‘നാട്ടിൽ കൃഷി തുടങ്ങാൻ 27 വർഷത്തെ പ്രവാസജീവിതം മതിയാക്കി. ഇന്ന് ലക്ഷങ്ങൾ വരുമാനം’ -ഇത് മൊട്ടക്കുന്നിൽ ഹരിതവിപ്ലവം തീർത്ത ഉമ്മർകുട്ടിയുടെ കഥ’
text_fieldsമലപ്പുറം വറ്റലൂർ പൊരുന്നംപറമ്പ് ഗ്രാമത്തിന് ഉത്സവമാണ് ഉമ്മർകുട്ടിയുടെ പാടത്തെ ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ദിനം. മാധ‍്യമപ്രവർത്തകർ, യൂട്യൂബർമാർ, നാട്ടുകാർ, വിദ്യാർഥികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എല്ലാവരും എത്തും അന്ന്.മൂന്നര ഏക്കർ വരുന്ന ഗ്രീൻവാലി ഹൈടെക് ഫാമിലാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. ഉമ്മർകുട്ടിയുടെ കൃഷിത്തോട്ടം ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട് ഫാമുകളിൽ ഒന്നാണ്. അദ്ദേഹത്തിന്‍റെ കഠിനാധ്വാനവും നിശ്ചയദാർഢ‍്യവും കൊണ്ട് വളർത്തിയെടുത്ത വിജയം. അതിന്‍റെ തെളിവാണ് വിളവെടുപ്പ് ഉത്സവത്തിലെ ജനത്തിരക്ക്.
ഒരു പ്രവാസി കണ്ട സ്വപ്നം
37 വർഷം മുമ്പ് ജീവിതം കരുപ്പിടിപ്പിക്കാൻ മരുഭൂമിയിലേക്ക് വിമാനം കയറിയതാണ് ഉമ്മർകുട്ടി. കൃഷി തന്‍റെ എല്ലാമായി മാറുമെന്ന് ആ ചെറുപ്പക്കാരൻ അന്ന് ആലോചിച്ചിരുന്നില്ല. 27 വർഷം റിയാദിൽ ഇന്ത‍്യൻ എംബസി സ്കൂളിൽ ടെക്നിക്കൽ ഇൻചാർജായി ജോലിചെയ്തു. ഭാര്യക്കും മക്കൾക്കുമൊപ്പമായിരുന്നു പ്രവാസജീവിതം.
വാരാന്ത‍്യ അവധി ദിനങ്ങളിൽ കുടുംബത്തോടൊപ്പം യാത്രകൾ അക്കാലത്ത് പതിവായി. അങ്ങനെയാണ് അവിടത്തെ കൃഷി ഫാമുകൾ ശ്രദ്ധയിൽപെടുന്നതും അത്തരത്തിൽ ഒന്ന് സ്വന്തമായി തുടങ്ങണം എന്ന ആഗ്രഹം മനസ്സിൽ മൊട്ടിടുന്നതും. എന്നാൽ, പ്രവാസം നിർത്തി നാട്ടിൽ വരാവുന്ന സാഹചര്യം അല്ലായിരുന്നു. പിന്നെയും വർഷങ്ങൾ കടന്നുപോയി.
നാട്ടിൽ നിൽക്കേണ്ട അത്യാവശ‍്യം വന്നതോടെ പ്രവാസജീവിതത്തിന് വിരാമമിട്ടു. നാട്ടിൽ സ്ഥിരമാക്കുന്ന എല്ലാവരെയും പോലെ ബിസിനസിലേക്ക് തിരിയാൻ ഒരുക്കമായിരുന്നില്ല അദ്ദേഹം. മനസ്സിൽ താലോലിച്ചിരുന്ന കൃഷി ഫാം എങ്ങനെ യാഥാർഥ‍്യമാക്കും എന്നതായിരുന്നു ചിന്ത.
