‘ടർഫിലെ കൃത്രിമ പുൽത്തകിടി അപകടകാരിയോ? എം.ആര്‍.എസ്.എ പോലെയുള്ള അണുബാധക്ക് കാരണമായേക്കാം’
text_fieldsമൈതാനങ്ങളിലും കൊയ്ത്തൊഴിഞ്ഞ വയലുകളിലും കളിക്കുന്ന കാലമൊക്കെ മാറി. ടർഫുകൾ കൂണുപോലെ മുളച്ചുവരുന്ന കാലമാണിത്. നാടിന്‍റെ മുക്കിലും മൂലയിലും വരെ ടർഫാണ്. കളിക്കും ഫിറ്റ്നസിനുമൊപ്പം സൗഹൃദ കൂട്ടായ്മകളിലൂടെയുള്ള മാനസികോല്ലാസത്തിനും കൂടിയാണ് ടർഫുകൾ ഇക്കാലത്ത് വഴിതുറക്കുന്നത്.
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കളികളും ആരവവും ആവേശവും പ്രായഭേദമെന്യേ ആ വലക്കെട്ടിനകത്തേക്ക് പറിച്ചുനടപ്പെടുന്നു. ആരോഗ്യ കാര്യത്തിൽ ഇത്തിരികൂടി ശ്രദ്ധ കൊടുക്കണമെന്ന് മലയാളികൾ ആഗ്രഹിച്ചുതുടങ്ങിയതോടെ ടർഫിൽ ബുക്കിങ്ങും കൂടി. കാടുമൂടിക്കിടന്ന പല സ്ഥലങ്ങളും ഇത്തരം ആർട്ടിഫിഷ്യൽ ടർഫുകളായി മാറുമ്പോൾ തുറക്കുന്നത് പുതിയ വ്യാപാരസാധ്യത കൂടിയാണ്.
എന്നാൽ സുരക്ഷിതമെന്ന് നമ്മൾ സ്വയം കരുതുന്ന ടർഫിലെ അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല. ടർഫിൽ കളിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട പോസിറ്റിവും നെഗറ്റിവുമായ ചില കാര്യങ്ങളിതാ...
ടർഫിലെ കളിയും അണുബാധയും
മെറ്റൽനിരത്തി ലെവൽ ചെയ്ത് കൃത്രിമ പുൽത്തകിടി വിരിച്ചാണ് ടർഫ് ഗ്രൗണ്ട് തയാറാക്കുന്നത്. കൃത്രിമ ടർഫ് പലപ്പോഴും പരിപാലിക്കുന്നത് ബയോസൈഡുകൾ ഉപയോഗിച്ചാണ്. ഇത്തരം ബയോസൈഡുകളുടെ ഉപയോഗം മെഥിസിലിന്‍ റെസിസ്റ്റന്റ് സ്റ്റെഫിലോകോക്കസ് ഓറിയസ് അല്ലെങ്കില്‍ എം.ആര്‍.എസ്.എ (methicillin resistant staphylococcus aureus) പോലെയുള്ള അണുബാധക്ക് കാരണമാകുന്നുണ്ട്. ഏറ്റവും അപകടകാരികളായ ബാക്ടീരിയയുടെ പട്ടികയിലുള്ളതാണിത്.
പെനിസിലിന്‍ വിഭാഗത്തില്‍പെട്ട പല മരുന്നുകളെയും പ്രതിരോധിക്കാന്‍ ശേഷിയാര്‍ജിച്ച എം.ആര്‍.എസ്.എ അണുബാധ മാരകമാണ്. തൊലിപ്പുറത്തെ അസുഖങ്ങള്‍ മുതല്‍ മരണകാരിയായ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധ എന്നിവക്കുവരെ ഈ ബാക്ടീരിയ കാരണമാകാം. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുന്നവയാണിവ. അതിനാൽ ടർഫിൽ ഇറങ്ങുംമുമ്പ് ഇവ ശ്രദ്ധിക്കണം.
● ടർഫിൽ തെന്നിവീഴുമ്പോൾ തൊലി മുറിയുകയോ ചുരണ്ടിപ്പോവുകയോ ചെയ്താൽ എം.ആര്‍.എസ്.എ അണുബാധയുണ്ടാകാം.
● പുൽമൈതാനിയെക്കാൾ ആർട്ടിഫിഷ്യൽ ടർഫിൽ ചൂട് വളരെ കൂടും. ചിലപ്പോഴെല്ലാം ഫീൽഡിലെ ഉപരിതല ഊഷ്മാവ് 200 ഡിഗ്രി ഫാരൻഹീറ്റ് വരെ ഉയർന്നേക്കാം. ഈ ഊഷ്മാവിൽ ഷൂ ധരിച്ചാൽ പോലും കുട്ടികളുടെ കാലുകൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.
