നിങ്ങളുടെ കുട്ടിക്ക് എ.ഡി.എച്ച്.ഡിയുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങൾ
text_fieldsനടൻ ഫഹദ് ഫാസിൽ 41ാം വയസ്സിൽ തനിക്ക് എ.ഡി.എച്ച്.ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ സ്ഥിരീകരിച്ചു എന്ന് തുറന്നുപറഞ്ഞതോടെയാണ് ഇപ്പോൾ ഈ വിഷയത്തിൽ ചർച്ച വ്യാപകമായത്. എന്നാൽ, ഈ അവസ്ഥ ചികിത്സിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യം വർഷങ്ങൾക്ക് മുമ്പെ നമ്മുടെ ആരോഗ്യസംവിധാനം തിരിച്ചറിഞ്ഞിരുന്നു.
അതിന്‍റെ ഫലമായി ആയിരക്കണക്കിന് കുട്ടികളും ഒപ്പം മുതിർന്നവരുമാണ് കേരളത്തിൽ ഇപ്പോൾ ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ആയിരങ്ങളാണ് ചികിത്സയിലൂടെ ഇതിനകം ജീവിതത്തിന് പുതുതെളിച്ചം സ്വന്തമാക്കിയത്.
എന്താണ് എ.ഡി.എച്ച്.ഡി
ആറ് പ്രധാന ന്യൂറോ ഡെവലപ്മെന്‍റ് ഡിസോർഡറുകളിൽ ഒന്നാണ് എ.ഡി.എച്ച്.ഡി. കുട്ടികളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന മെന്‍റൽ ഡിസോർഡർ. അഞ്ചു മുതൽ എട്ട് ശതമാനം വരെ കുട്ടികളിൽ കണ്ടുവരുന്നു എന്നാണ് പഠനം. പെൺകുട്ടികളിലുമുണ്ടെങ്കിലും താരമമ്യേന ആൺകുട്ടികളിലാണ് കൂടുതൽ.
നാല്-അഞ്ച് വയസ്സിലാകും മിക്കവാറും പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുന്നതും ചികിത്സതേടുന്നതും. എ.ഡി.എച്ച്.ഡി മുതിർന്നവരിൽ പെട്ടെന്ന് ഉണ്ടാകുന്ന ഡിസോർഡർ അല്ല. ചെറുപ്രായത്തിൽ കണ്ടുപിടിക്കപ്പെടാതെയോ ചികിത്സിക്കാതെയോ കിടന്ന രോഗാവസ്ഥ കാരണമുള്ള ബുദ്ധിമുട്ടുകൾ മുതിർന്ന പ്രായത്തിൽ പലതരത്തിൽ രൂക്ഷമാകുമ്പോഴായിരിക്കും വൈദ്യസഹായം തേടുന്നതും എ.ഡി.എച്ച്.ഡി ഉണ്ടെന്ന് മനസ്സിലാകുന്നതും.
എങ്ങനെ വരുന്നു
എ.ഡി.എച്ച്.ഡി വരാൻ ഇന്നതാണ് കാരണമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടില്ല. പലകാരണങ്ങൾ ഈ അവസ്ഥയിലേക്ക് നയിക്കുന്നു എന്ന് പറയാം. ജനിതകം ഒരു കാരണമാണ്. കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ കുട്ടികളിൽ വരാം. ഗർഭാവസ്ഥയിലും പ്രസവത്തിലും ഉണ്ടാകുന്ന സങ്കീർണതകളും കാരണമാകാം.
ഗർഭിണിക്ക് വരുന്ന ടെൻഷൻ, തൈറോയ്ഡ്, രക്തസമ്മർദം, ഡയബറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ, സിഗരറ്റ് പോലുള്ള ലഹരി വസ്തുക്കൾ, ലെഡ് എന്നിവയുടെ അധിക സാമീപ്യം ഒക്കെ കാരണമാകാം.
