Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightkrishichevron_rightകൂണ്‍കൃഷിയിലൂടെയും...

കൂണ്‍കൃഷിയിലൂടെയും മൂല്യവര്‍ധിത ഉൽപന്നങ്ങളിലൂടെയും ഈ വീട്ടമ്മ നേടുന്നത് മാസം ലക്ഷങ്ങളുടെ വരുമാനം

text_fields
bookmark_border
കൂണ്‍കൃഷിയിലൂടെയും മൂല്യവര്‍ധിത ഉൽപന്നങ്ങളിലൂടെയും   ഈ വീട്ടമ്മ നേടുന്നത് മാസം ലക്ഷങ്ങളുടെ വരുമാനം
cancel
camera_alt

ഷിജി തങ്കച്ചൻ

കൂണ്‍കൃഷിയില്‍ വിപ്ലവം തീര്‍ത്തിരിക്കുകയാണ് എരമല്ലൂര്‍ തട്ടാരുപറമ്പില്‍ വീട്ടില്‍ ഷൈജി. കൂണ്‍കൃഷിയിലൂടെയും മൂല്യവര്‍ധിത ഉൽപന്നങ്ങളിലൂടെയും വലിയ വരുമാനമാണ് ഈ വീട്ടമ്മ ഓരോ മാസവും നേടുന്നത്. കൂണ്‍ ഫ്രഷ് എന്ന ബ്രാന്‍ഡ് നെയ്മിലാണ് ഷൈജി കൂണ്‍ വിപണിയിലെത്തിക്കുന്നത്. കൂണ്‍ കട്ലറ്റ്, കൂണ്‍ ചമ്മന്തിപ്പൊടി, കൂണ്‍ അച്ചാര്‍, കൂണ്‍ സൂപ്പ്, കൂണ്‍ മോമോസ്, കൂണ്‍ ബര്‍ഗര്‍, കൂണ്‍ സാന്‍ഡ് വിച് എന്നിവയാണ് കൂണ്‍ അടിസ്ഥാനമാക്കി ഷൈജി തയാറാക്കുന്ന മൂല്യവര്‍ധിത ഉൽപന്നങ്ങള്‍.

തുടക്കം പരാജയം

ഒഴിവുസമയം എങ്ങനെ ചെലവഴിക്കുമെന്ന ചിന്തയാണ് ഷൈജിയെ കൂണ്‍കൃഷിയിലെത്തിച്ചത്. 2007ലാണ് ഷൈജി ആദ്യമായി കൂണ്‍കൃഷിയിലേക്കിറങ്ങിയത്. വീടിനോടുചേര്‍ന്നുള്ള ഒഴിഞ്ഞസ്ഥലത്ത് ഒരു ചെറിയ ഫാം ഒരുക്കി. 20 ബെഡുള്ള ഫാമാണ് ഒരുക്കിയത്. പക്ഷേ, കൃഷി പരാജയമായി മാറി. കൂണ്‍ കൃഷിയെക്കുറിച്ചുള്ള ആധികാരിക അറിവ് അന്ന് ഇല്ലായിരുന്നു. കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമത്തിന്റെ (വൈക്കോല്‍, അറക്കപ്പൊടി) ഈര്‍പ്പത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു. ഇതാണ് വില്ലനായി മാറിയത്. തുടക്കം പരാജയപ്പെട്ടതോടെ കൃഷിയില്‍ തുടരാന്‍ ഷൈജിക്ക് താൽപര്യക്കുറവുണ്ടായി. എന്നാല്‍, ഭര്‍ത്താവ് തങ്കച്ചനും രണ്ട് മക്കളും ഷൈജിക്ക് പിന്തുണയുമായി രംഗത്തുവന്നു. അങ്ങനെ വീണ്ടും കൃഷിയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. കൂണ്‍കൃഷിയെക്കുറിച്ച് പഠിക്കാനും ഷൈജി തീരുമാനിച്ചു. ബംഗളൂരുവിലെ ഐ.ഐ.എച്ച്.ആറിൽ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികൾചറല്‍ റിസര്‍ച്) ഒരാഴ്ച നീണ്ട പരിശീലനത്തില്‍ പങ്കെടുത്ത് കൂടുതല്‍ അറിവ് നേടി. അങ്ങനെ കൂണ്‍കൃഷി ആത്മവിശ്വാസത്തോടെ ചെയ്യാനും തീരുമാനിച്ചു.


