Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_right‘ടർഫിൽ അർധരാത്രി വരെ...

‘ടർഫിൽ അർധരാത്രി വരെ പന്തുകളിക്കാൻ മാത്രമല്ല നാടിന് ഒരാവശ‍്യം വരുമ്പോൾ ഓടിയെത്താനും അവരുണ്ടായിരുന്നു’... ജാതി, മത ചിന്തകൾക്കതീതമായി യുവതീയുവാക്കളെ ഒരുമിപ്പിക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളെക്കുറിച്ചറിയാം

text_fields
bookmark_border
‘ടർഫിൽ അർധരാത്രി വരെ പന്തുകളിക്കാൻ മാത്രമല്ല നാടിന് ഒരാവശ‍്യം വരുമ്പോൾ ഓടിയെത്താനും അവരുണ്ടായിരുന്നു’... ജാതി, മത ചിന്തകൾക്കതീതമായി യുവതീയുവാക്കളെ ഒരുമിപ്പിക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളെക്കുറിച്ചറിയാം
cancel
camera_alt

ചി​​​ത്രം: പി.​​​ അ​​​ഭി​​​ജി​​​ത്ത്


സന്ധ‍്യമയങ്ങി ഇരുട്ട് വീണിട്ടും സമീപത്തെ കച്ചവടക്കാരെല്ലാം പീടികയിലെ പലകകൾ നിരത്തിവെച്ച് താഴിട്ടുപൂട്ടി വീട്ടിൽ പോയിട്ടും ഒരു പീടികമുറി മാത്രം സജീവം.

മിന്നാമിനുങ്ങിനെപ്പോലെ മിന്നിക്കൊണ്ടിരിക്കുന്ന ഫിലമെന്‍റ് ബൾബിന്‍റെ പ്രകാശത്തിൽ കാരംസ് ബോർഡിലെ കുഴിയിലേക്ക് കണ്ണും വിരലും കൂർപ്പിച്ചുവെച്ച് കോയിൻ ചലിപ്പിക്കുന്ന യുവാക്കൾ, കൈയടിച്ചും ആർപ്പുവിളിച്ചും അവരെ പ്രോത്സാഹിപ്പിക്കുന്ന ഒപ്പമുള്ളവർ, തൊട്ടിരികെ ബഹളങ്ങൾക്ക് ചെവികൊടുക്കാതെ ചെസ് ബോർഡിൽ കരുക്കൾ നീക്കുന്നവർ, ചുമരിലെ തട്ടിൽ പല വലുപ്പത്തിലും രൂപത്തിലുമുള്ള ട്രോഫികൾ...

നമ്മുടെ നാട്ടിൻപുറങ്ങളിലെ യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ മുഖ‍്യ പങ്കുവഹിച്ച പഴയകാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ പതിവ് സന്ധ്യാ കാഴ്ചയാണിത്.

ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ യുവതീയുവാക്കളെ ഒരുമിപ്പിക്കുകയായിരുന്നു ഇത്തരം ക്ലബുകൾ. ഓണം, ക്രിസ്മസ്, പെരുന്നാൾ, സ്വാതന്ത്ര‍്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നാടിനെയൊന്നാകെ ഒരുമിപ്പിച്ച് ഒരുമയുടെ, സാഹോദര്യത്തിന്‍റെ പാഠങ്ങൾ പുതുതലമുറക്കും പഴയതലമുറക്കും പകർന്നുനൽകുന്നു.


കരുണയുടെ കരങ്ങൾ

വയനാട് ഉരുൾപൊട്ടൽ, 2018ലെയും 2019ലെയും പ്രളയങ്ങൾ തുടങ്ങി നാടിനെ പിടിച്ചുലച്ച പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനമായും സഹായഹസ്തമായും യുവ കൂട്ടായ്മകൾ നാടിനെ നെഞ്ചോട് ചേർത്തു. അസാധ‍്യമെന്ന് കരുതിയ പലതും വ്യത്യസ്ത കഴിവുകളുള്ള ആളുകളുടെ ടീം വർക്കിലൂടെ യാഥാർഥ‍്യമാക്കി.

ടർഫിൽ അർധരാത്രി വരെ പന്തുകളിക്കാനും കൂട്ടുകാർക്കൊപ്പം ടൂർ പോകാനും മാത്രമല്ല നാടിന് ഒരാവശ‍്യം വരുമ്പോൾ കൈമെയ് മറന്ന് ഓടിയെത്താനും അവരുണ്ടായിരുന്നു. അവരെ ഒരു ടീമായി ചേർത്തുനിർത്താനും ധനസമാഹരണം നടത്താനും നാട്ടിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ മേൽവിലാസവുമുണ്ടായിരുന്നു.

നിർധന രോഗികളുടെ കണ്ണീരൊപ്പാൻ ബിരിയാണി, ആക്രി ചലഞ്ചുകളുമായി അവർ തെരുവിലിറങ്ങി. ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്‍റുകളിൽനിന്ന് ലഭിക്കുന്ന ലാഭം നിർധന രോഗികൾക്കായി മാറ്റിവെച്ചു. മദ്യം, മയക്കുമരുന്ന്, മറ്റ് അനാരോഗ്യ ശീലങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിലും ഈ കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നു.


