Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_rightകുട്ടികളോട്...

കുട്ടികളോട് കാർക്കശ്യത്തോടെ പെരുമാറേണ്ട, ലാളിച്ചു വഷളാക്കുകയും വേണ്ട; അറിയാം ഉത്തമ രക്ഷിതാവിന്‍റെ ഗുണങ്ങൾ

text_fields
bookmark_border
parenting
cancel

കുട്ടികൾ നമുക്ക് ലഭിച്ച അനുഗ്രഹമാണ്. ഒരു കുട്ടിയുടെ സ്വഭാവം രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് കുട്ടിക്കാലം.

കുട്ടിയായിരിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാവുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളും സംഭവങ്ങളും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തെയും വളരെയധികം സ്വാധീനിക്കുന്നു. ചെറുപ്പത്തിൽ മാതാപിതാക്കളിൽനിന്ന് ലഭിക്കുന്ന സ്നേഹവും വാത്സല്യവും പരിലാളനയുമാണ് മുതിർന്നുകഴിയുമ്പോൾ വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.

നിങ്ങൾ കുട്ടികളെ സ്നേഹിച്ചാൽ മാത്രം പോരാ, സ്നേഹിക്കപ്പെടുന്നു എന്ന് കുട്ടിക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രകടമായിതന്നെ വേണം സ്നേഹം നൽകാൻ...


പാരന്‍റിങ് ഒരു കലയാണ്

പാരന്‍റിങ് ഒരു കലയാണ് എന്നു പറയാം. ഒരുപാട് അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയി വളരെ ക്ഷമയോടെ പഠിച്ചെടുക്കേണ്ട ഒന്നാണത്. വിവിധ തരം പാരന്‍റിങ് ശൈലികളും അവ കുട്ടികളിലുണ്ടാക്കുന്ന അനന്തര ഫലങ്ങളും പരിചയപ്പെടാം.

ഇതിൽനിന്ന് നിങ്ങൾ ഏതു തരത്തിലുള്ള രക്ഷിതാവാണെന്ന് സ്വയം നിരീക്ഷിക്കുകയും തിരിച്ചറിയുകയും സ്വയം പുതുക്കലിന് വിധേയമാവുകയും അവബോധം സൃഷ്ടിക്കുകയുമാവാം.

● കർക്കശക്കാരായ രക്ഷിതാക്കൾ (Authoritarian/Tiger Parenting)

രക്ഷിതാക്കൾ നിയമങ്ങൾ സെറ്റ് ചെയ്യുകയും മക്കൾ അതനുസരിച്ച് ജീവിക്കുകയും വേണം എന്ന് വിശ്വസിക്കുന്ന ആളാണോ നിങ്ങൾ? മക്കളുടെ കാര്യത്തിൽ സ്വയം തീരുമാനമെടുക്കുകയും മക്കളോട് അതിന്‍റെ ഒരു കാരണവും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യാറുണ്ടോ? ഇത് രണ്ടിനും ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ടൈഗർ പാരന്‍റ് അഥവാ കർക്കശക്കാരനായ രക്ഷിതാവാണ് എന്നു പറയാം.

ഇത്തരം പാരന്‍റിങ് ശൈലിയുള്ളവർക്ക് അവരുടെ കുട്ടികളുടെമേൽ ആവശ്യത്തിൽ കൂടുതൽ പ്രതീക്ഷ കാണപ്പെടുന്നു. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും കുട്ടികൾ എപ്പോഴും ഒന്നാമതായിരിക്കണം എന്ന മാനസികാവസ്ഥയാണ് ഇവർ കാണിക്കുക. അതിനായി കുട്ടികളോട് കാർക്കശ്യത്തോടെ പെരുമാറുന്നു. കുട്ടികൾ അവരുടെ ഒരു ദിവസം എന്തൊക്കെ ചെയ്യണമെന്ന് രക്ഷിതാവ് സ്വയം തീരുമാനിക്കും. ഇവർ പലപ്പോഴും ആഗ്രഹിക്കുന്നത്, അവരുടെ കൽപനകളെ ചോദ്യംചെയ്യാതെ അനുസരിക്കുന്ന കുട്ടികളെയാണ്.

