Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightfitnesschevron_rightവയസ്സ് 68,...

വയസ്സ് 68, എട്ടുവർഷത്തിനിടെ ഈ റിട്ട. സിവിൽ എൻജിനീയർ ഓടിത്തീർത്തത് 25,000 കിലോമീറ്റർ...

text_fields
bookmark_border
വയസ്സ് 68, എട്ടുവർഷത്തിനിടെ ഈ റിട്ട. സിവിൽ എൻജിനീയർ ഓടിത്തീർത്തത് 25,000 കിലോമീറ്റർ...
cancel
camera_alt

 പോൾ പടിഞ്ഞാറേക്കര. ചി​​​ത്ര​​​ങ്ങ​​​ൾ: അ​​​ഷ്​​​​ക​​​ർ ഒ​​​രു​​​മ​​​ന​​​യൂ​​​ർ

വഴിയോരങ്ങൾ മുതൽ അൾട്രാ മാരത്തൺ ട്രാക്കുകൾ വരെ ആവേശത്തോടെ കൈയടിച്ച് പോളേട്ടന്‍റെ ഒപ്പം കൂടിയിട്ടുണ്ട്... പ്രായമെന്ന ചിന്തയെ ഒരു മൂലക്കിരുത്തി, കിലോമീറ്ററുകളെ പിന്നിലാക്കി ഇദ്ദേഹം പായുമ്പോൾ കാണികൾ വീണ്ടും വീണ്ടും ആർത്തുവിളിക്കും...

പോളേട്ടന്‍റെ ആവേശത്തെ ലവലേശം ശമിപ്പിക്കാൻ ഇക്കണ്ട ദൂരങ്ങളൊന്നും മതിയാകില്ലെന്ന് അവർ ഒരിക്കൽ കൂടെ ഉറപ്പിച്ചു പറയും. ഇരുകൈകളുമുയർത്തി, വിജയാരവം മുഴക്കി ഈ അറുപത്തിയെട്ടുകാരൻ തന്നെ കാത്തിരിക്കുന്ന അംഗീകാരങ്ങൾക്കായി വേദിയിലേക്ക് നടന്നടുക്കും. ദൂരവും കാലവും പ്രായവും വേഗവും പോൾ പടിഞ്ഞാറേക്കരയെന്ന പ്രിയപ്പെട്ടവരുടെ പോളേട്ടന്‍റെ മുന്നിൽ സല്യൂട്ടടിച്ച് നിൽക്കും.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഈ റിട്ട. സിവിൽ എൻജിനീയർ ഓടിത്തീർത്തത് 25,000 കിലോമീറ്ററാണ്​.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സിവിൽ എൻജിനീയറായിരുന്ന പോൾ പടിഞ്ഞാറേക്കരക്ക് വിരമിച്ച ശേഷമാണ് ഓട്ടക്കാരനാകണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ മാരത്തണുകളിലേക്ക് സജീവമായി ഇറങ്ങാൻ തീരുമാനിച്ചു. അറുപതാമത്തെ വയസ്സിലാണ് ആദ്യ ഫുൾ മാരത്തൺ ഓടിയത്.

നിലവിൽ 121 ഫുൾ മാരത്തണുകളും 296 ഹാഫ് മാരത്തണുകളും ഓടി ഓട്ടക്കാർക്കിടയിലെ സൂപ്പർ താരമായി മാറി അദ്ദേഹം. 210 കിലോമീറ്ററിന്‍റെ ഹെന്നൂർ ബാംബു അൾട്രാ മാരത്തൺ 2019ൽ ഓടിയ അദ്ദേഹം കായികലോകത്തെ തന്നെ ഞെട്ടിച്ചു. നൂറിലധികം ഫുൾ മാരത്തൺ ഓടിയവർ കേരളത്തിൽ വിരളമാണ്. 2021ൽ എറണാകുളത്തായിരുന്നു അദ്ദേഹത്തിന്‍റെ നൂറാമത്തെ മാരത്തൺ. 300ഓളം പേരോടൊപ്പമാണ് അന്ന് ഓടിക്കയറിയത്.


