Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_rightകുട്ടികളുടെ ഇഷ്ടങ്ങളും...

കുട്ടികളുടെ ഇഷ്ടങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി അവരെ മിടുക്കരാക്കാം

text_fields
bookmark_border
Parenting
cancel

കുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടുവരണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലെന്നാണ് മിക്ക രക്ഷിതാക്കളുടെയും ആവലാതി. കുട്ടികളുടെ വളർച്ചക്കൊപ്പം അവരിൽ ആശങ്കകളും ഏറും.

പലപ്പോഴും തെറ്റു ചെയ്യുന്നതുകണ്ടാൽ എങ്ങനെ തിരുത്തണമെന്നുപോലും അറിയാത്ത രക്ഷിതാക്കളുമുണ്ട്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

മിടുക്കിന്‍റെ ശാസ്ത്രീയവശം

പഠിക്കാനുള്ള ശേഷിയും കലാവാസനയും പോലുള്ള കഴിവുകള്‍ തലച്ചോറിൽ അധിഷ്ഠിതമാണ്. ഒരു കുട്ടിയുടെ തലച്ചോറിന്‍റെ സവിശേഷതകള്‍ക്ക് പ്രധാന അടിസ്ഥാനം മാതാപിതാക്കളിൽനിന്നുകിട്ടുന്ന ജീനുകളാണ്. ജീനുകൾക്കു പുറമേ, കുട്ടി വളർന്നുവരുന്ന, താഴെക്കൊടുത്തതുപോലുള്ള സാഹചര്യങ്ങളും പ്രസക്തമാണ്:

● ഗര്‍ഭപാത്രത്തിലെ അന്തരീക്ഷം

● ഭൗതിക സാഹചര്യങ്ങള്‍: താമസസൗകര്യം പര്യാപ്തമാണോ, പോഷകാഹാരം ലഭിക്കുന്നുണ്ടോ തുടങ്ങിയവ.

● സാമൂഹിക സാഹചര്യങ്ങള്‍: അയല്‍പക്കം, കൂട്ടുകെട്ട്, മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയവ.

ഐ.ക്യുവിന്‍റെ 50-70 ശതമാനം നിര്‍ണയിക്കുന്നത് ജീനുകളും ബാക്കി ജീവിതസാഹചര്യങ്ങളുമാണ്. നല്ല ഐ.ക്യുവുണ്ടാകാനുള്ള അടിത്തറ ജനിതകമായി കിട്ടിയവര്‍ക്കും അനുയോജ്യ സാഹചര്യങ്ങള്‍കൂടി ലഭിച്ചാലേ ആ ഐ.ക്യു പൂര്‍ണമായി കൈവരിച്ചെടുക്കാനാകൂ.

അച്ഛനമ്മമാര്‍ കുട്ടിയോട് എത്രത്തോളം സംസാരിക്കുന്നു, വീട്ടില്‍ പുസ്തകങ്ങളും പത്രവും കമ്പ്യൂട്ടറുമൊക്കെയുണ്ടോ, മ്യൂസിയം സന്ദര്‍ശനങ്ങള്‍പോലുള്ള ബൗദ്ധികോത്തേജനം പകരുന്ന അനുഭവങ്ങള്‍ കുട്ടിക്ക് ലഭിക്കുന്നുണ്ടോ എന്നതൊക്കെ ഐ.ക്യു നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.


കുട്ടിയെ അടുത്തറിയാന്‍ എന്തുചെയ്യണം?

കുട്ടി കളിക്കുന്നതും മറ്റുള്ളവരോട് ഇടപഴകുന്നതും വ്യത്യസ്ത സാഹചര്യങ്ങളോടു പ്രതികരിക്കുന്നതും എങ്ങനെയെന്നു ശ്രദ്ധിക്കുക:

● എന്തൊക്കെയാണ് അവർക്കു താൽപര്യമുള്ള പ്രവൃത്തികളും ഹോബികളും, മാറ്റങ്ങളോട് അവർ എങ്ങനെയാണ് പ്രതികരിക്കുന്നത്, എന്തൊക്കെയാണ് അവര്‍ക്ക് സന്തോഷമോ സങ്കടമോ ബോറടിയോ ഉത്സാഹമോ വരുത്തുന്നത് എന്നൊക്കെ നിരീക്ഷിക്കുക.