‘വടിമാറ്റിയാൽ കുട്ടി വെടക്കാവും’ എന്ന വിശ്വാസമുള്ളവരാണ് ഇത്തരം രക്ഷിതാക്കൾ. എപ്പോഴും കുട്ടികളെ അമിതമായി വിമർശിക്കുന്നവരാണ് ഇക്കൂട്ടർ. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകാത്തവരും ഒരു വിശദീകരണവുമില്ലാതെ കുട്ടികളെ ശിക്ഷിക്കുന്നവരുമായിരിക്കും.

അനന്തരഫലങ്ങൾ

● ഇത്തരം രക്ഷിതാക്കളുള്ള കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ പെരുമാറ്റത്തിൽ ചില വ്യതിയാനങ്ങളുണ്ടായേക്കാം. എന്നാൽ, അവരുടെ സഹകരണ മനോഭാവത്തിന്‍റെ ശേഷി താഴ്ന്ന നിലവാരത്തിലായിരിക്കും. അവർക്ക് ഉത്കണ്ഠകൾ സഹിക്കാൻ കഴിയുന്ന മനസ്സുണ്ടായിരിക്കില്ല. ദുർബലരും വിഷാദ മനസ്സിനുടമകളുമായിരിക്കും ഇവരുടെ കുട്ടികൾ.

● കുട്ടികൾ ആത്മവിശ്വാസം കുറവുള്ളവരായി തീരുകയും ആളുകളുടെ ഇടയിൽ പൊതുവെ നാണിച്ചുനിൽക്കുന്നവരും മറ്റുള്ളവരുമായി ഇടപഴകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നവരുമായി തീരുന്നു.

● ഇവരുടെ കുട്ടികൾ പലപ്പോഴും നിഷേധികളായി മാറും. കൂടാതെ, കൗമാരകാലഘട്ടത്തിൽ മാതാപിതാക്കളുമായി നിരന്തരം സംഘർഷങ്ങളുണ്ടാക്കുകയും മാതാപിതാക്കളുടെ ശാസനകളെ ലംഘിക്കുകയും ചെയ്യുന്നവരായിത്തീരുന്നു.

● കുട്ടികൾ ബോധപൂർവം രക്ഷിതാക്കളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുന്നവരും (ഒന്നിച്ചുള്ള ഭക്ഷണം, യാത്രകൾ, വീട്ടിലെ ചർച്ചകൾ, വിനോദങ്ങൾ തുടങ്ങിയവയിൽനിന്ന് മാറിനിൽക്കും) കൃത്രിമവും കപടവുമായ അനുസരണയും ബഹുമാനവും കാണിക്കുന്നവരുമായിരിക്കും.

● കുട്ടികൾ അവരുടേതായ തീരുമാനങ്ങൾ എടുക്കാനും വീടുവിട്ട് പുറത്തുപോയി താമസിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്നവരാകും.

● ഇവരെയൊക്കെ ഒരു പാഠം പഠിപ്പിക്കണം, എനിക്ക് എന്തിനാണ് ഇവർ ജന്മം നൽകിയത്? മരിച്ചാൽ മതിയായിരുന്നു, വീട് വിട്ടുപോയാൽ കൊള്ളാം എന്നൊക്കെയുള്ള ചിന്തകൾ കുട്ടികളെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും.

● മാതാപിതാക്കളുടെ ശിക്ഷകളിൽനിന്ന് രക്ഷ നേടാൻ ഇവർ നിരന്തരം കളവുപറയാൻ ശീലിക്കുന്നു. കർക്കശക്കാരായ രക്ഷിതാക്കൾ വാസ്തവത്തിൽ നല്ല നുണയന്മാരെയും സൃഷ്ടിക്കുന്നു എന്നർഥം.

● കുട്ടികൾ സാമൂഹികപരമായി ശേഷിയില്ലാത്തവരും ആശയവിനിമയശേഷിയില്ലാത്തവരും ഇതുകൊണ്ടുതന്നെ ഭാവിയിൽ നേതൃസ്ഥാനം നയിക്കാൻ പ്രാപ്തിയില്ലാത്തവരുമായേക്കാം.

● താരതമ്യേന കാര്യക്ഷമതക്കുറവും കുറഞ്ഞ രീതിയിലുള്ള മാനസികാരോഗ്യവും പെരുമാറ്റ രീതിയുമായിരിക്കും കുട്ടിയിൽ കാണുന്നത്. മാത്രമല്ല, ശാരീരികമോ ലൈംഗികമോ ആയ ചൂഷണത്തിനിരയാകുന്നതുപോലും കുട്ടികൾ രക്ഷിതാക്കളിൽനിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നു.