കലാകായിക മുന്നേറ്റം

പഴയകാലത്ത് കലാപരിപാടികൾ, സ്പോർട്സ്, ഗെയിംസ്, വായനശാല തുടങ്ങിയ പ്രവർത്തനങ്ങളുമായി ക്ലബുകൾ സജീവമായിരുന്നു. കൗമാരത്തിലും യൗവനത്തിലുമുള്ള കൂട്ടായ്മകൾ എഴുത്തിനെ സ്വാധീനിച്ചെന്ന് പല എഴുത്തുകാരും സാക്ഷ‍്യപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ യുഗത്തിൽ ക്ലബുകളോടനുബന്ധിച്ച വായനശാലകൾ പലതും നിർജീവമാണ് എന്ന വസ്തുത മറച്ചുവെക്കാനാവില്ല. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ അതിപ്രസരമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്.

യുവാക്കളുടെ മാനസികാരോഗ്യ വികസനം

1938ൽ ഹാർവാർഡ് സർവകലാശാലയിൽ ആരംഭിച്ച ഹാർവാർഡ് മനുഷ‍്യ വികസന പഠനം, മനുഷ‍്യ വികസനത്തെക്കുറിച്ച് ലോകത്ത് നടന്ന ഏറ്റവും ദൈർഘ‍്യമേറിയതും കൂടുതൽ ആളുകൾ പങ്കെടുത്തതുമായ പഠനമാണ്.

മനുഷ‍്യന്‍റെ ആയുസ്സ് കൂട്ടുന്ന പ്രധാന ഘടകമായി ഈ പഠനത്തിൽ കണ്ടെത്തിയത് ഒരു വ്യക്തി അയാളുടെ കുട്ടിക്കാലത്തും യൗവനത്തിലും വികസിപ്പിച്ചെടുക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമായിരുന്നു.

കുട്ടിക്കാലത്തും യൗവനത്തിലും വികസിപ്പിച്ചെടുക്കുന്ന ആരോഗ്യകരമായ ബന്ധങ്ങൾ നമ്മുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ക്ലബുകളും വായനശാലകളും മറ്റു കൂട്ടായ്മകളുമൊക്കെ യുവാക്കളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

കൂട്ടായ്മയുടെ മനഃശാസ്ത്രം

കൂട്ടായ്മകളുടെ ഏറ്റവും മനോഹര വശം അതിന്‍റെ ഭാഗമാകുന്ന ഓരോ വ്യക്തിക്കും മാനസിക സുരക്ഷിതത്വം അനുഭവപ്പെടുന്നു എന്നതാണ്. തനിക്ക് എന്തെങ്കിലും ആവശ‍്യം വരുമ്പോൾ കൂടെ ആളുണ്ട് എന്ന ആത്മധൈര്യം ലഭിക്കുന്നു.

തന്‍റെ താൽപര്യം സംരക്ഷിക്കുക എന്ന സ്വാർഥ ചിന്തക്കുപകരം സമൂഹത്തിന്‍റെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുക എന്ന സാമൂഹിക ബുദ്ധി (social intelligence) യുവാക്കളിൽ വളർത്തിയെടുക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾ നിർണായക പങ്കുവഹിക്കുന്നു. വ്യക്തികളിൽ അഹം ബോധം ഇല്ലാതെയായി താനും ഈ സമൂഹത്തിന്‍റെ ഒരു ഭാഗം മാത്രമാണ് എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്നു.

ക്ലബുകൾ പോലുള്ള കൂട്ടായ്മയിൽ എൻഗേജ് ആയിരിക്കുന്നതിലൂടെ സമൂഹജീവി എന്ന നിലയിൽ നിരവധി വൈഭവങ്ങൾ ആർജിച്ചെടുക്കാനും വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കാനും നൈരാശ‍്യമോ ഇച്ഛാഭംഗമോ വന്നാൽ അതിനെ കൈകാര്യം ചെയ്യാനും മനസ്സിനെ പാകപ്പെടുത്താനുമുള്ള കഴിവ് സ്വായത്തമാക്കാനും സാധിക്കുന്നു.

കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിലൂടെ അവയിൽ മികവ് പ്രകടിപ്പിക്കാൻ സാധിക്കുന്നു എന്നതിനപ്പുറം നിരവധി വ്യക്തിഗുണങ്ങൾ കൂടി പഠിക്കാനും സാധിക്കുന്നു. ഫുട്ബാളിൽ തന്‍റെ ടീം ഒരു ഗോളിന് തോറ്റാൽ ആദ്യം വിഷമം വരുമെങ്കിലും അതിനെ സ്പോർട്സ്മാൻ സ്പിരിറ്റോടെ നേരിടാൻ പഠിക്കുന്നു.

