ബോഡി ഷെയ്മിങ്: തകർക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതമാണ്; തിരുത്താം, നവീകരിക്കാം
text_fieldsശരീരസൗന്ദര്യത്തിെൻറയും ആരോഗ്യത്തിെൻറയും മാനദണ്ഡങ്ങൾ കൈക്കുഞ്ഞുങ്ങളിൽവരെ അടിച്ചേൽപിക്കുന്നവരാണ് നമ്മൾ. കൊഴുത്തുരുണ്ട്, മിനുത്ത്, വെളുത്ത കുഞ്ഞാണ് എല്ലാ അച്ഛനമ്മമാരുടെയും സ്വപ്നം. ചർമനിറത്തിന് സമൂഹം നൽകിയ നിർവചനങ്ങളെ തൃപ്തിപ്പെടുത്തുന്ന കുഞ്ഞിനുവേണ്ടി പാലിൽ കുങ്കുമപ്പൂവിട്ട് കഴിക്കുന്ന അമ്മയിൽനിന്നേ തുടങ്ങുന്നുണ്ട് ബോഡി സ്റ്റാൻഡേഡുകൾ കൈവരിക്കാൻ കുഞ്ഞിെൻറ മേലുള്ള സമ്മർദം.
വളരുംതോറും വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും അധ്യാപകരിൽനിന്നും മാധ്യമങ്ങളിൽനിന്നും എന്നു വേണ്ട അപരിചിതരിൽനിന്നു വരെ പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്ന വൃത്താന്തങ്ങളാൽ ഈ സാമാന്യ സങ്കൽപങ്ങൾ കുട്ടികളിൽ ആഴത്തിൽ വേരോടുന്നു. പൊതുഭാവനയുടെ അതിരുകളിൽ സ്വന്തം ശരീരത്തെ ഉൾക്കൊള്ളിക്കാനുള്ള ഉത്തരവാദിത്തത്തിെൻറ സമ്മർദങ്ങളും അതോടൊപ്പംതന്നെ കുഞ്ഞിനുമേൽ പതിച്ചുതുടങ്ങും.
ഇത്തരം ബോഡി സ്റ്റാൻേഡഡുകളുടെ പരിധിയിലൊതുങ്ങാത്ത ശരീരസവിശേഷതകളുള്ള കുട്ടികൾ പലപ്പോഴും ജീവിതകാലം മുഴുവൻ നീളുന്ന അപകർഷബോധവും ആത്മനിന്ദയും സാമൂഹിക ഏകാന്തതയും അനുഭവിക്കാനിടയാകും. വിഷാദവും ഉത്കണ്ഠയും ബുളീമിയ നെർവോസപോലുള്ള ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ട മാനസികാരോഗ്യപ്രശ്നങ്ങളും ഇതവർക്കു സമ്മാനിക്കും. സ്വാഭാവികമായും തങ്ങളുടെ കഴിവുകൾക്കനുസരിച്ച് സ്വന്തം ജീവിതത്തിലുയർന്നുവരാൻ അവർക്ക് സാധിക്കാതെവരും. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവർ തങ്ങളുടെ ശരീരത്തെപ്പറ്റി നടത്തുന്ന ഏതു പരാമർശവും എരിതീയിലെണ്ണയെന്നപോലെ അവരുടെ പ്രശ്നങ്ങളെ ആളിക്കത്തിക്കും.ബോഡി ഷെയ്മിങ് എന്ന സാമൂഹിക വിപത്ത് കുഞ്ഞുങ്ങളുടെ ജീവിതത്തെ തകർക്കാതിരിക്കാൻ മുതിർന്നവർക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് നമുക്കുനോക്കാം.
മുൻവിധികളെ തിരിച്ചറിയാം
ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ബോഡി ഇമേജ് പ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. ഇവയെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും അവർക്കുവേണ്ട മാനസികവും ശാരീരികവും സാമൂഹികവുമായ പിന്തുണ നൽകാനും മുതിർന്നവർ സജ്ജരായിരിക്കണം. ഇതിന് ആദ്യം വേണ്ടത് കുഞ്ഞുങ്ങളുമായി ഇടപെടുന്ന മുതിർന്നവർ സ്വന്തം മുൻവിധികളെക്കുറിച്ച് ധാരണയുള്ളവരായിരിക്കുകയാണ്.
