പെണ്ണോണം പൊന്നോണം
text_fieldsഒരോണം കഴിഞ്ഞാൽ മറ്റൊന്നിലേക്ക് എത്തുംവരെ സാധാരണ ആണുങ്ങളുടെ പറച്ചിലാണിത്. കാലത്തിനൊപ്പം ഓണത്തിന്റെ ട്രെന്‍ഡ് മാറുന്നുണ്ടെങ്കിലും മാറാത്ത ഒന്നുണ്ട്, അത് വീടകങ്ങളിലെ അലിഖിതമായ ജോലിഭാരംതന്നെ. വീട് വൃത്തിയാക്കുന്നതു മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യവരെ ഇന്നും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണ്.
കാലങ്ങളായി മാറ്റങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യങ്ങളെല്ലാം പതിവുരീതി വിട്ടിട്ടില്ല. ഓണത്തിന് പത്തു നാള്‍ മുമ്പേ ആരംഭിക്കുന്ന അധികജോലി തിരുവോണം കഴിഞ്ഞാലും സ്ത്രീകളുടെ ചുമലിൽനിന്ന് ഒഴിയില്ല. മലയാളികൾ പുരോഗമന സമൂഹമെന്ന് അവകാശപ്പെടുമ്പോഴും ഒരു ഗ്ലാസ് കഴുകാന്‍ പോലും ആണ്‍തരിയെ കിട്ടാത്ത അടുക്കളകളാണ് ഭൂരിഭാഗവും. ഈ ഓണക്കാലത്ത് അതൊന്ന് മാറ്റിപ്പിടിച്ചാലോ.
വീട്ടുജോലി സ്ത്രീകളുടെ മാത്രം ചുമതലയാക്കാതെ പുരുഷന്മാർകൂടി ഏറ്റെടുക്കട്ടെ. ഭാര്യയും ഭർത്താവുമുള്ള വീട്ടിൽ ഒരാൾ അരി കഴുകുമ്പോൾ മറ്റൊരാൾ പച്ചക്കറി അരിഞ്ഞാൽതന്നെ ജോലിഭാരം പകുതിയാകും. ഇനി പണിയെല്ലാം കഴിഞ്ഞ് വീട് വൃത്തിയാക്കാൻ ഭാര്യയും ഭർത്താവും മക്കളുമെല്ലാംകൂടി ശ്രമിച്ചാൽ ആ പ്രവൃത്തിതന്നെ ഒരാഘോഷമാകും. അതു നൽകുന്ന പോസിറ്റിവ് ഊർജം ജീവിതത്തിൽ കുട്ടികൾക്ക് വരുത്തുന്നത് വലിയ മാറ്റങ്ങളാകും.
പുതിയ ചിന്തകളുടെ മാത്രമല്ല പ്രവൃത്തികളുടെ കൂടി വസന്തം വിരിയിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കണം. ഈ ഓണത്തിന് അമ്മയും ഭാര്യയും പെങ്ങൾക്കൂട്ടവുമെല്ലാം അൽപം വിശ്രമിക്കട്ടെ. സ്ത്രീപുരുഷ ഭേദമില്ലാതെ അടുക്കള എല്ലാവരുടേതുമാക്കാം. നന്മയുടെയും സമൃദ്ധിയുടെയും പുതിയ പൂക്കാലത്തിന് കളമൊരുക്കാം.
സ്നേഹത്തിന്റെ ഓണം
ഓണവും തുടര്‍ന്നുള്ള ആഘോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് എങ്ങും. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഓണച്ചിത്രങ്ങള്‍ പങ്കുവെക്കാൻ മാത്രം അടുക്കളയില്‍ കയറുന്ന ശീലം വല്ലാതെയുണ്ട്. ഒന്നുരണ്ട് തലമുറ പിറകോട്ടു നോക്കിയാല്‍പോലും ആണുങ്ങളെ ഓണക്കാലത്ത് വീട്ടിൽ കാണാൻപോലും കിട്ടാറില്ല. സുഹൃത്തുക്കളോടൊപ്പമായിരിക്കും ആഘോഷം. അവിടെയൊക്കെ മറന്നുപോകുന്ന ഒന്നുണ്ട്; ഓണവും ആഘോഷങ്ങളും പുരുഷന്മാരെപ്പോലെ സ്ത്രീകളുടേതുകൂടിയാണ്. സെല്‍ഫികള്‍ക്കു മാത്രമായി ചേർത്തുപിടിക്കുന്നതിനപ്പുറം അവര്‍ ഒരുപാട് പരിഗണനയും സ്‌നേഹവും അര്‍ഹിക്കുന്നുണ്ട്.
അമ്മക്കും ഭാര്യക്കും നൽകാം ഓണസമ്മാനം
നന്മയിലേക്കുള്ള തിരനോട്ടങ്ങളാണ് ഓരോ ഓണവും. നല്ല നാളേക്കുള്ള തുടക്കം സ്വന്തം വീട്ടില്‍നിന്നു തന്നെയാവുന്നത് അതിമനോഹരമല്ലേ. ഒന്നു സങ്കൽപിച്ചുനോക്കൂ, ഇത്തവണത്തെ ഓണത്തിന് വീട്ടിലെ സ്ത്രീകള്‍ വിശ്രമിക്കട്ടെയെന്ന് ആണുങ്ങള്‍ ആത്മാർഥമായി വിചാരിച്ചാലോ. അത് എത്ര വലിയ മാതൃകയാകും. ഇനി വരുന്ന ഓരോ ആഘോഷവും വീട്ടിലെ എല്ലാവരും ഒന്നായി ആഘോഷിക്കാനും അത് വഴിവെക്കില്ലേ. അമ്മക്കും ഭാര്യക്കും ഓണത്തിന് വിശ്രമം നല്‍കിയില്ലെങ്കിലും അവര്‍ക്കൊപ്പം ഒരാളായി നില്‍ക്കാനെങ്കിലും ശ്രമിച്ചുനോക്കാം. ജോലി പങ്കിടുന്നതിനൊപ്പം ഓണത്തിന് കുടുംബവും ഒന്നിച്ച് യാത്രയും പോയാലോ? അവര്‍ക്ക് അപ്രതീക്ഷിതമായി ചെറിയ സമ്മാനങ്ങള്‍കൂടി നല്‍കിയാല്‍ എത്ര മനോഹരമായിരിക്കും. ഇതൊക്കെ നല്‍കുന്ന സന്തോഷം എന്നും കുടുംബത്തിലെ നല്ല ഓര്‍മകളായിരിക്കും. ഇതൊക്കെയല്ലേ വീട്ടിലെ സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല ഓണസമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.