സമൂഹത്തിന് മാത്രമല്ല, വ്യക്തിക്കും

30 വർഷത്തിനിടെ നമ്മുടെ നാട്ടിൽ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഗ്രാമങ്ങളിൽ ഉൾപ്പെടെ ഉണ്ടായ ഡിജിറ്റൽ വിപ്ലവമാണ്. 30 വർഷംമുമ്പ് ഒരു യുവാവിനോ യുവതിക്കോ മാനസിക സന്തോഷം ലഭിക്കണമെങ്കിൽ വീട്ടിൽനിന്നും കലാലയത്തിൽനിന്നും പുറത്തിറങ്ങി സൗഹൃദ കൂട്ടായ്മകളിൽ അംഗമാകേണ്ടിയിരുന്നു.

എന്നാൽ, ഇക്കാലത്ത് മറ്റുള്ളവരുടെ സാമീപ്യമില്ലാതെ തന്നെ മാനസികോല്ലാസം ലഭിക്കാനുള്ള മാർഗങ്ങൾ ഡിജിറ്റൽ ഉപകരണങ്ങളിലൂടെ ലഭിക്കുന്നു.

ഇതിന് സമാന്തരമായി ഒരു പ്രശ്നം കൂടി മനുഷ‍്യ സ്വഭാവത്തിൽ രൂപപ്പെട്ടിട്ടുണ്ട്. പഴയ കാലത്ത് ഒരു വ്യക്തിക്ക് ഒരു ആഗ്രഹം തോന്നുന്നതിനും അത് സഫലമാകുന്നതിനും ഇടയിൽ ഒരു ഇടവേള ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഒരു യുവാവിന് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ കത്ത് മുഖേനയോ നേരിട്ട് ചെന്നോ അറിയിക്കുകയും മറുപടിക്കായി കാത്തിരിക്കുകയും വേണം.

ആഗ്രഹത്തിനും പൂർത്തീകരണത്തിനും ഇടയിലുണ്ടാകുന്ന ഈ ഇടവേളയിൽ തന്‍റെ ആഗ്രഹം നടക്കാനോ നടക്കാതിരിക്കാനോ സാധ‍്യതയുണ്ട് എന്ന യാഥാർഥ‍്യം ബോധ‍്യപ്പെടുകയും അതുമായി പൊരുത്തപ്പെടാൻ മനസ്സ് പാകപ്പെടുകയും ചെയ്യും. എന്നാൽ, ഇന്ന് മൊബൈലിൽ നിമിഷ നേരം കൊണ്ട് ഇതെല്ലാം സംഭവിക്കുന്നു.

ഇതോടെ ആഗ്രഹം നടക്കാതിരിക്കുകയോ നിരസിക്കപ്പെടുകയോ ചെയ്യാമെന്ന സാധ‍്യതയുമായി പൊരുത്തപ്പെടാനുള്ള സമയം നമ്മുടെ മസ്തിഷ്കത്തിന് ലഭിക്കുന്നില്ല. ഇതുമൂലം യുവതീയുവാക്കളിൽ അക്ഷമയും എടുത്തുചാട്ടവും കൂടുന്നു.

ഡിജിറ്റൽ ഇടങ്ങൾക്ക് പുറത്തുള്ള കൂട്ടായ്മകളിലൂടെ ലഭിക്കുന്ന മാനസികോല്ലാസം ഇത്തരം പ്രശ്നങ്ങൾ ഒരുപരിധി വരെ കുറക്കുന്നു.

ഐക്യം ഊട്ടിയുറപ്പിച്ച്

മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ മനുഷ‍്യരെ തുല്യരായി കാണാനുള്ള കഴിവ് വികസിപ്പിക്കുന്നതിലും യുവജന കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നു. നാട്ടിൽ ആർക്കെങ്കിലും പ്രതിസന്ധി വരുമ്പോൾ ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചിറങ്ങുന്നു. അവിടെയെല്ലാം മനുഷ‍്യരെ ഒന്നിപ്പിക്കുന്ന കണ്ണിയായി ക്ലബുകൾ പ്രവർത്തിക്കുന്നു.

ഇത്തരം കൂട്ടായ്മകളുടെ അഭാവത്തിൽ ആളുകൾ തങ്ങളുടെ മതത്തിന്‍റെയും കക്ഷിരാഷ്ട്രീയത്തിന്‍റെയും മാത്രമായ സോഷ‍്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇടപഴകുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന സോഷ‍്യൽ മീഡിയ ഇടങ്ങൾ അന്യമാവുകയും ചെയ്യുന്നു.

കുട്ടികൾ വളരട്ടെ, കൂട്ടായ്മയിലൂടെ

പഠനത്തെ ബാധിക്കാത്ത തരത്തിൽ ക്ലബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ പറഞ്ഞയക്കണം. അത് അവരിലെ സാമൂഹികവത്കരണം (Socialisation) എളുപ്പമാക്കുന്നു.