● ലാളിച്ചുവഷളാക്കുന്ന രക്ഷിതാക്കൾ (Permissive/Jellyfish Parenting)

ജെല്ലിഫിഷ് പാരന്‍റിങ് പലപ്പോഴും വളരെ അനുവദനീയമായ അല്ലെങ്കിൽ ഒരു രീതിയിലുള്ള നിയന്ത്രണങ്ങളും ഇല്ലാത്ത പാരന്‍റിങ് രീതിയെ വിവരിക്കാൻ ഉപയോഗിക്കുന്നു. സമുദ്രത്തിലെ ജെല്ലിഫിഷുകളെപ്പോലെ, ഈ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടുകയില്ലെന്ന് മാത്രമല്ല, അവർ കുട്ടിക്ക് വളരെ കുറഞ്ഞ മാർഗനിർദേശങ്ങളും അതിർവരമ്പുകളും മാത്രമേ നൽകൂ. കുട്ടികൾക്ക് ഇത്തരം രക്ഷിതാക്കൾ വലിയ സ്വാതന്ത്ര്യവും അനുവദിച്ചേക്കാം.

കുട്ടിയുടെ വ്യക്തിത്വത്തെയും പ്രത്യേക സാഹചര്യങ്ങളെയും ആശ്രയിച്ച് ഈ സമീപനം അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തങ്ങളുടെ കുട്ടികൾ സൽസ്വഭാവികളായാലും മോശം സ്വഭാവമുള്ളവരായാലും അവരുടെ പെരുമാറ്റത്തെ അതുപോലെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം മാതാപിതാക്കൾ.

കുട്ടികളുടെ ആവശ്യം എത്ര വലുതായാലും എതിരുനിൽക്കാതെ സാധിച്ചുകൊടുക്കും. ഇവർ കുട്ടികളിൽ അച്ചടക്കം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പലപ്പോഴും കളിപ്പാട്ടങ്ങളും മറ്റു സമ്മാനങ്ങളും പ്രതിഫലമായി നൽകുന്നു. അതുകൊണ്ട് ഈ മാതാപിതാക്കൾക്ക് കുട്ടികളിൽ നിയന്ത്രണങ്ങൾ വരുത്താൻ എളുപ്പത്തിൽ സാധിക്കുന്നു.

ഇവർ കുട്ടികളെ പക്വതയുള്ള പെരുമാറ്റത്തിന് നിർബന്ധിക്കുകയില്ല. ഇത്തരം പാരന്‍റിങ് കുട്ടികളിൽ ഉയർന്ന നിലവാരത്തിലുള്ള സർഗാത്മകത ഉണ്ടാക്കാൻ മാത്രമാണ് സഹായിക്കുന്നത്.

അനന്തരഫലങ്ങൾ

● ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾ ആവേശമുള്ളവരും സ്വയം നിയന്ത്രിക്കാൻ കഴിയാത്തവരും ആത്മനിയന്ത്രണമില്ലാത്തവരും ആയിരിക്കും.

● പരസ്പരം എതിരിടാനും മറ്റുള്ളവരിൽ ആധിപത്യം സ്ഥാപിക്കാനുമുള്ള പ്രവണത കുട്ടികളിൽ കണ്ടേക്കാം.

● മാതാപിതാക്കൾ ഇവരുടെ മേൽ സ്ഥാപിക്കുന്ന ചെറിയ ചില നിയമങ്ങളെപ്പോലും ഭേദിക്കാൻ ഇവർ ശ്രമിക്കും. ഇതിന്‍റെ ഫലമായി ഭാവിയിൽ ഒരിക്കലും തെറ്റിൽനിന്ന് ശരി കണ്ടെത്താൻ ഇവർക്ക് കഴിയില്ല.

● ആവശ്യമുള്ളതെല്ലാം കൗശലമുപയോഗിച്ച് നേടിയെടുക്കാൻ ശ്രമിക്കുന്നവരും രക്ഷിതാക്കളുടെ പ്രതീക്ഷകൾക്ക് വിപരീതമായി അവരുടേതായ സ്വാർഥ താൽപര്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നവരുമായിരിക്കും.

