ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികൾ മണ്ണിലിറങ്ങി കളിക്കുന്നുണ്ടോ?
text_fieldsഈ അവധിക്കാലം എങ്ങനെ ചെലവഴിക്കാനാണ് പ്ലാൻ എന്ന് നമ്മുടെ കുട്ടികളോട് ചോദിച്ചിട്ടുണ്ടോ? മൊബൈൽ ഗെയിം കളിച്ചും ഇൻസ്റ്റഗ്രാം റീൽസ് കണ്ടും സമയം കളയാനാണ് കുട്ടികളുടെ തീരുമാനമെങ്കിൽ തിരുത്തിച്ചേ മതിയാകൂ.
ഒഴിവുസമയങ്ങളിൽ ഗാഡ്ജറ്റുകളുടെ ലോകത്തുനിന്ന് കുട്ടികൾ പുറംലോകത്തേക്ക് ഇറങ്ങിയാൽ മാത്രമേ അവരുടെ ആശയവിനിമയശേഷി വർധിക്കൂ.
10 മാസം സ്കൂളിലും പാഠപുസ്തകത്തിലും ഹോംവർക്കുമൊക്കെയായി ഓടിക്കിതച്ച കുട്ടികൾ രണ്ടു മാസം വിശ്രമിക്കട്ടെ. അവധിക്കാലം അവർക്കുള്ളതാണ്.
അത് അവർ ആഘോഷിക്കട്ടെ, കൂട്ടുകാർക്കൊപ്പം മണ്ണിലിറങ്ങി കളിക്കട്ടെ. കുട്ടികൾക്ക് വീട്ടിലും പുറത്തും മറ്റുമായി ഏർപ്പെടാവുന്ന വിവിധ വിനോദങ്ങൾ പരിചയപ്പെടാം.
സൈക്ലിങ്
ശാരീരികവും മാനസികവുമായ വളര്‍ച്ചയെ സൈക്ലിങ് പരിപോഷിപ്പിക്കുന്നു. വീട്ടുമുറ്റത്തും പുറത്തും സൈക്ലിങ് നടത്താം. അയൽപക്കത്തെ കൂട്ടുകാർക്കൊപ്പം സൈക്ലിങ് മത്സരവും നടത്താം. മാനസിക പിരിമുറുക്കത്തിന് അയവുവരുത്തി പ്രകൃതിയോടിണങ്ങാനുള്ള ഉത്തമ മാര്‍ഗമാണിത്.
നീന്തിത്തുടിക്കാം
ഒരേ സമയം വിനോദവും മികച്ച വ്യായാമവുമാണ് നീന്തൽ. അതിലുപരി അപകടങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള മുൻകരുതൽകൂടിയാണ്. വീടിനു സമീപത്തെ കുളത്തിലോ സ്വിമ്മിങ് പൂളിലോ കൂട്ടുകാർക്കൊപ്പം നീന്തിത്തുടിച്ചാൽ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാനാവില്ല.
കായികവിനോദം
ഇഷ്ടമുള്ള കായികവിനോദങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. നാട്ടിലെ സ്പോർട്സ് ക്ലബുകളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും ഭാഗമായുള്ള കായികപരിശീലനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യാം.
സ്കൂളിലും നാട്ടിലുമുള്ള ഫുട്ബാൾ, ക്രിക്കറ്റ് പരിശീലന ക്യാമ്പുകളിൽ പങ്കെടുപ്പിക്കാം. സംഘമായുള്ള കായിക ഇനങ്ങളുടെ ഭാഗമാകുന്നതിലൂടെ അവരിൽ ടീം സ്പിരിറ്റും വളർത്താം.
സർഗവാസനകൾ വളർത്താം
ചിത്രരചന, കരകൗശല വസ്തുനിർമാണം, കവിതാരചന, കഥാരചന, ക്ലേ മോഡലിങ് തുടങ്ങി വ്യത്യസ്ത കഴിവുകളായിരിക്കും ഓരോ കുട്ടിക്കും ഉണ്ടായിരിക്കുക. ഇവ കണ്ടെത്താനും പരിപോഷിപ്പിക്കാനും രക്ഷിതാക്കൾക്ക് സഹായിക്കാം. ഒന്നും അടിച്ചേൽപിക്കരുത്. കുട്ടികളുടെ ഇഷ്ടങ്ങൾ അവർതന്നെ തിരഞ്ഞെടുക്കട്ടെ.
