കുട്ടിക്കഥ: പരദൂഷണത്തിന്‍റെ ഫലം
text_fieldsഒരു ഗ്രാമത്തിൽ പരദൂഷണം പറഞ്ഞുപരത്തുന്ന ഒരു വയോധികൻ ഉണ്ടായിരുന്നു. ഒരിക്കൽ തന്‍റെ അയൽവാസി കള്ളനാണെന്ന് പറഞ്ഞ് അയാൾ ജനങ്ങളെ വിശ്വസിപ്പിച്ചു. അങ്ങനെ ആ യുവാവിന് നാട്ടിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയായി.
ഈ വിവരം രാജാവിന്‍റെ അടുക്കലെത്തിയതോടെ രാജാവ് യുവാവിനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. യുവാവ് തന്‍റെ നിരപരാധിത്വം തെളിയിക്കുകയും അവന്‍റെ ഈ അവസ്ഥക്ക് കാരണമായ വയോധികനെ ഒരു പാഠം പഠിപ്പിക്കണമെന്ന് രാജാവിനോട് അപേക്ഷിക്കുകയും ചെയ്തു.
വയോധികനെ കൊട്ടാരത്തിലെത്തിക്കാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ കൊട്ടാരത്തിലെത്തിയ വയോധികൻ ‘‘ഞാൻ എന്‍റെ സംശയങ്ങളും ഊഹങ്ങളുമാണ് പറഞ്ഞതെന്നും ഇത് ആരെയും ദോഷകരമായി ബാധിക്കില്ല’’ എന്നും രാജാവിനോട് പറഞ്ഞു.
ഇതുകേട്ട രാജാവ് വയോധികനോട് ഇങ്ങനെ പറഞ്ഞു. ‘‘നിങ്ങൾ അയാളെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതി, ചെറുകഷണങ്ങളാക്കി വീട്ടിലേക്കു പോകുന്ന വഴി ഗ്രാമത്തിന്‍റെ മധ്യത്തിൽ കളയുക. എന്നിട്ട് നാളെ കൊട്ടാരത്തിലേക്ക് വരൂ.’’ വയോധികൻ രാജാവിന്‍റെ നിർദേശാനുസരണം ആ പേപ്പർ കഷണങ്ങൾ കീറിയെറിഞ്ഞു.
അടുത്ത ദിവസം വിധി കേൾക്കാനായി വീണ്ടും കൊട്ടാരത്തിലെത്തിയ വയോധികനോട് ഇന്നലെ ഗ്രാമത്തിൽ ഉപേക്ഷിച്ച പേപ്പർ കഷണങ്ങൾ കൊണ്ടുവരാൻ രാജാവ് ആവശ്യപ്പെട്ടു. വയോധികൻ ആകെ അങ്കലാപ്പിലായി. ആ പേപ്പർ കഷണങ്ങൾ ഇനി എങ്ങനെ തിരിച്ചുകിട്ടും? അതെല്ലാം പറന്നുപോയിട്ടുണ്ടാവില്ലേ? അത് സാധ്യമല്ലെന്ന് അദ്ദേഹം രാജാവിനോട് പറഞ്ഞു.
‘‘ഇതുപോലെത്തന്നെയാണ് മറ്റൊരാളെക്കുറിച്ച് നമ്മൾ പറയുന്ന പരദൂഷണവും. പലതും തിരിച്ചെടുക്കാനാവാത്തവിധം നമ്മുടെ കൈവിട്ടുപോയേക്കാം’’ -രാജാവിന്‍റെ വാക്കുകൾ കേട്ട് വയോധികൻ തലകുനിച്ചു നിന്നു. തന്‍റെ വാക്കുകൾ ആ യുവാവിനെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് അയാൾ ചിന്തിച്ചുതുടങ്ങി, അദ്ദേഹം തന്‍റെ ദുഷ്പ്രവൃത്തിയിൽ വല്ലാതെ ദുഃഖിച്ചു.
താൻ ചെയ്ത തെറ്റിന് എന്തു പ്രായശ്ചിത്തവും ചെയ്യാൻ തയാറാണെന്ന് അയാൾ രാജാവിനോട് കരഞ്ഞപേക്ഷിച്ചു. വയോധികന്‍റെ അപേക്ഷ പരിഗണിച്ച രാജാവ്, അയാൾക്ക് താക്കീതു നൽകുകയും യുവാവിനോട് ക്ഷമ ചോദിക്കാൻ ഉത്തരവിടുകയും ചെയ്തു.
എഴുത്ത്: അബൂ ദേവാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.