ഇതിലൂടെ സ്കൂളിലെ സുഹൃത്തുക്കൾക്കുപുറമെ സ്വന്തം നാട്ടിലും കുട്ടികൾക്ക് സുഹൃദ് വലയം സൃഷ്ടിക്കാനാകുന്നു. ജാതി, മത, സാമ്പത്തിക വ്യത്യാസമില്ലാതെ വിവിധ വിഭാഗങ്ങളിലെ കുട്ടികളുമായി കൂട്ടുകൂടാൻ അവർക്കാകുന്നു.

ഇതിനായി ക്ലബ് കമ്മിറ്റി 18 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക അംഗത്വം നൽകാം. പഠനത്തെ ബാധിക്കാത്ത രീതിയിൽ ക്ലബിന്‍റെ പ്രവർത്തനങ്ങളിൽ അവരെ പങ്കെടുപ്പിക്കാം. ക്ലബുകളുടെ ആഭിമുഖ‍്യത്തിൽ കുട്ടികൾക്കായി ഫുട്ബാൾ, ക്രിക്കറ്റ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാം.

സജീവമാക്കാം ക്ലബുകളെ

പ്രവർത്തനങ്ങൾ സജീവമാക്കി നാടിന് കൈത്താങ്ങാകാൻ ഓരോ ക്ലബിനും സാധിക്കേണ്ടതുണ്ട്. അതിനുള്ള ചില ടിപ്സ്:

● അംഗങ്ങളായി ജാതി, മത, ലിംഗ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ആളുകളെ ഉൾപ്പെടുത്താം. ജാതി, മതം, കക്ഷിരാഷ്ട്രീയം തുടങ്ങിയവ പ്രവർത്തനത്തെ സ്വാധീനിക്കാൻ പാടില്ല

● ജനാധിപത്യ രീതിയിലായിരിക്കണം പ്രവർത്തനവും ഭാരവാഹി തെരഞ്ഞെടുപ്പും

● നേതൃസ്ഥാനങ്ങളിൽ എപ്പോഴും യുവാക്കളെയും കൗമാരക്കാരെയും കൊണ്ടുവരാം

● എക്സിക്യൂട്ടിവ്, ജനറൽ ബോഡി യോഗങ്ങൾ കൃത്യസമയത്ത് ചേരുന്നുണ്ടെന്ന് ഉറപ്പാക്കാം

● ക്ലബിനോടനുബന്ധിച്ച് ലൈബ്രറിയും വായനശാലയും ആരംഭിക്കാം. അതിലേക്കുള്ള പുസ്തകങ്ങൾ അംഗങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും ശേഖരിക്കാം. മാസത്തിലൊരിക്കൽ പുസ്തക നിരൂപണം നടത്താം

● നിശ്ചിത ഇടവേളകളിൽ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ക്ഷേമാന്വേഷണം നടത്താം. ബുദ്ധിമുട്ടുന്നവരെ സഹായിക്കാം

● കിടപ്പുരോഗികളെയും വയോധികരെയും ആഴ്ചയിലൊരിക്കൽ സന്ദർശിക്കാം

● വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഗുണകരമാകുന്ന വിഷയങ്ങളിൽ പഠന ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാം. റിസോഴ്സ് പേഴ്സനായി അതത് മേഖലയിൽ വിദഗ്ധരായ ക്ലബ് അംഗങ്ങളെയോ പ്രദേശവാസികളെയോ ഉപയോഗപ്പെടുത്താം. പുറത്തുനിന്ന് വിദഗ്ധരെയും കൊണ്ടുവരാം

● സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ വേദിയൊരുക്കാം. ആഴ്ചയിലൊരിക്കൽ വർത്തമാനകാല പ്രാധാന്യമുള്ള വിഷയം ചർച്ചക്കെടുക്കാം. എല്ലാ അംഗങ്ങൾക്കും അഭിപ്രായം പറയാൻ അവസരമൊരുക്കാം

● സിനിമ, ഹ്രസ്വചിത്രം, ഡോക്യുമെന്‍ററി പ്രദർശനങ്ങൾ സംഘടിപ്പിക്കാം

● വിശേഷ ദിനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകൾ തയാറാക്കി സമൂഹ മാധ‍്യമങ്ങളിൽ ഷെയർ ചെയ്യാം

● ആഘോഷ വേളകളിൽ കേവല മത്സരം എന്നതിലുപരി നാടിന്‍റെയാകെ പങ്കാളിത്തം ഉറപ്പാക്കാം. ഇതിന് വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യാം

● മാസത്തിലൊരിക്കൽ കുട്ടികൾക്കായി സാഹിത്യ സമാജം പോലുള്ള കലാപരിപാടികൾ നടത്താം

● പ്രകൃതിദുരന്ത വേളയിൽ രക്ഷാപ്രവർത്തനം നടത്താൻ അംഗങ്ങളെ പരിശീലിപ്പിക്കാം. സേവന സന്നദ്ധരായ വളന്‍റിയർമാരുടെ ടീം രൂപവത്കരിക്കാം

