ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്...
text_fieldsമുതിർന്ന വ്യക്തികളെപ്പോലെ അസുഖങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചോ മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചോ പറയാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് മരുന്നുകൾ കൊടുക്കുന്നത് എല്ലായ്പോഴും അതിശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അസുഖംവരുേമ്പാൾ ഉടൻ വിദഗ്ധനായ ഡോക്ടറെ സമീപിച്ച് ഉപദേശങ്ങൾ തേടുന്നതാണ് ഏറ്റവും നല്ലത്. ശിശുപരിചരണത്തിൽ വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ് അവർക്ക് മരുന്നുകൾ നൽകൽ. പൊതുവിൽ മരുന്നുകൾ കഴിക്കാൻ കുട്ടികൾ മടികാണിക്കുന്നതിനാൽ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രക്രിയയാണ് അവരെ മരുന്ന് കഴിപ്പിക്കൽ. അതേസമയം, രോഗശമനത്തിന് കൃത്യമായ അളവിൽ, കൃത്യമായ സമയങ്ങളിൽ മരുന്നുകൾ നൽകേണ്ടത് അത്യാവശ്യവുമാണ്.
സ്വയം ചികിത്സ അരുത്
ഒരിക്കലും ഡോക്ടറുടെ നിർദേശമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്. കാരണം, മരുന്നുകളുടെ അമിതമായ ഡോസുകളും പാർശ്വഫലങ്ങളും അവരുടെ ജീവനെത്തന്നെ അപകടത്തിലാക്കിയേക്കും. ഒരു രോഗത്തിന് ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് പിന്നീട് അതേ രോഗലക്ഷണങ്ങൾവരുേമ്പാൾ കുട്ടികൾക്ക് കൊടുക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. കാരണം, വിവിധതരത്തിലുള്ള രോഗങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നതിനാൽ പലപ്പോഴും നേരത്തെയുള്ള പ്രിസ്ക്രിപ്ഷൻ അനുസരിച്ച് മരുന്നുകൾ വാങ്ങിയോ വീട്ടിൽ ബാക്കിയുള്ള മരുന്നുകളോ കുട്ടികൾക്ക് നൽകുന്നരീതി അപകടത്തിലേക്ക് നയിച്ചേക്കും.
ഉദാഹരണത്തിന് കുട്ടികൾക്ക് ബാക്ടീരിയ രോഗാണുബാധമൂലമുണ്ടാകുന്ന പനിക്ക് ഡോക്ടർമാർ പലപ്പോഴും പാരസെറ്റമോൾ സിറപ്പുകളുടെ കൂടെ ആൻറിബയോട്ടിക്കുകളും നിർദേശിക്കാറുണ്ട്. രോഗം ഭേദമായശേഷം കുഞ്ഞിന് എപ്പോൾ പനിവന്നാലും ഈ മരുന്നുകൾ മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് നൽകുന്നത് അപകടമാണ്. കാരണം വൈറസ് ബാധമൂലവും മറ്റനേകം കാരണങ്ങളാലും പനിയുണ്ടാവുന്നതാണ്. ഇത്തരം സാഹചര്യത്തിൽ അനാവശ്യമായി ആൻറിബയോട്ടിക്കുകൾ നൽകുന്നത് കുഞ്ഞിെൻറ ശരീരത്തിൽ ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ് (Antibiotic Resistance) എന്ന അവസ്ഥ സൃഷ്ടിക്കാൻ കാരണമായേക്കും.
രോഗിയുടെ ശരീരത്തിൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാവുന്ന ഒരവസ്ഥയാണ് ‘ആൻറിബയോട്ടിക്ക് റെസിസ്റ്റൻസ്’ സൃഷ്ടിക്കുക. ഇത് പിന്നീടുള്ള ചികിത്സയെ സങ്കീർണമാക്കും എന്ന് പറയേണ്ടതില്ല.
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും മെഡിക്കൽ ഷോപ്പുകളിൽ പോയി ലക്ഷണങ്ങൾ പറഞ്ഞ് മരുന്നുകൾ വാങ്ങിനൽകുന്നതുപോലുള്ള ‘സ്വയം ചികിത്സ’ അപകടമാണ്. പ്രത്യേകിച്ച്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ. കാരണം മരുന്നുകളുടെ അമിതമായ അളവുകളോ തെറ്റായ മരുന്നുകളോമരുന്നുകളുടെ പാർശ്വഫലങ്ങളോ അതിജീവിക്കാൻ കുട്ടികളുടെ ശരീരത്തിന് ശേഷി കുറവായിരിക്കും.
