‘65 ദിവസം കഴിച്ചത് തേനും പച്ചവെള്ളവും മാത്രം. കൂട്ടിന് വ്യായാമവും’- ഇത് പത്രോസച്ചന്‍റെ ജീവിതം
text_fieldsഒരൊറ്റ വെടികൊണ്ട് മാങ്ങയും ചക്കയുമൊക്കെ താഴെയിടുന്ന വൈദികൻ. തെറ്റാലികൊണ്ടും അമ്പും വില്ലും കൊണ്ടും തീർക്കുന്നത് മായാജാലം. ഇരുകൈയിലും നീണ്ട വടികൾ അതിവേഗം കറക്കി കണ്ണഞ്ചിപ്പിക്കും വിരുതുകളിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായ പത്രോസച്ചൻ.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബദനി ആശ്രമത്തിലെ അംഗവും തൃശൂർ കുന്നംകുളം ബഥനി സ്കൂൾ പ്രിൻസിപ്പലുമായ ഫാ. പത്രോസ് ഒ.ഐ.സിക്ക് ഫിറ്റ്നസ് എന്നത് ജീവിതംതന്നെ. യോഗയിലും കരാട്ടേയിലും കാലിസ്തനിക്സിലും അഗ്രഗണ്യൻ. കാമറയും തൂക്കി കാടകങ്ങൾ നിരന്തരം തേടുന്ന പരിസ്ഥിതിസ്നേഹി. എൻഫീൽഡ് ബൈക്കിൽ ലോകം ചുറ്റുന്ന സഞ്ചാരി...വിശേഷങ്ങൾ അങ്ങനെ നീളും.
കാടും കുന്നും കടന്ന് സ്കൂളിലേക്ക്
ഇടുക്കി നെടുങ്കണ്ടത്ത് മാവടി എന്ന മലയോര ഗ്രാമത്തിൽ കളമ്പാലയിൽ ജോയി -അച്ചാമ്മ ദമ്പതികളുടെ മകനായിരുന്നു സുനീഷ് എന്ന ഇന്നത്തെ പത്രോസച്ചൻ. 12 കിലോ മീറ്റർ അകലെയുള്ള നെടുങ്കണ്ടം ഹൈസ്കൂളിലേക്ക് കൂട്ടുകാരുമൊത്ത് ഏലത്തോട്ടവും മലയും ഡാമും പിന്നിട്ട് നടന്ന നാളുകൾ.
മരത്തിൽ കയറുക, പാറകൾ ചാടിക്കടക്കുക, കബഡി, വടംവലി തുടങ്ങി കളികളിൽ കേമൻ. പഠനത്തിൽ അത്ര മിടുക്കനായിരുന്നില്ല. മൂന്നാംതവണ പരീക്ഷിച്ചാണ് പത്താംതരം കടന്നുകൂടിയത്. 12ാം വയസ്സിൽ കളപ്പുര സിബിച്ചൻ സെബാസ്റ്റ്യന്‍റെ കീഴിൽ കരാട്ടേ പഠിച്ചു. ഷിട്ടോറിയോ, ജെ.കെ.ഡി ശൈലികളും കുങ്ഫുവും. പത്താംക്ലാസിനുശേഷം കൃഷി, പശുവളർത്തൽ, എസ്റ്റേറ്റ് പണിയുമായൊക്കെ നാട്ടിൽ ഒതുങ്ങിക്കൂടി.
വീണ്ടും പഠനകാലം
‘ചിട്ടയായ ക്രമപ്പെട്ടുള്ള ജീവിതം’ -അതായിരുന്നു അദ്ദേഹത്തെ ആശ്രമ ജീവിതത്തിലേക്ക് ആകർഷിച്ചത്. ഒപ്പം വളരെ വിശാലമായ പുതുലോകവും തുറന്നു. പ്ലസ് വൺ പഠിക്കാൻ പോയത് 21ാം വയസ്സിൽ റാന്നി പെരുനാട് ബദനി ആശ്രമത്തിൽ ചേർന്ന ശേഷമാണ്. സെനിത്ത് ഓപൺ സ്കൂളിലായിരുന്നു പ്ലസ് വൺ പഠനം. ഹ്യുമാനിറ്റീസിൽ ഫസ്റ്റ്ക്ലാസോടെ പാസായി.
ഇക്കണോമിക്സ് കിട്ടാത്തതിനാൽ ബി.എ മലയാളമെടുത്തു. ആദ്യവർഷം കൂടുതൽ മാർക്ക് നേടിയതിന് ബെസ്റ്റ് സ്റ്റുഡന്‍റ് അവാർഡ്. രണ്ടാവർഷവും മൂന്നാംവർഷവും കോളജിലെ മികച്ച വിദ്യാർഥി. ഡിസ്കസ് ത്രോ, ഷോട്ട് പുട്ട് മത്സരങ്ങളിലും വിജയി. കതോലിക്കേറ്റ് കോളജ് മാഗസിൻ സ്റ്റുഡന്‍റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2011ലാണ് കുന്നംകുളത്തേക്ക് സ്കൂൾ ചുമതലയിൽ ആദ്യ പോസ്റ്റിങ് എത്തുന്നത്. അക്കിക്കാവ് വിവേകാനന്ദ കോളജിൽ ബി.എഡും പൂർത്തിയാക്കി.