സമൂഹം കൽപിച്ചുനൽകിയ ശരീരസങ്കൽപങ്ങളെ കണ്ണടച്ച് പിന്തുടരുന്ന വ്യക്തികളാണ് നാമെങ്കിൽ കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളെ സങ്കീർണമാക്കാനേ നമുക്കാകൂ. വ്യത്യസ്തരായിരിക്കുന്നത് ഒരു കുഴപ്പമല്ലെന്ന് സ്വയം മനസ്സിലാക്കിയാൽ മാത്രമേ പൊതുബോധത്തിെൻറ ചങ്ങലക്കെട്ടിൽനിന്ന് സ്വതന്ത്രരാകാനാകൂ. അങ്ങനെയുള്ളവർക്കേ ഇക്കാര്യത്തിൽ മുൻവിധികളില്ലാത്ത പുതിയതലമുറയെ വാർത്തെടുക്കാനും സാധിക്കൂ.
പൊളിറ്റിക്കലി കറക്ടാവാം
മറ്റുള്ളവരുടെ ശരീരത്തെ വിമർശിക്കുക എന്നത് 'നയപരമായ ശരികേടാ'ണ് എന്ന് മനസ്സിലാക്കുകയാണ് അടുത്ത പടി. നയപരമായ ശരികൾ (പൊളിറ്റിക്കൽ കറക്ട്നെസ്) എന്നത്, ഒരു സമൂഹമെന്ന നിലയിൽ നമുക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സങ്കൽപമാണ്. നാളിന്നുവരെ നാംപറഞ്ഞിരുന്നതും ചെയ്തുവന്നതുമായ കാര്യങ്ങൾ ശരികേടുകളാണെന്ന് തിരിച്ചറിയാനും അംഗീകരിക്കാനും ഒരൽപം ബുദ്ധിമുട്ടുതന്നെയാണ്.
എന്നാൽ, സ്വയമനുഭവിച്ചതോ പ്രിയപ്പെട്ടവർ കടന്നുപോയതോ ആയ ഇത്തരം അവസരങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വിലയിരുത്തുകയും അവ ജീവിതത്തിലുണ്ടാക്കിയ അസ്വസ്ഥതകളും ഭവിഷ്യത്തുകളും ഓർത്തെടുക്കുകയും ചെയ്യുന്നത് ബോഡി ഷെയ്മിങ്ങിെൻറ ശരികേടുകളെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.
കുഞ്ഞുവാവയെ കാത്തിരിക്കുമ്പോൾ
കുഞ്ഞിെൻറ ശാരീരികവും സ്വഭാവപരവുമായ എല്ലാ പ്രത്യേകതകളെയും അംഗീകരിക്കാനുള്ള മനഃസ്ഥിതി വളർത്തിയെടുക്കുക എന്നത് കുഞ്ഞിനായുള്ള പ്ലാനിങ് തുടങ്ങുമ്പോഴേ മനസ്സിൽ വെക്കേണ്ട കാര്യമാണ്. സ്വന്തം സൃഷ്ടിയുടെ സൗന്ദര്യം തിരിച്ചറിയാനാകാത്ത കലാകാരന്മാരെപ്പോലെയാണ് സ്വന്തം കുഞ്ഞിെൻറ പ്രത്യേകതകളെ ഉൾക്കൊള്ളാനാവാത്ത മാതാപിതാക്കളും.
ഗർഭാവസ്ഥ മുതലേ കുഞ്ഞിെൻറ ശരീരപുഷ്ടിക്കും വെളുത്തനിറത്തിനും വേണ്ടി പലവിധ ശ്രമങ്ങൾ നടത്താൻ നിർബന്ധിക്കുന്ന ബന്ധുമിത്രാദികളുടെ സമ്മർദങ്ങൾമൂലം സ്വന്തം കുഞ്ഞ് എങ്ങനെയായിരിക്കണം എന്ന മുൻവിധികൾ വളർത്തിയെടുക്കാതിരിക്കാൻ കരുതലുകളെടുക്കുക. കുങ്കുമപ്പൂവും മഞ്ഞളെണ്ണയും ബേബി ലോഷനും നൽകുന്ന നിറവും മിനുപ്പും സൗന്ദര്യവുമല്ല, മുലയൂട്ടലിലൂടെ മികച്ച ആരോഗ്യവും ഉപാധികളില്ലാത്ത സ്നേഹവും കരുതലുമാണ് നവജാതശിശുവിന് നൽകേണ്ടതെന്നും അതിനായിരിക്കണം എപ്പോഴും മുൻഗണന നൽകേണ്ടതെന്നും തിരിച്ചറിയണം.