● അവരോടൊപ്പം വിവിധ പ്രവൃത്തികളിൽ ഏർപ്പെടുക. ഗെയിം കളിക്കുക, ചിത്രം വരക്കുക, പാചകം ചെയ്യുക, അലമാരയോ മുറിയോ വൃത്തിയാക്കുക തുടങ്ങിയവപോലെ.

● സ്കൂളിലും ജീവിതത്തിൽ പൊതുവേയും എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇഷ്ട പാട്ട്, ടി.വി പ്രോഗ്രാം എന്നിവയൊക്കെ ചോദിച്ചു മനസ്സിലാക്കുക.

● അവർ അപ്രതീക്ഷിത രീതികളിൽ പെരുമാറുന്നതു കണ്ടാൽ കുറ്റപ്പെടുത്താതെ, എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്നറിയാൻ ശ്രമിക്കുക. പ്രാധാന്യമുള്ള കാര്യങ്ങളിൽ കുട്ടിയുടെ അഭിപ്രായവും ആരായുക.

ഇപ്പറഞ്ഞതൊക്കെ അവരുടെ വ്യക്തിത്വത്തെ കൂടുതലറിയാൻ സഹായിക്കും.

പഠനത്തിൽ പിന്നിലാണോ? മുന്നിലെത്തിക്കാം

● പഠനത്തിലെ താല്‍പര്യം കെടുത്തുന്ന പ്രശ്നങ്ങള്‍ വല്ലതും നേരിടുന്നുണ്ടോ, സ്കൂളില്‍ ആരെങ്കിലും വഴക്കിനു ചെല്ലുന്നുണ്ടോ, ഏതെങ്കിലും വിഷയം മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കുക.

● സ്കൂൾ പുസ്തകങ്ങള്‍ക്കു പുറമെയും വായനയുടേതായ അന്തരീക്ഷം വീട്ടില്‍ ഉളവാക്കുന്നതു നന്നാകും. ടി.വി, പ്രാർഥന, ഹോംവര്‍ക്ക്, അത്താഴം എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും കൃത്യം സമയം നിശ്ചയിച്ചിടുക. അതു കര്‍ശനമായി പാലിച്ച് കുടുംബാംഗങ്ങളുടെയെല്ലാം പതിവുശീലമാക്കി മാറ്റുക.

● വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് അവ ഓരോന്നായി എങ്ങനെ പൂര്‍ത്തീകരിച്ചെടുക്കാമെന്ന് പരിശീലിപ്പിക്കുക. ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടിക തയാറാക്കാനും അതില്‍ ഓരോ ഇനവും മുഴുമിക്കേണ്ടത് എന്നത്തോടെയാണ് എന്നു നിശ്ചയിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.

● കുട്ടിക്കു താല്‍പര്യമുള്ള വിഷയങ്ങളും മേഖലകളും തിരിച്ചറിഞ്ഞ്, അവയില്‍ കൂടുതല്‍ വിവരം സംഭരിക്കാന്‍ സഹായിക്കുക. അപ്പോള്‍, പഠനത്തോടും വിവരസമ്പാദനത്തോടും പൊതുവേ ഒരാഭിമുഖ്യം രൂപപ്പെടാം. ഉദാഹരണത്തിന്, വാഹനങ്ങളുടെ കാര്യത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട മാസികകളും മറ്റും ലഭ്യമാക്കാം.

● മുതിര്‍ന്നാല്‍ ആരാവാനാണ് താല്‍പര്യം എന്നാരായുക. എന്നിട്ട്, പ്രസ്തുത ജോലി കരസ്ഥമാക്കണമെങ്കില്‍ ഇപ്പോള്‍ അല്‍പം വിട്ടുവീഴ്ച ചെയ്യേണ്ടതിന്‍റെയും പഠിക്കേണ്ടതിന്‍റെയും ആവശ്യകത ബോധ്യപ്പെടുത്തുക.

● പഠിക്കുന്ന കാര്യങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊടുക്കുക. ഉദാഹരണത്തിന്, കണക്ക് ഇഷ്ടമല്ലാത്തവര്‍ക്ക് കടയിലെ ബില്ലുകളും ഡ്രൈവര്‍മാര്‍ മറ്റു വണ്ടികളെ ഓവര്‍ടേക്ക് ചെയ്യുന്നതുമൊക്കെ വിശദീകരിച്ചുകൊടുക്കാം.