ഫിറ്റ്നസ് മനസ്സിന്‍റെ ഗെയിം

ഈ പ്രായത്തിലും ഫിറ്റ്നസ് സൂക്ഷിക്കുന്നതിന്‍റെ കാരണം തുറന്നുപറയാൻ ഒരുമടിയുമില്ല പോളേട്ടന്. ഇതു മനസ്സിന്‍റെ ഒരു ഗെയിമാണെന്നതാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

ഓടി ദൂരങ്ങൾ കീഴടക്കാൻ വേണ്ടത് സ്ഥിരോത്സാഹവും ലക്ഷ‍്യത്തിലെത്താനുള്ള മനസ്സുമാണ്. മടുപ്പില്ലാതെ ഓടിയോടി സ്ഥിരോത്സാഹമുണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.

​‘ജനിച്ചു വളർന്നത് ഒരു മലയോര മേഖലയിലാണ്. നേര്യമംഗലം- ഇടുക്കി റൂട്ടിലെ നീണ്ടപാറയിൽ. രാവിലെയും വൈകീട്ടും എട്ടു കിലോമീറ്റർ വീതം അങ്ങോട്ടുമിങ്ങോട്ടും നടന്നാണ് സ്കൂളിൽപോയി വന്നിരുന്നത്. മലയും കുന്നുമൊക്കെ കയറിയായിരുന്നു അന്നത്തെ യാത്ര. അങ്ങനെയൊക്കെ ബുദ്ധിമുട്ടിയതിന്‍റെ ഗുണം കൂടിയാണ് ഇപ്പോഴത്തെ ഫിറ്റ്നസിനു പിന്നിൽ’ -അദ്ദേഹം വിവരിക്കുന്നു.

ആദ്യത്തെ മാരത്തൺ അറുപതാമത്തെ വയസ്സിൽ ഓടിക്കഴിഞ്ഞപ്പോഴാണ് അതിനോടൊരു ഭ്രമം രൂപപ്പെട്ടത്. ഇന്ത്യയിലെ തന്നെ പ്രശസ്തരായ സോൾസ് ഓഫ് കൊച്ചിൻ എന്ന റണ്ണേഴ്സ് ഗ്രൂപ്പിന്‍റെ ഭാഗമായി പിന്നീട് മാറി. അവരുടെ പിന്തുണയോടെയാണ് നല്ലൊരു റണ്ണറാകാൻ കഴിഞ്ഞത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സൂപ്രണ്ടിങ് എൻജിനീയറായിരുന്ന തനിക്ക് വിരമിച്ചശേഷവും പല സ്ഥാപനങ്ങളിൽനിന്നും ജോലി ഓഫറുകൾ വന്നിരുന്നു. എന്നാൽ, 37 വർഷത്തോളം ജോലി ചെയ്തതല്ലേ, ഇനി അതിൽ നിന്ന് മാറി നിൽക്കാമെന്നതായിരുന്നു ചിന്തയെന്ന്​ പോളേട്ടൻ പറയുന്നു.

പോളേട്ടന്‍റെ ദിനചര്യ

പുലർച്ചെ നാല് മണിയാകുമ്പോൾ പോളേട്ടന്‍റെ ദിനം ആരംഭിക്കും. നാലരയോടെ ഓടാൻ പോകും. കുറഞ്ഞത് 10 കിലോമീറ്ററെങ്കിലും ദിവസവും ഓടും. 21 കിലോമീറ്റർ വരെ ഓടുന്ന ദിവസങ്ങളുമുണ്ട്. സോൾസ് ഓഫ് കൊച്ചിന്റെ ഗ്രൂപ്റണ്ണും ഇടക്കുണ്ടാകും. അതിനോടൊപ്പവും ഓടും.

എട്ടു മണിയോടെ തിരിച്ച് വീട്ടിലെത്തും. ശേഷം വീട്ടുകാര്യങ്ങൾ. മുതിർന്നയാളായതിനാൽ കൂടെ ഓടുന്നവർക്കൊക്കെ തന്നോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. 210 കിലോമീറ്ററുള്ള ഹെന്നൂർ ബാംബു അൾട്രാ റൺ ഓടിയിട്ടുണ്ട്. അത്രയൊന്നും മറ്റാരും ഈ പ്രായത്തിൽ ഓടിയിട്ടുണ്ടാകില്ല. ആദ്യമൊക്കെ കുറഞ്ഞ ദൂരങ്ങളിൽനിന്നും ആരംഭിച്ച് പടിപടിയായാണ് 210 കിലോമീറ്റർ വരെയൊക്കെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