വളർത്തുമൃഗ പരിപാലനം
വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ കുട്ടികളിൽ ഉത്തരവാദിത്തബോധം വളരുകയും സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പോസിറ്റിവായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും.
കുട്ടികൾ മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ രക്ഷിതാക്കളും വീട്ടിലെ മുതിർന്നവരും നന്നായി ശ്രദ്ധിക്കണം. അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളെ വളർത്തുമൃഗങ്ങളുമായി ഇടപഴകാൻ അനുവദിക്കരുത്.
വായനശീലം
സ്കൂൾ ലൈബ്രറിയിലും നാട്ടിലെ ലൈബ്രറിയിലും അംഗത്വമെടുക്കാനും പുസ്തകങ്ങൾ എടുക്കാനും പ്രേരിപ്പിക്കാം. അവ വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രായത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം. പുസ്തകം വായിച്ചുതീർത്താൽ പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യാം.
ഒരുക്കാം ഹോം ലൈബ്രറി
കുട്ടികളുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു ‘ഹോം ലൈബ്രറി’ തുടങ്ങിയാലോ. മുതിർന്നവരിൽനിന്നും മറ്റും പുസ്തകങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിക്കാം. ജന്മദിനത്തിൽ കുട്ടികൾക്ക് സമ്മാനമായി പുസ്തകങ്ങൾ നൽകാം.
ലൈബ്രറിയുടെ നടത്തിപ്പും കുട്ടികൾതന്നെ ഏറ്റെടുക്കട്ടെ. രക്ഷിതാക്കളുടെ മേൽനോട്ടം ഉണ്ടായാൽ മതി. സഹപാഠികൾക്കും അയൽപക്കത്തെ കൂട്ടുകാർക്കും പുസ്തകങ്ങൾ നൽകാം.
കൃഷി, ഗാർഡനിങ്
വീടിനകത്തുമാത്രം കുത്തിയിരിക്കാതെ മണ്ണിലിറങ്ങാൻ കുട്ടികളെ പ്രേരിപ്പിക്കാം. തൈ നടുന്നത്, അതിന്‍റെ പരിപാലനം തുടങ്ങിയ കാര്യങ്ങൾ ആദ്യം ബോധ‍്യപ്പെടുത്താം. എന്നിട്ട് അവരെയും കൂട്ടി പറമ്പിലേക്കിറങ്ങാം. സ്ഥലമില്ലാത്തവർക്ക് ടെറസിൽ കൃഷി ചെയ്യാം.
കലാസദസ്സ്
റെസിഡന്‍റ്സ് അസോസിയേഷന്‍റെയോ അയൽപക്ക കൂട്ടായ്മയുടെയോ ആഭിമുഖ‍്യത്തിൽ കുട്ടികൾക്കായി കലാസദസ്സ് നടത്താം. ഒരു പേരുമിടാം. അതിനായി വീടിന്‍റെ ടെറസോ പ്ലേഗ്രൗണ്ടോ ഫുട്ബാൾ ടർഫോ തിരഞ്ഞെടുക്കാം.
കുട്ടികളുടെ കലാരൂപങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കാം. മത്സരമായി നടത്തുകയുമാവാം. വിധികർത്താക്കളായി മുതിർന്നവർ ഇരിക്കട്ടെ. വിജയികൾക്ക് സമ്മാനവും നൽകാം.
സംഗീതോപകരണങ്ങൾ പഠിക്കാം
പാട്ട് പാടാനുള്ള കഴിവ് എല്ലാവർക്കുമില്ലെങ്കിലും സംഗീതോപകരണങ്ങൾ ആർക്കും പഠിച്ചെടുക്കാം. കീബോർഡ്, വയലിൻ, ഗിത്താർ, തബല, ഫ്ലൂട്ട് തുടങ്ങിയ ഉപകരണങ്ങൾ ഓൺലൈൻ ക്ലാസുകളിലൂടെയും യൂട്യൂബിലൂടെയും പഠിക്കാം. അതോടൊപ്പം നൃത്തവും പഠിക്കാം.
