അകാലത്തിൽ വിടപറഞ്ഞ പ്രിയതമന്‍റെ കൃഷി ഏറ്റെടുത്ത് ഇന്ന് തെന്നിന്ത്യയിലെ മികച്ച വനിത കർഷകരിലൊരാളായ സ്വപ്നയുടെ സ്വപ്നതുല്യ ജീവിതം
text_fieldsബംഗളൂരുവിൽ മലയാളി ബിസിനസ് കുടുംബത്തിൽ ജനിച്ചുവളർന്ന സ്വപ്നയുടെ മനസ്സിൽ ഒരിക്കൽ പോലും കൃഷിയുണ്ടായിരുന്നില്ല. വിവാഹിതയായി തൃശൂരിലെ കർഷക കുടുംബത്തിലെത്തിയെങ്കിലും കൃഷി കൗതുകമായി തുടർന്നു. അകാലത്തിൽ പ്രിയതമൻ വിടപറഞ്ഞതോടെ തനിച്ചായ സ്വപ്നക്ക് കൂട്ടായി ഉണ്ടായിരുന്നത് അദ്ദേഹം ബാക്കിവെച്ച കൃഷിയായിരുന്നു.
പ്രിയതമൻ തന്നോടൊപ്പമുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ അവർ കൃഷിയിടത്തിലിറങ്ങി. കൃഷിയുടെ ബാലപാഠങ്ങൾ പോലും വശമില്ലാതിരുന്ന ആ യുവതി ഇന്ന് 35 ഏക്കറോളം കൃഷിഭൂമി നോക്കി നടത്തി തെന്നിന്ത്യയിലെ തന്നെ മികച്ച വനിത കർഷകരിലൊരാളായിരിക്കുന്നു. നൊമ്പരത്തിന്‍റെ ചാരത്തിൽനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന സ്വപ്‌ന കല്ലിങ്കലിന്‍റെ കാർഷിക ജീവിതമിതാ...
കച്ചവട കുടുംബത്തിൽനിന്ന് കാർഷിക കുടുംബത്തിലേക്ക്
ബംഗളൂരുവിലെ കുട്ടിക്കാലത്തിനു ശേഷം തൃശൂര്‍ വിമല കോളജില്‍ സ്വപ്ന ഡിഗ്രിക്ക് ചേർന്നു. തുടര്‍ന്ന്, എം.കോം പഠനം പൂര്‍ത്തിയാക്കി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. ഇതിനിടെയാണ് തൃശൂർ പട്ടിക്കാട് ചാണോത്ത് കല്ലിങ്കല്‍ വീട്ടിൽ സിബിയുമായുള്ള വിവാഹം.
കോട്ടയം പാലാ ചക്കംകുളം വീട്ടില്‍ തോമസും ഭാര്യ സൂസിയും മക്കളായ സ്വപ്‌നയും സന്ധ്യയുമടങ്ങുന്ന കൊച്ചുകുടുംബം. ബംഗളൂരുവിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായാണ് മക്കളെ കേരളത്തിലേക്ക് വിവാഹം കഴിപ്പിച്ചത്. പിന്നീട് പാലക്കാട്ട് 12 ഏക്കര്‍ കൃഷിയിടം വാങ്ങി സ്വസ്ഥമായി നാട്ടില്‍ കൂടുകയായിരുന്നു.
സ്വപ്‌ന തൃശൂരിലേക്ക് വരുമ്പോള്‍ തന്നെ സിബിയുടെ അപ്പച്ചന്‍ വർഗീസ് പട്ടിക്കാട് ചാണോത്തെ അറിയപ്പെടുന്ന കർഷകനായിരുന്നു. തൊടുപുഴയില്‍നിന്ന് കുടിയേറിയ വർഗീസിന്‍റെ സഹോദരന്മാരും പട്ടിക്കാടും പരിസരങ്ങളിലുമായി കൃഷിയുമായി കൂടി.
സിബി എന്ന കര്‍ഷകന്‍
ബിസിനസ് കുടുംബത്തില്‍നിന്ന് കര്‍ഷക കുടുംബത്തിലെത്തിയ സ്വപ്നക്ക് കൃഷിയുടെ ബാലപാഠങ്ങല്‍ പോലും വശമില്ലായിരുന്നു. വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ സിബിയുടെ ലോകത്ത് പൂന്തോട്ടം നോക്കിയും വളര്‍ത്തുമൃഗങ്ങളെ പരിപാലിച്ചും കഴിഞ്ഞുകൂടി.