കുഞ്ഞിനെക്കുറിച്ച കമൻറുകൾ അവഗണിക്കാം
നിറം കുറവാണ്, ചുരുണ്ട മുടിയാണ്, വിരൽ വളഞ്ഞിരിക്കുന്നു, അച്ഛെൻറ ഛായയില്ല, തടി കുറഞ്ഞുപോയി/കൂടിപ്പോയി, മൂക്കിന് നീളം പോരാ, ആനച്ചെവിയാണ് തുടങ്ങി കുഞ്ഞിെൻറ ശരീരത്തിന് തങ്ങൾക്ക് തോന്നുന്നവിധത്തിൽ കുറ്റങ്ങൾ കണ്ടെത്താൻ വരുന്ന ദോഷൈകദൃക്കുകളായി മാറാറുണ്ട് പല ബന്ധുമിത്രാദികളും അയൽക്കാരും. സ്വന്തം കുഞ്ഞിനുവേണ്ടി ആദ്യദിവസം മുതൽ നിലപാടുകളെടുക്കാൻ ധൈര്യമുള്ള രക്ഷാകർത്താക്കൾക്കേ അവരുടെ ആത്മവിശ്വാസം കെടാതെ നോക്കാനാകൂ. കുഞ്ഞിെൻറ കുറവുകളെക്കുറിച്ച് മറ്റുള്ളവർ പറയുമ്പോൾ ആശങ്ക പ്രകടിപ്പിക്കുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്യാതെ സംഭാഷണം മറ്റൊരു വിഷയത്തിലേക്ക് തിരിച്ചുവിടുന്നത് ഗുണംചെയ്യും. അത്തരം അഭിപ്രായങ്ങളെ അവഗണിക്കുന്നതിലും നല്ലൊരു ഉപായമില്ല. ഇത്തരം കുറ്റം കണ്ടെത്തലുകാരെ സമാധാനപരമായി നേരിടാനും ഇത്തരം സംഭാഷണങ്ങൾ ഒഴിവാക്കാനും വേണ്ട നടപടി കൈക്കൊള്ളണം. ഇത്തരക്കാരെ ബോധവത്കരിക്കാനുള്ള ഓരോ ചെറിയ ശ്രമവും പ്രധാനമാണ്.
കുഞ്ഞുവാവയുടെ ആദ്യ വർഷങ്ങളിൽ
തലച്ചോറിെൻറ ത്വരിതഗതിയിലുള്ള വളർച്ചയുടെയും വികാസത്തിെൻറയും ഈ കാലഘട്ടത്തിലാണ് ബൗദ്ധികമായും ഭാഷാപരമായും വൈകാരികമായും പെരുമാറ്റപരമായുമുള്ള പല ശേഷികളും കുഞ്ഞുങ്ങൾ ആർജിക്കുന്നത്.
ആദ്യവർഷത്തിൽതന്നെ മറ്റുള്ളവരുടെ ശാരീരിക സവിശേഷതകൾകൊണ്ട് അവരെ തിരിച്ചറിയാനുള്ള ശേഷി കുഞ്ഞുങ്ങൾ ആർജിക്കുന്നുണ്ട്. കുഞ്ഞിെൻറ കണ്ണിൽ സ്വന്തം ശരീരവും മറ്റെല്ലാ രൂപങ്ങളും സുന്ദരമാണ്, സവിശേഷമാണ്. ആ കാഴ്ചയിൽ വികലമായ സൗന്ദര്യബോധം നിറക്കുന്നത് മുതിർന്നവരാണ്. സ്വന്തം മുൻവിധികൾ കുട്ടികളുടെ കാഴ്ചപ്പാടുകളിലേക്ക് പകരാൻ ശ്രമിക്കും മുേമ്പ അതിെൻറ ദൂരവ്യാപക ഫലങ്ങളെപ്പറ്റി ഓർക്കുക.
കുഞ്ഞിെൻറ സാന്നിധ്യത്തിൽ മറ്റുള്ളവരെ ബോഡിഷെയിം ചെയ്യുന്നതും സ്ക്രീനിലോ ചിത്രങ്ങളിലോ കാണുന്ന വ്യക്തികളുടെ ശരീരപ്രകൃതിയെ വിമർശിക്കുന്നതുമെല്ലാം കുഞ്ഞിെൻറ മനസ്സിലും ബോഡി സ്റ്റാൻഡേഡുകളെക്കുറിച്ചുള്ള ചിന്തകളുടെ പടുവിത്തുകൾ പാകും. കുഞ്ഞിനോട് സംസാരിക്കുമ്പോൾ, 'കറുത്ത ചേട്ടൻ', 'കഷണ്ടി അമ്മാവൻ', 'തടിച്ചി അമ്മായി', 'പാണ്ടുള്ള അപ്പൂപ്പൻ', 'കാലുവയ്യാത്ത ചേച്ചി', 'വെളുത്ത കുട്ടി' എന്നിങ്ങനെ ആളുകളെ അവരുടെ ശാരീരിക പ്രത്യേകതകളെ പരാമർശിച്ച് സംബോധന ചെയ്യുന്നത് ഒഴിവാക്കുക.