വന്‍വിജയം നേടിയ രണ്ടാംവരവ്

കൂടുതല്‍ അറിവ് നേടിയതിനുശേഷം കൃഷിയിലേക്കുള്ള രണ്ടാംവരവ് ഷൈജിക്ക് വലിയ നേട്ടമാണ് സമ്മാനിച്ചത്. കൂണ്‍ ഫാമിലെ ബെഡുകളുടെ എണ്ണം കൂട്ടി കൃഷി വിപുലമാക്കി. കൂണ്‍ വളരുന്ന പ്ലാറ്റ്‌ഫോമാണ് ബെഡ്. ഒരു പ്ലാസ്റ്റിക് കവറില്‍ കുറച്ച് ഹോള്‍ ഇട്ട് അറക്കപ്പൊടിയോ വൈക്കോലോ നിറച്ചതിനുശേഷം കൂണ്‍ വിത്ത് നിറക്കും. തുടര്‍ന്ന് ഈ ബെഡ് ഉറിപോലെ കെട്ടിത്തൂക്കും. നിരവധി ബെഡുകള്‍ ഉള്‍പ്പെടുന്നതാണ് കൂണ്‍ ഫാം.

ഇന്ന് ഷൈജിയുടെ ഫാമില്‍ ഏഴായിരത്തോളം ബെഡുകളുണ്ട്. ഫാന്‍ ആന്‍ഡ് പാഡ് സംവിധാനമാണ് ഷൈജി കൂണ്‍ കൃഷിയില്‍ ഉപയോഗിക്കുന്നത്. ഈ രീതിപ്രകാരം 12 മാസവും കൃഷി ചെയ്യാമെന്നതാണ് ഗുണം. ജി.ഐ പൈപ്പിന്റെ ഘടനയില്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷീറ്റ് കൊണ്ട് വശങ്ങള്‍ മറച്ചാണ് ഫാന്‍ ആന്‍ഡ് പാഡ് ഫാം ഒരുക്കുന്നത്. ഇതില്‍ താപനില നിയന്ത്രിക്കുന്നത് എക്‌സ്‌ഹോസ്റ്റ് ഫാനാണ്. സൂര്യപ്രകാശത്തിനുപകരം ട്യൂബ് ലൈറ്റ് പോലുള്ള കൃത്രിമ ലൈറ്റാണ് ഉപയോഗിക്കുന്നത്. തെര്‍മോ ഹൈഗ്രോ മീറ്റര്‍ ഉപയോഗിച്ച് ഇടക്കിടെ താപനില അളക്കുന്നു. ചൂട് 25-28 സെന്റിഗ്രേഡ് വരെയാണ് അഭികാമ്യമെന്ന് ഷൈജി പറയുന്നു.

മഴക്കാലം ഏറ്റവും അനുയോജ്യം

കൂണ്‍കൃഷിക്ക് ഏറ്റവും അനുയോജ്യം മഴക്കാലമാണെന്ന് ഷൈജി പറയുന്നു. സമീപവര്‍ഷങ്ങളില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നത് കൃഷിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നും ഷൈജി പറഞ്ഞു. ചൂട് ഒരു കാരണവശാലും 28 സെന്റിഗ്രേഡിന് മുകളിലേക്ക് പോകരുത്.

പാല്‍ക്കൂണും ചിപ്പിക്കൂണും

വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നതാണ് കൂണ്‍. ചിപ്പിക്കൂണിന് നിരവധി ഔഷധഗുണവുമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചിപ്പിക്കൂണിലെ ഉപവിഭാഗങ്ങളാണ് സിഒ2, ഫ്ലോറിഡ, സാപ്പിഡാസ് തുടങ്ങിയവ.

