Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightParentingchevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ച ഭംഗിക്കപ്പുറം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ച ഭംഗിക്കപ്പുറം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
cancel

കസേരയിലും മേശയിലും സോഫയിലും തറയിലുമെല്ലാം വാരിവലിച്ചിട്ടിരിക്കുന്ന കളിപ്പാട്ടങ്ങൾ ചെറിയ കുഞ്ഞുങ്ങളുള്ള വീടിന്‍റെ അടയാളമാണ്. കളിപ്പാട്ടം ഉപയോഗിച്ച് അവർ കളിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നതുതന്നെ മനുഷ‍്യരിൽ പോസിറ്റിവ് എനർജിയുണ്ടാക്കുന്നു.

കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കാഴ്ച ഭംഗിക്കപ്പുറം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പംതന്നെ അതവരുടെ പ്രായത്തിനും വികാസഘട്ടങ്ങൾക്കും അനുയോജ്യമാണോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.


ജനനം മുതൽ രണ്ടു വയസ്സ്: ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന ഘട്ടം

ഈ ഘട്ടത്തിൽ പഞ്ചേന്ദ്രിയങ്ങളിലൂടെയും സ്വന്തം ചലനങ്ങളിലൂടെയുമാണ് ചുറ്റുമുള്ള ലോകത്തെ പഠിക്കുന്നതും അറിയാൻ ശ്രമിക്കുന്നതും. അതുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന, പരമാവധി ഇന്ദ്രിയാനുഭവങ്ങൾ അനുഭവപ്പെടുന്ന തരത്തിലുള്ളതും വിവിധ പേശീചലനങ്ങളെ നിയന്ത്രിക്കാനും വികസിപ്പിക്കാനും സഹായിക്കുന്നതുമായ കളിപ്പാട്ടങ്ങളാണ് ഉപയോഗിക്കേണ്ടത്.

മാത്രമല്ല, ഈ ഘട്ടത്തിലുള്ള കുട്ടികളുടെ കളികൾക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഇല്ലാത്തതിനാൽ ഫങ്ഷനൽ പ്ലേ (Functional play) എന്നാണറിയപ്പെടുന്നത്.

ജനനം - 6 മാസം

കാഴ്ചയെ ഉത്തേജിപ്പിക്കാൻ കടുത്ത നിറങ്ങളുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിക്കാം. ജനനസമയത്ത് നിറങ്ങളെ വേർതിരിച്ചറിയാൻ പറ്റുന്ന രീതിയിൽ കുട്ടികളുടെ കാഴ്ച വികസിക്കില്ല. ഒരേ സാധനത്തിൽ ഫോക്കസ് ചെയ്യാനുള്ള കഴിവും ഏകദേശം രണ്ടു മാസമാകുമ്പോഴേക്കാവും വികസിച്ചുവരുന്നത്. കേൾവി, സ്പർശം തുടങ്ങിയവയെ ഉത്തേജിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ഈ പ്രായത്തിൽ അനുയോജ്യമാണ്.

പല തരത്തിലുള്ള ശബ്ദങ്ങൾ, കേൾക്കുന്ന കിലുക്കുകൾ (rattles), ശബ്ദം പുറപ്പെടുവിക്കുന്ന മൃഗങ്ങളുടെ കളിപ്പാട്ടങ്ങൾ, അമർത്തുമ്പോൾ ശബ്ദം ഉണ്ടാവുകയോ വെളിച്ചം തെളിയുകയോ ചെയ്യുന്നവ, ശബ്ദം ഉണ്ടാക്കുന്ന സോക്സ്, പലതരത്തിലുള്ള വസ്തുക്കളെ പിടിക്കാനും വൈവിധ്യമാർന്ന പ്രതലങ്ങളെ സ്പർശിക്കാനുമുള്ള (പരുപരുത്തതും മിനുസമുള്ളതുമായ സാധനങ്ങൾ) അവസരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും നൽകേണ്ടത്.