● മാസത്തിലൊരിക്കൽ പാതയോരം, ബസ് കാത്തിരിപ്പുകേന്ദ്രം, പൊതു ആരോഗ്യ കേന്ദ്രം തുടങ്ങിയ പൊതു ഇടങ്ങൾ ശുചീകരിക്കാം

ക്ലബ് രജിസ്ട്രേഷൻ

ഓരോ ക്ലബും 1860ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. ജില്ല ആസ്ഥാനങ്ങളിലെ ജില്ല രജിസ്ട്രാർ ഓഫിസിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതിനായി ക്ലബിന് പേര്, വിലാസം, അധികാരപരിധി എന്നിവ ഉണ്ടായിരിക്കണം.

18 വയസ്സ് പൂർത്തിയായ ഏഴ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ജില്ല രജിസ്ട്രാർക്കുള്ള അപേക്ഷ, മെമ്മോറാണ്ടം, നിയമാവലി (ബൈലോ) എന്നിവ തയാറാക്കണം. www.egroops.kerala.gov.in വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കേന്ദ്ര സർക്കാറിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയിലും സംസ്ഥാന സർക്കാറിന് കീഴിലുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡിലും സ്പോർട്സ് കൗൺസിലിലും ക്ലബുകൾക്ക് രജിസ്റ്റർ ചെയ്യാം. www.nyks.nic.in വെബ്സൈറ്റിലാണ് നെഹ്റു യുവകേന്ദ്ര രജിസ്ട്രേഷൻ.

18നും 29നും ഇടയിൽ പ്രായമുള്ള 21 അംഗങ്ങൾ ക്ലബിൽ ഉണ്ടായിരിക്കണം. ക്ലബിന്‍റെ പേരിൽ ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.youthclub.kerala.gov.in വെബ്സൈറ്റിലാണ് യുവജനക്ഷേമ ബോർഡ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. സ്പോർട്സ് കൗൺസിൽ രജിസ്ട്രേഷൻ അതത് ജില്ല ആസ്ഥാനത്തെ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിലാണ് നടത്തേണ്ടത്.

സർക്കാർ സഹായങ്ങൾ

● നെഹ്റു യുവകേന്ദ്രയിൽ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് നാഷനൽ ഇന്‍റഗ്രേഷൻ ക്യാമ്പ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം, വിശേഷ ദിനങ്ങളിലെ പ്രത്യേക ഫണ്ടുകൾ

● നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ്, സ്പോർട്സ് കൗൺസിൽ എന്നിവ നൽകുന്ന സ്പോർട്സ് കിറ്റ്

● തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന സ്പോർട്സ് കിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ

അവാർഡുകൾ

● നെഹ്റു യുവകേന്ദ്ര ജില്ല-സംസ്ഥാന-ദേശീയ തലത്തിൽ മികച്ച ക്ലബുകൾക്ക് നൽകുന്ന അവാർഡ്

● നെഹ്റു യുവകേന്ദ്ര ജില്ല-സംസ്ഥാന-ദേശീയ തലത്തിൽ നൽകുന്ന കാഷ് പ്രൈസ്

● യുവജനക്ഷേമ ബോർഡ് ജില്ല-സംസ്ഥാന തലത്തില്‍ മികച്ച ക്ലബിന് നൽകുന്ന പുരസ്‌കാരം

കേരളോത്സവം

യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും സഹകരിപ്പിച്ചാണ്‌ കേരളോത്സവം സംഘടിപ്പിച്ചുവരുന്നത്‌. കലാമത്സരങ്ങള്‍, സാംസ്‌കാരിക മത്സരങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിങ്ങനെ വൈവിധ‍്യമാർന്ന മത്സരങ്ങൾ നടത്തുന്നു.

ക്ലബുകൾക്ക് കീഴിലാണ് യുവതീയുവാക്കൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കൂടുതല്‍ പോയന്‍റ് നേടുന്ന ക്ലബുകള്‍ക്ക്‌ കാഷ് പ്രൈസും നൽകുന്നു.

ടീം കേരള

പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവയെ നേരിടാന്‍ യുവജനക്ഷേമ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സേനയാണ്‌ ടീം കേരള. യുവജനങ്ങളെയാണ് സേനയിൽ നിയമിക്കുന്നത്. ക്ലബുകൾക്ക് കീഴിലും അല്ലാതെയും യുവതീയുവാക്കൾ സേനയുടെ ഭാഗമായിട്ടുണ്ട്.

പ്രകൃതിദുരന്തങ്ങൾ ബാധിച്ച പ്രദേശത്തും കോവിഡ് സമയത്തും സേനയുടെ സേവനം നാടിന് ലഭിച്ചിട്ടുണ്ട്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുന്നു.