കേരളത്തില്‍ പ്രധാനമായും പാൽക്കൂണും ചിപ്പിക്കൂണുമാണ് കൃഷി ചെയ്യുന്നത്. ഷൈജി കൃഷി ചെയ്യുന്നതും ഇവ രണ്ടുമാണ്. ചിപ്പിക്കൂണിനാണ് ഡിമാന്‍ഡ് കൂടുതല്‍. ഷൈജി പ്രതിദിനം 40 കിലോ കൂണ് വിളവെടുക്കുന്നുണ്ട്. കിലോക്ക് 300 രൂപ നിരക്കിലാണ് കൂണ്‍ വിൽപന. 200 ഗ്രാമിന്റെ പാക്കറ്റുകളിലാക്കിയാണ് ഷൈജി കടകളിലേക്ക് വിതരണം ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ കൊച്ചി നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റിലും കൊച്ചി ഷിപ്‍യാഡ് സ്റ്റോറുകളിലൂടെയുമാണ് വിൽപന നടത്തിയിരുന്നത്. ഇപ്പോള്‍ മാളുകളിലും നേരിട്ടും വിൽപനയുണ്ട്. നടനും സംവിധായകനുമായ ശ്രീനിവാസന്‍ ഷൈജിയുടെ കൂണ്‍ ചമ്മന്തിപ്പൊടിയുടെ കസ്റ്റമറായിരുന്നു.

ഉപയോഗിക്കുന്നത് റബര്‍ മരത്തിന്റെ അറക്കപ്പൊടി

കൃഷിക്ക് ഏറ്റവും ഉത്തമം റബര്‍ മരത്തിന്റെ അറക്കപ്പൊടിയാണെന്ന് ഷൈജി അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. പെരുമ്പാവൂരില്‍നിന്നാണ് അറക്കപ്പൊടി ശേഖരിക്കുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന അറക്കപ്പൊടി നാലുമാസത്തിനുശേഷം വേസ്റ്റാകും. ഇത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കും. ഉപേക്ഷിക്കുന്ന അറക്കപ്പൊടി നല്ലൊരു വളമാണ്. ഷൈജിയുടെ വീടിനു സമീപംതന്നെ ഒരു വളം നിര്‍മാണ ഫാക്ടറിയുണ്ട്. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന അറക്കപ്പൊടി അവര്‍ ശേഖരിക്കുന്നു. അതിലൂടെയും ഷൈജി അധികവരുമാനം നേടുന്നു.

ഏഴായിരത്തോളം ബെഡുകളുണ്ട് ഷൈജിയുടെ ഫാമില്‍. ഉറിപോലെ പ്ലാസ്റ്റിക് കയറില്‍ അറക്കപ്പൊടി നിറച്ച പ്ലാസ്റ്റിക് ബാഗ് കെട്ടിത്തൂക്കിയിടുന്നതാണ് ബെഡ്. അറക്കപ്പൊടിയിലാണ് കൂണ്‍വിത്ത് നടുന്നത്. 15 ദിവസംകൊണ്ട് വിളവെടുക്കാം.

ഒക്ടോബറില്‍ ‘കൂണ്‍വിറ്റ’

കൂണില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് ഷൈജി. നിരവധി മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ ഷൈജി തയാറാക്കി. അവയെല്ലാം ഹിറ്റുമായി. ഇപ്പോള്‍ പുതിയൊരുൽപന്നം വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ഷൈജി. കൂണ്‍വിറ്റ എന്ന പേരില്‍ ഹെല്‍ത്ത് ഡ്രിങ്ക് ഒക്ടോബറില്‍ വിപണിയിലെത്തിക്കാനാണ് ശ്രമം. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കുശേഷമാണ് കൂണ്‍വിറ്റ വികസിപ്പിച്ചെടുത്തതെന്ന് ഷൈജിയുടെ ഭര്‍ത്താവ് തങ്കച്ചന്‍ പറഞ്ഞു. കൂണ്‍വിറ്റ എന്നത് ഒരു പൗഡറാണ്. ചോക്കോ, വാനില ഫ്ലേവറിലുള്ള ഇത് പാലില്‍ കലക്കി കഴിക്കുന്നതാണ്.