കേരളത്തിൽ അത്തരം ഫാമുകൾ കാര്യമായില്ല എന്ന വസ്തുത മനസ്സിലാക്കിയ അദ്ദേഹം അതിനെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. പച്ചക്കറി കൃഷിക്ക് പോളി ഹൗസ് നിർമിക്കുന്നതിനെ കുറിച്ചറിയാൻ ആന്ധ്രയിൽ പോയി. സാങ്കേതിക വശങ്ങൾ മനസ്സിലാക്കി. അങ്ങനെ നാട്ടിൽ വന്ന് 17 ലക്ഷം രൂപയോളം ചെലവാക്കി പോളി ഹൗസ് നിർമിച്ചു. ഇതിന് സർക്കാർ സബ്സിഡിയും ലഭിച്ചിരുന്നു.
തുടക്കം സാലഡ് വെള്ളരിയിൽ
സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ സാലഡ് വെള്ളരി പോളി ഹൗസിൽ കൃഷിചെയ്യാം എന്നായിരുന്നു ഉമ്മർ കുട്ടിയുടെയും ചിന്ത. പോളി ഹൗസായതുകൊണ്ട് പരാഗണം ആവശ‍്യമില്ലാത്ത വെള്ളരി വിത്തുകൾ വേണമായിരുന്നു.
നാട്ടിൽ അത്തരം വിത്തുകൾ അന്ന് ലഭ‍്യമല്ലാത്തതിനാൽ നെതർലൻഡ്സിൽ നിന്നാണ് വരുത്തിയത്. വിളവെടുപ്പ് സമയത്ത് 200 മുതൽ 300 കിലോ വരെ വെള്ളരി ലഭിച്ചിരുന്നു. പിന്നീട് വെണ്ട, വഴുതന, തക്കാളി, പാവക്ക തുടങ്ങി എല്ലാത്തരം പച്ചക്കറികളും പോളി ഹൗസിൽ കൃഷി ചെയ്തു.
ഡ്രാഗൺ ഫ്രൂട്ടിലേക്ക്
കൃഷി പൂർണമായി ജൈവമായതുകൊണ്ടും പ്രദേശത്ത് ജലലഭ‍്യത കുറവായതുകൊണ്ടും സാലഡ് വെള്ളരി ഉൾപ്പെടെയുള്ള വിളകൾക്ക് വലിയ വിപണി ലഭിച്ചില്ല. ജൈവവിളകൾ ആവശ‍്യമുള്ളവർ ചോദിച്ചുവരാറുണ്ടെങ്കിലും വിപണിയിൽ വലിയ ചലനമുണ്ടാക്കാനായില്ല. എങ്കിലും രാസവളങ്ങൾ ഉപയോഗിക്കാനോ നിരാശപ്പെട്ടിരിക്കാനോ അദ്ദേഹം തയാറായില്ല.
അങ്ങനെയാണ് ഡ്രാഗൺ ഫ്രൂട്ട് എന്ന വിദേശപ്പഴത്തെ കുറിച്ച് ചിന്തിക്കുന്നത്. അതിനായി കേരളത്തിലും പുറത്തുമുള്ള ഡ്രാഗൺ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ച് കൃഷിരീതികൾ മനസ്സിലാക്കി. മെക്സിേകാ, ദക്ഷിണാഫ്രിക്ക, മലേഷ‍്യ, തായ്‍ലൻഡ് എന്നിവിടങ്ങളിൽനിന്ന് നടീൽവസ്തുക്കളും ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഡ്രാഗൺ തൈകളും എത്തിച്ചു.