ഡോക്ടറുമായി ആശയവിനിമയം നടത്തണം
കുഞ്ഞുങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മരുന്നുകൾ കുറിക്കുന്നതിന് മുമ്പായി മാതാപിതാക്കൾ ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തണം. ചില കുട്ടികൾക്ക് ഗുളികകൾ വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും. മറ്റുചില കുട്ടികൾക്ക് ചില മരുന്നുകളുടെ രുചി (flavours) ഇഷ്ടമില്ലാതിരിക്കാം. ഉദാഹരണത്തിന് കുട്ടികൾക്കുള്ള മരുന്നുകൾ പലതും വാനില, ചോക്ലറ്റ്, സ്ട്രോബറി, മറ്റ് പഴങ്ങൾ തുടങ്ങിയവയുടെ മണവും രുചിയും ഉള്ളവയായിരിക്കും. ഇതിൽ ഏതെങ്കിലും കുഞ്ഞിന് ഇഷ്ടമില്ലെങ്കിലോ ഇഷ്ടമാണെങ്കിലോ ഡോക്ടറോട് പറഞ്ഞിരിക്കണം. ഇതനുസരിച്ച് കുഞ്ഞിന് മരുന്ന് കുറിക്കാനും പിന്നീടത് നൽകാനും എളുപ്പത്തിൽ കഴിയും.
അതുപോലെത്തന്നെ നിലവിൽ രോഗത്തിന് ചികിത്സയെടുത്തിട്ടുണ്ടെങ്കിൽ, വീണ്ടും മറ്റൊരു ഡോക്ടറെ സമീപിക്കുേമ്പാൾ നൽകിക്കൊണ്ടിരുന്ന മരുന്നുകളുടെ വിവരങ്ങളടങ്ങിയ പ്രിസ്ക്രിപ്ഷനുകൾ നിർബന്ധമായും കൂടെ കരുതിയിരിക്കണം. അല്ലാത്തപക്ഷം ഒരേതരത്തിലുള്ള മരുന്നുകൾ ആവർത്തിക്കാൻ ഇടയാക്കും.
ബലപ്രയോഗം ഒഴിവാക്കാം
മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്ന കുട്ടികൾക്ക് അവർ കരയുന്നതിനിടയിലും ബലംപ്രയോഗിച്ച് മൂക്ക് പൊത്തിയുമൊക്കെ മരുന്നുകൾ നൽകുന്നരീതി ഒഴിവാക്കണം. ഇത്തരം അവസ്ഥയിൽ മരുന്നുകൾ കുഞ്ഞിെൻറ ശ്വാസകോശത്തിലെത്തി അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരിക്കലും കരയുന്ന കുഞ്ഞിനെ മരുന്ന് കഴിപ്പിക്കാൻ ശ്രമിക്കരുത്. മരുന്ന് വായിലൊഴിച്ചശേഷം മൂക്കുപൊത്തിപ്പിടിക്കുന്ന രീതിയും ഒരിക്കലും ചെയ്യരുത്.
പകരം ചെറിയ അളവുകളിലായി കുറേശ്ശെ നൽകുകയാണ് വേണ്ടത്. ഗുളികൾ പൊടിച്ച് തേനിലും മുലപ്പാലിലും മറ്റും നൽകുന്നരീതിയും സ്വീകരിക്കാവുന്നതാണ്.
മരുന്ന് കഴിച്ചയുടൻ കുട്ടികൾ ഛർദിക്കുകയാണെങ്കിൽ മരുന്ന് മുഴുവൻ പുറത്തേക്ക് പോയി എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമായിരിക്കണം വീണ്ടും മരുന്നുകൾ നൽകേണ്ടത്. അല്ലാത്തപക്ഷം, മരുന്നിെൻറ അളവ് കൂടിപ്പോകാൻ (Overdose) സാധ്യതയുണ്ട്.
ആശയവിനിമയം സാധ്യമായ പ്രായത്തിലുള്ള കുട്ടികളെ രോഗത്തെക്കുറിച്ചും മരുന്ന് കഴിക്കേണ്ട ആവശ്യത്തെക്കുറിച്ചും സൗമ്യമായി പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം അനുനയത്തിൽ മരുന്നുകൾ കഴിപ്പിക്കാൻ ശ്രമിക്കണം. അതേസമയം, ഭക്ഷണത്തിൽ ചേർത്ത് മരുന്നുകൾ നൽകാൻ ശ്രമിച്ചാൽ ചിലകുട്ടികൾ പിന്നീട് ഭക്ഷണത്തിനോട് വിരക്തി കാണിക്കുകയോ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയോ ചെയ്തേക്കാം.