ഭിന്നശേഷി കുട്ടികളോട് ഇടപഴകുമ്പോൾ
ഭിന്നശേഷിക്കാരായ കുട്ടികളോട് സംസാരിക്കുമ്പോഴും ഇടപഴകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ അവരെ അവരുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ എടുത്തുപറഞ്ഞ് സംബോധന ചെയ്യരുത്. 'കണ്ണുകാണാത്ത കുട്ടി', 'മുടന്തുള്ള പയ്യൻ' എന്നിങ്ങനെയുള്ള ഭിന്നതകൾ അവരുടെ തിരിച്ചറിയൽ മാർഗങ്ങളാക്കി മാറ്റരുത്.
അവരെ അവരുടെ പേരിൽ അഭിസംബോധന ചെയ്യാനും പോസിറ്റിവായ വശങ്ങൾ സൂചിപ്പിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനും ശ്രമിക്കുക. ഇത്തരം പ്രത്യേകതകളുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളെയും അവരുപയോഗിക്കുന്ന വസ്തുക്കളെയും പരാമർശിക്കുമ്പോഴും ശരിയായ പേരുകൾതന്നെ ഉപയോഗിക്കുക (ഉദാ: ബ്രെയിലി ഭാഷക്ക് "കുരുടന്മാരുടെ ഭാഷ" എന്ന് പറയുന്നത്). വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും അറിഞ്ഞോ അറിയാതെയോ അവരുടെ കുറവുകൾ കൊണ്ടുമാത്രം അവരെ അടയാളപ്പെടുത്താൻ മുതിരുകയാണ് നാമവിടെ ചെയ്യുന്നത്. ബോഡി ഷെയ്മിങ്ങിനും അനുബന്ധ അവമതിക്കും ഉദാഹരണമാണിത്.
It's okay to be different
കണ്ണിലെ കൃഷ്ണമണികൾക്ക് വ്യത്യസ്തമായ നിറങ്ങളുള്ളവർ, തല മൊട്ടയടിച്ചവർ, മുടി നീട്ടിവളർത്താത്ത പെൺകുഞ്ഞുങ്ങൾ, മെലിഞ്ഞവരോ അമിതവണ്ണമുള്ളവരോ ആയവർ എന്നിങ്ങനെ ശാരീരികമായ പ്രത്യേകതകളുള്ള കുട്ടികളെ തമാശക്കുപോലും കളിയാക്കുന്ന ശീലം തീർത്തും ഒഴിവാക്കണം. ചർമരോഗങ്ങൾ, പോടുകളുള്ള പല്ലുകൾ ഇവയൊന്നും െവച്ച് കുഞ്ഞുങ്ങളെ കളിയാക്കാനോ ഇരട്ടപ്പേരുകൾ വിളിക്കാനോ ശ്രമിക്കരുത്.
തങ്ങളുടെ ശാരീരികമായ പ്രത്യേകതകളിലൂടെയാണ് മറ്റുള്ളവർ തങ്ങളെ തിരിച്ചറിയുന്നത് എന്നു മനസ്സിലാക്കുന്നത്, ഉയരത്തിനും വണ്ണത്തിനും മുടിക്കും കേടുവന്ന പല്ലിനും രോഗം ബാധിച്ച ചർമത്തിനുമപ്പുറം തങ്ങൾക്കൊരു െഎഡൻറിറ്റി ഉണ്ടെന്ന അവബോധം കുഞ്ഞിനില്ലാതാക്കും. അപകർഷബോധവും ആളുകളെ അഭിമുഖീകരിക്കുന്നതിനുള്ള ഉത്കണ്ഠയും വളർത്തും.
കളിപ്പാട്ടങ്ങൾ കുട്ടിക്കളിയല്ല
കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ബോഡി ഇമേജിെൻറ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം. പാവകളാണെങ്കിലും സോഫ്റ്റ് ടോയ്സ് ആണെങ്കിലും എല്ലാ നിറത്തിലും വലുപ്പത്തിലും രൂപത്തിലുമുള്ളവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പാവകളെപ്പറ്റി കുഞ്ഞുമായി സംസാരിക്കുമ്പോൾ 'വയറൻ കരടി', 'തടിയനാന', 'കറുമ്പൻ മുയൽ' തുടങ്ങി അവയുടെ രൂപവും നിറവും വിശേഷണങ്ങളായി ചേർക്കാതെ കുഞ്ഞിനിഷ്ടം തോന്നുന്ന പേരുകൾ നൽകാൻ ശ്രമിക്കുക. ബാർബി പോലുള്ളവയും ആദ്യകാല ഡിസ്നി രാജകുമാരിമാരുടെ രൂപമുള്ളവയുമായ യഥാർഥ ജീവിതത്തിൽ അസാധ്യമായ അഴകളവുകൾ ഉള്ള പാവകളും സൂപ്പർമാെൻറയും ബാറ്റ്മാെൻറയും സ്പൈഡർമാെൻറയുമെല്ലാം 'V' ഷേപ് ഉള്ള ഉടലുകളുള്ള കളിപ്പാട്ടങ്ങളും വാങ്ങിനൽകുമ്പോൾ ശരീരത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ ഉണ്ടാകാനും ഊട്ടിയുറപ്പിക്കാനും അവ കാരണമാകാതെ നോക്കണം.