ആശ്രമ ജീവിതത്തിലെ ആരോഗ്യ സംരക്ഷണം
രാവിലെ നാലരക്ക് എഴുന്നേറ്റ് നാലേമുക്കാലോടെ പള്ളിയിൽ പോകുന്നതോടെ തുടങ്ങും പത്രോസച്ചന്‍റെ ദിനങ്ങൾ. അഞ്ചേമുക്കാലോടെ നടത്തം, ലഘു ഓട്ടം. പിന്നീട് കുറച്ച് ബാസ്കറ്റ്ബാൾ. അങ്ങനെ ‘വാം അപ്’ ആകും.
ആശ്രമത്തിൽ ജിം സെറ്റപ്പ് ചെയ്തിട്ടുണ്ട്. ആറരക്ക് ജിമ്മിലേക്ക് കടക്കും. ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങൾ ഒന്നര മണിക്കൂർ ചെയ്യും. എട്ടുമണിക്ക് ബ്രേക്ക് ഫാസ്റ്റ്. അരഗ്ലാസ് പാൽകാപ്പി കൂടെ ഓംലെറ്റ്. പതിയെ നട്ടുപിടിപ്പിച്ച ഫലവൃക്ഷങ്ങളെ പരിപാലിച്ച് നടത്തം.
മൾബറി, നാരകം, സപ്പോട്ട... വല്ലതും പാകമായിട്ടുണ്ടെങ്കിൽ അവ പറിച്ചുതിന്നും. അൽപം യോഗ, കരാട്ടേ, കാലിസ്തനിക്സ്. പ്രിൻസിപ്പലായതിനാൽ എട്ടരക്ക് സ്കൂളിൽ പോകും. ഉച്ചക്ക് ഭക്ഷണം നിർബന്ധമില്ല. കഴിച്ചാൽ നാല് സ്പൂൺ ചോറും കറിയും. നാല് മണിക്ക് ചായ.
വൈകീട്ട് വ്യായാമം വീണ്ടും തുടങ്ങും. വടികറക്കൽ, പുള്ളപ്പ്, സൈക്ലിങ് എന്നിവ അതിന്‍റെ ഭാഗമാകും. ചിലപ്പോൾ ജിമ്മിലും കയറും. ഇതിനിടെ റോളർ സ്കേറ്റിങ്, എയർഗൺ ഷൂട്ടിങ്, തെറ്റാലി പോലെയുള്ള സ്ലിങ് ഷോട്ട്, അമ്പെയ്ത്ത് എന്നിവയും അച്ചന്‍റെ ശീലങ്ങളാണ്. ക്രിക്കറ്റ്, ഷട്ടിൽ എന്നിവ ചില ദിവസങ്ങളിൽ.
11 കിലോ വരുന്ന കാമറയും ലെൻസും എടുത്ത് പക്ഷികളെ നോക്കാനും പോകും. ആറിന് തിരികെ പള്ളിയിൽ എത്തും. ആറരക്ക് ഇറങ്ങി വീണ്ടും വ്യായാമം. രാത്രി ഭക്ഷണം രണ്ട് ചപ്പാത്തി, മീനുണ്ടെങ്കിൽ ചിലപ്പോൾ ഒരു കഷണം. രാത്രി ഫ്രൂട്ട്സ് ഉണ്ടെങ്കിൽ കൂടുതൽ സന്തോഷം.
രാത്രി ചെസ്, കാരംസ് കളികൾ. പുസ്തകവായനയും കാര്യമായി നടക്കുക അപ്പോഴാണ്. രാത്രി കിടക്കുന്ന സമയത്ത് നെഗറ്റിവ് അപ്രോച്ച് ഇല്ലാതെ ഉറക്കം. തലയണ വെക്കാറില്ല. രാത്രി എഴുന്നേറ്റാൽ വ്യായാമം ചെയ്യും. വീണ്ടും കിടക്കും. കുറഞ്ഞത് ആറ് മണിക്കൂർ ഉറക്കം. വെറും ജീവിതമല്ല, ആവേശകരമായ നാളുകളാണ് ഈ ദിനചര്യ നൽകുന്നത്.