കുട്ടികളിൽ കണ്ടുവരുന്ന തൈറോയ്ഡുമായി ബന്ധപ്പെട്ട അപൂർവം രോഗങ്ങൾക്ക് വെറുംവയറ്റിൽ മരുന്നുകൾ നൽകേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ ഡോക്ടർമാരുടെ നിർദേശം പൂർണമായും പാലിക്കണം.
അളവുകളുടെ കാര്യത്തിൽ ശ്രദ്ധവേണം
കുട്ടികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ നൽകുമ്പോൾ അവർ നിഷ്കർഷിച്ചിരുന്ന അളവിൽതന്നെ നൽകാൻ ശ്രദ്ധിക്കണം. സിറപ്പുകൾ അവയുടെ കുപ്പിയുടെ മുകളിലുള്ള അളവുപാത്രം ഉപയോഗിച്ച് ആവശ്യമായ അളവിലാണ് നൽകേണ്ടത്. മറിച്ച് വീടുകളിലെ സ്പൂണുകൾ ഉപയോഗിച്ച് മരുന്നുകൾ നൽകുേമ്പാൾ അളവ് തെറ്റിപ്പോകാൻ സാധ്യതയുണ്ട്. കുട്ടികൾക്കുള്ള മരുന്നുകളിൽ ഭൂരിഭാഗവും അവരുടെ ശരീരഭാരം അടിസ്ഥാനമാക്കിയാണ് അളവ് നിശ്ചയിക്കുന്നത്. അളവുകളിൽ പിഴവുകൾ സംഭവിച്ചാൽ ഒരുപക്ഷേ, അമിതമായ അളവിലോ ചിലപ്പോൾ ആവശ്യമായ അളവിൽ കുറവായോ നൽകാൻ ഇടയാവും. ഇൗ രണ്ടവസ്ഥയും കുഞ്ഞിെൻറ ആരോഗ്യത്തെയും രോഗശമനത്തെയും പ്രതികൂലമായി ബാധിക്കും. അതുപോലെത്തന്നെ മരുന്നുകൾ കൃത്യമായ ഇടവേളകളിൽ നൽകുകയും വേണം. ഫില്ലറുകൾ ഉപയോഗിച്ച് മരുന്നുകൾ നൽകുേമ്പാൾ തുള്ളികളുടെ എണ്ണം കണക്കാക്കുന്നതിന് പകരം ഫില്ലറിൽ അടയാളപ്പെടുത്തിയ അളവനുസരിച്ചായിരിക്കണം നൽകേണ്ടത്.
മരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കുക
കുട്ടികൾക്കുള്ള മരുന്നുകൾ അവരുടെ കൈയിൽ കിട്ടാത്തവിധം സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്. ചില മരുന്നുകൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതായിട്ടുണ്ട്. അവ റഫ്രിജറേറ്ററിൽ സൂക്ഷിക്കണം. അതുപോലെ ചില ആൻറി ബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ കുപ്പികളിൽ പൊടിരൂപത്തിൽ ലഭിക്കുകയും മരുന്നുകൾ നൽകാൻ തുടങ്ങുമ്പോൾ മാത്രം തിളപ്പിച്ചാറിയ വെള്ളം ആവശ്യമുള്ള അളവിൽ ചേർത്ത് നല്ലവണ്ണം കുലുക്കിയശേഷം നൽകുകയും വേണം.
ഇത്തരം മരുന്നുകളിൽ പലതും റഫ്രിജറേറ്ററിൽ സൂക്ഷിക്കേണ്ടതായതിനാൽ അക്കാര്യം കവറിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. അതുപോലെത്തന്നെ ഈ രീതിയിലുള്ള മരുന്നുകൾ നൽകുമ്പോൾ എല്ലായ്പോഴും കുപ്പി കുലുക്കിയശേഷം നൽകണം. അല്ലാത്തപക്ഷം പൊടിരൂപത്തിലുള്ള മരുന്നുകുപ്പിയുടെ അടിയിൽ അടിഞ്ഞുകൂടി ആദ്യമാദ്യം മരുന്നിെൻറ അളവ് കുറഞ്ഞും പിന്നീട് കൂടിയും കുഞ്ഞിെൻറ ശരീരത്തിലെത്താനിടയാവും. അതുകൊണ്ട് ‘Shake Well Before Use’ എന്ന് പുറംകവറിൽ രേഖപ്പെടുത്തിയ മരുന്നുകൾ ഓരോ തവണയും കുഞ്ഞിന് നൽകുന്നതിന് മുമ്പായി കുലുക്കേണ്ടതാണ്.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. ദിവ്യ സി.കെ
Consultant Paediatrician
MD (Paediatrics), Fellowship in Neonatology
Malabar Hospital
Eranjipalam, Kozhikode)
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.