കൂണിന്റെ ഷെല്‍ഫ് ലൈഫ് എന്നത് ഒരുദിവസമാണ്. എന്നാല്‍, കൂണ്‍വിറ്റ പൗഡറിന് ഒരുവര്‍ഷത്തെ ഷെല്‍ഫ് ലൈഫാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ഈ ഉൽപന്നത്തിന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) പോലുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

എം.എസ്.എം.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ പി. ചാക്കോ, സി.ഐ.എഫ്.ടിയിലെ ശാസ്ത്രജ്ഞന്‍ സി.ഒ. മോഹന്‍, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത ഡോ. എ.വി. മാത്യു, ഡി.എഫ്.ആർ.എല്ലില്‍നിന്ന് വിരമിച്ച ഡോ. അനിൽകുമാര്‍, കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ജയലക്ഷ്മി, ജിഷ തുടങ്ങിയവരുടെ പിന്തുണ കൂണ്‍വിറ്റ വികസിപ്പിക്കാന്‍ ലഭിച്ചു.

കൂണ്‍ വിത്ത് വിൽപനയും പരിശീലനവും

കൂണ്‍കൃഷി വിപുലമായതോടെ ​െഷെജി ഫാമില്‍ കൂണ്‍വിത്തും ഉൽപാദിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ആവശ്യക്കാര്‍ക്ക് കൂണ്‍വിത്തും വിതരണം ചെയ്യുന്നുണ്ട്. കൂണ്‍കൃഷി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി എല്ലാ വ്യാഴാഴ്ചയും ഷൈജി എരമല്ലൂരിലെ വീട്ടില്‍ പരിശീലന ക്ലാസും നല്‍കുന്നുണ്ട്. ഒരുദിവസത്തെ ക്ലാസിന് 500 രൂപയാണ് ഫീസ്. കൂണ്‍ ഫാം സെറ്റ് ചെയ്തും നല്‍കുന്നുണ്ട്.

200 ബെഡുള്ള ഫാന്‍ ആന്‍ഡ് പാഡ് സംവിധാനം അനുസരിച്ചുള്ള ഫാം സെറ്റ് ചെയ്യണമെങ്കില്‍ ഏകദേശം 60 ചതുരശ്രയടി സ്ഥലമാണ് വേണ്ടത്. ഏകദേശം 98,000 രൂപയോളം ചെലവ് വരുമെന്നും ഷൈജി പറയുന്നു. കൂണ്‍കൃഷിയില്‍ കൈവരിച്ച നേട്ടത്തിന് സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരം നേടിയ കര്‍ഷകകൂടിയാണ് ഷൈജി. സംസ്ഥാന സര്‍ക്കാറിന്റെ 2020ലെ മികച്ച മഷ്റൂം ഫാര്‍മര്‍ അവാര്‍ഡ് ലഭിച്ചത് ഷൈജിക്കാണ്.

തുടക്കം ചെറുതായിരിക്കണം

എളിയ നിലയില്‍ കൂണ്‍കൃഷി ആരംഭിച്ച് ഇന്ന് പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം നേടുന്ന കര്‍ഷകയാണ് ഷൈജി. 250 രൂപയാണ് ഷൈജി ആദ്യമായി കൂണ്‍കൃഷി ചെയ്തപ്പോള്‍ ചെലവാക്കിയ തുക. അതുപോലെയായിരിക്കണം ഓരോ തുടക്കക്കാരനുമെന്നാണ് ഷൈജിയുടെ അഭിപ്രായം. കൃഷി തുടങ്ങുമ്പോള്‍ ചെറിയ മുടക്കുമുതലില്‍ തുടങ്ങുക. പിന്നീട് വിപുലമായ രീതിയിലേക്ക് പ്രവേശിക്കുന്നതാണ് നല്ലതെന്ന് ഷൈജി പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsLifestyle Newsmushroom farming
News Summary - mushroom farming, inspiring story of shyji thankachan
Next Story