മാനസികസംഘർഷങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ വാ ഇത്തിരിനേരം നീന്താം...
text_fieldsവീട്ടിലടച്ചിരുന്ന കോവിഡ് കാലം ആ നാല് വയസ്സുകാരനിൽ ഏൽപിച്ചത് വലിയ ആഘാതമാണ്. മൊബൈൽ സ്ക്രീനിൽ അവന്‍റെ ലോകം ഒതുങ്ങിപ്പോയപ്പോൾ നാളുകൾ ഏറെക്കഴിഞ്ഞാണ് മകന് നന്നായി സംസാരിക്കാനാകുന്നില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.
എറണാകുളത്തെ വിദഗ്ധർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ സംസാരിക്കാൻ സഹായിക്കുന്ന പേശികൾക്ക് ബലക്കുറവാണെന്ന് കണ്ടെത്തി. പരിഹാരവഴിയും കുറിച്ചു- നീന്തൽ പഠിപ്പിക്കുക.
അങ്ങനെ കുഞ്ഞുമകന് ആഴപ്പരപ്പിൽനിന്ന് ആരോഗ്യം നേടിയെടുക്കാൻ പറ്റിയ പരിശീലകനെ വീട്ടുകാർ കണ്ടെത്തി. നീന്തൽ പാഠങ്ങൾക്കൊപ്പം സംസാരത്തിന്‍റെ തെളിച്ചവും അവനെ തുഴഞ്ഞെടുത്തു.
നേരംപോക്കിനല്ല നീന്തൽ
ഒളിമ്പിക്സിൽ മെഡൽ നേടാനും നേരംപോക്കിനും മാത്രമല്ല, ലോകത്തിലെ മികച്ച വ്യായാമം കൂടിയാണ് നീന്തൽ. കാലിലെ പെരുവിരൽ മുതൽ തലമുടിത്തുമ്പുവരെ നവോന്മേഷം പകരുന്ന വ്യായാമം. ജിമ്മിൽ പോകുന്ന പോലെ സ്വിമ്മിങ് പൂളിലേക്കോ പുഴയിലേക്കോ നീന്താൻ പോകണം.
ഭാരം കുറക്കാനും ബി.പി താഴ്ത്താനും തുടങ്ങി ശരീരത്തിന്‍റെ പ്രശ്നങ്ങൾക്ക് ഇതിലും നല്ല മരുന്നില്ല. എന്നാൽ, നീന്തൽ ഇന്നും നാട്ടിൽ ജനകീയമല്ല. നീന്തൽ പഠിക്കുന്നതിൽനിന്ന് വലിയൊരുവിഭാഗം വിട്ടുനിൽക്കുന്നു. അറിയാവുന്നവരിൽ ഭൂരിഭാഗവും നിത്യേനയുള്ള നീന്തൽ എന്ന ഈസി എക്സർസൈസ് പരിഗണിക്കുന്നുമില്ല.
ബെസ്റ്റാണ് മനസ്സിനും ശരീരത്തിനും
നീന്തൽ മനസ്സും ശരീരവും പൂർണമായി ഫിറ്റാക്കുന്നതിലൂടെ ആള് പൊളിയാകും എന്നതിൽ ഒരു മറുവാദവുമില്ല. മാനസികസംഘർഷങ്ങളുടെ ചുഴിയിൽനിന്ന് കര കയറാൻ നീന്തലിനേക്കാൾ ബെസ്റ്റ് മരുന്നില്ല. ദിവസവും അരമണിക്കൂർ നേരത്തെ നീന്തൽ മണിക്കൂറുകൾ നീളുന്ന മറ്റ് വർക്കൗട്ടുകളുടെ ഫലം തരും. ശരീരത്തിന്‍റെ ചൂട് ക്രമപ്പെടുത്തി, ഹൃദയത്തിനും ശ്വാസകോശത്തിനും പേശികൾക്കും ആരോഗ്യം ഉറപ്പ് നൽകും.
ശരീരത്തിന് സമ്മർദം നൽകാതെ ഹൃദയമിടിപ്പ് ഉയർത്തുകയാണ് നീന്തൽ ചെയ്യുന്നത്. മസിലുകളുടെ ഉറപ്പിനും സഹായിക്കുന്നു. കത്തിപ്പോകുന്ന കലോറി കണക്ക് പറയുകയേ വേണ്ട. ശരീരത്തിലെ കൊഴുപ്പ് കുറക്കാനും എല്ലുകൾക്ക് ബലംപകരാനും ശ്വാസകോശത്തിന്‍റെ കപ്പാസിറ്റി കൂട്ടാനും നീന്തൽ സഹായിക്കുന്നു. വയർ കുറക്കാൻ മറ്റൊരു വ്യായാമം തേടിപ്പോകേണ്ടെന്ന് സാരം.