മാസം തികയാതെയുള്ള ജനനം, കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റൽ, ഏറെനേരം പ്രസവം നീണ്ടുപോകുക അങ്ങനെ പ്രസവസമയ പ്രശ്നങ്ങളും ന്യൂറോ ഡെവലപ്മെന്‍റിനെ ബാധിക്കാം. ചെറിയ പ്രായത്തിൽ ഉണ്ടാകുന്ന ട്രോമ, മാതാപിതാക്കളിൽ ആരെങ്കിലും അവഗണിക്കുക എന്നിങ്ങനെ പല ഘടകങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കാം. ഇതൊന്നും കാരണമല്ലാതെയും എ.ഡി.എച്ച്.ഡി വരാം. ഒരിക്കലും ഇത് പാരന്‍റിങ് മോശമായതുകൊണ്ടാണെന്ന് കാണരുത്.
അറിയാം ലക്ഷണങ്ങൾ
കുട്ടികളിൽ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ്. കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് (Inattention) ആണ് ആദ്യത്തേത്. രണ്ടാമത്തേത്, ഒരിടത്ത് കൂടുതൽ നേരം അടങ്ങിയിരിക്കാൻ കഴിയാത്ത ഹൈപ്പർ ആക്ടിവിറ്റിയാണ്. പെരുമാറ്റപ്രശ്നങ്ങൾക്ക് കാരണമാകുന്ന എടുത്തുചാട്ടം (Impulsivity) ആണ് മൂന്നാമത്തെ പ്രധാന ലക്ഷണം.
ഓരോരുത്തരിലും വ്യത്യസ്തമാണ് ലക്ഷണങ്ങൾ. ചില കുട്ടികളിൽ ശ്രദ്ധക്കുറവ് മാത്രമാകാം. ചിലരിൽ ഹൈപ്പർ ആക്ടിവിറ്റിയും. ചിലരിൽ ഇത് രണ്ടുമാകാം. ശ്രദ്ധയുമായി ബന്ധപ്പെട്ടതായിരിക്കും കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന പ്രശ്നം.
● പഠിച്ചതായാലും മറ്റു കാര്യങ്ങളായാലും പെട്ടെന്ന് മറന്നുപോകുക.
● എന്തെങ്കിലും ടാസ്കിൽ ഏർപ്പെട്ടിരിക്കെ മറ്റെന്തെങ്കിലും ചെറിയ കാര്യങ്ങൾ വരുമ്പോഴേക്കും എളുപ്പത്തിൽ ശ്രദ്ധ മാറിപ്പോകുക.
● കുറെ സമയം ഒരു കാര്യത്തിൽതന്നെ ഫോക്കസ്ചെയ്യാൻ കഴിയാതെ വരുക.
● മറ്റൊരാൾ മുഖത്ത് നോക്കി സംസാരിക്കുന്നത് ശ്രദ്ധിക്കാൻ കഴിയാതെ വരിക.
● അടുക്കും ചിട്ടയും ഇല്ലാതിരിക്കുക.
● ചെയ്യാനുള്ളത് സ്വയം മുൻകൈയെടുത്ത് ചെയ്യാൻ കഴിയാതെവരുക.
ഹൈപ്പർ ആക്ടിവിറ്റിയെന്ന് സൂചന നൽകുന്ന ലക്ഷണങ്ങൾ:
● സാധനങ്ങൾ സ്ഥിരം മറക്കുക, കളയുക.
● സ്വന്തം സാധനങ്ങൾ പോലും അലക്ഷ്യമായി വലിച്ചെറിയുക.
● ഹോംവർക്ക് മാതാപിതാക്കൾ നിർബന്ധിച്ച് ചെയ്യിക്കേണ്ടിവരുക.
● ടീച്ചർ ക്ലാസ് എടുക്കുമ്പോൾ പോലും എണീറ്റ് നിൽക്കുക.
● ക്ലാസിൽനിന്ന് ഇറങ്ങിപ്പോകുക.
● ഉറക്കെ സംസാരിക്കുക, മിതത്വം പാലിക്കേണ്ട പൊതുഇടങ്ങളിലും ഒതുങ്ങിനിൽക്കാതെ ചാടിക്കളിക്കുക.
● മറ്റുള്ളവരെ ശല്യപ്പെടുത്തുക.