ടെക്നോളജി കൈപ്പിടിയിലൊതുക്കാം
നിർമിതബുദ്ധി (Artificial Intelligence) വരെ എത്തിനിൽക്കുന്ന ടെക്നോളജിയുടെ കാലത്ത് അവ പഠിച്ചെടുക്കാൻ ഈ അവധിക്കാലം ഉപയോഗപ്പെടുത്താം. നിർമിതബുദ്ധിയെക്കുറിച്ചുള്ള നിരവധി ക്ലാസുകൾ യൂട്യൂബിലും മറ്റും ലഭ‍്യമാണ്.
കുട്ടിക്കളികൾ രസകരമാക്കാൻ ടിപ്സ്
●കുട്ടിക്കൂട്ടം: അവധിക്കാലത്ത് കൂട്ടമായി കളിക്കുന്നതിന്‍റെ ത്രില്ല് ഒന്ന് വേറെത്തന്നെയാണ്. അതിനായി അയൽപക്കത്തെ സമപ്രായക്കാരായ കുട്ടികളുമായി കൂട്ടുകൂടാം.
●ടൈംടേബ്ൾ: ഓരോ വിനോദത്തിനും നിശ്ചിത സമയം വെച്ചാൽ കൂടുതൽ ആസ്വാദ്യകരമാക്കാം. കായികവിനോദത്തിനും വായനക്കും നീന്തലിനും ഒക്കെയുള്ള സമയം അതിൽ ഉൾപ്പെടുത്താം.
●ശീലിക്കാം ഹോബികൾ: കുട്ടിക്കളികൾക്കൊപ്പം സ്വന്തമായി ഒരു ഹോബിയെങ്കിലും ശീലമാക്കാം. സ്റ്റാമ്പ് ശേഖരണം, ഗാർഡനിങ്, വളർത്തുമൃഗ പരിപാലനം അങ്ങനെ എന്തുമാകാം.
●ടീമുകൾ രൂപവത്കരിക്കാം: അയൽപക്കത്തെയും സമീപ പ്രദേശങ്ങളിലെയും സമപ്രായക്കാരായ കുട്ടികളുമായി ചേർന്ന് വിവിധ ടീമുകൾ രൂപവത്കരിക്കാം. ഈ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്‍റൺ ടൂർണമെന്‍റുകൾ സംഘടിപ്പിക്കുകയുമാവാം.
ശ്രദ്ധ വേണം രക്ഷിതാക്കൾക്കും
●ചോദിച്ചറിയാം: അതത് ദിവസം ഏർപ്പെട്ട വിനോദങ്ങളെക്കുറിച്ച് കുട്ടികളോട് ചോദിച്ചറിയാം. കൂടുതൽ തിളങ്ങാൻ പ്രോത്സാഹിപ്പിക്കാം.
●കൂട്ടുകാരെ അറിയാം: കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്ന് ചോദിച്ചറിയാം. കൂട്ടുകാരുമായി സൗഹൃദമുണ്ടാക്കാം. കുട്ടികൾ ചീത്ത കൂട്ടുകെട്ടിൽ അകപ്പെടാതിരിക്കാനും ലഹരിയുടെ വഴിയിൽ സഞ്ചരിക്കാതിരിക്കാനും ഇത് ഉപകരിക്കും.
●ചങ്ങാത്തം കൂടാം രക്ഷിതാക്കളുമായി: മക്കളുടെ സുഹൃത്തുക്കളുടെ രക്ഷിതാക്കളെ പരിചയപ്പെടുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യാം. ഇത് അയൽപക്കബന്ധങ്ങൾ ഊഷ്മളമാക്കാനും ഉപകരിക്കും.
●ശ്രദ്ധിക്കാം അപകടങ്ങളെ: കായികവിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ശാരീരികമായി പരിക്കേൽക്കാൻ സാധ‍്യത കൂടുതലാണ്. പരിക്കേൽക്കുന്ന വിധത്തിൽ കളിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കാം. അഥവാ പരിക്കുപറ്റിയാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകുക. അതിന്‍റെ പേരിൽ അവരെ വഴക്കുപറയാതെ സ്നേഹപൂർവം ഉപദേശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.