പല തരത്തിലുള്ള തുണികൾ (സിൽക്ക്, വെൽവെറ്റ്, കമ്പിളി), പതുപതുപ്പുള്ള കളിപ്പാട്ടങ്ങൾ, കൈയിൽ മുറുക്കിപ്പിടിക്കാൻ സാധിക്കുന്നതും കടിച്ചാൽ കുഞ്ഞിന് അപകടമുണ്ടാകാത്തതുമായ വസ്തുക്കളും നൽകാവുന്നതാണ് (ഉദാ: ടീത്തർ, വൃത്തിയുള്ള തുണി, തടി അല്ലെങ്കിൽ സുരക്ഷിതമായ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങൾ).

കുഞ്ഞ് കിടക്കുന്നതിന് മുകളിലായി വിൻഡ് ചൈയിം പോലെ തൂങ്ങിയാടുന്ന വിവിധ വർണങ്ങളും ശബ്ദങ്ങളും കൂടിച്ചേർന്ന കളിപ്പാട്ടങ്ങളുള്ളത് അവരുടെ കണ്ണും കൈയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വികസിക്കാൻ സഹായകമാകും.

രണ്ടു-നാലുമാസം കഴിയുന്നതോടെ നിറങ്ങൾ കാണാനും ഒരേ സാധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങും. ആ പ്രായത്തിൽ പൂക്കളുടെയോ മൃഗങ്ങളുടെയോ ഒക്കെ വലിയ പടങ്ങൾ, പാവകൾ ഒക്കെ കാണിക്കാവുന്നതാണ്. കമിഴ്ന്നുവീണ് മുട്ടിൽ ഇഴയാനും നീന്താനും തുടങ്ങുമ്പോൾ കൈയിൽ കിട്ടുന്നത് എന്തും അവരുടെ കളിപ്പാട്ടങ്ങളായി മാറാം.

കമിഴ്ന്നു കിടക്കുന്നത് കൂടുതൽ സമയത്തേക്ക് ദീർഘിപ്പിക്കുന്നത് പേശികളുടെ ശക്തി വർധിപ്പിക്കും. അതിനാൽ കമിഴ്ന്നുകിടന്നുള്ള കളികൾ, കമിഴ്ന്നു കിടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള മെത്തകൾ, കളിപ്പാട്ടങ്ങൾ ഒക്കെ ഉപയോഗിക്കാവുന്നതാണ്.


6 - 12 മാസം

കുട്ടികൾ പതുക്കെ എഴുന്നേറ്റിരിക്കുകയും പിടിച്ചുനിൽക്കാൻ തുടങ്ങുകയും ചെയ്യുന്ന കാലഘട്ടമാണിത്. കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എന്തും വായിലേക്ക് കൊണ്ടുപോകാനുള്ള പ്രവണത ഉള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

പേശീവികസനത്തിന്‌ അനുയോജ്യമായ കളിപ്പാട്ടങ്ങൾ കൂടുതലായി നൽകാം. കിലുക്കുകൾ വെറുതെ പിടിക്കുക മാത്രമല്ല സ്വയം കിലുക്കാനും തുടങ്ങും ഈ ഘട്ടത്തിൽ. സൂക്ഷ്മപേശീ വികസനത്തിനും (fine motor development) സ്ഥൂല പേശി വികസനത്തിനും (gross motor development) ആവശ്യമായ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടേണ്ടതുണ്ട്.

ഒരു വയസ്സോടടുക്കുമ്പോൾ ചിപ്സ്, കടല, ദോശയോ അപ്പമോ മുറിച്ചിട്ട് കൊടുക്കുന്ന ചെറിയ കഷണങ്ങൾ പോലെയുള്ള ചെറിയ ആഹാരസാധനങ്ങൾ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് (fine motor skill) എടുത്തു കഴിക്കാൻ തുടങ്ങും. വിവിധ വലുപ്പത്തിലുള്ള പന്തുകൾ, താക്കോൽ കൊടുത്തു ഓടുന്ന വണ്ടികൾ, അടിക്കുകയോ അമർത്തുകയോ ചെയ്യുമ്പോൾ താളാത്മകമായ സംഗീതമോ ശബ്ദമോ ഉണ്ടാക്കുന്ന കുട്ടികൾതന്നെ പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ ഒക്കെ നൽകാവുന്നതാണ്.

