മരുഭൂമിയിൽ പച്ചപ്പ് പടർത്തുന്ന ഒരു കൂട്ടം മലയാളികൾ
text_fieldsനാട്ടിലെ പച്ചപ്പിനെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ മാത്രമായി മനസ്സിൽ സൂക്ഷിക്കുന്നതിനപ്പുറം ഇങ്ങ് ഒമാനിലെ മരുഭൂമിയിൽ പടർത്താൻ ശ്രമിക്കുകയാണ് ഒരു കൂട്ടം പ്രവാസി മലയാളികൾ.
‘ഒമാൻ കൃഷിക്കൂട്ടം’ എന്ന പേരിൽ 2014ൽ തുടങ്ങി ഇന്ന് മസ്കത്തിൽ മാത്രമായി 4500 അംഗങ്ങളുമായി മുന്നേറുന്ന മലയാളി കർഷകക്കൂട്ടം. മരുഭൂമിയിലെ പൊള്ളുന്ന വെയിലിലും മണ്ണിൽ കർഷകനൊരുക്കുന്ന ഇന്ദ്രജാലം കാണാൻ ഇവരുടെ വീടുകളിലേക്ക് നോക്കിയാൽ മതി.
കൃഷിസ്നേഹികൾ ഒരു കുടക്കീഴിൽ
വീടുകളിലുള്ളവർ ജൈവ പച്ചക്കറി കഴിക്കുക എന്നതിനപ്പുറം കുട്ടികൾക്ക് മണ്ണിനെ അറിഞ്ഞുവളരാൻ അവസരമൊരുക്കുക എന്ന ലക്ഷ‍്യത്തോടെ വീടിന്‍റെ ടെറസിലും വരാന്തകളിലുമൊക്കെ കൃഷി തുടങ്ങി. ഇതേ ആശയമുള്ള ഒരുപാടു പേർ ചേർന്നപ്പോൾ കൃഷിക്കൂട്ടമാവുകയായിരുന്നു.
കൃഷിസ്നേഹികളായ മലയാളികളെ ഈ കുടക്കീഴിൽ കൊണ്ടുവന്ന് അവർക്ക് കൃഷിക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് പിച്ചവെച്ച ഒമാൻ കൃഷിക്കൂട്ടം പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. ഇന്ന് സൊഹാർ, ബുറൈമി, സലാല, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങളിൽ ഇവരുടെ വാട്സ്ആപ് കൂട്ടായ്മകളുണ്ട്.
പങ്കുവെക്കലിന്‍റെ വിജയം
നാട്ടിൽനിന്ന് കൊണ്ടുവരുന്ന വിത്തുകളാണ് കൃഷിക്കൂട്ടത്തിലെ അംഗങ്ങൾക്ക് നൽകുന്നത്. നാട്ടിലെ കൃഷി പരിചയം വെച്ച് നാടൻ ഇനങ്ങളാണ് കൂടുതലായി കൃഷിചെയ്യുന്നത്. ഹൈബ്രിഡ് ഇനങ്ങളും ശീതകാല പച്ചക്കറികളും കൃഷി ചെയ്യുന്നവരുമുണ്ട്.
ഒരംഗത്തിന് സ്പെഷൽ വിത്തുകളോ പുതിയ ചെടികളോ കിട്ടിയാൽ അത് അയാൾ മാത്രം ഉപയോഗിക്കാതെ എല്ലാ അംഗങ്ങൾക്കുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്.
വിത്ത് വിതക്കൽ
പുതുതായി കൃഷിക്കൊരുങ്ങുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകള്‍ ഇടുന്നത്. വിത്തിട്ട് ഒരു സെന്‍റി മീറ്റര്‍ കനത്തില്‍ മണ്ണിട്ടുമൂടി നന്നായി നനക്കണം.
തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനക്കുന്നത് എളുപ്പത്തില്‍ മുളക്കാന്‍ സഹായിക്കും. ഉറുമ്പുകളുടെ ആക്രമണത്തെ എപ്പോഴും ശ്രദ്ധിക്കണം. മുളച്ചുകഴിഞ്ഞാല്‍ പറിച്ചുമാറ്റി വേണ്ട അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കണം. പിന്നീട് ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളിലോ മറ്റോ വെച്ച് മുളപ്പിക്കണം. ദിനേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ ചാക്കിലോ ചെടിച്ചട്ടിയിലോ നടാം.
വളപ്രയോഗം: നാടൻതന്നെ മുഖ്യം
കൃഷിക്കാവശ്യമായ മണ്ണു മുതൽ വെള്ളം വരെ വിലകൊടുത്തു വാങ്ങുന്നവരാണ് പ്രവാസി കർഷകർ. ചാണകവും കോഴിക്കാഷ്ഠവും കൂട്ടിച്ചേർത്താണ് മണ്ണൊരുക്കുന്നത്. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയവ നാട്ടിൽന്ന് കൊണ്ടുവന്നും ഇവിടന്ന് വാങ്ങിയും ഉപയോഗിക്കുന്നു.
പ്രധാന വളപ്രയോഗം ഫിഷമിനോ ആണ്. ഇത് കീടനാശിനിയായും ഉപയോഗിക്കാറുണ്ട്. മീനിലേക്ക് ശർക്കര കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന വളരീതിയാണിത്. കോഴിവളം, അടുക്കളയിലെ അവശിഷ്ടം, കടലപ്പിണ്ണാക്ക് എന്നിവയും വളമായി ഉപയോഗിക്കുന്നു.
കൃഷിരീതി
കൂട്ടായ്മയിലെ അംഗങ്ങളിൽ ഭൂരിഭാഗവും ഫ്ലാറ്റിലെ പരിമിത സ്ഥലത്തും ബാൽക്കണിയിലും ടെറസിന് മുകളിലുമൊക്കെയായി കൃഷി ചെയ്യുന്നവരാണ്. ഇന്‍റർലോക്കിനു മുകളിൽ മണ്ണിട്ട് കൃഷി ചെയ്യുന്നവരുമുണ്ട്.
അധികം മുതൽമുടക്കില്ലാത്ത കൃഷി ചെയ്യാനാണ് ഇവർ മറ്റ് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കൃഷിക്കൊരുങ്ങുമ്പോൾ മണ്ണായിരുന്നു പ്രധാന വില്ലൻ. എന്തു നട്ടാലും മുളക്കുന്ന രീതിയിലേക്ക് മണ്ണിനെ കൊണ്ടെത്തിക്കാൻ അംഗങ്ങൾ കഠിനാധ്വാനം ചെയ്തു.
മൾബറി, മുന്തിരി, ചോളം, അത്തിപ്പഴം, ഉറുമാമ്പഴം, ചെറിയുള്ളി, കടുക്, പെരുഞ്ചീരകം, ഉള്ളി തുടങ്ങി എല്ലാ പച്ചക്കറികളും പഴവർഗങ്ങളും അംഗങ്ങളുടെ വീടുകളിൽ കൃഷിചെയ്യുന്നു. വ്യത്യസ്ത ഇനം തക്കാളികൾ എല്ലാ വീടുകളിലുമുണ്ട്. കൃഷിയെക്കുറിച്ച് പറയുമ്പോൾ കൂട്ടത്തിലെ ടീച്ചറും നഴ്സും അക്കൗണ്ടന്‍റുമെല്ലാം കർഷകർ മാത്രമാകുന്നു.