തോട്ടത്തിലെ പോളി ഹൗസിൽ കൃഷി ആരംഭിക്കാം എന്നായിരുന്നു ചിന്ത. അന്ന് ഇന്ത‍്യയിൽതന്നെ ആരും പോളി ഹൗസിൽ ഡ്രാഗൺ കൃഷി ആരംഭിച്ചിരുന്നില്ല. അത് ഒരു വെല്ലുവിളിയായി ഉമ്മർ കുട്ടി ഏറ്റെടുത്തു. അത് വിജയിച്ചു. ചൂട് കാലാവസ്ഥയിൽ വളരുന്ന പഴമായതുകൊണ്ടും മഴക്കാലത്ത് വളം ഒലിച്ചുപോകാത്തതും പോളി ഹൗസിലെ ഡ്രാഗൺ കൃഷിക്ക് ഗുണം ചെയ്തു. കുറഞ്ഞ വെള്ളം മാത്രം മതി എന്നത് ഈ കൃഷിയുടെ പ്രത്യേകതയാണ്. സാധാരണ കാലാവസ്ഥയിൽ രണ്ടാഴ്ചയിലൊരിക്കലും വേനലിൽ ആഴ്ചയിലൊരിക്കലുമാണ് നനക്കുന്നത്.
വെറൈറ്റി ഡ്രാഗൺ
നാൽപതോളം വ്യത്യസ്ത ഇനം ഡ്രാഗൺ ഫ്രൂട്ടുകൾ ഉമ്മർ കുട്ടിയുടെ ഫാമിലുണ്ട്. വലുപ്പവും കായ്ഫലവുമുള്ള ഇനങ്ങളാണ് (അമേരിക്കൻ ബ്യൂട്ടി) കൂടുതലായി കൃഷിചെയ്യുന്നത്. ഒരു ഏക്കറിൽ ചുരുങ്ങിയത് 1700 തൈകൾ നട്ടുപിടിപ്പിക്കാം. മൂന്നര ഏക്കറിലാണ് ഉമ്മർ കുട്ടിയുടെ ഡ്രാഗൺ തോട്ടം വ്യാപിച്ചുകിടക്കുന്നത്. ആവശ‍്യക്കാർക്ക് തൈകൾ വിൽക്കുന്നുമുണ്ട്. 100 രൂപ മുതലാണ് വില. തൈ വിൽക്കുന്നതിനൊപ്പം തോട്ടമൊരുക്കാൻ സഹായങ്ങളും ചെയ്തുകൊടുക്കുന്നു.
ഡ്രാഗൺ കൃഷി രീതി
ഏപ്രിൽ മുതൽ നവംബർ വരെയാണ് ഡ്രാഗൺ കായ്ഫലം തരുന്നത്. കായ്ച്ച ചെടിയുടെ തണ്ട് മുറിച്ച് ചാണകപ്പൊടിയും ചകിരിച്ചോറും ഇട്ട മണ്ണിൽ കുത്തിവെക്കാം. അങ്ങനെ ഒരു ബഡ് ഉണ്ടാക്കാം. വെള്ളം കെട്ടിനിൽക്കാത്ത ഭൂമിയിലാണ് ഇത് ചെയ്യുന്നത്. ആഴ്ചയിൽ രണ്ട് പ്രാവശ‍്യം നനച്ചാൽ മതി. രണ്ടു മാസത്തിനുള്ളിൽ വേര് മുളക്കും. ശേഷം ചെടികൾ പറിച്ചെടുക്കുക.
പിന്നീട് സപ്പോർട്ടിനുള്ള കോൺക്രീറ്റ് കാൽ മണ്ണിൽ കുഴിച്ചിടുക. കാലിന്‍റെ ചുറ്റുഭാഗത്തെ മണ്ണ് ഇളക്കി അതിൽ ഒരു കുട്ട ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ചകിരിച്ചോറും ചേർത്ത് യോജിപ്പിക്കണം. അതിലേക്ക് നേരത്തേ പറിച്ചെടുത്ത നാലു ചെടികൾ വേര് മൂടുന്ന വിധം കുഴിച്ചിട്ട ശേഷം കയർ ഉപയോഗിച്ച് കാലിൽ ചേർത്ത് കെട്ടിവെക്കാം.