എം.എൻ. കാരശ്ശേരി


വായനയെ പരിപോഷിപ്പിച്ച ഇടം

എം.എൻ. കാരശ്ശേരി (എഴുത്തുകാരൻ, ചിന്തകൻ)

നാട്ടിൻപുറങ്ങളിലെ യുവത്വത്തിന്‍റെ ഏറ്റവും വലിയ വേദി ഞങ്ങളുടെ കുട്ടിക്കാലത്തും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളാണ്. സ്കൂൾ വിട്ടുവന്ന് വോളിബാൾ, ഫുട്ബാൾ, കാരംസ് തുടങ്ങിയ കളികളിലേർപ്പെടും. ക്ലബുകളോടുചേർന്ന് വായനശാലയും ഗ്രന്ഥശാലയുമുണ്ടായിരുന്നു.

ഇത്തരം കൂട്ടായ്മകൾക്ക് ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും ബാധകമല്ല. എന്‍റെ നാടായ കോഴിക്കോട് കാരശ്ശേരിയിൽ ക്ലബുകൾ ഇല്ലായിരുന്നെങ്കിലും തൊട്ടടുത്ത കക്കാട്ട് കെ.പി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുണ്ടായിരുന്നു. അതിനോടുചേർന്ന് നല്ലൊരു ലൈബ്രറിയുമുണ്ടായിരുന്നു.

ഞാൻ അവിടെപ്പോയിരുന്ന് പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ മേഖലകളിലെ നമ്മുടെ നാടിന്‍റെ വളർച്ചയിൽ വലിയ പങ്ക് ഇത്തരം വായനശാലകൾ വഹിച്ചിട്ടുണ്ട്.

മദ്യം, മയക്കുമരുന്ന്, മറ്റു സാമൂഹികതിന്മകൾ എന്നിവയിലേക്ക് തിരിയാതെ യുവത്വത്തിന്‍റെ ഊർജം നാടിന് ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കുന്നതിൽ ക്ലബുകളുടെ പങ്ക് കാണാതിരിക്കാനാവില്ല. ഇക്കാലത്തും യുവത്വത്തെ മുന്നോട്ടുനയിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ട്.

മത്സരം ഗ്രൗണ്ടിൽ തീരേണ്ടതാണെന്നും ഹിംസയിലേക്ക് പോകാൻ പാടില്ല എന്നുമുള്ള തിരിച്ചറിവ് വിവിധ കളികളിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് ലഭിക്കുന്നു. ജീവകാരുണ‍്യ പ്രവർത്തനങ്ങളിൽ പുതിയ കാലത്തെ ക്ലബുകൾ സജീവമാണ് എന്നത് ഇന്നും പ്രതീക്ഷക്ക് വകനൽകുന്നു.

ലുഖ്മാൻ അവറാൻ


നാടിന്‍റെ കണ്ണീരൊപ്പാൻ മുന്നിൽ

ലുഖ്മാൻ അവറാൻ (നടൻ)

ചങ്ങരംകുളം ഉദിനപ്പറമ്പിലെ സൂര്യ ക്ലബിന് കീഴിൽ ഫുട്ബാൾ കളിച്ചും വൈകുന്നേരമായാൽ ക്ലബിൽ കാരംസ് കളിച്ചും രാത്രി വൈകി വീട്ടിൽ കയറിച്ചെല്ലുന്ന കൗമാരവും യൗവനവുമായിരുന്നു എന്‍റേത്. നാട്ടിലെ ക്ലബ് എന്നത് ഇന്നും ഒരു വികാരമാണ്.

പതിറ്റാണ്ടുകൾക്കുമുമ്പേ പ്രവർത്തിച്ചുവരുന്ന യുവജന കൂട്ടായ്മയാണ് സൂര്യ ക്ലബ്. അക്കാലത്തുതന്നെ ക്ലബിന് സ്വന്തമായി സ്ഥലമുണ്ട്. ഞങ്ങൾ പ്രവർത്തിച്ചിരുന്ന കാലത്താണ് ആ സ്ഥലത്ത് ക്ലബിന് കെട്ടിടം പണിതത്.

ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളിൽ ക്ലബിനായി ബൂട്ട് കെട്ടിയിരുന്നു. ഗോൾവല കാക്കുകയായിരുന്നു ഫുട്ബാളിൽ എന്‍റെ റോൾ. പല നാടുകളിലായി നടക്കുന്ന ടൂർണമെന്‍റുകളിൽ ജേതാക്കളായി ട്രോഫിയും പിടിച്ച് ആഘോഷത്തോടെ നാട്ടിലേക്കുള്ള മടക്കം വല്ലാത്ത അനുഭൂതിയായിരുന്നു.