ഭയം അകറ്റൽ പ്രധാനം
ആളുകൾ നീന്തൽ പഠിക്കാത്തതിനും ജലാശയങ്ങളിൽ മുങ്ങിമരണങ്ങൾ കൂടുന്നതിനും പിന്നിലെ കാരണം ഒന്നേയുള്ളൂ- പേടി. വെള്ളത്തിൽ വീണാൽ അപകടമുണ്ടാകും എന്ന ബോധ്യമാണ് പേടിക്ക് പിന്നിൽ. ആ ആധിയാണ് നീന്തലിൽനിന്ന് പലരെയും പിറകിലേക്ക് വലിക്കുന്നത്.
നീന്തലറിയാവുന്നവർ പോലും ജലാശയങ്ങളിൽ പെട്ടെന്നൊരു അപകടനിമിഷം നേരിട്ടാൽ പേടിക്കുന്നതാണ് മുങ്ങിമരണങ്ങൾക്ക് ഒരു കാരണം. ഈ പേടിയെ മറികടക്കുകയാണ് നീന്തൽ പഠിപ്പിക്കുന്നവർ നൽകുന്ന ആദ്യപാഠം. വെള്ളത്തിനോടുള്ള പേടി മാറ്റാൻ അതേ വെള്ളത്തിൽ ഇറക്കുക എന്നതാണ് പോംവഴി.
ആവശ്യമായ സുരക്ഷാ മുൻകരുതലിനൊപ്പം വെള്ളത്തിലേക്ക് ഇറങ്ങുന്നവർ സ്വയം പൊങ്ങിവരും. ഇത് ആവർത്തിച്ച് വൈകാതെ പേടി മാറുകയും ചെയ്യും. എപ്പോഴും സുരക്ഷാമുൻകരുതലോടെ വേണം നീന്തൽ പഠിക്കാൻ. ആ സുരക്ഷിതത്വബോധവും ആദ്യമായി വെള്ളത്തിൽ ഇറങ്ങുന്നവർക്ക് ആത്മവിശ്വാസം നൽകും.
സ്വിമ്മിങ് പൂളിൽ പഠിക്കുന്നവർ ഒരിക്കലും ജലാശയങ്ങളിലേക്ക് എടുത്തുചാടരുത്. പൂളിലെ കാലുറപ്പിക്കാനാകുന്ന തറയിൽനിന്ന് നിലയില്ലാക്കയത്തിലേക്കുള്ള വീഴ്ചയാകുമത്. കുളങ്ങൾ ഉൾപ്പെടെ ഓപ്പൺ വാട്ടറിലെ പഠനമാണ് എപ്പോഴും നിങ്ങളിലെ നീന്തൽവിദഗ്ധനെ വളർത്തുന്നത്.
കുട്ടിക്കാലത്തേ നീന്തി തുടങ്ങാം
ചെറുപ്രായത്തിൽതന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതാണ് എപ്പോഴും നല്ലത്. നടക്കാൻ പഠിക്കുംമുമ്പ് നിലത്തിഴയുന്ന കുട്ടികൾക്ക് വെള്ളത്തിലെ നീന്തൽ സ്വാഭാവികമായും എളുപ്പമാകും. വ്യായാമം എന്നതിനപ്പുറം കുട്ടികൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന കളിയായും നീന്തൽ മാറ്റാനാകും.
കുട്ടികളിലെ മാനസികസമ്മർദമില്ലാതാക്കാൻ വലിയ പങ്ക് നീന്തലിന് വഹിക്കാനാകും. കൂടാതെ, നമ്മുടെ നാട്ടിലെ മുങ്ങിമരണങ്ങളിൽ കുട്ടികളാണ് കൂടുതൽ എന്നതും അവർക്കിടയിൽ നീന്തലിനോടുള്ള താൽപര്യം കൂട്ടേണ്ടതിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഗർഭിണികൾക്ക് സുരക്ഷിതം
ഗർഭിണിക്കും വയറ്റിലെ കുഞ്ഞിനും ഏറെ അനുയോജ്യമായ വ്യായാമമാണ് നീന്തൽ. ഗർഭസ്ഥശിശുവിന് നാഡീരോഗമായ ഹൈപോക്സിമ ഇസ്കിമ പോലുള്ളവയിൽനിന്ന് സംരക്ഷണവും ഈ വ്യായാമം നൽകുന്നതായി പഠനങ്ങളുണ്ട്. മറ്റ് അപകടാവസ്ഥയില്ലെങ്കിൽ ഗർഭാവസ്ഥയുടെ ഏതുമാസത്തിലും വെള്ളത്തിലിറങ്ങി ധൈര്യമായി നീന്താം. സ്വിമ്മിങ് പൂളുകളിലെ ക്ലോറിൻ വെള്ളത്തിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതം.
