ്ങ, ഓറഞ്ച് ലഭ്യമാകുന്ന സമയങ്ങളിൽ അവ കൂടുതൽ വാങ്ങുക. ഗുണം കൂടുതലും വില കുറവുമായിരിക്കും.
● കിച്ചൻ സ്റ്റേപ്പിൾസ് (staples), സോസ്, ജാം, മറ്റ് മിക്സുകൾ തുടങ്ങിയവ സീസൺ സമയങ്ങളിൽ സ്വന്തമായി ഉണ്ടാക്കി സൂക്ഷിക്കുക.
● ഒരാഴ്ചത്തേക്കുള്ള ഭക്ഷണ മെനു മുൻകൂട്ടി കാണുക.
● പരമാവധി പാചകം വീട്ടിൽ തന്നെ ചെയ്യുക.
● ഭക്ഷണം എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്. നമ്മുടെ വീട്ടിലുള്ള ഭക്ഷണമാണെങ്കിൽ പോലും അത് പാഴാക്കിക്കളയുന്നത് വലിയ കുറ്റമാണ് എന്ന തിരിച്ചറിവുണ്ടാകുക.
മിനിമലിസം വഴി സ്മാർട്ട് ജീവിതം
● ക്വാളിറ്റിയാണ് പ്രധാനം, ക്വാണ്ടിറ്റിയല്ല
പുതിയ കാലത്തെ ജീവിതശൈലിയാണ് മിനിമലിസം. ഒരു വ്യക്തിക്ക് ആവശ്യമായ ഏറ്റവും മിനിമം സാധനങ്ങൾ ഉപയോഗിക്കുകയും അതുവഴി ക്വാളിറ്റി ലൈഫ് പിന്തുടരുകയുമാണ് ഇതിന്‍റെ ലക്ഷ്യം. ആളുകൾക്കും അവരുടെ ആവശ്യങ്ങൾക്കും അനുസരിച്ച് മിനിമലിസം വ്യത്യാസപ്പെട്ടേക്കും. ഇത് പിശുക്ക് എന്ന ഗണത്തിൽ ഉൾപ്പെടുന്ന ജീവിതശൈലിയല്ല.
ഗുണങ്ങൾ:
● അമിതമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതെ ഉപഭോക്തൃ സംസ്കാരത്തിൽനിന്ന് മുക്തരാകാം. അവശിഷ്ടങ്ങളും മാലിന്യങ്ങളും കൂടുതൽ സൃഷ്ടിക്കാതെ പ്രകൃതിക്ക് അനുകൂലമായ സസ്റ്റയിനബ്ൾ പ്രാക്ടിസ്.
● മുൻഗണനകളിലെ കൃത്യത -ശരിക്കും നമുക്ക് എന്താണ് ആവശ്യം. അതിൽ കൂടുതൽ ഫോക്കസ് ചെയ്യാനുള്ള അവസരം സംജാതമാകുന്നു.
● കടക്കെണി, സാമ്പത്തിക പിരിമുറുക്കം എന്നിവയിൽനിന്ന് മോചനം നൽകുന്നു. മനസ്സിന് കൂടുതൽ സ്വാസ്ഥ്യം ലഭിക്കുന്നു.
● ലളിതജീവിതം വഴി കൂടുതൽ ലഭിക്കുന്ന പണത്തിലൂടെ സമ്പാദ്യത്തിനു പുതിയ വഴികൾ തുറക്കുന്നു. അതുവഴി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും.
ഇങ്ങനെ തുടങ്ങാം
നമ്മുടെ വസ്ത്രങ്ങൾ, വീട്ടിനുള്ളിലെ സാധനസാമഗ്രികൾ തുടങ്ങിയവയുടെ എണ്ണം കുറയുമ്പോൾ വ്യക്തിജീവിതത്തിൽ കൂടുതൽ ആയാസം ലഭിക്കുന്നു. വീടിനു കൂടുതൽ വിശാലതയുമാകും.