സിബിയും അപ്പൻ വർഗീസും ചേര്‍ന്ന് 15 ഏക്കര്‍ പറമ്പില്‍ കൃഷിയില്‍ ലയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി. പതുക്കെ അപ്പന്‍ കൃഷിയുടെ ചുമതല സിബിയെ എൽപിച്ചതോടെ കൂടുതല്‍ മികച്ച രീതിയില്‍ കൃഷിചെയ്യാനും പുത്തന്‍ പ്രവണതകൾ സ്വന്തം തോട്ടത്തില്‍ പരീക്ഷിച്ച് വിജയിപ്പിക്കാനും സിബിക്ക് കഴിഞ്ഞു.
വിത്ത് ഉല്‍പാദനത്തിലും തൈകള്‍ തയാറാക്കി നല്‍കുന്നതിലും സിബി കൂടുതല്‍ ശ്രദ്ധിച്ചു. സ്വന്തമായി കല്ലിങ്കല്‍ ഇനങ്ങള്‍ എന്ന പേരില്‍ ജാതിയും തെങ്ങും കവുങ്ങും വിപണിയില്‍ എത്തിച്ചു. സിബിയുടെ കൃഷിരീതികള്‍ക്കൊപ്പം തന്നെ വിത്ത്, വളം ഉൽപാദനത്തിലും കല്ലിങ്കല്‍ പ്ലാന്‍റേഷന്‍ തൃശൂരിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറി.
കോട്ടയം, പാലാ മേഖലയിലും കല്ലിങ്കല്‍ ഇനങ്ങൾ പ്രസിദ്ധമായി. തുടര്‍ന്നാണ് ഏലത്തിന്‍റെ സാധ്യതകളിലേക്ക് തിരിഞ്ഞത്. ഇടുക്കിയില്‍ തോട്ടം പാട്ടത്തിനെടുത്ത് ഏലം കൃഷിചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് വിധി സിബിയെ തട്ടിയെടുത്തത്.
വേദനയുടെയും ഏകാന്തതയുടെയും നാളുകള്‍
അഞ്ച് വര്‍ഷംമുമ്പ് ഒരു അപകടത്തിൽപെട്ട് സിബി വിട്ടുപിരിഞ്ഞതോടെ 15 ഏക്കർ ഭൂമിയിലെ കൃഷിയിടവും സ്വപ്‌നയും രണ്ട് കുട്ടികളും വളര്‍ത്തുമൃഗങ്ങളും അനാഥമായി. ഇരുട്ടിലേക്ക് നോക്കിയിരുന്ന നാളുകളില്‍ പ്രതീക്ഷ തന്നത് സിബിയുടെ ജോലിക്കാരായിരുന്നു എന്ന് സ്വപ്‌ന ഇന്നും ഓര്‍ക്കുന്നു. അവരുടെ പിന്തുണയും സ്‌നേഹവുമാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ കാരണമായത്.
അവർ പതുക്കെ യാഥാർഥ‍്യങ്ങളോട് പൊരുത്തപ്പെട്ടു. തോറ്റ് കീഴടങ്ങാനാവില്ല എന്ന ദൃഢനിശ്ചയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് സിബിയുടെ ചൂടും ചൂരുമുള്ള കൃഷിയിടത്തിലേക്കിറങ്ങി.
തൊഴിലാളികൾ നൽകിയ പിന്തുണ
ഇതുവരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ കല്ലിങ്കല്‍ നഴ്സറി നമ്മൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് പറഞ്ഞ് തൊഴിലാളികൾ സ്വപ്നക്ക് ഊർജം നൽകി. സിബി പഠിപ്പിച്ചുതന്ന കൃഷിരീതികള്‍ സ്വപ്നയെ പഠിപ്പിക്കുന്നതിലും അവര്‍ ശ്രദ്ധ പതിപ്പിച്ചു.
