ബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോഴുള്ള ഗന്ധം അതിലും മനോഹരമായി ആസ്വദിക്കാൻ ഇവിടെ എത്തിയാൽ മതി
text_fieldsബിരിയാണിച്ചെമ്പ് പൊട്ടിക്കുമ്പോൾ അടിച്ചുകയറുന്ന അരിയുടെ ഗന്ധം വീണ്ടും ആസ്വദിക്കാൻ തോന്നാറില്ലേ. ഈ ഗന്ധം ഇതിനേക്കാൾ മനോഹരമായി ആസ്വദിക്കാൻ ഗന്ധകശാല നെല്ല് ഉൽപാദിപ്പിക്കുന്ന വയനാട്ടിലെ ചേകാടിയിലെത്തിയാൽ മതി.
നെയ്ച്ചോറും ബിരിയാണിയും ഇന്ന് തീന്മേശകളിലെ പ്രധാന വിഭവങ്ങളാകുമ്പോൾ അവക്കാവശ്യമായ ഗന്ധകശാല നെല്ല് ഉൽപാദിപ്പിക്കുന്ന, മൂന്നു ഭാഗവും വനത്താലും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടുകിടക്കുന്ന മനോഹര ഗ്രാമം.
300 വർഷത്തെ കാർഷിക സംസ്‌കാരത്തിന്‍റെ കഥപറയുന്ന സുന്ദരമായ നാടാണ് വയനാട് പുൽപള്ളിക്കടുത്ത ചേകാടി. വിളവെടുപ്പുകാലമായാൽ ഇവിടമാകെ ഗന്ധകശാലയുടെ മണമാണ്.
കരയേക്കാൾ കൂടുതൽ വയലുകളുള്ള ഇവിടെ 250 ഏക്കറോളം വയലിൽ, ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ച ഗന്ധകശാലയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ഇവിടെ കൃഷിചെയ്യുന്ന 150ഓളം കർഷകരിൽ മൂന്നിൽ രണ്ടും ആദിവാസികൾ.
പാടം നികത്തൽ തകൃതിയായ ഇക്കാലത്ത് ഒരു സെന്‍റ് പാടംപോലും നികത്താത്ത പ്രദേശംകൂടിയാണിവിടം. ഡിസംബർ പകുതി മുതൽ ജനുവരി പകുതിവരെ കൊയ്ത്തുത്സവം നടക്കുമ്പോൾ പൊന്നുംവില കൊടുത്ത് ഗന്ധകശാല അരിവാങ്ങാൻ കിലോമീറ്ററുകൾ താണ്ടി ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്.
പച്ചയണിഞ്ഞ സുന്ദരി
പച്ചയണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന ചേകാടിയെ കാണാൻ വല്ലാത്തൊരു ചേലാണ്. പരന്നുകിടക്കുന്ന നെൽപാടങ്ങൾ ആസ്വദിക്കാനും തനത് സംസ്കാരത്തെ നേരിട്ടറിയാനും നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. കാടും കുന്നുകളും നിറഞ്ഞ മനോഹര ഗ്രാമത്തിനുള്ളിൽ കണ്ണെത്താദൂരം നെൽപാടങ്ങൾ പരന്നുകിടക്കുന്നു.
കർണാടക അതിർത്തിയോടുചേർന്ന് കിടക്കുന്ന ഈ ഗ്രാമം വയനാടിന്‍റെ കുട്ടനാട് എന്നുകൂടി അറിയപ്പെടുന്നു. ആദിവാസി, ചെട്ടി വിഭാഗങ്ങളാണ് പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത്.
ഗന്ധകശാല, ജീരകശാല, വലിച്ചൂരി തുടങ്ങിയ മുന്തിയ ഇനം നെല്ലുകളാണ് കൃഷിയിറക്കുന്നത്. ഇതിൽ പൊന്നുംവിലയുള്ള, ആവശ്യക്കാരേറെയുള്ള ഗന്ധകശാലയാണ് പ്രധാന വിള. ജൈവവളം മാത്രം കൃഷിക്ക് ഉപയോഗിക്കുന്നു എന്നത് ഈ നാടിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
പഴമയുടെ സൗന്ദര്യം നിലനിർത്തി വയ്ക്കോൽ മേഞ്ഞ വീടുകളാണ് ഇവിടത്തെ സൗന്ദര്യം. നാനൂറോളം വീടുകളുണ്ടിവിടെ. മൺചുവരുകളും മുളകൊണ്ടും മരങ്ങൾകൊണ്ടുമുള്ള മേൽക്കൂരകളും പഴമ വിളിച്ചോതി പ്രകൃതിയോട് മുട്ടിയുരുമ്മി സഞ്ചാരികളെ മാടിവിളിക്കുന്നു.