പ്രായമായവർ ഒന്ന് ശ്രദ്ധിക്കണേ
വയോധികരുടെ ആരോഗ്യസംരക്ഷണത്തിൽ നീന്തലിന് സുപ്രധാന പങ്കുണ്ട്. ബ്ലഡ് പ്രഷർ, ഡയബറ്റിക്സ് പോലുള്ള ജീവിതശൈലീരോഗങ്ങളെ നീന്തൽ നിയന്ത്രിക്കും. സ്ട്രോക്ക്, ഡിസ്ക് പ്രശ്നം കാരണമുള്ള നടുവേദന എന്നിങ്ങനെ രോഗങ്ങൾക്കും പ്രതിവിധിയാണ്. അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ വെള്ളത്തിൽ ഇറങ്ങുന്നത് കരുതലോടെ വേണം. ഒറ്റക്ക് ജലാശയങ്ങളിൽ ഇറങ്ങരുത്. ആസ്ത്മ രോഗികൾക്ക് നീന്തൽ ഫലപ്രദമാണ്. ഡോക്ടറുടെ നിർദേശം കൂടി കണക്കിലെടുത്ത് വേണം നീന്തൽ.
നീന്തും മുമ്പ് വെള്ളത്തെ അറിയണം
കേരളത്തിൽ പ്രതിവർഷം 1200ന് മുകളിലാണ് മുങ്ങിമരണം എന്നാണ് കഴിഞ്ഞകാല കണക്കുകൾ. ഇവരിൽ 80 ശതമാനം പേരും നീന്തൽ വശമുള്ളവർ തന്നെയാണ്. സ്വിമ്മിങ് പൂളിലോ കുളത്തിലോ എവിടെ നീന്തൽ പഠിച്ചവരായാലും അറിയാത്ത വെള്ളത്തിലേക്ക് എടുത്തുചാടും മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുകതന്നെ വേണം. അപരിചിത സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങും മുമ്പ് പ്രദേശവാസികളോട് സുരക്ഷ ചോദിച്ചറിയണം.
കടൽ: ഉപ്പിന്‍റെ സാന്നിധ്യം കാരണം സാന്ദ്രതകൂടിയ ജലമാണ് കടലിൽ. ഇത് ജലപ്പരപ്പിൽ ഏറെനേരം ഒഴുകിനടക്കാൻ സഹായിക്കുന്നു. പേടിക്കേണ്ടത് തിരകളെയാണ്. തിരകളിൽപെട്ട് നിലതെറ്റാതെ എങ്ങനെ രക്ഷപ്പെടാം എന്നതിന് കടലിൽതന്നെ പ്രാക്ടീസ് ചെയ്യണം.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കടൽ ശാന്തമായ കാലവും സമയവും നോക്കി അപകടരഹിതമായ തീരങ്ങളിൽ കടലിൽ നീന്തൽ പരിശീലിക്കാം. ഓരോ തീരത്തിന്‍റെയും സ്വഭാവം ഓരോ സമയത്തും വ്യത്യസ്തമായിരിക്കും എന്ന് ഓർക്കണം. ചിലതീരങ്ങളിൽ ആദ്യം കാലെടുത്തുവെക്കുന്നത് തന്നെ വലിയ താഴ്ചയിലേക്കായിരിക്കും.
കായൽ: നിശ്ചലമായ ജലമാണ് കായലിൽ. വേലിയേറ്റവും വേലിയിറക്കവും അനുസരിച്ച് വെള്ളംകയറുന്നതും ഇറങ്ങുന്നതും വ്യത്യാസപ്പെടും. പലയിടങ്ങളിലും ചളിനിറഞ്ഞ ആഴമേറിയ ഭാഗങ്ങൾ സാധാരണം.
പുഴ: ശക്തമായ ഒഴുക്ക് ആണ് പുഴവെള്ളത്തിന്‍റെ പ്രത്യേകത. പുറമെ ശാന്തമാകുമ്പോഴും അടിയൊഴുക്ക് ശക്തമാണ്. പ്രതീക്ഷിതമായി ജലനിരപ്പ് ഉയരാനും കുറയാനും സാധ്യതയുണ്ട്. ചുഴിയും കയങ്ങളും അപകടം ഒളിപ്പിച്ചിരിക്കും.
ഡാമുകൾ: കെട്ടിക്കിടക്കുന്ന വെള്ളമാണ്. സ്ട്രെസ് കൂടുതൽ ഉള്ള വെള്ളമാണ് ഡാമുകളിൽ. തുടക്കത്തിൽ തന്നെ വലിയ കുഴിയുണ്ടാകും. ചളിയിൽ പുതയാൻ സാധ്യത.