● മറ്റുള്ളവരുടെ വിഷമങ്ങളെപ്പറ്റി ബോധമില്ലാത്തവരും മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം എന്നറിയാത്തവരുമായിരിക്കും ഈ കുട്ടികൾ.

● സമൂഹത്തിന് വിരുദ്ധമായ പെരുമാറ്റമുള്ള ഈ കുട്ടികൾക്ക് സമൂഹത്തിലെ മോശമായ കാര്യങ്ങളെയും നല്ല കാര്യങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കും. കൂടാതെ, അതിരുകളും നിയന്ത്രണങ്ങളും ഇല്ലാതാവുമ്പോൾ കുട്ടിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാനും സാധ്യതയേറുന്നു.


● ഉത്തമ രക്ഷിതാക്കൾ (Authoritative/Dolphin Parenting)

ഡോൾഫിൻ രക്ഷിതാവിന് പലപ്പോഴും ആധികാരിക സ്വഭാവമാണ്. ഡോൾഫിന്‍റെ ശരീരംപോലെതന്നെ, അവ ഉറച്ചതും എന്നാൽ വഴക്കമുള്ളതുമാണ് എന്നു പറയാം. ഇത്തരം മാതാപിതാക്കൾക്ക് നിയമങ്ങളും പ്രതീക്ഷകളും ഉണ്ട്. എന്നാൽ, കുട്ടികളുടെ സർഗാത്മകതയെയും സ്വാതന്ത്ര്യത്തെയും ഇവർ വിലമതിക്കുന്നു.

അവർ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്. കുട്ടികളെ വളർത്താൻ എപ്പോഴും മാർഗനിർദേശങ്ങളും റോൾ മോഡലിങ്ങും ഉപയോഗിക്കുന്നു.

ഇത്തരം മാതാപിതാക്കളുടെ നിയമങ്ങളും മാർഗനിർദേശങ്ങളും അവരുടെ കുട്ടികൾ അനുകരിക്കാൻ ആഗ്രഹിക്കും. ഈ രക്ഷിതാക്കൾ കൂടുതലും സൗമ്യമായ ഇടപെടലുകളാണ് നടത്തുന്നത്. തങ്ങളുടെ കുട്ടികളിൽ ഉത്തരവാദിത്തമുള്ളവരും കുട്ടികളുടെ ചോദ്യങ്ങൾക്ക് ശ്രദ്ധനൽകാൻ മനസ്സുള്ളവരും ആയിരിക്കും. മാത്രമല്ല, എപ്പോഴും കുട്ടികൾക്കുതന്നെയായിരിക്കും ഇവർ പ്രഥമപരിഗണന നൽകുക.

കുട്ടികളുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ കഴിയാതെ വരുമ്പോൾ ഈ മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കാൻ ആഗ്രഹിക്കാത്തവരും പകരം അവരെ പരിപാലിക്കാൻ ക്ഷമയുള്ളവരുമായിരിക്കും. ഇങ്ങനെയുള്ള മാതാപിതാക്കൾ തെറ്റുകൾക്ക് ശിക്ഷിക്കുന്നതിന് പകരം ശിക്ഷണരീതികളായിരിക്കും സ്വീകരിക്കുക.

ഗുണങ്ങൾ

● കുട്ടികൾ കഴിവുള്ളവരും വിജയികളും സന്തോഷവാന്മാരും ആയിരിക്കും.

● കുട്ടികൾ നല്ല മാനസികാരോഗ്യവും വൈകാരിക ബുദ്ധിയുമുള്ളവരായിരിക്കും.

● നല്ല ആത്മവിശ്വാസം ഈ കുട്ടികളിൽ കാണപ്പെടുന്നു. മാത്രമല്ല, ഇവർ സ്വന്തമായ കഴിവുകളിൽ വിശ്വാസമുള്ളവരും ഈ കഴിവുകളുപയോഗിച്ച് നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തിയുള്ളവരുമായിരിക്കും.

● താരതമ്യേന നന്നായി നിയന്ത്രണശീലമുള്ളവരും സാമൂഹികശേഷിയുള്ളവരും വൈകാരിക നിയന്ത്രണങ്ങൾ കൊണ്ടുവരുന്നവരുമായിരിക്കും.

● ഇത്തരം രക്ഷിതാക്കളുടെ കുട്ടികൾ പ്രശ്നങ്ങൾ സ്വന്തമായി തീർക്കാൻ പ്രാപ്തിയുള്ളവരും ഇതിനായി മറ്റുള്ളവരെ ആശ്രയിക്കാത്തവരുമായിരിക്കും.