ഇത്തരം നടപടികള്‍ ഫലം തരുന്നില്ലെങ്കില്‍ പഠനവൈകല്യം, ഐ.ക്യുവിലെ പരിമിതി, വിഷാദം, എ.ഡി.എച്ച്.ഡി തുടങ്ങിയ പ്രശ്നങ്ങള്‍ കാരണമായി വര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ വിദഗ്ധ സഹായം തേടുക.

കളികളിലൂടെ കുട്ടിയുടെ മികവ് കൂട്ടാനാകുമോ?

‘നിയമങ്ങള്‍’ എന്ന ആശയം മനസ്സിലാവാനും അവ പാലിച്ചു പരിശീലിക്കാനും കളികള്‍ അവസരമൊരുക്കും. ജയപരാജയങ്ങളെ ഉചിതമാംവണ്ണം ഉള്‍ക്കൊള്ളാനുള്ള പ്രാപ്തി നല്‍കാനും നിരന്തരം ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ നന്നായിച്ചെയ്യാനാവുമെന്ന തിരിച്ചറിവു വളര്‍ത്താനുമൊക്കെ കളികള്‍ക്ക് സാധിക്കും. കൂട്ടാനും കുറക്കാനുമൊക്കെ അവസരമൊരുക്കുന്ന ഗെയിമുകള്‍ സ്കൂളിലെ കണക്കുകളും എളുപ്പമാക്കും. ചെസ് പോലുള്ള കളികള്‍ കാര്യങ്ങളെ നന്നായി ആസൂത്രണം ചെയ്യാനും വ്യത്യസ്ത നടപടികളുടെ പരിണിത ഫലങ്ങള്‍ ഊഹിച്ചെടുക്കാനും അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാനുമൊക്കെയുള്ള കഴിവുകളെ പുഷ്ടിപ്പെടുത്തും.

ഡിജിറ്റല്‍ ഗെയിമുകളില്‍ ഏറെനേരം ചെലവിടുന്നത് ശരീരത്തിനും മനസ്സിനും ദോഷകരമാണെങ്കിലും അവയുടെ മിതമായ ഉപയോഗത്തിന് ചില ഗുണങ്ങളുമുണ്ട്. കണ്ണുകളും കൈകളും തമ്മിലുള്ള ഏകോപനവും കാഴ്ചശക്തിയും അഭിവൃദ്ധിപ്പെടുത്താന്‍ ചില ഗെയിമുകള്‍ക്കാവുന്നുണ്ട്. ഗെയിം കളിക്കുന്നവര്‍ക്ക് പെട്ടെന്നു തീരുമാനങ്ങളെടുക്കാനും നിരവധി കാര്യങ്ങളില്‍ ഒന്നിച്ചു ശ്രദ്ധചെലുത്താനും ഒരു പ്രവൃത്തിയില്‍നിന്ന് മറ്റൊന്നിലേക്ക് അനായാസം മാറാനുമുള്ള കഴിവ് വർധിക്കുന്നുണ്ട്.

ദുര്‍ഘടങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തിച്ചേരേണ്ട തരം ഗെയിമുകള്‍ സ്ഥിരോത്സാഹം വളരാന്‍ സഹായിക്കും. അലങ്കോലമായിക്കിടക്കുന്ന ചുറ്റുപാടുകളില്‍നിന്ന് പ്രസക്തിയുള്ള വസ്തുക്കളെ വേറിട്ടറിയാനും ചലിച്ചുകൊണ്ടിരിക്കുന്ന നിരവധി വസ്തുക്കളില്‍ ഒരേസമയത്ത് ശ്രദ്ധചെലുത്താനുമുള്ള കഴിവുകളെ പരിപോഷിപ്പിക്കാന്‍ ചില ഗെയിമുകള്‍ക്കു കഴിയും. ഇതു പിന്നീട് ഡ്രൈവിങ്ങിലും മറ്റും സഹായകമാകും.

ശിക്ഷയാണോ ദുശ്ശീലങ്ങൾക്കുള്ള പരിഹാരം?