പ്രകൃതിയോട് ഇണങ്ങി ഭക്ഷണം
ഡിേപ്ലാമ ഇൻ നാച്വറോപ്പതി ആൻഡ് യോഗി സയൻസ് (ഡി.എൻ.വൈ.എസ്) പഠിച്ചതിലൂടെ തുറന്നത് പ്രകൃതി ജീവനത്തിലേക്കുള്ള വഴിയാണ്. ചില സമയത്ത് ഉപവാസം ശരീരത്തിന് ആവശ്യമാണെന്ന് ഇതിലൂടെ മനസ്സിലാക്കി. കഴിക്കുന്ന ഭക്ഷണത്തിൽ കൊഴുപ്പ്, അമ്ലത (അസിഡിറ്റി) എന്നിവ കൂടുതലുള്ളവ ഒഴിവാക്കുകയാണ് വേണ്ടതെന്ന് അച്ചൻ പറഞ്ഞുതരും.
ഫലങ്ങൾ കഴിക്കുന്ന സമയത്ത് മറ്റ് ആഹാരങ്ങളും ധാന്യങ്ങളും ഒഴിവാക്കും. ധാന്യങ്ങൾ എണ്ണയില്ലാതെ പുഴുങ്ങിക്കഴിക്കാൻ ശ്രദ്ധിക്കണം. പച്ചക്ക് കഴിക്കാൻ പറ്റുന്നത് പരമാവധി അങ്ങനെത്തന്നെ.
അമ്ലത ഉൽപാദിപ്പിക്കുന്ന അച്ചാറുകൾ പോലുള്ളവ ഭക്ഷണ വിഭവങ്ങളിൽ നിന്ന് അകറ്റണം. ഉണ്ണിപ്പിണ്ടി ശരീരത്തിലെ അമ്ലത കുറക്കുന്ന ഒന്നാണ്. തേൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
തേൻ കഴിച്ചും കഴിഞ്ഞുകൂടാം
65 ദിവസം തേൻ മാത്രം കഴിച്ച് ജീവിച്ച കഥ പറയും പത്രോസച്ചൻ. രാവിലെയും വൈകീട്ടും രണ്ടര മണിക്കൂർ നന്നായി വ്യായാമം ചെയ്ത് തന്നെയാണ് അക്കാലം പിന്നിട്ടത്. 40 മില്ലി തേൻ മതി. ഒപ്പം നന്നായി പച്ചവെള്ളവും കുടിക്കും. ക്ഷീണം ഉണ്ടായിട്ടേ ഇല്ല. ഒരു കിലോ ഭാരം പോലും കുറഞ്ഞിട്ടില്ല. അതായത്, നാം സാധാരണ ഭക്ഷണം കഴിക്കുന്നത് വളരെ കൂടുതലാണെന്ന് ചുരുക്കം.
വിഷമടിക്കാത്ത ഫലങ്ങൾ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. കിടപ്പ് തലയണയില്ലാതെ നിവർന്നായാൽ നല്ലത്. മായന്നൂരിലെ നിള സെന്‍ററിലെ നാരായണൻ മാഷ് പകർന്നുതന്ന യോഗ ക്ലാസുകളും ആരോഗ്യ ജീവിതത്തിലേക്കുള്ള വഴികാട്ടിയായി.
ഒരു കാമറയും ബൈക്കും
കാമറയും വലിയ ലെൻസുമായി വെട്ടിക്കടവ് കോൾപാടത്തും നൂറണിത്തോടിന്‍റെ പരിസരങ്ങളിലും അച്ചനെ ദിവസവും കാണാം. ഓരോ പക്ഷിയും ഹൃദിസ്ഥം. പത്രോസച്ചന്‍റെ സഞ്ചാര ലിസ്റ്റിൽ അങ്ങ് കെനിയയിലെ മസായ്മാര വരെയുണ്ട്. ഇന്ത്യൻ പര്യടനം ഏറക്കുറെ പൂർത്തിയാക്കി. യാത്രകളിൽ തന്‍റെ ഹിമാലയൻ എൻഫീൽഡാണ് പ്രിയം. ഓരോ യാത്രയും സ്വയമെടുത്ത് ‘വിങ്സ്’ എന്ന ട്രാവലോഗ് യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുന്നു.
പേത്രാസച്ചൻ പോസിറ്റിവാണ്
എപ്പോഴും പോസിറ്റിവായിരിക്കാൻ ശാരീരിക ക്ഷമത അത്യാവശ്യമാണെന്ന് അച്ചൻ വിവരിക്കും. ഒാരോ വ്യായാമവും ഓരോ പ്രവൃത്തിയും ആഘോഷിച്ചാണ് ചെയ്യുക. ഫിസിക്കലി സ്ട്രോങ്ങായി നിൽക്കുക ആവശ്യമാണ്. ‘സന്തോഷിച്ച് ജീവിപ്പിൻ’ എന്നാണ് ബൈബിൾ വചനം. അങ്ങനെ ആഘോഷിച്ച് ജീവിക്കുന്നുവെന്ന് പൗലോസച്ചൻ തെളിയിക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.