ജീവിതശൈലീ രോഗങ്ങൾ അകന്നു നിൽക്കും

ജീവിതശൈലീ രോഗങ്ങൾ നമ്മളെ ബാധിക്കില്ലെന്നതും ഇനി അഥവാ ഉണ്ടായാൽപോലും നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതുമാണ് ഓട്ടത്തിന്‍റെ ഗുണമെന്ന് പോളേട്ടൻ പറഞ്ഞു. ഹാപ്പിയായി ഇരിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. നിരന്തരമുള്ള ഈ ഓട്ടം കാരണം ജീവിതശൈലീ രോഗങ്ങൾ അകന്നാണ് നിൽക്കുന്നത്. പോർട്ട് ട്രസ്റ്റിൽ ജോലി ചെയ്തിരുന്നതിനാൽ പോർട്ട് ആശുപത്രിയിൽ ചികിത്സ സൗജന്യമാണ്. എന്നാൽ, ദൈവാനുഗ്രഹംകൊണ്ട് ഇതുവരെ അവിടേക്ക് പോകേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ സുജ പോൾ അധ്യാപികയായിരുന്നു. മൂന്ന് മക്കളാണ്. മെറിൻ പോൾ, ടോം, ജെറി എന്നിവരാണ്. സോഫ്റ്റ് വെയർ എൻജിനീയർമാരാണ് മക്കൾ.

‘എന്റെ ഓട്ടത്തിന് കുടുംബത്തിന്‍റെ പൂർണ പിന്തുണയുണ്ട്. എന്തിനാണ് ഇങ്ങനെ ഓടി ആരോഗ്യം കളയുന്നതെന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തുന്നവരുമുണ്ടായിട്ടുണ്ട്. അവർക്ക് ഇതിന്‍റെ ഗുണഫലം അറിയാത്തതുകൊണ്ടാണ് അത്തരം അഭിപ്രായങ്ങൾ പറയുന്നത്. ദൈവാനുഗ്രഹത്താൽ അറുപത്തെട്ട് വയസ്സിലും തനിക്ക് ഒരു മരുന്നും വാങ്ങിക്കഴിക്കേണ്ടി വന്നിട്ടില്ല. അത് ഈ ഓട്ടത്തിന്‍റെ ഗുണമാണ്​’-അദ്ദേഹം വിവരിച്ചു.

പ്രായം വെറുമൊരു നമ്പർ

അറുപത്തി രണ്ടാമത്തെ പിറന്നാൾ ആഘോഷത്തോടെയാണ് ഓട്ടക്കാർക്കിടയിൽ പോളേട്ടൻ സ്റ്റാറായത്. അറുപത്തി രണ്ടാം പിറന്നാൾ അറുപത്തി രണ്ട് മൈൽ ഓടിയാണ് അദ്ദേഹം ആഘോഷിച്ചത്. 100 കിലോമീറ്ററോളം ദൂരമാണത്. ഇപ്പോൾ താമസിക്കുന്ന എറണാകുളത്തെ വീട്ടിൽ നിന്നും മുമ്പ് ജോലി ചെയ്തിരുന്ന ഐലൻഡിലെ പോർട്ട് ട്രസ്റ്റിലെത്തിയശേഷം തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ, കോതമംഗലം, നേര്യമംഗലം വഴി താൻ ജനിച്ച് വളർന്ന നാട്ടിലേക്കായിരുന്നു ഓട്ടം. സോൾസ് ഓഫ് കൊച്ചിൻ പ്രവർത്തകരും അന്ന് ഒപ്പമുണ്ടായിരുന്നു.

ഡിസ്റ്റൻസ് റണ്ണിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്നതായിരുന്നു ഈ ഓട്ടത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. മറ്റൊന്ന് മനസ്സ് പറയുന്നിടത്ത് ശരീരം എത്തുമോ എന്നത് ഒന്ന് പരീക്ഷിക്കുകയെന്നതും. അതും ഫലംകണ്ടു.

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആ ഓട്ടം വൻ വിജയമായിരുന്നു. അതിനു ശേഷം ഒരുപാട് ഓട്ടക്കാർ അവരുടെ പിറന്നാളുകൾ ഇത്തരത്തിൽ ആഘോഷിക്കാൻ തുടങ്ങി.

രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ താൻ മാരത്തൺ ഓടിയിട്ടുണ്ടെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.