ദുഷ് പെരുമാറ്റങ്ങളെ തല്‍ക്കാലത്തേക്ക് അമര്‍ച്ച ചെയ്യാന്‍ മാത്രമാണ് അടിപോലുള്ള ശിക്ഷകള്‍ക്കാവുന്നത്. ശിക്ഷകള്‍കൊണ്ടു മാത്രം സ്വഭാവരീതികളില്‍ ശാശ്വതമാറ്റങ്ങള്‍ ഉളവാക്കാനോ നല്ല മറുശീലങ്ങള്‍ രൂപപ്പെടുത്താനോ ആവില്ല. നിരന്തരം ശിക്ഷിക്കുമ്പോള്‍ കുട്ടി നമ്മോട് അവഗണന കാട്ടാനും വൈകാരികമായി അകലാനും തുടങ്ങുകയും അങ്ങനെ കുട്ടിയുടെ സ്വഭാവരൂപവത്കരണത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ നമുക്കുള്ള സാധ്യതകള്‍ എന്നത്തേക്കുമായി ഇല്ലാതാവുകയും ചെയ്യാം.

ശിക്ഷാവേളകളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധയും സമയവും കുട്ടിക്കു കിട്ടുന്നത് എങ്കില്‍ വളഞ്ഞ വഴിക്കാണെങ്കിലും കിട്ടുന്ന ആ ഒരു പരിഗണന ശിക്ഷയുടെ വേദനക്കും മുകളില്‍ കുട്ടി ഇഷ്ടപ്പെടുകയും അങ്ങനെ നമ്മുടെ ശിക്ഷ ഫലത്തില്‍ കുട്ടിക്ക് ദുസ്സ്വഭാവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രചോദനമായി ഭവിക്കുകയും ചെയ്യാം.

കുരുത്തക്കേടുകള്‍ കാണുമ്പോഴൊക്കെ നാം വടിയെടുക്കുന്നത്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തമമാര്‍ഗം അക്രമമാണ് എന്ന ധാരണ കുട്ടിയില്‍ വളര്‍ത്തുകയുമാവാം. കഠിന ശിക്ഷകളേറ്റ് വളര്‍ന്നുവരുന്നവര്‍ അക്രമപ്രിയരായിത്തീരുന്നു എന്നും പഠനങ്ങളുണ്ട്.

ശീലങ്ങള്‍ മെച്ചപ്പെടുത്താം അടിയും വഴക്കുമില്ലാതെ:

● നല്ല പെരുമാറ്റങ്ങള്‍ക്കു പകരമായി കുട്ടിക്കിഷ്ടമുള്ള വല്ലതും കൊടുക്കുക (ഉദാ: ഹോംവര്‍ക്കിന് പകരം ഒരു ചോക്ക്ലറ്റ്.)

● ഉചിതമായ പെരുമാറ്റങ്ങള്‍ക്കു പ്രതിഫലമായി ഇഷ്ടമില്ലാത്ത എന്തിനെയെങ്കിലും ഒഴിവാക്കിക്കൊടുക്കുക (ഉദാ: വിരുന്നുകാരുടെ മുന്നില്‍ നല്ല കുട്ടിയായിരുന്നാല്‍ ആ ദിവസത്തേക്ക് മുറി വൃത്തിയാക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കുക. ആഹാരം മുഴുവന്‍ കഴിച്ചാലേ ഊണ്‍മേശക്കുമുന്നില്‍ നിന്നെഴുന്നേല്‍ക്കാവൂ എന്നു കല്‍പിക്കുക.)

● ഇഷ്ടകാര്യങ്ങള്‍ വിലക്കി ദുഷ് പെരുമാറ്റങ്ങളുടെ ആവര്‍ത്തനം തടയുക. (ഉദാ: ചീത്തവാക്കുപയോഗിച്ചാല്‍ പോക്കറ്റ് മണി വെട്ടിക്കുറക്കുക, പ്രാർഥനക്ക് കൂടിയില്ലെങ്കില്‍ ടി.വി കാണാന്‍ സമ്മതിക്കാതിരിക്കുക.)

സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം പരിശീലിപ്പിക്കാം

● സംഭാഷണം തുടങ്ങിക്കിട്ടാൻ ക്ലേശമുള്ളപ്പോള്‍ കാലാവസ്ഥ, ക്രിക്കറ്റ് തുടങ്ങിയ പൊതുവിഷയങ്ങള്‍ ഉപയോഗപ്പെടുത്തുക.

● മോശം വശങ്ങളെക്കുറിച്ചല്ല, മറിച്ചു നല്ല കാര്യങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങുക. ഉദാഹരണത്തിന്, ‘അയ്യോ, ഇതെന്തൊരു ചൂടാണ്!’ എന്നതിനു പകരം, അടുത്തിടെ വല്ല നല്ല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിൽ അവ വിഷയമായെടുക്കാം.

● വാക്കുകൾക്കൊപ്പം ശരീരഭാഷയും ഉപയോഗിക്കുക.