● ഒറ്റക്ക് കളിക്കുമ്പോൾ പോലും സ്വയം വാതോരാതെ സംസാരിക്കുക
● എടുത്തുചാട്ടക്കാർ ആലോചിക്കാതെ ആയിരിക്കും പലതും ചെയ്യുന്നത്. സ്വന്തം ടേൺ വരുന്നതുവരെ കാത്തിരിക്കാൻ ഇത്തരം കുട്ടികൾക്ക് കഴിയില്ല.
● ക്ലാസിൽ അധ്യാപകർ മറ്റൊരു കുട്ടിയോട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരമറിയാവുന്നത് ഇത്തരം കുട്ടികൾ വിളിച്ചുപറയും.
● രണ്ടുപേർ സംസാരിക്കവെ ഇടയിൽ കയറി സംസാരിക്കുക.
● മറ്റുള്ളവരുടെ പേഴ്സനൽ സ്പേസിലേക്ക് കടന്നുകയറി സാധനങ്ങൾ ചോദിക്കാതെ എടുക്കുക.
മുതിർന്നവരിൽ
താരതമ്യേന വ്യത്യസ്തമായിരിക്കും മുതിർന്നവരിലെ ലക്ഷണങ്ങൾ. ശ്രദ്ധയില്ലായ്മയുടെ അടയാളമായി പകൽ സ്വപ്നങ്ങളുടെ ലോകത്ത് ആയിരിക്കും ഇത്തരക്കാർ. സ്വയംമെനഞ്ഞ ഫാന്‍റസി കഥകൾ കൊണ്ട് മനസ്സ് നിറക്കും.
● ഹൈപ്പർ ആക്ടിവിറ്റി ലക്ഷണം കുറവാണ്. പക്ഷേ, ഒരിടത്ത് അടങ്ങിയിരിക്കാൻ പ്രയാസമാണ്.
● ശരീരം ഇളകിക്കൊണ്ടിരിക്കുക (ഫിഡ്‌ജെറ്റിങ്) ആണ് പ്രധാനം.
● ഒരിടത്ത് ഇരിക്കേണ്ട സ്ഥിതിവരുമ്പോൾ ക്ഷമയില്ലായ്മ കൊണ്ട് ചലിച്ചുകൊണ്ടിരിക്കും.
● കൈകൊണ്ട് എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും.
● കാലുകൾ അനക്കിയിരിക്കുക പോലുള്ള ലക്ഷണങ്ങൾ പതിന്മടങ്ങായിരിക്കും.
● ചെയ്യാനുള്ളത് നീട്ടിക്കൊണ്ട് പോവുക. അലസത കാര്യമായിതന്നെ കീഴടക്കും. എത്ര വലിയ ടാസ്ക് ആണെങ്കിലും സമയം ഉണ്ടല്ലോ ചെയ്യാം എന്ന നിലയിൽ തള്ളിവെക്കും.
● ചുറ്റുപാട് വൃത്തിയോടെ സൂക്ഷിക്കാൻ പ്രയാസമാണ്. എല്ലാം വലിച്ചുവാരിയിടുന്നതായിരിക്കും ശീലം. മറവിയും പ്രശ്നമാണ്.
● ടാസ്കുകൾ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ വിഷാദവും ഉത്കണ്ഠയും.
● എടുത്തുചാട്ടം കാരണം റിലേഷൻഷിപ് പ്രയാസമാകും.
● വിട്ടുവീഴ്ചയും വരുംവരായ്കകളെ കുറിച്ചുള്ള ചിന്തയുമുണ്ടാകില്ല.
● മൂഡ് സ്വിങ്സ് ഭീകരമായുണ്ടാകും. വൈകാരിക നിയന്ത്രണം കുറവായിരിക്കും.
● ദേഷ്യം വന്നാൽ പിടിക്കാൻ കിട്ടാത്ത സ്ഥിതി.
● ടാസ്കുകൾ ശരിയായി പൂർത്തിയാക്കാൻ കഴിയാത്തത് ജോലിയെ ബാധിക്കും.
● ബന്ധങ്ങളിലെ പ്രശ്നം കുടുംബജീവിതത്തിൽപോലും വലിയവെല്ലുവിളിയാകും.