വില്ലനാകുന്ന കാലാവസ്ഥ
കാലാവസ്ഥയാണ് പ്രധാന പ്രതിസന്ധി. ആറു മാസം കൃഷിക്കനുയോജ്യമായ കാലാവസ്ഥയാണെങ്കിൽ അടുത്ത ആറു മാസം കനത്ത ചൂടായിരിക്കും. ഏഴു മാസത്തിൽ കൂടുതൽ മിക്ക വിളകളെയും സംരക്ഷിക്കാൻ സാധിക്കാറില്ല. വിളകൾ അംഗങ്ങൾ പരസ്പരം കൈമാറുകയാണ് പതിവ്. അങ്ങനെ എല്ലാവർക്കും എല്ലാ വിളകളും ലഭിക്കുന്നു.
അതുപോലെ പച്ചക്കറികൾ ശേഖരിച്ചുവെക്കാറുണ്ട്. ഒരു വർഷത്തേക്കൊക്കെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. അടുത്ത സീസൺ വരെ മിക്കവരുടെ വീട്ടിലും പച്ചക്കറികൾ സൂക്ഷിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഓണമായാലും വിഷുവായാലും ഇവർക്ക് പച്ചക്കറികൾ വിലകൊടുത്ത് വാങ്ങേണ്ടിവരാറില്ല.
കൃഷി സമ്മാനിച്ച സൗഹൃദങ്ങൾ
ഒഴിവുദിനങ്ങളിൽ ഒരുമിച്ചുകൂടിയും യാത്ര പോയും കൃഷിക്കപ്പുറം ഇവരുടെ സൗഹൃദം വളർന്നു. പ്രവാസലോകത്ത് ഒറ്റപ്പെട്ടു എന്ന ചിന്ത ആർക്കുമില്ല. ഏത് പ്രതിസന്ധിയിലും സഹായിക്കാൻ ചുറ്റിലും ഒരുപാട് പേരുണ്ട്.
സോഷ്യൽ മീഡിയയിൽ ഒരോ അംഗവും പച്ചക്കറികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ ആളുകൾക്ക് അത്ഭുതമാണ്. നാട്ടിൽ ഉള്ളവർക്കുപോലും ഈ ഫോട്ടോകൾ പ്രചോദനമാകാറുണ്ട്.
കൃഷിക്കുമപ്പുറം
കൃഷി ചെയ്യുന്നതിന് പുറമെ നിരാലംബർക്ക് കൈത്താങ്ങാവാൻ സാധിച്ചിട്ടുണ്ട്. ഷഹീൻ ചുഴലിക്കാറ്റിന്‍റെ സമയത്ത് വിവിധ സ്ഥലങ്ങളിൽ അവശ്യസാധനങ്ങളുമായി എത്തിയിരുന്നു. ഓൺലൈൻ പഠനത്തിന് 15 കുട്ടികൾക്ക് കമ്പ്യൂട്ടർ നൽകി. നാട്ടിലുള്ള, കാഴ്ചപരിമിതിയുള്ള ഒരാളുടെ വീട് നിർമാണത്തിന് സഹായം നൽകിയിരുന്നു.
കൃഷിക്കൂട്ടത്തിന്‍റെ ഭാഗമാകാം
ഫേസ്ബുക്ക് വഴിയാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിവിധ ഏരിയകളിലെ ആളുകളെ തരംതിരിച്ച് വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്. പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് ഗ്രൂപ്പിൽ അംഗത്വം എടുക്കാം.
സുനി ശ്യാം, ഷൈജു വെതോട്ടിൽ, സന്തോഷ് വർഗീസ്, ഷഹനാസ് അഷ്റഫ്, രശ്മി സന്ദീപ്, അജീഷ് വാസു, സെൽവി സുമേഷ്, വിനോദ്കുമാർ, വിദ്യപ്രിയ ബിനു, അൻവർ, റജീന പള്ളിയാലിൽ, ഷെറിൻ മഷൂർ, കൃഷ്ണദാസ്, അൻവർ, സുരേഷ് തുടങ്ങിയവരാണ് നിലവിൽ ഒമാൻ കൃഷിക്കൂട്ടത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.