അങ്ങനെയാണ് സ്വപ്‌നയിലെ കര്‍ഷകക്ക് ജീവന്‍ വെക്കുന്നത്. കൃഷി ഓഫിസറുടെയും സമീപത്തെ മുതിര്‍ന്ന കര്‍ഷക തൊഴിലാളികളുടെയും നിർദേശങ്ങൾ പ്രാവര്‍ത്തികമാക്കി. ഇന്റര്‍നെറ്റിന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തി ധൈര്യപൂർവം മുന്നോട്ടുനടന്നതിന്‍റെ വിജയമാണ് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് സ്വപ്‌ന കണ്ടെത്തിയ പുത്തന്‍ കൃഷി സാധ്യതകള്‍.
15 ഏക്കറിലെ ‘ഏദന്‍ തോട്ടം’
15 ഏക്കർ ‘ഏദൻ തോട്ടം’ സ്വപ്നയെ ഏൽപിച്ചാണ് സിബി ജീവിതത്തിൽനിന്ന് മടങ്ങിയത്. നിറഞ്ഞുനില്‍ക്കുന്ന സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും സ്‌നേഹത്തണലില്‍ വളരുന്ന വളര്‍ത്തുമൃഗങ്ങള്‍, മനസ്സിന് സന്തോഷം തരുന്ന പൂക്കള്‍, വെള്ളത്തില്‍ നീന്തിക്കളിക്കുന്ന മത്സ്യങ്ങള്‍, സ്വന്തം അതിര്‍ത്തി കാക്കുന്ന വിശ്വസ്തരായ നായ്ക്കള്‍, കലപില കൂട്ടുന്ന കിളികള്‍, സുന്ദരിമാരായ കോഴികൾ, കരുത്തുറ്റ കുതിരകള്‍... അങ്ങനെ ഈ ഏദൻ തോട്ടത്തിന്‍റെ അവകാശികളേറെയാണ്.
വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമോ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്ത ഇവിടെ കിളികളുടെയും മൃഗങ്ങളുടെയും ശബ്ദം മാത്രം. വിദ്യാലയങ്ങളിൽനിന്ന് അധ്യാപകര്‍ കൃഷിയെക്കുറിച്ച് പഠിക്കാന്‍ കുട്ടികളെ കൂട്ടി ഇവിടേക്ക് വരാറുണ്ട്. കൂടാതെ, കൃഷിസംബന്ധ സംശയങ്ങൾ ദൂരീകരിക്കാനും സാധ്യതകൾ ആരായാനും കര്‍ഷകര്‍ കല്ലിങ്കല്‍ പ്ലാന്‍റേഷനെയാണ് ആശ്രയിക്കുന്നത്.
സമ്മിശ്ര കൃഷിയുടെ സാധ്യതകള്‍
ഇവിടെ ഒന്നും ഉപയോഗശൂന്യമാകുന്നില്ല. ജൈവവളമാണ് ഉപയോഗിക്കുന്നത്. അത് തയാറാക്കുന്നത് ഇവിടെയുള്ള നാടന്‍ പശുക്കളുടെ ചാണകവും കുതിരകളുടെ വിസര്‍ജ്യവും ഉപയോഗിച്ചാണ്. നാടന്‍ കോഴികളുടെയും മറ്റു മൃഗങ്ങളുടെ വിസര്‍ജ്യവും നല്ല വിളവ് നൽകുന്നു.
ഗുണമേന്മയുള്ള നാടന്‍ പാലും അനുബന്ധ ഉൽപന്നങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. ജലസേചനാവശ‍്യത്തിന് നിർമിച്ച കുളത്തില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നു. കൂടാതെ, അലങ്കാര മത്സ്യ വളർത്തലിന് നിർമിച്ച കുളം വേറെയുമുണ്ട്. ഫലവൃക്ഷങ്ങൾ വളരുന്ന വലിയ തോട്ടം തന്നെയുണ്ട്. തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, കൊക്കോ, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, റബര്‍ എല്ലാം ഇവിടെ കൃഷി ചെയ്യുന്നു. പശു, ആട്, കോഴി, വാത്ത, കുതിര, വിവിധ ഇനം നായ്ക്കള്‍, മുയല്‍ എല്ലാം ഈ ആവാസവ്യവസ്ഥയുടെ ഭാഗമാണ്.
നേരത്തേ ഉണ്ടായിരുന്നതില്‍നിന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഏലം, റബര്‍, കാപ്പി എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ 15 ഏക്കറില്‍ റീപ്ലാന്റിങ് നടത്തുന്നതും സ്വപ്‌നയുടെ നേതൃത്വത്തിലാണ്. കാർഷികവൃത്തിക്കൊപ്പം നഴ്‌സറിയിലൂടെ കൂടുതല്‍ ചെടികള്‍ ഉല്‍പാദിപ്പിക്കുകയും കല്ലിങ്കല്‍ ബ്രാന്റ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.