● ഇവരുടെ രക്ഷാകർതൃത്വം കുട്ടികളെ നല്ല വ്യക്തികളും ശ്രേഷ്ഠതയുള്ള ജോലിക്കാരും നേതാക്കളും നല്ല ജീവിതപങ്കാളികളുമാക്കി തീർക്കാനുപകരിക്കുന്നു.

● അവഗണിക്കുന്ന രക്ഷിതാക്കൾ (Neglectful/ Uninvolved Parenting)

ഇത്തരം രക്ഷിതാക്കൾ കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധചെലുത്താത്തവരും അവരുടെ ജീവിതത്തിൽനിന്ന് എപ്പോഴും അകന്നുനിൽക്കുന്നവരുമായിരിക്കും. അപൂർവം സന്ദർഭങ്ങളിൽ കുട്ടികളുടെ ആവശ്യങ്ങളെപ്പോലും അവഗണിക്കുന്നവരോ നിഷേധിക്കുന്നവരോ ആയിരിക്കും ഇക്കൂട്ടർ. ഇവർ കുട്ടികളുമായി വളരെ കുറച്ചു സമയം മാത്രമേ ചെലവഴിക്കുകയുള്ളൂ.

ടി.വി കാണാനും വിഡിയോ ഗെയിം കളിക്കാനും കുട്ടികൾക്ക് യഥേഷ്ടം സമയം അനുവദിച്ചുകൊടുക്കും. ഒരുതരത്തിലുള്ള അടുപ്പവും ഉത്തരവാദിത്തവും കുട്ടികളോട് കാണിക്കാത്ത ഇവർ കുട്ടികളെ പരിഗണിക്കുന്നില്ല എന്നാണർഥം.

‘ഒഴിവുസമയങ്ങൾ’ മാത്രം പോരാ കുട്ടികൾക്ക്

കർക്കശക്കാരായ രക്ഷിതാക്കളുടെ മക്കളിൽ പലരും മോശം പെരുമാറ്റരീതികളുള്ളവരാകാൻ സാധ‍്യതയുണ്ട്. എന്നാൽ, ഇത്തരം രീതിയിൽ മോശക്കാരായി മാറാത്ത പല കുട്ടികളെയും നമുക്ക് കാണാൻ കഴിയും. അതിന് കാരണം ഈ കുട്ടികളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഉത്തമനായ (Authoritative) രക്ഷിതാവിന്‍റെ ഏതെങ്കിലും ഗുണങ്ങളുള്ള ആളായിരിക്കും.

ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കുകയും രണ്ടാം ലോകയുദ്ധത്തിനുതന്നെ കാരണക്കാരനാവുകയും ചെയ്ത ഹിറ്റ്ലറെ ലോകം കണ്ട വലിയ ദുഷ്ടനായ നേതാവാക്കിയത് പിതാവാണ് എന്നാണ് ചരിത്രം.

ഹിറ്റ്ലർ ഒരു സാധാരണ സർക്കാർ ജീവനക്കാരന്‍റെ മകനായിരുന്നു. മകൻ തന്നെപ്പോലെ സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. പക്ഷേ, ചിത്രകലയിലായിരുന്നു ഹിറ്റ്ലറുടെ താൽപര്യം. ആ കഴിവിനെ അംഗീകരിക്കാൻ പിതാവ് ഒരിക്കലും തയാറായില്ല എന്നുമാത്രമല്ല അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്ത് പിതാവ് ക്രൂരമർദനങ്ങൾ അഴിച്ചുവിട്ടിരുന്നതായും പറയുന്നു.

ഹിറ്റ്ലറിനോടു പിതാവ് കാണിച്ച രീതിയിലുള്ള സമീപനങ്ങൾ ഇന്ന് പല വീടുകളിലും മാതാപിതാക്കളും പുനർവിവാഹം ചെയ്തവരും ലഹരിക്കടിമപ്പെട്ടവരും മക്കളോട് കാണിക്കുന്നു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. മക്കള്‍ പഠനത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലെത്തണമെന്ന അത്യാര്‍ത്തി മാതാപിതാക്കൾക്കുണ്ടാവുമ്പോഴും ഒരു മാർക്ക് കുറഞ്ഞുപോകുമ്പോഴും അക്ഷരങ്ങൾ തെറ്റുമ്പോഴും ക്രൂരപീഡനങ്ങൾ നടത്തുന്ന രക്ഷിതാക്കൾ ഒരു തരത്തിൽ പുതിയ ഹിറ്റ്ലർമാരെ സൃഷ്ടിക്കുകയാണ്.