ഒരുസമയം കുഞ്ഞിന് ഒരു പാവയെ മാത്രമേ നൽകൂ എന്ന തീരുമാനമുണ്ടെങ്കിൽ ഇത്തരം കൊത്തിയെടുത്ത രൂപമുള്ളവയെ ഒഴിവാക്കാൻ ശ്രമിക്കുക. കൃത്യമായ അഴകളവുകൾ ഇല്ലാത്ത പാവകളായിരിക്കും കൂടുതൽ നല്ലത്. കൂടുതൽ ബാർബി ഡോളുകളെ വാങ്ങിനൽകുന്നുണ്ടെങ്കിൽ അതിൽ ഇരുണ്ടനിറമുള്ളവയും വ്യത്യസ്തമായ വസ്ത്രധാരണ രീതിയുള്ളവയെയും ഉൾപ്പെടുത്താൻ ശ്രമിക്കുക.
ഓർക്കുക, പാവകൾ തിരഞ്ഞെടുക്കുന്ന മുതിർന്നവർ സ്വന്തം സൗന്ദര്യസങ്കൽപങ്ങളും ബ്രാൻഡുകളോടുള്ള താൽപര്യങ്ങളും കുഞ്ഞുങ്ങളിൽ തെറ്റായ ശരീരസങ്കൽപങ്ങൾ ഉണ്ടാക്കാൻ കാരണമാകാതെയിരിക്കാൻ വളരെ ശ്രദ്ധിക്കണം. കുട്ടിക്കളിപ്പാട്ടങ്ങൾ ഒരിക്കലും കുട്ടിക്കളിയല്ല.
ലിംഗ ന്യൂനപക്ഷങ്ങളോട് ഇടപഴകുമ്പോൾ
ലിംഗസ്വത്വപരമായ പ്രത്യേകതകളുള്ള വ്യക്തികളുമായും കുട്ടികളുമായും ഇടപഴകുമ്പോഴും അവരുടെ ശാരീരികമായ പ്രത്യേകതകളെയും രീതികളെയും പരാമർശിക്കാൻ ഇടവരാതെ ശ്രദ്ധിക്കണം.
അവർ താൽപര്യപ്പെടുന്ന രീതിയിൽ അവരെ സംബോധന ചെയ്യാനും ശ്രമിക്കണം. പൊതുഭാവനക്കനുസരിച്ചുള്ള പെരുമാറ്റമോ വസ്ത്രധാരണ രീതികളോ അല്ല എന്നതിെൻറ പേരിൽ അത്ഭുതം കൂറാൻ മുതിരുന്നത് സംസ്കാരമില്ലായ്മയാണ്.
മുതിർന്നവരുടെ രീതികളാണ് കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ടുതന്നെ ലിംഗന്യൂനപക്ഷങ്ങളെ ബഹുമാനിക്കേണ്ടതിെൻറയും അവരുടെ പ്രത്യേകതകളെ അംഗീകരിക്കേണ്ടതിെൻറയും പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കണം.
എെൻറ ശരീരം, എെൻറ സവിശേഷത!
കുഞ്ഞുങ്ങളുടെ ശരീരത്തെ അവർക്ക് പരിചയപ്പെടുത്തുന്നതിനും പ്രാധാന്യമുണ്ട്. കുഞ്ഞിെൻറ ശരീരത്തിലെ ഒരവയവവും ചീത്തയായോ വൃത്തികേടായോ അവർക്കു മുന്നിൽ ചിത്രീകരിക്കരുത്. എല്ലാ ശരീരഭാഗങ്ങൾക്കും അവയുടേതായ പ്രാധാന്യമുണ്ടെന്നും അപകർഷത തോന്നേണ്ടതായ ഒന്നും കുഞ്ഞി
െൻറ ശരീരത്തിലില്ലെന്നും കുഞ്ഞിന് മനസ്സിലാക്കുന്ന രീതിയിലാകണം മുതിർന്നവർ സംസാരിക്കേണ്ടത്. ശരീരസുരക്ഷയെപ്പറ്റി പഠിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽപോലും കുഞ്ഞിെൻറ സ്വകാര്യഭാഗങ്ങളെ 'ഇച്ചീച്ചി' തുടങ്ങിയ വാക്കുകളാൽ താഴ്ത്തിക്കെട്ടി കാണിക്കാതിരിക്കാൻ ശ്രമിക്കണം.
