പുതുവർഷം മുതൽ വ്യായാമം തുടങ്ങാൻ തീരുമാനിച്ചവരാണോ നിങ്ങൾ? ഈ വ്യായാമം നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കും...
text_fieldsപുലർച്ചെ ഏതു റോഡിൽ ഇറങ്ങിയാലും ഫിറ്റ്നസിനായി നടക്കുന്നവരെയോ ഓടുന്നവരെയോ കാണാം. രാവിലെയും വൈകീട്ടും അൽപനേരമെങ്കിലും ഓടിയോ നടന്നോ ഉന്മേഷം കൂട്ടാൻ താൽപര്യപ്പെടുന്നവർ ഏറെയാണ്. നടക്കുന്നതിനേക്കാൾ കൂടുതൽ ശരീരത്തിന് പ്രയോജനം നൽകും ഓട്ടം. എന്നാൽ ആദ്യമായി ഒാടുംമുമ്പ് കൃത്യമായി ചില തയാറെടുപ്പുകളും ശ്രദ്ധയും വേണം.
ഓടുന്നത് എന്തിന്?
പല കാര്യങ്ങളാണ് ഒന്നോടി നോക്കാൻ ഏവർക്കും പ്രേരകമാകുന്നത്. ശരീരം ഒന്ന് ഫിറ്റാക്കണം എന്നതുതന്നെ പ്രധാന കാരണം. സുഹൃത്തിന്‍റെ കല്യാണത്തിനു പോകുമ്പോൾ വയറുചാടി കോലംകെട്ട് പോകുന്നതെങ്ങനെ എന്ന ചിന്തയുള്ളവരും കാണും. അല്ലെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമാകുന്ന മാരത്തൺ ഓട്ടത്തിനുവേണ്ടി ഒന്ന് തയാറെടുക്കലുമാകാം. പലരും രാവിലെ എഴുന്നേറ്റ് ഓടുന്നതു കണ്ടിട്ട് അതുപോലെ ഓടിനോക്കാനുള്ള താൽപര്യവും ഓട്ടത്തിലേക്ക് നയിക്കുന്നു.
ഓടാം, കൂടുതൽ ഫിറ്റാകാം
കൃത്യമായ വർക്കൗട്ടായി ഓട്ടം മാറ്റുന്നതിലൂടെ മസിലുകൾ കൂടുതൽ കരുത്തുറ്റതാകും. അതിലൂടെ ശരിയായ ശരീരഘടന നമ്മൾ അറിയാതെതന്നെ നേടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓട്ടം മികച്ച വർക്കൗട്ടാണ്. അതിലൂടെ കൂടുതൽ സ്റ്റാമിന കൈവരിച്ച് ശരീരം ഊർജോൽപാദനം കൂട്ടുന്നു. ശരീരത്തിലെ അസ്ഥികളുടെ കരുത്ത് കൂടുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനാകുന്നതോടെ കൊഴുപ്പ് അടിയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് മുക്തമാകും.
ഓടാൻ ഇറങ്ങുംമുമ്പ്...
പ്ലാനിങ്: ഓട്ടത്തിന് ഇറങ്ങുംമുമ്പ് കൃത്യമായ ആസൂത്രണം വേണം. കാരണം, ഓട്ടം ശരീരത്തിന് ആയാസം കൂട്ടുന്ന വർക്കൗട്ടാണ്. അതിനായി കൃത്യമായ പ്ലാനിങ് വേണം. ഒരാഴ്ചയിൽ നാം നടത്തുന്ന ഓട്ടം മുന്നിൽക്കാണണം. ഇടക്കിടെ ശരീരത്തിന് വിശ്രമം നൽകണം. ഇതിലൂടെ സ്വയം പ്രചോദനം നേടി കൂടുതൽ ഓടാൻ താൽപര്യം കൈവരും.
വാംഅപ്, കൂൾഡൗൺ: ഓടുംമുമ്പ് മസിലുകൾ സ്ട്രെച്ച് ചെയ്ത് ശരീരം ഓട്ടത്തിനായി ഒരുക്കണം. ഓട്ടത്തിനുശേഷവും ഇതു വേണം. വാംഅപ്, കൂൾഡൗൺ വർക്കൗട്ടുകൾ പിന്തുടരണം. ഇതിലൂടെ കാൽവേദനയും കഴപ്പും ഒഴിവാക്കാം.
പാദരക്ഷകൾ വേണം: മികച്ച റണ്ണിങ് ഷൂ തിരഞ്ഞെടുക്കണം. കാൽപാദത്തിന് കുഷ്യൻ അനുഭൂതി നൽകുന്നതും ഭാരം കുറഞ്ഞതുമാകണം ഷൂസ്. നടക്കാൻ സാധാരണ പാദരക്ഷ മതിയാകും. ഓടുമ്പോൾ കാൽപാദത്തിൽ വരുന്ന ആഘാതം കുറക്കാൻ ഷൂ ഉപകരിക്കും.
വേദന അറിയണം: ആദ്യമായി ഓട്ടം തുടങ്ങിയാൽ കുറച്ചു ദിവസത്തേക്ക് കാൽവേദന അനുഭവപ്പെടും. ഈ വേദനയിലൂടെ നമ്മൾ കൂടുതൽ ബലപ്പെടുകയാണെന്ന ചിന്ത വേണം. വേദന കുറക്കാൻ ഐസ് വെക്കുകയോ ചൂടുപിടിക്കുകയോ ചെയ്യാം.