● ഷൂസും മറ്റും തട്ടിയുണ്ടാകുന്ന, ഷൂസിന്‍റെ റബർ ഭാഗങ്ങളിൽനിന്നും ഉണ്ടാകാനിടയുള്ള മൈക്രോസ്കോപ്പിക് ആയ കാർബൺ കണികകളും സൂര്യപ്രകാശവും മഴയും തട്ടുന്നതിലൂടെ ടർഫിലെ ആർട്ടിഫിഷ്യൽ പുല്ലിന്‍റെ അഗ്രഭാഗങ്ങൾ പൊടിഞ്ഞുണ്ടാകുന്ന ചെറുകണികകളും ശ്വാസകോശത്തിൽ പ്രവേശിക്കാൻ ഇടയാകും.
● തുറന്ന മൈതാനങ്ങളിൽ പന്ത് പുറത്തേക്ക് പോകുമ്പോഴൊക്കെ കളിക്കാരന് കിട്ടുന്ന ചെറുനിമിഷ വിശ്രമങ്ങൾ ആരോഗ്യപരമായി ഒരനുഗ്രഹമാണ്.
എന്നാൽ ടർഫ് നെറ്റ്കൊണ്ട് അടച്ചതിനാൽ വിശ്രമവേളകൾ ലഭിക്കാറില്ല. ഇത് കഠിന വ്യായാമത്തിന്റെ ഫലമായുള്ള നിർജലീകരണവും (Dehydration) അതുവഴിയുള്ള Electrolyte imbalance ഉം ഉണ്ടാക്കി മസിലു കയറ്റങ്ങൾ (Muscle cramps) ഉണ്ടാക്കാറുണ്ട്.
● ആർട്ടിഫിഷ്യൽ മൈതാനങ്ങളിൽ കളിക്കുമ്പോൾ നേരിടുന്ന പരിചയക്കുറവ് ചിലപ്പോൾ പരിക്കുകളിലേക്ക് എത്താറുണ്ട്. ടർഫ് ഗ്രൗണ്ട് പ്രതലത്തിന്റെ വ്യത്യാസമാണിതിന് കാരണം.
● സാധാരണ മൈതാനങ്ങളിലും വയലിലും സ്റ്റഡ് നീളമുള്ള ബൂട്ടിട്ട് കളിക്കുമ്പോൾ കിട്ടുന്ന ഗ്രിപ്പ് ടർഫിൽ കിട്ടാത്തത് പലപ്പോഴും ജോയന്റുകളിൽ പരിക്കുകളുണ്ടാക്കാറുണ്ട്. അത് പലവിധ ആരോഗ്യപ്രതിസന്ധികൾക്ക് കാരണമാവും.
ടർഫിൽ കളിക്കാൻ ചില ടിപ്സ്
● ടർഫിനേക്കാൾ കളിക്കാൻ എന്തുകൊണ്ടും ഉചിതമായ സ്ഥലം ഗ്രൗണ്ടാണ്. കാരണം കുണ്ടും കുഴിയും ഉള്ളതിനാൽ ആവശ്യമെങ്കിൽ അവരുടെ കളിയുടെ വേഗം നിയന്ത്രിക്കാൻ സഹായിക്കുന്നു.
● ടർഫ് ബൂട്ടുകൾ തന്നെ ഉപയോഗിക്കുക. ഇല്ലെങ്കിൽ കാൽ തെന്നാനുള്ള സാധ്യത കൂടുതലാണ്.
● സമയപരിധിയുള്ളതിനാൽ ടർഫ് പരമാവധി ഉപയോഗപ്പെടുത്തുക എന്ന മനോഭാവത്തോടെയാവും കളിക്കുക. അതിനാൽ മിക്കയാളുകളും വാംഅപ്പൊന്നും ശ്രദ്ധിക്കാറില്ല. ഫുട്ബാൾ കളിക്കാനിറങ്ങുന്നവർ നിർബന്ധമായും അതിനു മുമ്പ് 15 മുതൽ 20 മിനിറ്റ് വരെ സമയമെടുത്ത് വാം അപ് ചെയ്യുക.
● വാംഅപ്പില്ലാതെ നേരിട്ട് കളിയിലേക്ക് പ്രവേശിക്കുന്നത് മസിൽസ്, ലിഗ്മെന്‍റ് പരിക്ക്, പേശീവലിവ് എന്നിവ കൂട്ടാനിടയാക്കും.
● കളി കഴിഞ്ഞ ശേഷമുള്ള 10 മിനിറ്റ് വാമിങ് ഡൗൺ നിർബന്ധമായും ചെയ്യുക
● ഉറക്കമൊഴിച്ചുള്ള കളികൾ ഒഴിവാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.