കുട്ടിക്കഥകളും പുസ്തകങ്ങളും
ശരീരസൗന്ദര്യത്തിെൻറ വാർപ്പുമാതൃകകളിൽ പുതഞ്ഞു കിടക്കുന്നവയാണ് നമ്മുടെ കുട്ടിക്കഥകളധികവും. സുന്ദരനും സുന്ദരിയുമല്ലാത്ത രാജകുമാരനും രാജകുമാരിയുമുള്ള ഒരു കഥപോലും ചരിത്രത്തിലില്ല.
യക്ഷിക്കഥകളിലെ തവളകളും രാക്ഷസന്മാരും വരെ അവസാനം സുന്ദരന്മാരായ രാജകുമാരന്മാരാവുകയാണ് പതിവ്. കുട്ടികളുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അഴകളവുകളെക്കുറിച്ചുള്ള വികലവിവരണങ്ങൾ പേറുന്നവയാണ്. സുന്ദരികൾക്കും സുന്ദരന്മാർക്കും വേണ്ടിയുണ്ടാക്കിയതാണ് ഈ ലോകം എന്നതോന്നൽ വരുത്തുന്ന സാമ്പ്രദായിക കഥകളിൽനിന്നും രൂപത്തിെൻറ പ്രത്യേകതകളാൽ കഥാപാത്രത്തിന് പേര് വീഴുന്ന പഴങ്കഥകളിൽനിന്നും കുട്ടികളെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. ലോകം വളരെ വലുതാണെന്നും ആളുകൾ പലതരത്തിലുണ്ടെന്നുമുള്ള അറിവ് നിറച്ചുവേണം കുഞ്ഞുങ്ങളെ വളർത്താൻ. അത്തരം വായനയും കഥപറച്ചിലുമാണ് പ്രോത്സാഹിപ്പിക്കേണ്ടത്.
സ്കൂളിൽ പോകുമ്പോൾ
കെ.ജി ക്ലാസുകൾ തൊട്ട് കുട്ടിയുടെ ലോകം വലുതാകും. അതോടൊപ്പം ശരീരത്തെയും പൊതുബോധത്തിലുള്ള അതിെൻറ മാനദണ്ഡങ്ങളെയും കുറിച്ച് കുഞ്ഞിന് കൂടുതൽ അറിവുകളും അനുഭവങ്ങളും ഉണ്ടാവുകയും ചെയ്യും. ആദ്യമായി ബോഡി ഷെയ്മിങ്ങിനെ ഒറ്റക്കഭിമുഖീകരിക്കേണ്ടിവരുന്നതും പൊതുവെ സ്കൂളിൽ വച്ചാണ്. ആദ്യ വർഷങ്ങളിൽ വീട്ടിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും ലഭിച്ച ശരിയായ അറിവുകളുടെ അടിത്തറയുണ്ടെങ്കിലേ തികച്ചും ഭിന്നമായ സാഹചര്യങ്ങളിൽനിന്ന് എത്തിച്ചേരുന്ന തങ്ങളുടെ സഹപാഠികളുടെയും അധ്യാപകരുടെയും മറ്റു വ്യക്തികളുടെയും ചിന്തകളുടെയും വാക്കുകളുടെയും മുൻവിധികളുടെയും മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ അവർക്കാകൂ.
എത്ര തയാറെടുപ്പുകളോടെ അയച്ചാലും അധിക പങ്കു കുട്ടികളും തങ്ങളുടെ രൂപത്തിനും നിറത്തിനും നേരെ വരുന്ന ആരോപണങ്ങളെ പകപ്പോടെയാവും അഭിമുഖീകരിക്കുക. തീരെ ചെറിയ ക്ലാസുകളിൽ ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്ന കുട്ടികളെ അവരുടെ നല്ല ഗുണങ്ങൾ ചൂണ്ടിക്കാട്ടി ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രമിക്കുക. പഠിക്കാനുള്ള കഴിവ്, നല്ല കൈയക്ഷരം, നന്നായി സംസാരിക്കാനുള്ള കഴിവ് തുടങ്ങി കുഞ്ഞിെൻറ ചിരി, കണ്ണുകൾ, വിരലുകൾ എന്നിങ്ങനെ സ്വന്തം ശരീരത്തിെൻറ ഭംഗിയെക്കുറിച്ചും മനസ്സിലാക്കാനും പഠിപ്പിക്കാം.
"എല്ലാ പൂക്കളും ഭംഗിയുള്ളതാണല്ലോ എന്നാലും കുട്ടനിഷ്ടം റോസും ചേച്ചിക്കിഷ്ടം മുല്ലപ്പൂവുമല്ലേ? ഓരോരുത്തരുടെയും കണ്ണിൽ ഭംഗി ഓരോ തരത്തിലാണ്." ഈ രീതിയിൽ പ്രകൃതിയിൽ കാണുന്ന രൂപവൈവിധ്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊടുത്തും കുട്ടിയിൽ ആത്മവിശ്വാസം വർധിപ്പിക്കാം.
