വിവാഹം: ഒന്നാകും മുമ്പ് രണ്ടുവട്ടം ചിന്തിക്കാം...
text_fieldsഅവരെന്ത് അടിപൊളി കപ്പിളാണ്, ഓരേ വേവ് ലെങ്ത്, കല്യാണം കഴിക്കുകയാണെങ്കിൽ ഇങ്ങനെ വേണം.. ഇങ്ങനെ അസൂയ തോന്നിപ്പിക്കുന്ന വിധത്തിൽ പരസ്പരം സ്നേഹിക്കുന്ന കപ്പ്ൾസിനെ നമ്മൾ കാണാറില്ലേ? വിവാഹത്തിന് ഒരുങ്ങുമ്പോൾ ഇങ്ങനെയൊക്കെ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല.
ദാമ്പത്യത്തിൽ വഴക്കും പരിഭവവും ഉണ്ടാകില്ല എന്നല്ല. നൂറു ശതമാനം പെര്‍ഫെക്ടായ വ്യക്തികളുമില്ല. മെയ്ഡ് ഫോര്‍ ഈച്ച് അതര്‍, സെയിം വേവ് ലെങ്ത് എന്നൊക്കെ പറയുമ്പോഴും തുടക്കത്തിൽ തന്നെ ആ പൂർണതയൊന്നും ഉണ്ടായിരിക്കുകയല്ല, ജീവിതം തുടങ്ങിയതിനുശേഷം പൂർണതയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എങ്കിലും പെട്ടെന്ന് ഇണങ്ങാനും ആത്മബന്ധം ഉണ്ടാക്കിയെടുക്കാനും കഴിയുന്നതിലാണ് വിജയം.
വിവാഹത്തെക്കുറിച്ച് വ്യത്യസ്തമായ സങ്കല്പങ്ങളായിരിക്കും ഓരോരുത്തർക്കും. വിവാഹത്തിൽ ലൈംഗികതക്ക് അമിതപ്രാധാന്യം കൊടുക്കുന്നതും തീരെ പ്രാധാന്യം കൊടുക്കാത്തതുമൊക്കെ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. താൻ പ്രതീക്ഷിച്ചിരുന്നതൊന്നും തന്നെ ആയിരുന്നില്ല യഥാർഥത്തിൽ എന്ന വൈരുധ്യത്തെ മനസ്സിലാക്കുന്നത് ചിലരിൽ വലിയ മാനസിക സമ്മർദത്തിനു കാരണമാകാം എന്നതിനാൽ യാഥാർഥ്യബോധത്തോടെ വിവാഹത്തെ സമീപിക്കാൻ ശ്രദ്ധിക്കണം. അതുകൊണ്ടു തന്നെ വിവാഹത്തിനു മുന്നോടിയായി പ്രീമാരിറ്റൽ കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടത് വളരെ പ്രധാനമാണ്.
പ്രീമാരിറ്റൽ കൗൺസലിങ്ങിനുള്ള സൗകര്യങ്ങൾ സമൂഹത്തിൽ വർധിപ്പിക്കേണ്ടത് വളരെ ആവശ്യമാണ്. പലപ്പോഴും മാനസിക പ്രശ്നങ്ങളും വ്യക്തിത്വ പ്രശ്നങ്ങളും വിവാഹത്തിൽ വില്ലനാവാനും ഇടയുണ്ട്. വിവാഹത്തിന് മുന്നോടിയായി നല്ല മാനസികാരോഗ്യം ഉറപ്പാക്കേണ്ടതും വളരെ പ്രധാനമാണ്.
പരസ്പരം മനസ്സിലാക്കാം
● വിവാഹിതരാകാൻ ഒരുങ്ങുന്നവർ പരസ്പരം എന്തെല്ലാം സമാനതകളുണ്ടെന്ന് മനസ്സിലാക്കുക. ആശയങ്ങളില്‍ സമാനതകളുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
● നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ ആ വ്യക്തിക്ക് താൽപര്യമുണ്ടോ എന്നു മനസ്സിലാക്കുക. പരസ്പരം ബോറടിപ്പിക്കാതെ സംഭാഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.
● ഉടന്‍ കല്യാണ തീയതി നിശ്ചയിക്കണം എന്ന സാഹചര്യം വരുമ്പോള്‍ അതിന്‍റെ കാരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കുക. ''എനിക്ക് ആലോചിക്കാന്‍ സമയം കിട്ടിയില്ല, അങ്ങനെയെങ്കില്‍ ഞാന്‍ ഈ വിവാഹത്തിനു സമ്മതിക്കില്ലായിരുന്നു" എന്നെല്ലാം പിന്നീടു പറയേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുക.
● പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നുണ്ടോ എന്നു പരിശോധിക്കുക. തമാശക്കപ്പുറം വേദനിപ്പിക്കാനായി കുറ്റപ്പെടുത്തുന്ന രീതി ദോഷംചെയ്യും. പരസ്പര വിശ്വാസത്തില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ.
● രണ്ടുപേരുടെയും സ്വഭാവരീതികള്‍ പരസ്പരം മനസ്സിലാക്കി പുതിയരീതിയില്‍ എങ്ങനെ ജീവിതത്തെ ക്രമപ്പെടുത്താം എന്നു ചര്‍ച്ചചെയ്യുക. വരുത്തേണ്ട മാറ്റങ്ങള്‍ രണ്ടുപേര്‍ക്കും അംഗീകരിക്കാൻ കഴിയുന്നതാണോ എന്ന് ഉറപ്പുവരുത്തുക.
● വിവാഹത്തിനു മുമ്പ് കൊടുത്ത വാക്ക് വിവാഹശേഷം പാലിക്കാന്‍ ശ്രമിക്കുക. ഉദാ: ജോലിയില്‍ ട്രാൻസ്ഫര്‍ അപ്ലൈ ചെയ്യാം എന്നു കൊടുത്ത വാക്ക് പിന്നീടു മാറ്റുക എന്നതു തന്നെ പ്രശ്നങ്ങള്‍ക്കു കാരണമായേക്കാം. ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം പറയാന്‍ ശ്രമിക്കുക.
● കുടുംബ പശ്ചാത്തലങ്ങളെ പരസ്പരം അംഗീകരിക്കാന്‍ കഴിയുന്നു ണ്ടോ എന്ന് പരിശോധിക്കുക.
● ഒരുപാടു സമയം പിണങ്ങിയിരിക്കാതെ ക്ഷമിക്കാന്‍ രണ്ടുപേരും പഠിക്കുക.
● ദേഷ്യം നിയന്ത്രിക്കാന്‍ കഴിവുള്ള വ്യക്തിയാണോ എന്നു മനസ്സിലാക്കുക.
● മനസ്സിനിണങ്ങിയ വ്യക്തിയാണ് എന്നു തോന്നിയാല്‍ മാത്രം മുന്നോട്ടുപോവുക. മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമോ ശരിയായി ആലോചിക്കാതെയോ തീരുമാനമെടുക്കരുത്.
വിവാഹം കഴിക്കാൻ തീരുമാനിക്കും മുമ്പ്
കാഴ്ചയിൽ തോന്നുന്ന ഇഷ്ടത്തിനും അപ്പുറം പരസ്പരം ഒത്തുപോകാൻ കഴിയുമോ എന്നത് മനസ്സിലാക്കാൻ പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടത് അത്യാവശ്യമാണ്.
ജോലി, സമ്പാദ്യം, കുട്ടികൾ, ഭാവി സ്വപ്നങ്ങൾ, ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രധാന പ്രശ്നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ... അവയെപ്പറ്റിയെല്ലാം ചർച്ച ചെയ്യാം. കഴിഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞാൽ വിവാഹം നടക്കില്ല എന്ന തോന്നൽ ഭയം ഉണ്ടാക്കിയേക്കാം. നൂറുശതമാനം കഴിഞ്ഞില്ലെങ്കിലും ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന വ്യക്തിയാണോ എന്ന് അൽപമെങ്കിലും അറിയാൻ കഴിയുന്നത് ഗുണം ചെയ്യും. പരസ്പരം ഒരു കാര്യവും അംഗീകരിക്കാൻ കഴിയാതെ വരുമ്പോൾ അവ വിവാഹബന്ധം തകർച്ചയിലേക്ക് നയിക്കാൻ ഇടയാക്കിയേക്കും.
ഹണിമൂൺ പീരിയഡ്
ഹണിമൂൺ പീരിയഡ് അഥവാ വിവാഹത്തിന്റെ ആദ്യ നാളുകൾ പരസ്പരം വളരെയധികം സ്നേഹവും താൽപര്യവും ഉള്ള നാളുകൾ ആയിരിക്കും. എന്നാൽ, രണ്ടു വർഷത്തിനുശേഷം ആദ്യനാളുകളിൽ പരസ്പരം ഉണ്ടായിരുന്ന പ്രണയം പതുക്കെ കുറഞ്ഞുവരാറുണ്ട്. രണ്ടുപേർക്കും പല കാര്യങ്ങളിലും സമാന താൽപര്യവും സമാന ഹോബികളും ആണെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ മടുപ്പനുഭവപ്പെടാതെ സന്തോഷപൂർവം മുന്നോട്ടുപോകാനാവും.