മാരത്തൺ നേട്ടം

ആരോഗ്യസംരക്ഷണമാണ് മാരത്തൺകൊണ്ടുള്ള പ്രധാന നേട്ടം. ആരോഗ്യമുള്ള ഒരു ശരീരമുണ്ടെങ്കിലേ ആരോഗ്യമുള്ള മനസ്സുണ്ടാകു. ഇത് രണ്ടുമുണ്ടെങ്കിലേ ജീവിതം സന്തുഷ്ടവും സംതൃപ്തവുമാകൂ. ഈചിന്തയിൽ നിന്നാണ് തനിക്ക് ഓട്ടത്തിനുള്ള ഭ്രമം കയറിയത്. ഒരു ചെലവുമില്ലാതെ ആരോഗ്യം സംരക്ഷിക്കാവുന്ന മാർഗമാണല്ലോ ഓട്ടം എന്നും അദ്ദേഹം പറയുന്നു.

രാവിലെ ഒന്ന് ഓടിയ ശേഷം എന്ത് ജോലിയിൽ ഏർപ്പെട്ടാലും നല്ല ഫ്രഷായതായി തോന്നും. സ്ട്രെസ് ഇല്ലാതാക്കാൻ ഇത്രയും അനുയോജ്യമായ മറ്റൊരു മാർഗമില്ല. എന്ത് സമ്മർദങ്ങൾ നമ്മുടെ ഉള്ളിലുണ്ടെങ്കിലും രാവിലെ പത്ത് കിലോമീറ്റർ ഓടിയിട്ട് വന്നാൽ അതെല്ലാം പോകും. മനസ്സ് വളരെ ഫ്രീ ആയിരിക്കും. വിരമിച്ചതിന് ശേഷമാണ് ഇതിനോടുള്ള പാഷൻ രൂപപ്പെട്ടതെന്നും പോളേട്ടൻ പറഞ്ഞു.

ഇഷ്ടമുള്ളതൊക്കെ കഴിക്കും

ഭക്ഷ‍ണത്തിന് പ്രത്യേകിച്ച് ഒരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്ന് പോളേട്ടൻ പറഞ്ഞു. വീട്ടിൽ നിന്ന് തരുന്നതൊക്കെ കഴിക്കും. പ്രത്യേക ഫുഡ് ഹാബിറ്റൊന്നും താൻ ഉണ്ടാക്കിയെടുത്തിട്ടില്ല. ബീഫും മുട്ടയുമൊക്കെ തനിക്ക് ഏറെ ഇഷ്ടമാണ്. അവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന് ഓടിനോക്കൂ, ഏതു പ്രതിസന്ധിയും നിസ്സാരമാകും

‘ഓടിക്കഴിഞ്ഞാൽ കിട്ടുന്ന ഒരു സംതൃപ്തിയുണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്’. ജീവിതത്തെ അടിമുടി മാറ്റുന്ന ഓട്ടത്തെക്കുറിച്ച് പറയുമ്പോൾ പോളേട്ടന് നൂറുനാവാണ്. 42 കിലോമീറ്ററൊക്കെ ഒന്ന് ഓടിക്കഴിഞ്ഞാൽ എന്തൊക്കെയോ നേടിയെടുക്കാൻ കഴിഞ്ഞുവെന്ന് സ്വയം മനസ്സിന് ഒരു തോന്നലുണ്ടാക്കാൻ കഴിയും. ആത്മവിശ്വാസം ഇരട്ടിയാകും.

അതോടെ നമ്മുടെ കോൺഫിഡൻസ് ലെവൽ നേരെ മുകളിലേക്ക് അങ്ങ് ഉയരും. പിന്നെ എന്ത് പ്രതിസന്ധികളും തരണം ചെയ്യാമെന്നും ഏത് പ്രശ്നത്തിന് മുന്നിലും കുലുങ്ങാതെ നേരിടാനാകുമെന്നുമുള്ള ആത്മവിശ്വാസമാണ് ലഭിക്കുന്നത്. അത് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലാണ്. 42 കിലോമീറ്ററൊക്കെ ഓടുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. അതിനാൽ തന്നെ ലക്ഷ്യം പൂർത്തീകരിച്ച് കഴിയുമ്പോൾ കിട്ടുന്ന സംതൃപ്തിക്ക് അത്രയേറെ തിളക്കമുണ്ട്’- പോളേട്ടൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marathonpolettan
News Summary - polettan, Marathon
Next Story