കൗമാരക്കാരിലെ ആശങ്കകളകറ്റി ആത്മവിശ്വാസമേകാം
ശരീരം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകുന്ന കാലമാണ് കൗമാരം. അതുകൊണ്ട് ശരീരത്തെക്കുറിച്ചുള്ള സംശയങ്ങളും ആകാംക്ഷകളും അപകർഷതകളും ഈ പ്രായത്തിെൻറ മുഖമുദ്രയാണ്. സ്വന്തം വ്യക്തിത്വവും പ്രതിച്ഛായയും വളർത്തിയെടുക്കാൻ വ്യഗ്രതപ്പെടുന്ന കാലമായതുകൊണ്ട് റോൾ മോഡലുകളുടെയും കൂട്ടുകാരുടെയും സ്വാധീനവും ഇക്കാലത്ത് കൂടുതലായിരിക്കും. അവയവങ്ങളുടെ വളർച്ച, ഉയരം, മുഖരോമങ്ങൾ, മുഖക്കുരു തുടങ്ങി കൗമാരത്തിേൻറതായ സകല സ്വാഭാവികതകളും ബോഡി ഷെയ്മിങ്ങിനു വിധേയമാക്കപ്പെടാം. അസ്വസ്ഥതകളുടേതായ ഈ പ്രായത്തിൽ ഈയനുഭവങ്ങൾ പലപ്പോഴും അവരെ ശരീരംകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനുള്ള പല പ്രവൃത്തികൾക്കും പ്രേരിപ്പിക്കാം. ടാറ്റൂ ചെയ്യുക, ബോഡി പിയേഴ്സിങ് തുടങ്ങിയ പല ശ്രദ്ധയാകർഷിക്കുന്ന പ്രവൃത്തികൾ ചെയ്യുന്ന വലിയൊരു ശതമാനം യുവത്വത്തിന് പിറകിലും ബോഡി ഷെയ്മിങ്ങിനും ശരീരത്തോട് നിന്ദ തോന്നിപ്പിക്കുന്ന മറ്റു പീഡനങ്ങൾക്കും വിധേയമായ കൗമാരത്തിെൻറ സ്വാധീനമുണ്ടെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്.
സ്തനവളർച്ച തുടങ്ങുന്ന കാലഘട്ടത്തിൽ കഴിഞ്ഞ തലമുറയിലെ ഒട്ടുമിക്ക പെൺകുട്ടികളും അനുഭവിക്കേണ്ടി വരാറുണ്ടായിരുന്ന വലിയൊരു പ്രതിസന്ധിയായിരുന്നു ബന്ധുക്കളും അയൽവാസികളുമായ ഏതാണ്ടെല്ലാ സ്ത്രീകളും അവരുടെ തികച്ചും സ്വകാര്യമായ ആ ശരീരഭാഗത്തെ കണ്ണുകൾകൊണ്ടും ചിലപ്പോൾ കൈകൊണ്ടും അളന്ന് പ്രയോജനമൊന്നും ഇല്ലാത്ത അഭിപ്രായങ്ങളും അപഹാസങ്ങളും ചൊരിഞ്ഞിരുന്നത്. ഈയവസ്ഥക്ക് ഇന്നും നാട്ടിൻപുറങ്ങളിൽ വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. സ്വന്തം ശരീരത്തെ വെറുക്കാനും ഭയക്കാനും ആത്മനിന്ദ തോന്നാനും മാത്രമേ ഇത്തരം പെരുമാറ്റങ്ങൾ പഠിപ്പിക്കൂ. ഇടവഴിപ്പൂവാലന്മാർ നടത്തുന്ന ബോഡി ഷെയ്മിങ്ങും പെൺകുട്ടികളുടെ ആത്മവിശ്വാസത്തിന് വലിയ ആഘാതമേൽപിക്കും.
●കൗമാരത്തിൽ വരാനിരിക്കുന്ന ശരീരവ്യത്യാസങ്ങളെക്കുറിച്ച് എട്ടോ ഒമ്പതു വയസ്സുമുതൽ കുട്ടികളോട് പറഞ്ഞുതുടങ്ങുക എന്നതാണ് ബോധവത്കരണത്തിെൻറ ആദ്യപടി.