ശീലങ്ങൾ വില്ലന്മാരാകാതെ സൂക്ഷിക്കുക
രാവിലെ ഉണരാൻ വൈകുന്നതു മുതൽ മദ്യപാനശീലം വരെ ചെറുതും വലുതുമായ ദുശ്ശീലങ്ങൾ വിവാഹജീവിതത്തിൽ വില്ലനായി വരാറുണ്ട്. ആദ്യം കണ്ടുമുട്ടുമ്പോൾതന്നെ ഇവ മനസ്സിലാക്കിയെങ്കിലും സാരമില്ല, ക്ഷമിച്ചുകളയാം, പിന്നീടു തനിയെ മാറിക്കൊള്ളും എന്നെല്ലാം കരുതി നിസ്സാരമാക്കിയ കാര്യങ്ങൾ കുറച്ചു നാളുകൾ മുന്നോട്ടുപോകുമ്പോൾ വില്ലനായി മാറിയെന്നു വരാം. അതിനാൽ ഇത്തരം കാര്യങ്ങൾ ആദ്യംതന്നെ ചർച്ചചെയ്യുന്നതാണ് നല്ലത്.
പരസ്പരം സ്വഭാവം മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോൾ
ഒരാളുടെ പെരുമാറ്റത്തിൽ പ്രശ്നം കണ്ടാൽ കുറ്റപ്പെടുത്തി ആ ആളെ നന്നാക്കാൻ ശ്രമിക്കലാണ് പൊതുവെ ശ്രമിക്കാറ്. പക്ഷേ, കുറ്റപ്പെടുത്തൽ കേൾക്കേണ്ടിവരുന്നത് വ്യക്തികളിൽ വലിയ വൈകാരിക പ്രതികരണത്തിന് കാരണമാകും. ഒരാൾ മറ്റേയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നു തോന്നിയാൽ അത് അതൃപ്തിക്കു കാരണമാകും. കുറ്റപ്പെടുത്തൽ ആർക്കും ഇഷ്ടപ്പെടുന്ന കാര്യമല്ല. പക്ഷേ, അതൊഴിവാക്കുക എന്നത് വലിയ പരിശ്രമം ആവശ്യമായ കാര്യവുമാണ്. തെറ്റുകളെ മനസ്സിലാക്കി മാറ്റങ്ങൾ വരുത്താൻ പരസ്പരം എങ്ങനെ സഹായിക്കാം എന്ന ചിന്തയാണ് നല്ല ദമ്പതികളെ സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവാണ് ആവശ്യം.
വൈകാരിക അടുപ്പം പ്രധാനം
ജീവിതം മുഴുവൻ സ്നേഹത്തോടെ മുന്നോട്ടുപോകാൻ നല്ല വൈകാരിക അടുപ്പം ആവശ്യമാണ്. പലപ്പോഴും ലൈംഗികതയോടു താൽപര്യം ഇല്ലാതെ പോകുന്നത് വൈകാരിക അടുപ്പത്തിന്റെ അഭാവമായിരിക്കും. വൈകാരിക അടുപ്പത്തിനും വിശ്വാസത്തിനും വളരെ പ്രാധാന്യമുണ്ട് എന്നതിനാൽ പരസ്പരം സമയം അനുവദിക്കുക.
പെർഫെക്ട് മാച്ച്
ജീവിതത്തിലെ നന്മകളുടെയും വഴക്കുകളുടെയും എല്ലാം പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രണ്ടുപേരും ഒരുപോലെ തയാറെടുക്കണം. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന തീരുമാനത്തിലും അത് അറേഞ്ച്ഡ് മാരേജായാലും ലവ് മാരേജായാലും ഉത്തരവാദിത്തം വ്യക്തികൾതന്നെ ഏറ്റെടുക്കണം.
വിവാഹജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പരസ്പരം സംസാരിച്ച് രണ്ടുപേരും ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിക്കുക. 'പെര്‍ഫെക്ട് മാച്ച്' എന്നത് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടു വ്യത്യസ്ത വ്യക്തികള്‍ ഒന്നായിത്തീരാനുള്ള പരിശ്രമത്തിലൂടെ സാധ്യമാകുന്ന ഒന്നാണ്. പരസ്പരം സമയം കണ്ടെത്തുക, കേള്‍ക്കുക, ശ്രദ്ധിക്കുക തുടങ്ങിയവയാണ് ഇതു സാധ്യമാക്കാന്‍ സഹായിക്കുന്ന വഴികള്‍.
●
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക. ടി.എം.എം ഹോസ്പിറ്റലിനു സമീപം, തിരുവല്ല. ഫോൺ: 8281933323)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.