എന്നാൽ, മാതാപിതാക്കളിൽനിന്ന് തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സംരക്ഷണം ലഭിക്കുമ്പോൾ ആ കുട്ടികൾ ഭാവിയിൽ സമൂഹത്തിന് മുഴുവൻ മാതൃകയാകുന്നു. പ്രശസ്ത ക്രിക്കറ്റ് താരമായ സചിൻ ടെണ്ടുൽകർ ക്രിക്കറ്റിന്‍റെ പേരില്‍ ലോകമൊട്ടാകെ അറിയപ്പെടുമ്പോഴും നല്ല ഒരു വ്യക്തിത്വത്തെകൂടി സചിനിൽ കാണാൻ കഴിയുന്നു.ഇതുണ്ടാക്കിയെടുക്കാൻ സചിന് പ്രേരണയായത് അദ്ദേഹത്തിന്‍റെ പിതാവാണ്.

കുസൃതിയും വീട്ടുകാര്‍ക്ക് മഹാതലവേദനയും ആയിരുന്നു സചിൻ കുട്ടിക്കാലത്ത്. ഒന്നും പഠിക്കാന്‍ താൽപര്യമില്ലായിരുന്നു. ക്രിക്കറ്റ് കളിക്കുക എന്നതു മാത്രമായിരുന്നു ഇഷ്ടം. പലപ്പോഴും സചിന്‍റെ വികൃതികള്‍ കാരണം അമ്മക്ക് പലരോടും മാപ്പുപറയേണ്ടി വന്നിട്ടുണ്ട്.

തന്‍റെ മകന്‍ കൈവിട്ടുപോകുന്നു എന്ന് മനസ്സിലാക്കിയ പിതാവ് ഒരു ദിവസം സചിനെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച് ഒരു വാചകം പറഞ്ഞു, ‘‘സചിനേ, നിനക്ക് ഒരു ക്രിക്കറ്റ് കളിക്കാരനാകാനാണ് ഇഷ്ടമെങ്കില്‍ അച്ഛന്‍ അത് സാധിച്ചുതരും. പക്ഷേ, എന്‍റെ മോന്‍ ഒരു കാര്യം മനസ്സില്‍ കുറിച്ചിടണം, ഏതൊരു കാലത്തും സചിൻ നല്ലൊരു ക്രിക്കറ്റ് കളിക്കാരനാണ് എന്ന് ലോകം പറഞ്ഞ് കേള്‍ക്കുന്നതിനേക്കാൾ, സചിൻ നല്ലൊരു മനുഷ്യനാണ് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാണ് അച്ഛനിഷ്ടം.’’

25 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചപ്പോള്‍ നടത്തിയ പ്രസംഗത്തിൽ, അച്ഛന്‍റെ സ്നേഹത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞത് നാം കണ്ടതാണല്ലോ.

സമൂഹത്തിൽ വലിയ സ്വാധീനവും വ്യക്തിത്വവുമുള്ള ആളുകൾ പലപ്പോഴും കുടുംബജീവിതത്തിൽ കുട്ടികളൊത്ത് സമയം ചെലവഴിക്കുന്നതിൽ പരാജയപ്പെടുന്നു. തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ‘ഒഴിവുസമയങ്ങൾ’ മാത്രമാണ് കുട്ടികൾക്കും കുടുംബത്തിനുമായി നാം നീക്കിവെക്കുന്നത്.

കുട്ടികളെ ലാളിക്കാനും പരിപാലിക്കാനും പ്രത്യേകം സമയം കണ്ടെത്തുകയും അവർക്ക് എല്ലാത്തിലും പ്രഥമ പരിഗണന നൽകുകയും വേണം. ഓരോ കുട്ടിയും നാളത്തെ തലമുറയാണ്. അതുകൊണ്ട് നല്ല ബുദ്ധിശക്തിയും സാമൂഹിക അവബോധവും നല്ല സ്വഭാവവുമുള്ളവരാക്കി അവരെ വളർത്താം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentingLifestyle
News Summary - Let the children grow up smart
Next Story