ആറുമുതൽ ഒമ്പതു മാസം വരെയുള്ള കാലയളവിൽ സാധനങ്ങൾ ഒരു വലിയ കണ്ടെയ്നറിലേക്ക് പെറുക്കിയിടാനും അതിൽനിന്ന് സാധനങ്ങൾ എടുക്കാനും രണ്ട് ബ്ലോക്കുകൾ ചേർത്തുവെക്കാനുമൊക്കെ കുട്ടികൾക്ക് കഴിയാറുണ്ട്.


1 - 2 വയസ്സ്

ചെണ്ട, പിയാനോ, പീപ്പികൾ തുടങ്ങിയവ, ചരടിൽ വലിച്ചുകൊണ്ട് നടക്കുന്ന വണ്ടികൾ, ആടുന്ന കസേരകൾ, പെഗ് ബോർഡുകൾ തുടങ്ങിയവയൊക്കെ ഈ പ്രായത്തിൽ നൽകാം.

മണ്ണിൽ കളിക്കുമ്പോൾ മണ്ണ് കോരിയെടുക്കാനും മാന്താനും ഒക്കെയുള്ള കളിക്കോപ്പുകൾ (ഇതിനായി പഴയ തവികൾ, ഗ്ലാസുകൾ ഒക്കെ നൽകാം), വെള്ളത്തിൽ കളിക്കാനായി പൊങ്ങിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ (ചുറ്റും ലഭ്യമായ നിറമുള്ള വസ്തുക്കളും ഉപയോഗിക്കാം), മൃഗങ്ങളുടെയും പക്ഷികളുടെയും പഴങ്ങളുടെയും പടങ്ങൾ, മോഡലുകൾ, അവയവങ്ങളുടെ പടങ്ങൾ ഒക്കെ ഉപയോഗിക്കാം.

ക്രയോൺസ് ഉപയോഗിച്ച് കുത്തിവരക്കാനും തുടങ്ങുന്നു. സുരക്ഷിതമായ പെയിന്‍റുകളോ വാട്ടർ കളറുകളോ ഉപയോഗിച്ച് ഫിംഗർ പെയിന്‍റിങ്ങും ചെയ്യിപ്പിക്കാം. സംസാരിച്ചു തുടങ്ങുന്ന പ്രായമായതിനാൽ കഥകൾ പറയുകയും പാട്ടുപാടി കേൾപ്പിക്കുകയും ഒക്കെ ചെയ്യാം. Talking Tom പോലെ കുട്ടികളുടെ ശബ്ദത്തിന് തിരിച്ചു പ്രതികരിക്കുന്ന പാവകൾ സംസാരം പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

രണ്ടു വയസ്സാകുന്നതോടെ ഒരു വസ്തുവിന്‍റെ സ്ഥിരസ്വഭാവം (object permanence) കുട്ടി മനസ്സിലാക്കുന്നു. അതായത്, ഒരു വസ്തു കൺവെട്ടത്തുനിന്ന് മറഞ്ഞുവെന്ന് കരുതി അതില്ലാതാകുന്നില്ല എന്ന് കുട്ടി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ ‘ഒളിച്ചേ കണ്ടേ’ കളികൾ കുട്ടി ആസ്വദിച്ചു തുടങ്ങും. വിവിധ അളവുകളുള്ള പാത്രങ്ങളിലേക്ക് വെള്ളം മാറിമാറി ഒഴിച്ചു കളിപ്പിക്കുന്നതും ഈ പ്രായത്തിൽ ചെയ്യിക്കാവുന്നതാണ്.


രണ്ടു മുതൽ ഏഴു വയസ്സ്

ഭാവനയും കളിയും അഭിനയവുമൊക്കെ കൂടുതലായി തുടങ്ങുന്ന ഘട്ടമാണിത്. പിയാഷേയുടെ സിദ്ധാന്ത പ്രകാരം പ്രക്രിയാപൂർവഘട്ടം (pre-operational period) എന്നാണിത് അറിയപ്പെടുന്നത്. കളികൾക്ക് ഒരു ലക്ഷ്യം ഉണ്ടാകുന്നതിനാൽ ഈ ഘട്ടത്തിലെ കളികൾ കൺസ്ട്രക്ടിവ് പ്ലേ (Constructive play) എന്നറിയപ്പെടുന്നു.