ഇന്ന് ഇത്ര ദൂരം: ഓരോ ദിവസവും ഇത്ര ദൂരം ഓടുമെന്ന് നാഴികക്കല്ലുകൾ തീരുമാനിക്കണം. അത് ക്രമേണ കൂട്ടിക്കൂട്ടി നമ്മുടെ ഫിറ്റ്നസ് ലെവൽ സ്വയം മനസ്സിലാക്കാനാകും.
സ്മാർട്ട്വാച്ച് നല്ലത്: കൈത്തണ്ടയിൽ സ്മാർട്ട് വാച്ച് കെട്ടിയിട്ടുണ്ടെങ്കിൽ അതിലൂടെ ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാം. ഓട്ടത്തിലൂടെ ശരീരം കുറക്കുന്ന കലോറി, ഓടുന്ന ദൂരം, വേഗത, ഹൃദയമിടിപ്പ് എല്ലാം മനസ്സിലാക്കാനാകും. ഇതിലൂടെ ഓട്ടം അളക്കാം. ഒപ്പം ഇനിയും ഓട്ടം മെച്ചപ്പെടുത്താനും കൂടുതൽ പ്രയോജനകരമാക്കാനും എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാം.
വഴി അറിയുക: ഓടുന്ന പ്രതലം ഏതെന്ന് ശ്രദ്ധിക്കണം. അതിലൂടെ തട്ടിവീണും മറ്റുമുള്ള പരിക്കുകൾ ഒഴിവാക്കാനാകും. പാർക്കുകളും പുൽത്തകിടികളുമാണ് ഓടാനുള്ള മികച്ച പ്രതലങ്ങൾ. മണ്ണിലൂടെയും ഓടാം. ടാറിട്ട റോഡുകൾ, പേവ്മെന്റുകൾ പാകിയ വഴികൾ എന്നിവിടങ്ങളും അനുയോജ്യം തന്നെ. വാഹനങ്ങൾ സൂക്ഷിക്കണം. കൂട്ടമായി ഓടാതെ വരിവരിയായി ഓടുന്നതാണ് നല്ലത്. അതേസമയം ട്രെഡ്മില്ലിൽ ഒരുപാട് വേഗത്തിൽ ഓടാതിരിക്കുക.
ഭക്ഷണവും ശ്രദ്ധിക്കണം: ഓട്ടത്തിനു മുമ്പ് കാർബോ ഹൈഡ്രേറ്റ് കൂടിയ ഭക്ഷണം ഒഴിവാക്കണം. പ്രോട്ടീൻ ലഭിക്കുന്ന വിഭവങ്ങളാണ് ഉത്തമം. സാലഡുകളും ശരീര
ത്തിന് മികവ് നൽകും. ധാരാളമായി വെള്ളം കുടിക്കണം. പുകവലി, മദ്യം എന്നിവ ഒഴിവാക്കുകതന്നെ വേണം. ദീർഘദൂര ഓട്ടം പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ശരീരത്തെ ഒരു യന്ത്രമായി കണക്കാക്കാതെ അണപ്പ് മാറ്റാൻ ആവശ്യമായ സമയം നൽകുക.
എത്ര ദൂരം ഓടണം?
തുടക്കക്കാർ ആഴ്ചയിൽ രണ്ടോ നാലോ ദിവസം ഓടുക. ഓരോ ഓട്ടത്തിലും 30-40 മിനിറ്റുകൾ ഉറപ്പുവരുത്തുക. ആദ്യ ദിവസങ്ങളിൽ ഇടക്കിടെ വിശ്രമിച്ചു വേണം ഓട്ടം. രണ്ട്, മൂന്ന് കിലോമീറ്ററുകളിൽ ഓട്ടം തുടരണം. പിന്നീട് ദൂരം കൂട്ടാം.
ഓടാൻ പറ്റിയ നേരം
മിക്കവരും പുലർകാലമാണ് ഓടാൻ മികച്ച സമയമായി കണക്കാക്കുന്നത്. അത് അങ്ങനെത്തന്നെ വേണമെന്നില്ല. അവരവരുടെ സൗകര്യമാണ് പ്രധാനം. ഒരു നഗരത്തിലെ വഴിയാണ് ഓടാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ തിരക്ക് കുറഞ്ഞ പുലർകാലമാണ് നല്ലത്. അതേസമയം, കടൽതീരമാണെങ്കിൽ രാവിലെയോ വൈകീട്ടോ പോകാം. എപ്പോഴാണെങ്കിലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടാകരുത് ഓട്ടം.
ഓട്ടം വണ്ണം കുറക്കുമോ?
കൃത്യമായ ഓട്ടം വണ്ണം കുറക്കും. നന്നായി വെള്ളം കുടിക്കുകയും ഉറങ്ങുകയും വേണം. കൊഴുപ്പ് കൂടിയതും കാർബ്സ് കൂടുതൽ അടങ്ങിയതുമായ ഭക്ഷണശീലം ഒഴിവാക്കണം. ഇതിനൊപ്പം ഓട്ടമെന്ന മികച്ച വർക്കൗട്ട് കൂടിയാകുമ്പോൾ വണ്ണം കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.