ഇത്തരം അവസ്ഥയിൽ വലിയതോതിലുള്ള ഡിപ്രഷനും ഉത്കണ്ഠയും കീഴടക്കാം. ഇതിന് ചികിത്സ തേടുമ്പോഴായിരിക്കും എ.ഡി.എച്ച്.ഡി കണ്ടെത്തുന്നത്. ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുന്നവരും അനവധിയാണ്. ക്രിമിനൽ വാസനയും കാണാം.
കുസൃതിയാണോ രോഗമാണോ? തിരിച്ചറിയാം
കുട്ടികളുടെ സാധാരണ വികൃതിയാണോ അതോ എ.ഡി.എച്ച്.ഡി ആണോ എന്ന് തിരിച്ചറിയുന്നത് ലക്ഷണം എത്രത്തോളം തീവ്രമാണ് എന്നത് അനുസരിച്ചാണ്. അസുഖം കാരണമാണെങ്കിൽ ലക്ഷണങ്ങളായി കാണിക്കുന്ന സ്വഭാവങ്ങൾ കുട്ടിക്കും രക്ഷാകർത്താക്കൾക്കും ഒട്ടും നിയന്ത്രിക്കാനോ കൈകാര്യം ചെയ്യാനോ പറ്റാത്ത സ്ഥിതിയാകും. പ്രവർത്തനക്ഷമതയെ ബാധിക്കും. ശ്രദ്ധ, ഓർമശക്തി പ്രശ്നങ്ങൾ കാരണം കുട്ടിക്ക് പഠനത്തിൽ പ്രയാസം നേരിടും.
ഇത്തരത്തിൽ പഠനകാര്യങ്ങളിലും സാമൂഹികരീതികളിലും വൈകാരിക നിയന്ത്രണങ്ങളിലുമൊക്കെ പ്രശ്നങ്ങൾ കാരണം ദൈനംദിന ജീവിതത്തെപോലും നല്ലരീതിയിൽ ബാധിക്കുന്നു എന്ന് വന്നാൽ പ്രഫഷനലിന്‍റെ സഹായം തേടിയേ തീരൂ. ചെറിയ രീതിയിൽ ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ ഒക്കെ ഉണ്ടായാൽ എ.ഡി.എച്ച്.ഡി ആയി മുദ്രകുത്തപ്പെടില്ല.
മുതിർന്നവരിലും സമാന ലക്ഷണങ്ങൾ ദൈനംദിന വർക്ക് ലൈഫിനെയും കുടുംബത്തെയും സ്വഭാവത്തെയും ബാധിക്കുന്നിടത്താണ് പ്രശ്നം. എല്ലാവരിലും ഇത്തരം ലക്ഷണങ്ങൾ കുറേശ്ശ കണ്ടുവരാം, അതെല്ലാം എ.ഡി.എച്ച്.ഡി ആകണമെന്നില്ല. മെന്‍റൽ ഹെൽത്ത് പ്രഫഷനലിന് മാത്രമാണ് പ്രശ്നം വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കുക.
ചികിത്സ തേടാം
രണ്ടു തരമാണ് ചികിത്സ, മരുന്നുകൾ ഉപയോഗിച്ചുള്ളതും സൈക്കോ തെറപ്പിയും. കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും സ്കൂളിലെ അധ്യാപകരെയും കൂടെ ചേർത്തുള്ളതാണ് ചികിത്സ. എല്ലാ കുട്ടികൾക്കും മരുന്ന് ആവശ്യമായി വരില്ല. തെറപ്പികൊണ്ടു മാത്രം ഫലം കാണാത്ത, ലക്ഷണങ്ങളിലെ തീവ്രത അനുസരിച്ചാണ് മരുന്ന് നൽകുക. സൈക്കോ തെറപ്പിയും അത്യാവശ്യമാണ്. സ്വഭാവം മെച്ചപ്പെടുത്താനുള്ള ടെക്നിക്കുകൾ ഉപയോഗിക്കുന്ന ബിഹേവിയർ തെറപ്പിയാണിത്.