കുട്ടികൾ ഒരുപാട് ചോദ്യങ്ങൾ (എന്തുകൊണ്ട്? എങ്ങനെ?) ചോദിച്ചു തുടങ്ങുന്ന ഘട്ടം കൂടിയാണിത്. എന്നാൽ, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനോ യുക്തിപൂർവം വിവരങ്ങൾ ചേർത്തുവെക്കാനോ നിഗമനങ്ങളിൽ എത്താനോ ഈ പ്രായത്തിൽ കഴിയില്ല.

സാധനങ്ങളുടെ പേരുകൾ പറയാനും അവയെ ഗ്രൂപ്പായി തിരിക്കാനും ഈ കാലഘട്ടത്തിൽ കുട്ടികൾ പഠിച്ചു തുടങ്ങുന്നു. അതിനാൽ നിറത്തിന്‍റെയും ആകൃതിയുടെയുമൊക്കെ അടിസ്ഥാനത്തിൽ വസ്തുക്കളെ തരംതിരിക്കാനുള്ള കളികൾ നൽകാം. കൂടാതെ നിറങ്ങൾ, ആകൃതി തുടങ്ങിയവ തിരിച്ചറിയാനും പേര് പറയാനുമൊക്കെയുള്ള കഴിവ് മൂന്നുമുതൽ നാലു വയസ്സുവരെ കാലഘട്ടത്തിൽ കുട്ടികൾ ആർജിക്കുന്നു.

കൂടുതൽ ശാരീരിക പ്രവൃത്തികളായ ഓട്ടം, ചാട്ടം, പടികൾ കയറുക തുടങ്ങിയവ ഈ ഘട്ടത്തിൽ ഉണ്ടാകുന്ന വളർച്ചയാണ്. കത്രിക ഉപയോഗിക്കാനും പേപ്പർ രണ്ടോ മൂന്നോ ആയി മടക്കാനുമുള്ള കഴിവുകൾ ആർജിക്കുന്നതിനാൽ അത്തരം കളികളും സുരക്ഷ ഉറപ്പാക്കി നൽകാവുന്നതാണ്. പ്ലേഡൗ (play dough) അല്ലെങ്കിൽ ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തിൽ ഗോതമ്പുമാവ് ചെറിയ ഉരുളകളാക്കി കളിക്കാൻ നൽകുന്നത് സൂക്ഷ്മ ശേഷി ചലനവികാസത്തിന് നല്ലതാണ്.

മൂന്നു വയസ്സാകുന്നതോടെ മൂന്ന് വീലുള്ള സൈക്കിൾ ചവിട്ടാൻ കുട്ടികൾ പ്രാപ്തരാകും. അതുപോലെ പെഡലുകൾ ചവിട്ടുന്ന വണ്ടികൾ, അഭിനയിച്ച് കളിക്കാനുള്ള (Pretend Play) കളിക്കോപ്പുകൾ (ഉദാ: ഡോക്ടർ സെറ്റ്, കിച്ചൺ സെറ്റ്, കളിപ്പാട്ട ഫോൺ, വാക്കി ടോക്കി, പാവകൾ), കളറിങ് ബുക്കുകൾ, ബ്ലോക്കുകൾ ചേർത്തുവെക്കൽ തുടങ്ങിയവയിൽ കുട്ടികൾക്ക് താൽപര്യമുണ്ടാകും. വിവിധ വലുപ്പത്തിലുള്ള പന്തുകൾ എറിയുക, പിടിക്കുക തുടങ്ങിയവയും ചെയ്യാവുന്നതാണ്.

പലതരം വികാരങ്ങൾ അഭിനയിച്ചു കാണിക്കുക, കൊച്ചുകഥകൾ പറഞ്ഞു കേൾപ്പിക്കുക, പലതരത്തിലുള്ള വികാരങ്ങളുടെ പടങ്ങൾ കാണിച്ചു ചൂണ്ടിക്കാട്ടുക ഒക്കെ മുതിർന്നവർക്ക് ചെയ്യാവുന്നതാണ്.