● മറ്റേയാള്‍ പറയുന്നതും ശ്രദ്ധിച്ചു കേൾക്കുക.

● മറ്റുള്ളവരെ പ്രശംസിക്കേണ്ടപ്പോൾ അങ്ങനെ ചെയ്യുക.

● പരിചയപ്പെടുന്നവരുടെ പേരുകൾ ഓർത്തുവെക്കുക.

● ഒരു കൂടിക്കാഴ്ചയിൽനിന്നുള്ള കാര്യങ്ങൾ പിന്നത്തേക്കും ഓർത്തുവെച്ച് അടുത്ത സംഭാഷണത്തിലും സൂചിപ്പിക്കുക.

● വല്ലാതെ ദേഷ്യം വരുമ്പോൾ ദീർഘശ്വാസം വിടുകയോ പത്തുവരെ എണ്ണുകയോ ചെയ്യുക.

● മറ്റു കുട്ടികളോടു വഴക്കിടുന്നെങ്കിൽ പ്രശ്നത്തെ മറുവശത്തുനിന്ന് നോക്കിക്കാണാൻ സഹായിക്കുക. ഉദാഹരണത്തിന്, കൂട്ടുകാരൻ ഊഴം തെറ്റിച്ചു പന്തെടുത്തത് ശരിക്കും അവന്‍റെ ഊഴമാണെന്നു തെറ്റിദ്ധരിച്ചിട്ടാകാം എന്നോര്‍മിപ്പിക്കാം.

മൾട്ടിപ്പിൾ ഇന്‍റലിജന്‍സ്

‘ബുദ്ധി’ എന്നുവെച്ചാൽ പഠിക്കാനും മാര്‍ക്കു വാങ്ങാനുമുള്ള കഴിവു മാത്രമല്ല, എട്ടു വ്യത്യസ്ത മേഖലകളിലെ നൈപുണ്യങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ട്.

● ദിശയും ദൃശ്യങ്ങളും: വരക്കാനും ഗ്രാഫും ചാര്‍ട്ടുമെല്ലാം മനസ്സിലാക്കാനും പസിലുകൾ പരിഹരിക്കാനുമൊക്കെയുള്ള കഴിവ്.

● ഭാഷ: എഴുതാനും സംസാരിക്കാനും വാക്കുകൾ ഉപയോഗിക്കാനുമുള്ള കഴിവ്.

● കണക്കും യുക്തിയും: പ്രശ്നങ്ങളെപ്പറ്റി ആഴത്തില്‍ ആലോചിക്കാനും അവ പരിഹരിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനുമുള്ള കഴിവ്.

● ശരീരചലനങ്ങള്‍: ശാരീരിക പ്രവൃത്തികൾക്കുള്ള കഴിവ്, നല്ല മെയ്വഴക്കം, കൈത്തഴക്കം, കണ്ണും കൈകളും തമ്മിലെ ഏകോപനം തുടങ്ങിയവ.

● സംഗീതം: പാടാനും സംഗീതോപകരണങ്ങൾ വായിക്കാനും രാഗങ്ങളും മറ്റും തിരിച്ചറിയാനും പാട്ടുകൾ ഓർത്തുവെക്കാനുമൊക്കെയുള്ള കഴിവ്.

● വ്യക്തിബന്ധങ്ങള്‍: മറ്റുള്ളവരോട് ഇടപഴകാനും അവരെ ഉൾക്കൊള്ളാനും അവരുടെ വികാരങ്ങളും താൽപര്യങ്ങളും ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും വായിച്ചറിയാനുമുള്ള കഴിവുകള്‍.

● സ്വന്തം മനസ്സ്: സ്വന്തം വികാരങ്ങളും താൽപര്യങ്ങളും മനസ്സിലാക്കാനും പാടവങ്ങളും ദൗർബല്യങ്ങളും അവക്ക് അടിസ്ഥാനമാകുന്നത് എന്തൊക്കെയാണെന്ന് തിരിച്ചറിയാനുമുള്ള കഴിവ്.

● പ്രകൃതി: പ്രകൃതിയെ സൂക്ഷ്മനിരീക്ഷണം നടത്താനും ആഴത്തിൽ പഠിക്കാനും പൂന്തോട്ട നിര്‍മാണം പോലുള്ളവയിലും നല്ല താൽപര്യം.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentingLifestyle
News Summary - Make your kids smart
Next Story