മുതിർന്നവരിലും തുടക്കത്തിലേ മരുന്ന് ഉപയോഗിക്കേണ്ടിവരും. ഇതിനൊപ്പം പ്രധാനമാണ് സൈക്കോ തെറപ്പി. പ്രശ്നങ്ങൾ അനുസരിച്ച് കൊഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി, ഡയലെറ്റിക്കൽ ബിഹേവിയർ തെറപ്പി എന്നിങ്ങനെ തെറപ്പികളായിരിക്കും ഉണ്ടാകുക. ചിലർക്ക് കുറച്ചു നാൾ മരുന്ന് കഴിച്ചാൽ മതിയാകും, ചിലർക്ക് ദീർഘനാൾ തുടരണം. വ്യക്തിയധിഷ്ഠിതമാണിത്. ഈ അവസ്ഥയിൽനിന്ന് പൂർണ മോചനം പ്രയാസമാണ്. എന്നാൽ, ജീവിതത്തിൽ സമാധാനം വരുത്തും.
ചികിത്സയുണ്ട് സൗജന്യമായി
സർക്കാർ മേഖലയിൽ കുട്ടികൾക്ക് എ.ഡി.എച്ച്.ഡി സൗജന്യ ചികിത്സ ലഭ്യമാണ്. അലോപ്പതി മേഖലയിൽ കേന്ദ്ര സർക്കാറിന്‍റെ രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ) പദ്ധതി വഴി ഓരോ ജില്ലയിലും ഏർലി ഇന്‍റർവെൻഷൻ സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്.
എ.ഡി.എച്ച്.ഡി കണ്ടെത്താനും ചികിത്സിക്കാനുമുള്ള സൗകര്യം ഇവിടെ ലഭിക്കും. പി.എച്ച്.സികളിൽ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ബി.എസ്.കെ നഴ്സുമാർ വഴിയാണ് ഈ സെന്‍ററിലേക്ക് റഫർ സൗകര്യമുള്ളത്.
തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കുന്ന സെന്‍ററിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കി സൈക്കോളജിസ്റ്റിനെ കാണിക്കാം.
ഹോമിയോപ്പതിയിൽ ‘സദ്ഗമയ’
18 വയസ്സ് വരെയുള്ളവരുടെ മാനസിക-പഠനപ്രശ്നങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്‍റെ പദ്ധതിയാണ് ‘സദ്ഗമയ’. എ.ഡി.എച്ച്.ഡിക്ക് ജില്ല സദ്ഗമയ സെന്‍ററുകളിൽ ചികിത്സ ലഭിക്കും. മെഡിക്കൽ ഓഫിസറുടെയും സൈക്കോളജിക്കൽ കൗൺസലറുടെയും സ്പെഷൽ എജുക്കേഷൻ ടീച്ചറുടെയും സേവനം ലഭിക്കും.
അംഗൻവാടികളിൽ ഉൾപ്പെടെ സദ്ഗമയ ടീം ഔട്ട്റീച്ച് പ്രോഗ്രാമുകൾ നടത്തി പ്രശ്നമുള്ള കുട്ടികളെ കണ്ടെത്താറുണ്ട്. താഴെത്തട്ടിലുള്ള സർക്കാർ ഹോമിയോ സെന്‍ററുകൾ വഴിയോ ജില്ല ഹോമിയോ ആശുപത്രികൾ വഴിയോ സെന്‍ററിന്‍റെ സേവനം തേടാം. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ട് വരെയാണ് പ്രവർത്തനം.
വീടുകളിൽ ചെയ്യാം
● കുട്ടികൾക്ക് കാര്യങ്ങൾ ഷെഡ്യൂൾ ചെയ്തുനൽകാം.
● വീട്ടിൽ എല്ലാ കാര്യങ്ങൾക്കും ഓരോ സ്ഥലം നിശ്ചയിച്ചുനൽകാം. കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, സ്കൂൾ ഐറ്റങ്ങൾ എന്നിവ ഒരേ സ്ഥലത്തുതന്നെ വെക്കാൻ ശീലിപ്പിച്ചാൽ മറന്നുപോകുന്നത് ഒഴിവാക്കാം.
● നിർദേശങ്ങൾ സിംപ്ളും ക്ലിയറുമാക്കാം. ഒന്നിലധികം നിർദേശങ്ങൾ ഒരേസമയം കൊടുക്കാതിരിക്കാം.