ഇപ്പോൾ സ്വന്തമായി ഗ്രൗണ്ട് എന്ന സ്വപ്നം യാഥാർഥ‍്യമാക്കാനുള്ള ഓട്ടത്തിലാണ് ക്ലബ് അംഗങ്ങൾ. അതിന് ഉടൻ ഭൂമി വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കളികൾക്കപ്പുറം ദുരിതകാലത്ത് നാടിന്‍റെ കണ്ണീരൊപ്പാൻ ക്ലബ് മുന്നിലുണ്ടായിരുന്നു. കോവിഡ് കാലത്ത് ബുദ്ധിമുട്ടിയ നിരവധി മനുഷ‍്യർക്ക് സഹായം നൽകാൻ സാധിച്ചു. സിനിമാ തിരക്കില്ലാത്തതിനാൽ എനിക്കും അതിൽ പൂർണമായി പങ്കാളിയാകാൻ കഴിഞ്ഞു.

പുതുതലമുറയിലെ കുട്ടികളെയും പങ്കെടുപ്പിച്ചു. അങ്ങനെ നാട്ടുകാരുടെയാകെ പ്രശംസ പിടിച്ചുപറ്റാൻ ഇതിലൂടെ ഞങ്ങളുടെ ക്ലബിന് സാധിച്ചു. ഇന്നും ഷൂട്ടിങ് തിരക്കില്ലാത്ത സമയത്ത് നാട്ടിലെത്തിയാൽ ക്ലബ് പ്രവർത്തനങ്ങളിൽ ഭാഗമാകാറുണ്ട്.

അനഘ നാരായണൻ


എന്‍റെ അഭിനയ പരിശീലന കളരി

അനഘ നാരായണൻ (നടി)

പേടിയില്ലാതെ സിനിമാ കാമറക്കു മുന്നിൽ പെർഫോം ചെയ്യാൻ എന്നെ പരിശീലിപ്പിച്ചതിൽ നാട്ടിൻപുറങ്ങളിലെ യുവകൂട്ടായ്മകൾക്ക് വലിയ റോളാണുള്ളത്. സിനിമയിൽ വരുന്നതിനുമുമ്പ് സ്കൂൾ-കോളജ് കലോത്സവങ്ങളും കാഞ്ഞങ്ങാട്ടെ ക്ലബുകളും വായനശാലകളുമായിരുന്നു എന്‍റെ അഭിനയ പരിശീലന കളരി.

കലോത്സവങ്ങളിൽ സമ്മാനം ലഭിക്കുമ്പോൾ ക്ലബുകൾ അനുമോദനം നൽകാറുണ്ട്. അതോടൊപ്പം എന്‍റെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നൽകിയിരുന്നു. നാടകവും മോണോ ആക്ടുമായിരുന്നു അവതരിപ്പിച്ചിരുന്നത്.

‘തിങ്കളാഴ്ച നിശ്ചയം’ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൗത്ത് ഇന്ത്യൻ ഇന്‍റർനാഷനൽ മൂവി അവാർഡ് ലഭിച്ചപ്പോൾ ആദ്യം അനുമോദനം നൽകിയവരിൽ നാട്ടിലെ യുവകൂട്ടായ്മകളുമുണ്ടായിരുന്നു.

ഓണാഘോഷ ഭാഗമായി ക്ലബുകളും വായനശാലകളും നടത്തുന്ന ആർട്സ് പ്രോഗ്രാം വേദികളിലും അഭിനയം മാറ്റുരക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇന്ന് സഭാകമ്പമില്ലാതെ ഏത് ആൾക്കൂട്ടത്തിനു മുന്നിലും നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഈ വേദികളാണ്.

സിജു ഡേവിഡ്


മഞ്ഞുമ്മലിലെ യുവദർശന ക്ലബ്

സിജു ഡേവിഡ് (യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ സംഘത്തിലെ കുട്ടേട്ടൻ)

എറണാകുളം ഇടപ്പള്ളിക്കടുത്തുള്ള മഞ്ഞുമ്മൽ ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ യുവദർശന ക്ലബ് പ്രവർത്തിച്ചിരുന്നത്. നാൽപതിലേറെ അംഗങ്ങളുണ്ടായിരുന്ന ക്ലബ് വൈകുന്നേരങ്ങളിലാണ് സജീവമാകുക.

അവിടെ കാരംസ് കളിച്ച് കുറേ സമയം ചെലവഴിക്കും. വൈകുന്നേരങ്ങളിൽ എല്ലാവരും നാട്ടിലെ ഒരുപറമ്പിൽ ഒരുമിച്ച് കൂടും, തമാശ പറയും, വിശേഷങ്ങൾ പറയും. സ്നേഹം പങ്കിട്ടിരുന്ന കാലം. ആ പറമ്പിൽ തന്നെയായിരുന്നു വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, വടംവലി, ബാഡ്മിന്‍റൺ തുടങ്ങിയ കളികളിൽ ഏർപ്പെട്ടിരുന്നത്.

യാത്രയായിരുന്നു മറ്റൊരു വിനോദം. മൂന്നാർ, വയനാട്, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. വർഷത്തിൽ രണ്ടോ മൂന്നോ തവണ യാത്ര പോകും. എല്ലാ വർഷവും മലയാറ്റൂർ തീർഥാടനത്തിന് പോകും. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് ലോറിയിലായിരുന്നു യാത്ര.