ചെടി വളരുന്നതിനനുസരിച്ച് കയർ കെട്ടിക്കൊടുക്കണം. കോൺക്രീറ്റ് കാലുകൾ തമ്മിൽ രണ്ടുമുതൽ മൂന്നു മീറ്റർ വരെ ദൂരമുണ്ടായിരിക്കണം. കാലിന് മുകളിൽ ടയറും കെട്ടിവെക്കണം. മൂന്നു മാസം കൂടുമ്പോൾ വളപ്രയോഗം നടത്താം.വീടിന്‍റെ ടെറസിലും ഡ്രാഗൺ കൃഷി ചെയ്യാം. ഇതിനായി പ്ലാസ്റ്റിക് ടാങ്ക് മുറിച്ച് അതിൽ ഇരുമ്പ് കമ്പി ഉപയോഗിച്ച് തൂൺ ഒരുക്കാം.
മേൽപറഞ്ഞ രീതിയിൽ അതിനകത്തും ചെടി നടാം. ഒന്നര വർഷത്തിനകം കായ്ഫലം ലഭിക്കും. ചെടിക്ക് 25 വർഷത്തോളം ആയുസ്സ് ലഭിക്കും എന്നതാണ് ഇതിന്‍റെ സവിശേഷത. ഒരു ഏക്കറിൽ കൃഷി ചെയ്യുകയാണെങ്കിൽ നാലു ടൺ വരെ വിളവ് ലഭിക്കും.
മൊട്ടക്കുന്നിലെ ഹരിതവിപ്ലവം
ജലലഭ‍്യത താരതമ്യേന കുറഞ്ഞ ഒരു മൊട്ടക്കുന്നിലാണ് ഉമ്മർ കുട്ടിയുടെ കൃഷിത്തോട്ടം. ചെങ്കൽ ക്വാറികളും മറ്റുമുള്ള തരിശുഭൂമി. കൃഷിക്ക് പേരു കേട്ട പ്രദേശമല്ല. ഈ ഭൂമിയിൽ കഠിനാധ്വാനം ചെയ്താണ് ഇദ്ദേഹം പൊന്ന് വിളയിക്കുന്നത്. മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് പരിചരണം കുറച്ച് മതി എന്നതിനാൽ ഒഴിവുസമയങ്ങൾ ലഭിക്കാറുണ്ട്. ആ സമയവും ഇദ്ദേഹം വെറുതെ കളയാറില്ല.
വിവിധ ഇനം പച്ചക്കറികൾ, പാഷൻ ഫ്രൂട്ട്, ‘സ്വർഗത്തിലെ കനി’ എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട്, ഈത്തപ്പഴം, പ്ലാവ്, മാവ്, റംബുട്ടാൻ, മാംഗോസ്റ്റിൻ എന്നിവ ഇവിടെ വിളയുന്നു. കൂടാതെ, മത്സ‍്യകൃഷിയുമുണ്ട്. ഫാമിലെ പോളി ഹൗസിന് സമീപം 85,000 ലിറ്റർ ശേഷിയുള്ള ജലസംഭരണിയിൽ വാള, കട്‍ല, നട്ടർ, തിലാപ്പിയ തുടങ്ങിയ മീനുകളെ വളർത്തുന്നുണ്ട്.
കൃഷി പാഠം ഇവിടെ സൗജന്യം
നിശ്ചയദാർഢ‍്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഏതു തരിശുഭൂമിയിൽനിന്നും പൊന്ന് വിളയിക്കാം എന്ന അനുഭവിച്ചറിഞ്ഞ സത്യം മറ്റുള്ളവർക്ക് പകർന്നുനൽകാൻ ഉമ്മർ കുട്ടി സദാ സന്നദ്ധനാണ്. ഇതിനായി തന്‍റെ തോട്ടത്തിലെ മൺവീടിന്‍റെ മുകൾ ഭാഗത്ത് പ്രത്യേക ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്.