●ലൈംഗികതയെക്കുറിച്ചും ഹോർമോണുകൾ ശരീരത്തിൽ വരുത്തുന്ന വ്യത്യാസങ്ങളിൽ അപമാനമായി ഒന്നുമില്ല എന്നതിനെക്കുറിച്ചും പലപ്പോഴായി അവർക്കു പറഞ്ഞുകൊടുക്കണം. ഇൻറർനെറ്റിൽനിന്നോ കൂട്ടുകാരിൽനിന്നോ ഹൈസ്കൂളിലെത്തുമ്പോൾ ലഭിക്കുന്ന രണ്ടു ദിവസത്തെ സ്പെഷൽ ക്ലാസിൽനിന്നോ മാത്രമല്ല കുട്ടി കൗമാരത്തെപ്പറ്റി പഠിക്കേണ്ടത്.
●ലൈംഗിക വിദ്യാഭ്യാസത്തിെൻറ ഭാഗമായി ബോഡി ഇമേജിനെപ്പറ്റിയും ബോഡി ഷെയ്മിങ്ങിനെപ്പറ്റിയും കുട്ടികൾക്ക് ബോധവത്കരണം നൽകണം.
●സ്കൂളുകളിൽ നടക്കുന്ന ബോഡി ഷെയ്മിങ് 'ബുള്ളിയിങ്' ആണെന്നും അതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കുട്ടികളെ ബോധവത്കരിക്കണം.
●ബോഡി ഷെയ്മിങ്ങിനു വിധേയരാകുന്ന കൗമാരക്കാരോട് പരിഹാരമായി ഡയറ്റിങ്ങോ പാഡഡ് അടിവസ്ത്രങ്ങളോ ഫെയർനെസ് ക്രീമുകളോ അല്ല നിർദേശിക്കേണ്ടത്; മറിച്ച് സ്വന്തം ശരീരത്തെ സ്നേഹിക്കാനും ബഹുമാനിക്കാനും അതിനുവേണ്ടി നിലപാടുകളെടുക്കാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്.
●ഏതു കുറവുകൾക്കിടയിലും സ്വന്തം ശരീരത്തിലും വ്യക്തിത്വത്തിലും ആകർഷണീയമായ ഘടകങ്ങൾ കണ്ടെത്താനും അവയെ പരിപോഷിപ്പിച്ച് ആത്മവിശ്വാസം വളർത്താനും ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കാനും കുഞ്ഞുനാൾ മുതലേ കരുതൽനൽകുന്ന ചുറ്റുപാടുകൾ ആവശ്യമാണ്.
അധ്യാപകരുടെ ബോഡിഷെയ്മിങ്
ബോഡിഷെയ്മിങ്ങിനെ കുറിച്ചും അതിെൻറ ഭവിഷ്യത്തുകളെക്കുറിച്ചും വലിയൊരു ശതമാനം അധ്യാപകർക്കും ഇപ്പോഴും വലിയ ധാരണയൊന്നും ഇല്ല. പലപ്പോഴും കുട്ടികൾ ടീച്ചർമാരുടെ വകയായും ബോഡിഷെയ്മിങ്ങിനു വിധേയരാകാറുണ്ട്. കൗമാരക്കാരുടെ പ്രിയപ്പെട്ട പല വസ്ത്രങ്ങളെയും ഹെയർ സ്റ്റൈലുകളെയും വരെ ചൂണ്ടിക്കാട്ടി നടത്താറുള്ള ഈ അതിക്രമങ്ങൾ കുട്ടികളിലേൽപിക്കുന്ന ആഘാതം വളരെ വലുതാണ്.
●ബോഡിഷെയ്മിങ്ങിനും ബുള്ളിയിങ്ങിനും എതിരെ കൃത്യമായ പോളിസികൾ എല്ലാ സ്കൂളുകളിലും ഉണ്ടാവണം.
●കുട്ടികൾക്കായി ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനായി കംപ്ലയിൻറ് ബോക്സുകൾ സ്ഥാപിക്കണം.
●കുട്ടികളെ അധ്യാപകർ അവരുടെ ശാരീരികമായ പ്രത്യേകതകൾ പരാമർശിച്ച് സംബോധന ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണം.
●പി.ടി.എകളുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രസ്തുത വിഷയത്തിൽ ബോധവത്കരണം നൽകണം.
●പ്രത്യേകതകളുള്ള കുട്ടികളോട് സഹതപിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്നതിനു പകരം അവരുടെ സ്ഥാനത്ത് സ്വയം സങ്കൽപിച്ച് അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനായി കുട്ടികളെ പ്രേരിപ്പിക്കണം.
●വ്യത്യസ്തരാകുന്നത് മോശമായ കാര്യമല്ല എന്ന് മനസ്സിലാക്കാനും ബോഡിഷെയ്മിങ്ങിനും ബുള്ളിയിങ്ങിനും എതിരെ ബോധവത്കരണം നടത്തുന്നതിനും 'ഓഡ് സോക്സ് ഡേ' പോലുള്ള ആഘോഷങ്ങൾ നടത്തുന്നത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.