ഏഴു മുതൽ 11 വയസ്സ്

ഏഴു മുതൽ 11 വയസ്സ് വരെയുള്ള ഘട്ടമാണ് സമൂർത്ത പ്രക്രിയ (Concrete operational stage). ഈ ഘട്ടത്തിൽ യുക്തിസഹമായി കുട്ടികൾ പ്രതികരിച്ചു തുടങ്ങുന്നു. വസ്തുക്കളും അവ തമ്മിലുള്ള ബന്ധങ്ങളുമൊക്കെ കുട്ടികൾ ഈ പ്രായത്തിൽ മനസ്സിലാക്കിത്തുടങ്ങുന്നു.

ഒരു കപ്പ് വെള്ളം വിവിധ ആകൃതിയിലുള്ള പാത്രങ്ങളിൽ ഒഴിച്ചാലും അതിന്‍റെ അളവിൽ മാറ്റം വരുന്നില്ലെന്ന് ഈ ഘട്ടത്തിൽ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നു. ഇമേജിനേറ്റിവ് പ്ലേക്ക് കൂടുതൽ പ്രാധാന്യമുണ്ടാവുകയും വിവിധ കഥാപാത്രങ്ങളായി അഭിനയിച്ചുള്ള (കള്ളൻ, പൊലീസ്, വക്കീൽ) കൂട്ടം ചേർന്നുള്ള കളികളിലേക്കും ഈ പ്രായക്കാർ കടക്കും.

ഈ ഘട്ടത്തിലെ സൂക്ഷ്മപേശീ വികസനം നോക്കിയാൽ കുട്ടികൾ പാത്രം തുറക്കാനും പേനയുടെ അടപ്പ് തുറക്കാനും ഷൂ ലേസ് കെട്ടാനും എഴുതാനും പടം വരക്കാനുമൊക്കെയുള്ള തലത്തിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നതായി കാണാം.

സംഗീത ഉപകരണങ്ങൾ വായിക്കാൻ പഠിക്കുന്നത് ഈ ഘട്ടത്തിലെ സൂക്ഷ്മ പേശീചലന വികാസത്തെ സഹായിക്കും. സ്ഥൂല പേശീവികസനത്തിൽ ഒറ്റക്കാലിൽനിന്നുള്ള കളികൾ, കണ്ണു കെട്ടിക്കൊണ്ടുള്ള കളികൾ, ഓടിച്ചാടിയുള്ള കളികൾ ഒക്കെ കൂടുതലായി ഉൾപ്പെടുത്താവുന്നതാണ്.

മറ്റു കുട്ടികളോടൊപ്പമോ മുതിർന്നവരോടൊപ്പമോ ചേർന്ന് കളിക്കാൻ തുടങ്ങുന്ന പ്രായം കൂടിയാണിത്. അതുകൊണ്ടുതന്നെ രണ്ടുപേർക്ക് ചേർന്ന് കളിക്കാവുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കൂടുതൽ വിജ്ഞാനപ്രദമായതും (ഉദാ: ശാസ്ത്രവും ഗണിതവും ഉൾപ്പെടുന്നവ) നിയമങ്ങൾ അനുസരിക്കേണ്ടതുമായ ഗെയിമുകൾ കുട്ടികളെ ഈ ഘട്ടത്തിൽ പരിചയപ്പെടുത്താം.

യന്ത്രത്തിന്‍റെയോ വാഹനത്തിന്‍റെയോ മൃഗത്തിന്‍റെയോ ഭാഗങ്ങൾ ചേർത്തുവെച്ച് മാതൃകകൾ രൂപപ്പെടുത്താനും ഒരു പടത്തിന്‍റെ വിവിധ ഭാഗങ്ങൾ ചേർത്തുവെച്ച് അത് പൂർത്തീകരിക്കാനുമൊക്കെയുള്ള ഗെയിമുകൾ ഈ ഘട്ടത്തിൽ നൽകാം. പന്തുതട്ടി കളിക്കുക, ബാൾ എറിഞ്ഞുകൊടുക്കുമ്പോൾ ബാറ്റുവെച്ച് തട്ടുക, ഉയരത്തിലുള്ള ബാസ്കറ്റിലേക്ക് ബാൾ ഇടുക തുടങ്ങിയവയൊക്കെ കളിക്കാൻ ഈ പ്രായത്തിലുള്ളവർക്ക് കഴിയും.