തൊഴിലാളികളല്ലിവർ, കുടുംബം
ഉത്തരവാദിത്തങ്ങൾ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ് സ്വപ്നയുടെ ഏറ്റവും വലിയ കരുത്ത്. സ്വപ്നയുടെ നേട്ടത്തിൽ ആനിയമ്മയുടെ നേതൃത്വത്തിലുള്ള തൊഴിലാളികളുടെ പങ്ക് മറച്ചുവെക്കാനാവില്ല.
ജോലിക്കാർ എന്നതിലുപരി സ്വന്തം ബന്ധുക്കളായാണ് സ്വപ്ന ഇവരെ കാണുന്നത്. അതുകൊണ്ടുതന്നെ സ്വപ്‌നയുടെയും ജോലിക്കാരുടെയും വീട്ടിലെ സന്തോഷങ്ങൾ ഒരുപോലെ ആഘോഷിക്കപ്പെടുന്നു.
അംഗീകാരങ്ങൾ
സിബി കല്ലിങ്കലിന് ദേശീയ തലത്തില്‍ അവസാനമായി ലഭിച്ച അംഗീകാരം ജഗജീവൻ റാം കിസാന്‍ പുരസ്‌കാരമാണ്. കാര്‍ഷിക തിലകം സംസ്ഥാന അവാര്‍ഡ്, ദേശീയ സ്പൈസസ് അവാര്‍ഡ്, ചേംബര്‍ ഓഫ് കോമേഴ്സിന്‍റെ കര്‍ഷകശ്രീ അവാര്‍ഡ്, ടി.എം.എ സ്ത്രീ സംരംഭക അവാര്‍ഡ് തുടങ്ങിയവ സ്വപ്‌നയെ തേടിയെത്തി.
മൂത്ത മകള്‍ ടാനിയ സി. കല്ലിങ്കല്‍ ആര്‍ക്കിടെക്ചര്‍ എൻജിനീയറിങ് കഴിഞ്ഞ് കോഴിക്കോട് അവനി ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഡിസൈനിങ്ങില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ മകന്‍ തരുണ്‍ കല്ലിങ്കല്‍ പത്താം ക്ലാസ് വിദ്യാർഥിയാണ്.
24 x 7 കർഷക
15 ഏക്കര്‍ വരുന്ന സ്വന്തം പുരയിടം ഉൾപ്പെടെയുള്ള കൃഷിയിടത്തിന്‍റെയും പാലക്കാട്ട് അമ്മ താമസിക്കുന്ന വീട് ഉൾപ്പെടെയുള്ള 13 ഏക്കറിന്‍റെയും ഇടുക്കിയില്‍ പാട്ടത്തിനെടുത്ത ഏഴ് ഏക്കര്‍ ഏലത്തോട്ടത്തിന്‍റെയും ചുമതല സ്വപ്‌നയുടെ കൈകളില്‍ ഭദ്രം.
ഇതിനുപുറമെ, കുട്ടികള്‍ക്ക് വേണ്ടിയും കര്‍ഷകര്‍ക്ക് വേണ്ടിയും കാർഷിക ക്ലാസുകള്‍, തമിഴ്നാട്ടില്‍ വിവിധ സംഘടനകളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍, കൃഷിസംബന്ധ സംശയങ്ങള്‍ക്കുള്ള മറുപടി പറയല്‍... അങ്ങനെ കൃഷിയുടെ ലോകത്തെ ഓരോ ഇടപെടലും സ്വപ്ന ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
കൃഷി ക്ലാസുകള്‍ ഓൺലൈനായും നടത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലുള്ളവർക്കും മറ്റുമായി തമിഴിലും ഇംഗ്ലീഷിലും കന്നടയിലും ക്ലാസെടുക്കുന്നു.
നേരത്തേ ഫാം സന്ദര്‍ശിക്കുന്നവര്‍ക്ക് വേണ്ട അറിവുകള്‍ നല്‍കുക മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നേരിട്ട് പോയി കൃഷിരീതികൾ പറഞ്ഞുകൊടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.