എല്ലാ ഓണക്കാലത്തും യാത്രയുണ്ടാകും. അങ്ങനെ ഒരു ഓണക്കാലത്ത് കൊടൈക്കനാലിൽ പോയപ്പോഴായിരുന്നു അപകടമുണ്ടായത്. അവിടെയും ഞങ്ങൾക്ക് രക്ഷയായത് സൗഹൃദമായിരുന്നു. ഞങ്ങളുടെ സൗഹൃദത്തിന്‍റെ ആഴം മലയാളി ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലൂടെ കണ്ടറിഞ്ഞതാണ്. സൗഹൃദത്തെ കണ്ണിമുറിയാതെ നിലനിർത്തിയത് ഞങ്ങളുടെ ക്ലബായിരുന്നു.

നാട്ടിലെ എല്ലാ വീട്ടുകാരുമായും നല്ല സൗഹൃദമായിരുന്നു. പരസ്പരം അറിയാത്തവരായി ആരുമില്ല. ജാതിക്കും മതത്തിനും അതീതമായി സൗഹൃദം പൂത്ത കാലം. ഇക്കാലത്ത് അതൊക്കെ നഷ്ടപ്പെട്ടു പോകുന്നോ എന്ന് സംശയുണ്ട്. കാലം കുറേ കഴിഞ്ഞപ്പോൾ എല്ലാവരും അവരുടേതായ തിരക്കിലായി.

പലരും ജോലി ആവശ‍്യാർഥം വിദേശത്ത് പോയി. അങ്ങനെ യുവദർശന ക്ലബിന്‍റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവന്നു. എങ്കിലും കൂട്ടായ്മ പൂർണമായി നിർത്തിയില്ല. ഇപ്പോൾ യുവ എന്ന പേരിൽ സ്വയം സഹായ സംഘമായി പ്രവർത്തിക്കുന്നു.

അനസ് എടത്തൊടിക


മുണ്ടപ്പലത്തെ ഒരുമിപ്പിച്ച യുനൈറ്റഡ്

അനസ് എടത്തൊടിക (മുൻ ഇന്ത‍്യൻ ഫുട്ബാൾ താരം)

കൊണ്ടോട്ടിക്കടുത്തുള്ള മുണ്ടപ്പലത്തെ യുനൈറ്റഡ് ക്ലബിലാണ് ചെറുപ്പം മുതൽ പ്രവർത്തിച്ചുവരുന്നത്. ഇന്നും അതിലെ ഒരംഗമാണ്. നാട്ടിൽ ഉള്ളപ്പോഴെല്ലാം ക്ലബ് പ്രവർത്തനത്തിൽ സജീവമാകാറുണ്ട്. നാട്ടിൽ ഇല്ലെങ്കിലും ക്ലബിന്‍റെ ആഭിമുഖ‍്യത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രോഗ്രാമുകളെ കുറിച്ച് ഭാരവാഹികൾ എന്നെ വിളിച്ച് അഭിപ്രായ-നിർദേശങ്ങൾ തേടാറുണ്ട്.

വോയ്സ് ഓഫ് മുണ്ടപ്പലം എന്നായിരുന്നു ക്ലബിന്‍റെ ആദ്യകാല പേര്. കൂട്ടായ്മ എന്ന പേരിൽ മറ്റൊരു ക്ലബും നാട്ടിലുണ്ടായിരുന്നു. ഇരു ക്ലബുകൾക്ക് വേണ്ടിയും ഞാൻ കളിച്ചിട്ടുണ്ട്. ഇപ്പോൾ യുനൈറ്റഡ് മുണ്ടപ്പലം എന്ന പേരിൽ ഒരു ക്ലബായി പ്രവർത്തിക്കുന്നു. പേരുപോലെ തന്നെ നാടിനെയും നാട്ടുകാരെയും ഒരുമിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നത് ഞങ്ങളുടെ ക്ലബാണ്.

ക്ലബിൽ സജീവമായിരുന്ന കാലത്ത് തോട്, കുളങ്ങൾ എന്നിവ ശുചീകരിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഐ.എസ്.എല്ലിൽ കളിക്കുന്ന കാലത്തും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.

ഇക്കാലത്ത് ക്ലബുകൾ കൂടുതൽ സജീവമാകുന്നതായാണ് കാണുന്നത്. ജീവകാരുണ‍്യ-സേവന പ്രവർത്തനങ്ങളിൽ മത്സരബുദ്ധിയോടെയാണ് ഒരു പ്രദേശത്തെ തന്നെ വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നത്. പഴയകാലത്ത് കാലാകായിക രംഗത്താണ് കൂടുതലായി പ്രവർത്തിച്ചിരുന്നത്.

അന്നും ഇന്നും ഓണക്കാലത്ത് വിവിധ മത്സരങ്ങളുമായി ഞങ്ങളുടെ ക്ലബ് സജീവമാണ്.






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arts and sportsarts clubLifestyleSports Cub
News Summary - Arts and sports clubs that unite youth across caste and religion
Next Story