സൗഹൃദത്തിന്‍റെ നേർക്കാഴ്ച
ചേകാടിയിൽ 150ഓളം കർഷകരുണ്ടെങ്കിലും ഇവരുടെ ഭൂമി അതിരുകെട്ടി തിരിക്കാറില്ല. മണ്ണിനെയും കാടിനെയും അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണിവർ എന്നതുകൊണ്ടുതന്നെ കർഷകർ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും എന്നും കാത്തുസൂക്ഷിക്കുന്നു.
വിളവെടുപ്പുകാലമായാൽ ചേകാടിക്ക് ആഘോഷമാണ്. ഒപ്പം ഉറക്കമില്ലാത്ത രാത്രികളും. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളിൽനിന്ന് വിളകൾ സംരക്ഷിക്കാൻ ഏറുമാടങ്ങൾ കെട്ടി രാത്രി എല്ലാവരും ചേർന്ന് കാവലിരിക്കും.
സേർതൊട്ടു എന്ന കന്നട പദമാണ് ചേകാടിയായി മാറിയതെന്ന് പറയപ്പെടുന്നു. കർണാടകയിൽനിന്ന് കുടിയേറിയ ചെട്ടിമാരുടെ സംസ്‌കാരമാണ് ചേകാടിയെ സമ്പന്നമാക്കുന്നത്. കാലിവളർത്തലും നെൽകൃഷിയുമാണ് പ്രധാന ഉപജീവനമാർഗം. തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളെ തകർക്കാതെ പരമ്പരാഗത രീതിയിലാണ് കൃഷി.
ഭീഷണിയായി വന്യമൃഗങ്ങൾ
കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം ആളുകൾ കൃഷി ഉപേക്ഷിക്കുമ്പോൾ ചേകാടി ഗ്രാമത്തിൽ ഒരാൾപോലും അതിന് തയാറായിട്ടില്ല. കാട്ടാനശല്യം അതിരൂക്ഷമായതിനാൽ വിളവെടുപ്പുകാലത്ത് കർഷകർ പാടത്ത് കാവലിരിക്കും.
ചേകാടിയുടെ ഒരു ഭാഗത്തുകൂടി ഒഴുകുന്ന കബനി നദി കടന്ന് കൂട്ടത്തോടെ ആനകൾ കൃഷിയിടത്തിലേക്കിറങ്ങും. പാട്ടകൊട്ടിയും പന്തംകത്തിച്ചും ഇവയെ തുരത്താൻ നേരം പുലരുംവരെ കർഷകർ കാവലിരിക്കും. ഞാറുനടീൽ മുതൽ വിളവെടുപ്പുവരെ ആധിയാണ് ഓരോ കർഷകന്‍റെ ഉള്ളിലും.
സഞ്ചാരികളേ ഇതിലേ...
ചേകാടിയുടെ സൗന്ദര്യവും തനിമയും വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമാക്കാനായി പ്രഖ്യാപിച്ചതാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി. പരമ്പരാഗത ജീവിതരീതികളും പ്രകൃതി ഒരുക്കിയ കാഴ്ചകളും പച്ചയണിഞ്ഞ നെൽപാടങ്ങളുടെ സൗന്ദര്യവുമെല്ലാം ആസ്വദിക്കാൻ ദിനേന നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.
ടൂറിസം പദ്ധതി വന്നാൽ പ്രദേശത്തിന്‍റെ തനത് ഭക്ഷ്യവിഭവങ്ങളെയും പൈതൃകങ്ങളെയും ഗ്രാമത്തിൽ എത്തുന്നവർക്ക് പരിചയപ്പെടുത്തി വരുമാനം ഉണ്ടാക്കാനാകും. പുല്ലുമേഞ്ഞ വീടുകളും കാവൽമാടങ്ങളുമെല്ലാം ഇപ്പോഴും കാണാൻ കഴിയുന്ന അപൂർവം ഗ്രാമങ്ങളിലൊന്നായതിനാൽ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമായിരിക്കും. ഗ്രാമീണ മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് വഴിയൊരുക്കുക എന്നതുകൂടിയാണ് സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.