● ടാസ്കുകളും വേർതിരിച്ച് നൽകാം. ഇടയിൽ ടൈം ബ്രേക്ക് നൽകാം.
● നല്ല പെരുമാറ്റത്തിന് ഉടനടി (അഞ്ച് സെക്കൻഡിനുള്ളിൽ) അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക.
● വിമർശിക്കുമ്പോഴോ ഒരു കാര്യം ചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുമ്പോഴോ പോസിറ്റിവ് അപ്രോച്ച് സ്വീകരിക്കണം. അടങ്ങിയിരിക്ക്, ഓടരുത് എന്ന് പറയുന്നതിനുപകരം കുറച്ചു നേരം എന്‍റെ ഒപ്പം നിൽക്കാമോ എന്ന് ചോദിക്കാം.
● ഭക്ഷണത്തിൽ കാര്യമായ ശ്രദ്ധനൽകണം. ചില കുട്ടികളിൽ ചോക്ലറ്റ് പോലെ മധുരവും കഫീൻ അടങ്ങിയതുമൊക്കെ കഴിക്കുമ്പോൾ ഹൈപ്പർ ആക്ടിവിറ്റി കൂടുന്നതായി കാണാറുണ്ട്. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതാണ്. ജങ്ക് ഫുഡ് ഒഴിവാക്കുന്നതും ഗുണം ചെയ്യും.
● സ്വന്തം സഹോദരങ്ങളെ വെച്ചുപോലും കുട്ടികളെ താരതമ്യം ചെയ്യരുത്.
● ഓരോ കാര്യത്തിനും കൃത്യമായ അതിർവരമ്പുകൾ ഉണ്ടാക്കുക. പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക.
● ഹൈപ്പർ ആയവരെ ഫിസിക്കൽ ആക്ടിവിറ്റി നന്നായി ചെയ്യിക്കണം. സൈക്ലിങ്, സ്വിമ്മിങ് പോലുള്ള കാര്യങ്ങൾ ഒരുപാട് നേരം ചെയ്യിക്കാം.
● അമിത മൊബൈൽ, ടാബ് ഉപയോഗം നിലവിലെ ശ്രദ്ധയില്ലായ്മ, ശ്രദ്ധ പെട്ടെന്ന് മാറിപ്പോകൽ, പഠനപ്രശ്നങ്ങൾ, എടുത്തുചാട്ടം തുടങ്ങിയ പ്രശ്നങ്ങൾ കൂട്ടാൻ വഴിവെക്കും.
സ്കൂളിൽ ചെയ്യാവുന്നത്
● പഠനപ്രശ്നം ഉൾക്കൊണ്ട് കുറ്റം പറയാതെ സപ്പോർട്ട് ചെയ്യാൻ അധ്യാപകർ ശ്രദ്ധിക്കണം.
● തെറ്റുകൾ വരുമ്പോൾ ആത്മവിശ്വാസം കുറയുന്ന സ്ഥിതിവരാം. ക്ലാസിലെ നിയന്ത്രണങ്ങൾ പാലിക്കാനുള്ള സോഷ്യൽ സ്കിൽ ചിലരിൽ കുറവായിരിക്കും. അവർക്ക് ആത്മവിശ്വാസം നൽകാനും ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാനും മടിക്കേണ്ട.
● ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി ഉണ്ടെങ്കിൽ ആ കുട്ടിക്ക് മാത്രം അമിതശ്രദ്ധ നൽകേണ്ടതില്ല. ക്ലാസിന് മൊത്തത്തിൽ സ്ട്രക്ചറും ദിനചര്യകളും സെറ്റ് ചെയ്യാം. ഗ്രൂപ്പിൽ ഒരുമിച്ച് ചെയ്യാനുള്ള കാര്യമാകുമ്പോൾ പ്രശ്നമുള്ള കുട്ടിയും അതിൽ പങ്കുചേരാൻ കൂടുതൽ ശ്രമംനടത്തും.
● ക്ലാസിൽ പൊതുവായി നൽകുന്ന നിർദേശങ്ങൾ ചിലപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഫോളോ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. അപ്പോൾ കുറ്റപ്പെടുത്തരുത്. അവരുടെ പേരുവിളിച്ച് പ്രത്യേകിച്ച് പറയേണ്ടതുമില്ല.