11 വയസ്സ് മുതൽ

11 വയസ്സിനു മുകളിൽ ഔപചാരിക പ്രക്രിയാ ഘട്ടം ആരംഭിക്കുകയും (formal operational stage) പ്രതീകാത്മകമായും ക്രമാനുഗതമായും യുക്തിസഹമായും കുട്ടികൾ ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിയമങ്ങൾ അനുസരിച്ചുള്ള കളികളിലും സ്പോർട്സിലും ഇൻഡോർ ഗെയിമുകളായ കാരംസ്, ചെസ് തുടങ്ങിയവയിലുമൊക്കെ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചുതുടങ്ങും.

റുബിക്സ് ക്യൂബ്, സുഡോക്കൂ, വായന തുടങ്ങിയവയൊക്കെ ഈ പ്രായക്കാർക്ക് പ്രിയപ്പെട്ടവയാണ്. ഈ പ്രായത്തിൽ ചുറ്റിലുമുള്ള വസ്തുക്കൾ (ഇലകൾ, ഓല, കടലാസ്, പ്ലാസ്റ്റിക്) ഉപയോഗിച്ച് കളിക്കോപ്പുകൾ ഉണ്ടാക്കാനും മറ്റു വസ്തുക്കൾ നിർമിക്കാനും കുട്ടികളെ പഠിപ്പിക്കാം. കുട്ടികൾ ഹോബികളിൽ കൂടുതൽ താൽപര്യം കാണിക്കുന്നതും ഈ ഘട്ടത്തിലാണ്. ടി.വിയിലും മറ്റും കളികൾ കാണുന്നതിലും കല, കരകൗശലം തുടങ്ങിയവയിലും കുട്ടികൾ ആസ്വാദനം കണ്ടെത്തുന്ന പ്രായമാണിത്.

കളിപ്പാട്ടം വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

● കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലും ആൺ-പെൺ വ്യത്യാസം ഉണ്ടാകാൻ പാടില്ല. ഉദാഹരണത്തിന് ആൺകുട്ടികൾക്ക് ഡോക്ടർ സെറ്റ്, പെൺകുട്ടികൾക്ക് കിച്ചൺ സെറ്റ് എന്ന പ്രവണത നന്നല്ല.

● കുട്ടിക്ക് ഒരേ തരത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകാതെ വൈവിധ്യങ്ങളുള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.

● വിലകൂടിയ കളിപ്പാട്ടങ്ങൾ നൽകുന്നതിലല്ല, കുഞ്ഞിന്‍റെ ഭൗതികവികാസത്തിനും മറ്റു വികാസങ്ങൾക്കും സഹായിക്കുന്ന കളിപ്പാട്ടങ്ങൾ നൽകുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. വീട്ടിലും പരിസരത്തുമുള്ള പല സാധനങ്ങളും കുട്ടികൾക്ക് കളിക്കാൻ നൽകാം.

● കുട്ടികളുടെ കളികൾ ശ്രദ്ധിക്കുന്നതിലൂടെ അവരുടെ വികാസ ഘട്ടങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും. പ്രായത്തിനനുസരിച്ച് എന്തെങ്കിലും പോരായ്മകൾ തോന്നുന്നുണ്ടെങ്കിൽ വിദഗ്ധോപദേശം തേടേണ്ടതാണ്.

● ഓരോ കുട്ടിയും വിവിധ വികാസ ഘട്ടങ്ങളിൽ എത്തിച്ചേരുന്നതും കഴിവുകൾ ആർജിച്ചെടുക്കുന്നതും ഒരുപോലെയല്ല, ചെറിയ വ്യത്യാസങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഉണ്ടാകാം എന്ന കാര്യം ഓർക്കുക.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parentingLifestyle
News Summary - Things to keep in mind while choosing toys for children
Next Story