പാറക്കെട്ടുകൾ: ഉപേക്ഷിക്കപ്പെട്ട ക്വാറികൾ മഴവെള്ളം കെട്ടിനിന്ന് വലിയ ജലാശയങ്ങളായിമാറുന്നത് ആളുകളെ വലിയതോതിൽ ആകർഷിക്കുന്നുണ്ട്. ഇവിടം ഒട്ടും സുരക്ഷിതമല്ല. വെള്ളത്തിന് തണുപ്പ് വളരെ കൂടുതലാണ്. കൈയും കാലും പെട്ടെന്ന് കോച്ചിപ്പിടിക്കും.
പ്രായം നോക്കാതെ നീന്താം
ചെറുപ്രായത്തിൽ നീന്തൽ പഠിച്ചില്ല, ഇനി നടക്കില്ല എന്ന ചിന്തയുള്ളവർ ധാരാളമുണ്ട്. ആ ചിന്ത വെറുതെയാണ്.ഏത് പ്രായത്തിലും നീന്തൽ പഠിക്കാം, മനസ്സുണ്ടായാൽ മതി. ഒരുമണിക്കൂർ വീതം പ്രയത്നിച്ചാൽ മൂന്ന് ദിവസങ്ങൾ കൊണ്ട് നീന്തൽ പഠിച്ചെടുക്കാം. ശാസ്ത്രീയമായ രീതിയിലും പരമ്പരാഗത രീതിയിലും നീന്തൽ പഠിപ്പിക്കുന്നവരുണ്ട്.
ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈ സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക്, സൈഡ് സ്ട്രോക്ക്, ഫ്രീസ്റ്റൈൽ എന്നിങ്ങനെ പലതരത്തിൽ നീന്താം. വ്യായാമത്തിന് നല്ലത് ഫ്രീസ്റ്റൈൽ ആണ്. നീന്തുന്നതിന് ട്യൂബ്, ജാക്കറ്റ്, ബോയ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ എപ്പോഴും കരുതണം.
ഒന്നു നീന്താം, ഫിറ്റാകാം
● നീന്തൽ ശരീരം വഴക്കമുള്ളതാക്കും
● കലോറി കുറക്കാൻ മികച്ചത്
● ശ്വസനപ്രക്രിയ സുഗമമാക്കുന്നു. ശ്വാസകോശത്തിന്‍റെ കപ്പാസിറ്റി വർധിപ്പിക്കുന്നു
● ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഗുണകരം
● വാതരോഗം ഉള്ളവർക്ക് സഹായകരം
● സന്ധിവേദന മാറാൻ ഉത്തമം
● ഉറക്കമില്ലായ്മക്ക് മികച്ച പരിഹാരം
● മാനസിക സമ്മർദം കുറക്കും
● ചെലവ് കുറവ്
നീന്താനിറങ്ങും മുമ്പ്...
● ദിവസവും അരമണിക്കൂറെങ്കിലും നീന്തുക
● രാവിലെയും വൈകീട്ടുമാണ് മികച്ച സമയം
● ഭക്ഷണം കഴിച്ചയുടൻ നീന്തരുത്. ഭക്ഷണത്തിന് നാല് മണിക്കൂർ ശേഷംമാത്രം നീന്തുന്നതാണ് നല്ലത്
● എപ്പോഴും സുരക്ഷാ ഉപകരണങ്ങൾ കരുതുക
● ജലാശയങ്ങൾ നീളത്തിൽ നീന്തിക്കടക്കാൻ ശ്രമിക്കരുത്
● വാംഅപ് ചെയ്തതിന് ശേഷമാവണം നീന്തൽ ആരംഭിക്കാൻ
● ഒറ്റശ്രമത്തിൽ വലിയ ദൂരം നീന്താനുള്ള കഴിവ് വർഷങ്ങളുടെ പരിശീലനത്തിലൂടെ മാത്രമാണ് ലഭിക്കുന്നത്
● സ്വിമ്മിങ് പൂളിൽ ക്ലോറിൻ വെള്ളമാണ്. സ്വിമ്മിങ് ഗ്ലാസും തലയിൽ കാപ്പും ഉപയോഗിക്കുക
വിവരങ്ങൾക്ക്
കടപ്പാട്:
● ഗിന്നസ്
ഡോൾഫിൻ രതീഷ്,
ലൈഫ് ഗാർഡ്
ആൻഡ് സ്വിമിങ്
ട്രെയിനർ, കൊല്ലം
● എം.എസ്.
ഹരിലാൽ, മാള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.