● ക്ലാസിൽ ഒരാളെ മാത്രം ശ്രദ്ധിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഈ അവസ്ഥ ഉള്ള കുട്ടി ചെയ്യുന്നത് ഒരൽപം ഒബ്സെർവ് ചെയ്യാം.
● നിർദേശങ്ങൾ സിംപ്ളാക്കി പറയാം.
● ക്ലാസിൽ ഏറെനേരം ഒരേ രീതിയിൽ ഇരുത്താതെ, ഇടക്ക് എഴുന്നേൽക്കുന്നതും ശരീരം അനങ്ങുന്നതുമായ ആക്ടിവിറ്റികൾ ഉൾപ്പെടുത്താം.
മുതിർന്നവരിൽ ശ്രദ്ധിക്കാം
● ചെയ്യാനുള്ളവ ഷെഡ്യൂളായി എഴുതിവെക്കാം. സ്റ്റിക്കി നോട്സ് വേണ്ട പകരം മൊബൈൽ ആപ്, നോട്ട്ബുക്ക്, കലണ്ടർ ഒക്കെ ഉപയോഗിക്കാം. കുറഞ്ഞത് 28-30 ദിവസമെങ്കിലും തുടർച്ചയായി ചെയ്താലേ ഇത് ശീലമാകൂ.
● മൾട്ടിപ്ൾ ടാസ്കുകൾ ബ്രേക്ക് ചെയ്ത് ഓരോ സ്റ്റെപ്പുകൾ ആക്കി നേടാനുള്ള ലക്ഷ്യമാക്കി ചെയ്യാം. ലക്ഷ്യങ്ങൾ സിംപ്ൾ ആകണം, നേടിയെടുക്കാൻ കഴിയുന്നതാകണം.
● കാര്യങ്ങൾ ചെയ്യാൻ റിമൈൻഡർ, അലാറം സെറ്റ് ചെയ്യാം.
● ഡയറി എഴുത്ത് ശീലിക്കാം.
● ടാസ്കുകൾക്ക് മുൻഗണന സ്വഭാവം നൽകി വേർതിരിക്കാം. എ ടാസ്ക്, ബി ടാസ്ക്, സി ടാസ്ക് എന്നീ നിലയിൽ. ഏറ്റവും പ്രധാനപ്പെട്ടത്, ഇന്ന്-നാളെ ചെയ്ത് തീർക്കാനുള്ള പോലെ ഉള്ള ടാസ്കുകൾ ‘എ’ ലിസ്റ്റിൽ. തുടർന്ന് മറ്റു ടാസ്കുകളും സമാനമായി സമയപരിധി അനുസരിച്ച് വേർതിരിക്കാം.
● പഠനത്തിലും ജോലിയിലും മറ്റും ശ്രദ്ധകേന്ദ്രീകരിക്കുന്നതിലെ പ്രശ്നം പരിഹരിക്കാൻ എത്രസമയം വരെ തുടർച്ചയായി ശ്രദ്ധ വെക്കാൻ കഴിയുന്നു എന്ന് സ്വയം നോക്കുക. ആ സമയംവരെ മാത്രം ചെയ്ത ശേഷം ബ്രേക്ക് എടുക്കുക.
● ചെയ്യാൻ ഇഷ്ടമുള്ള ടാസ്കുകളും ഇഷ്ടമില്ലാത്തവയും ഇടകലർത്തി ചെയ്യുക.
● ശ്രദ്ധ തെറ്റിക്കുന്ന ഘടകങ്ങൾ സമീപത്തുനിന്ന് മാറ്റാം.
● സാധനങ്ങൾ സൂക്ഷിക്കാൻ കൃത്യമായ സ്ഥലങ്ങൾ നിശ്ചയിച്ച് ഉപയോഗിക്കാം.
● ശാരീരിക വ്യായാമം ഏറെ ഗുണം ചെയ്യും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ലിഷ പി. ബാലൻ
Clinical Psychologist, Prayatna Centre for Child Development, Palarivattom, Kochi
ഡോ. ആശ
Convener, Sadgamaya, Kollam District
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.