● വസ്ത്രം: മാന്യതയുടെയും വ്യക്തിത്വത്തിയും പ്രകാശനംകൂടിയാണ് വസ്ത്രങ്ങൾ. ഒരാളുടെ വസ്ത്രത്തെക്കുറിച്ച് അയാൾതന്നെയായിരിക്കും കൂടുതൽ ബോധവാനായിരിക്കുക. വൈവിധ്യങ്ങളും ആഡംബരപൂർണവുമായ ഒരുപാട് വസ്ത്രങ്ങൾ ഉണ്ടെങ്കിൽ, അത് വാങ്ങുന്ന സമയത്ത് മാത്രമല്ല നമുക്ക് പണം ചെലവാകുക.
അവ യഥാവിധി ക്ലീൻ ചെയ്യുക, സൂക്ഷിക്കുക എന്നതിനും പണവും സമയവും ആവശ്യമുണ്ട്. ഓരോ പരിപാടി അല്ലെങ്കിൽ പാർട്ടികൾക്ക് പോകുമ്പോഴും ഏതു വസ്ത്രം ധരിക്കണം എന്ന കൺഫ്യൂഷനും ഉണ്ടാകും. ചില പുരുഷന്മാർ എപ്പോഴും വെള്ള ഷർട്ട് മാത്രം ധരിക്കുന്നത് നാം കണ്ടിട്ടുണ്ടാകും. അതുപോലെ ചില സ്ത്രീകൾ കോട്ടയും മറ്റും ഒരേ തരത്തിലുള്ള കുർത്തകൾ മാത്രം ധരിക്കും. ഇവയെല്ലാം പ്രൗഢവും അതുപോലെ ലളിതവുമായിരിക്കും.
ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് പൊതുപരിപാടികളിൽ എല്ലായിപ്പോഴും കറുത്ത ടീഷർട്ടും ജീൻസും മാത്രമേ ധരിച്ചിരുന്നുള്ളൂ. അതുപോലെതന്നെയാണ് ബിൽ ഗേറ്റ്സ്, സക്കർബർഗ് തുടങ്ങിയവരും.
ഒരേ തരം വസ്ത്രം എല്ലായിപ്പോഴും ധരിച്ചാൽ, നമ്മുടെ വസ്ത്രത്തിന്‍റെ തിരഞ്ഞെടുപ്പിനും പർച്ചേസിനും വേണ്ടി കൂടുതൽ സമയവും പണവും ആവശ്യമായി വരില്ല.
● ഫർണിച്ചറുകളുടെ എണ്ണം കുറക്കാം: കുറെ ഫർണിച്ചറുകൾക്കു പകരം വളരെ കുറച്ച് എണ്ണമാണ് നമ്മുടെ വീട്ടിലെ ലിവിങ് ഹാളിലും മറ്റു മുറികളിലും ഉള്ളതെന്ന് കരുതുക. അപ്പോൾ സ്വാഭാവികമായും ആ മുറിയും ഹാളും വളരെ വിശാലമാകും. ഇതുപോലെതന്നെ വലിയ ചെടിച്ചട്ടികളും പ്രൊജക്ഷനുകളും എല്ലാം ഒഴിവാക്കി ചുമരിൽ ഒന്നോ രണ്ടാ പെയിന്റിങ്ങുകൾ മാത്രമാണെങ്കിലും അത് വിശാലമായി അനുഭവപ്പെടും. ഫർണിച്ചറുകളുടെ എണ്ണം കുറച്ച് വീടിനെ കൂടുതൽ പ്രൗഢമാക്കാൻ സാധിക്കും.
● അടുക്കളയിൽ പാത്രങ്ങൾ കുറക്കാം: അടുക്കളയിൽ വളരെ കുറച്ച് പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ശീലമാക്കിയാൽ, അവ ക്ലീൻ ചെയ്യാനും മെയ്ന്‍റനൻസ് ചെയ്യാനുമുള്ള നമ്മുടെ ഊർജവും സമയവും വലിയ അളവിൽ കുറക്കാം.
അത് സൂക്ഷിച്ചുവെക്കാനുള്ള സ്ഥലം (സ്റ്റോറേജ് സ്പേസ്) ലാഭിക്കാനും സാധിക്കും. സാമ്പത്തികലാഭം വേറെയും. പരമ്പരാഗതമായി നാം ഉപയോഗിക്കുന്ന അത്രയും പാത്രങ്ങൾ പാചകത്തിനായി അടുക്കളയിൽ ആവശ്യമില്ല എന്നതാണ് യാഥാർഥ‍്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.