ഡ്രാഗൺ കൃഷി, ജൈവകൃഷി എന്നിവയെക്കുറിച്ച് പഠിക്കാൻ താൽപര്യമുള്ളവർക്ക് ഇവിടെ ക്ലാസ് സൗജന്യമാണ്. ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകാനും മറ്റുമായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്.
കുടുംബശ്രീ അംഗങ്ങൾ, കാർഷിക കൂട്ടായ്മകളിലെ അംഗങ്ങൾ തുടങ്ങിയവർക്കായും ഗ്രീൻവാലി ഫാമിൽ കാർഷിക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികളും സന്ദർശനത്തിനെത്താറുണ്ട്.
ഫാം സന്ദർശിക്കുകയും കൃഷിരീതികൾ മനസ്സിലാക്കുകയും ചെയ്ത നിരവധി പേർ ഈ രംഗത്ത് കൃഷിചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. സർവ പിന്തുണയുമായി ഭാര്യ ഉമ്മുൽ ഹസനയും മക്കളായ ഫാസിൽ അഹമ്മദും ഫരീദയും ഫത്തഹ് മുഹമ്മദും കൂടെയുള്ളതാണ് തന്‍റെ വിജയമെന്ന് ഉമ്മർ കുട്ടി പറഞ്ഞുനിർത്തി.
ഔഷധങ്ങളുടെ കലവറ
ഏറെ ഔഷധഗുണമുള്ളതും ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റിന്‍റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
കൊഴുപ്പ് കുറഞ്ഞതും ഫൈബർ കൂടുതലായി അടങ്ങിയതുമാണ് പഴം.മെക്സികോയാണ് ഈ പഴത്തിന്‍റെ ജന്മനാട്. തായ്‍ലൻഡ്, വിയറ്റ്നാം, കംബോഡിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വ്യാപകമായി കൃഷിചെയ്യുന്നത്. കിലോമീറ്റർ കണക്കിന് പ്രദേശത്താണ് അവിടങ്ങളിലെ കൃഷി. ഇന്ത‍്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വലിയ തോതിൽ കൃഷി ചെയ്യുന്നത്.
ജൈവം, പ്രകൃതിദത്തം
ഉമ്മർ കുട്ടി കൃഷിയിൽ രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. തോട്ടത്തിലെത്തുന്ന കീടങ്ങളും ഉറുമ്പുകളുമൊക്കെ അവിടെ കഴിഞ്ഞോട്ടെ, അവയെ നശിപ്പിക്കേണ്ടതില്ല എന്നാണ് ഇദ്ദേഹത്തിന്‍റെ നിലപാട്.
വിപണിയിൽനിന്ന് ലഭിക്കുന്ന ജൈവവളങ്ങളിൽ വലിയ വിശ്വാസമില്ലാത്തതുകൊണ്ട് ആവശ‍്യമായ മിക്ക വളങ്ങളും തോട്ടത്തിൽതന്നെ ഉൽപാദിപ്പിക്കുകയാണ്. ചാണകത്തിനായി പശുവിനെ വളർത്തുന്നുണ്ട്. അതിന്‍റെ മൂത്രവും വളത്തിന്‍റെ ആവശ‍്യത്തിന് ഉപയോഗിക്കുന്നു. ജലസേചനത്തിനായി മഴവെള്ള സംഭരണിയും മത്സ‍്യകൃഷിക്കായി നിർമിച്ച സംഭരണികളും മൂന്നു കുഴൽക്കിണറുകളും തോട്ടത്തിലുണ്ട്.
മൺകട്ടകൾ കൊണ്ട് നിർമിച്ച ഒരു വീടും ഇവിടെയുണ്ട്. സൗരോർജത്തിലാണ് വീട്ടിലെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിക്കുന്നത്. ഉമ്മർ കുട്ടിയുടെ ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതും ഈ വീട്ടിൽനിന്ന് തന്നെയാണ്. അങ്ങനെ എല്ലാ അർഥത്തിലും പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതിയും ജീവിതവുമാണ് ഇദ്ദേഹം പിന്തുടർന്ന് പോരുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.